ദർസ് 64 : നബി (സ) തിരുമേനിയുടെ പരമോന്നത പദവി

ഇനി നബി (സ) തിരുമേനിയുടെ പരമോന്നത പദവിയെ തിരിച്ചറിയുന്നതിനായി എത്രത്തോളം എഴുതേണ്ടത് അനിവാര്യമാണെന്നാൽ:

ദൈവസാമീപ്യത്തിന്റേയും ദൈവസ്നേഹത്തിന്റേയും നിലകൾ അതിന്‍റെ അത്മീയമായ സ്ഥാനങ്ങൾക്കനുസരിച്ച് മൂന്നുതരത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.

1) അവയിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പദവി – യഥാർഥത്തിൽ ഇതും വലുത് തന്നെയാണ് – ഇതാണ്: ദൈവാനുരാഗത്തിന്‍റെ തീജ്വാല മനുഷ്യമനസ്സിന്‍റെ ഫലകത്തെ ചൂടാക്കുന്നു. അഗ്നിയുടെ ചില ഗുണങ്ങൾ കാണിക്കുവോളം അത് ചൂടാകുമെങ്കിലും പക്ഷേ, ആ പ്രഭാവിതനിൽ അഗ്നിയുടെ തിളക്കം ഉണ്ടാകുന്നില്ലെന്ന ഒരു ന്യൂനത അവശേഷിക്കുന്നുണ്ടാകും. അത്തരത്തിലുള്ള സ്നേഹത്തിനുമീതെ അല്ലാഹുവിന്‍റെ സ്നേഹജ്വാല പതിക്കുമ്പോൾ ആ ജ്വാലയിൽനിന്ന് എത്രത്തോളം ആത്മാവിൽ ചൂടുണ്ടാകുന്നുവെന്നാൽ, അവനു സമാധാനവും ശാന്തിയും ലഭിക്കുകയും ചിലപ്പോൾ ‘മലക്കെന്നോ’ ‘മാലാഖ’യെന്നോ ഉള്ള വാക്കിനാൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു.

2) ദൈവാനുരാഗത്തിന്റെ രണ്ടാമത്തെ പദവി നാം മുകളിൽ വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ടു സ്നേഹങ്ങളും സംഗമിക്കുന്നതുമൂലം ദൈവസ്നേഹത്തിന്‍റെ അഗ്നി മനുഷ്യമനസ്സിന്‍റെ ഫലകത്തെ ചൂടാക്കുന്നു. എത്രത്തോളമെന്നാൽ, അതിൽ അഗ്നിയുടെ രൂപത്തിനുമീതെ ഒരു തിളക്കമുണ്ടാകുന്നു. പക്ഷേ, ആ തിളക്കത്താൽ ഒരു തരത്തിലുള്ള ആളിക്കത്തലോ ജ്വലനമോ ഉണ്ടായിരിക്കില്ല. കേവലം ഒരു തിളക്കം മാത്രമായിരിക്കുമുണ്ടാവുക. അതിനെ ‘റൂഹുൽ ഖുദുസ്’  (പരിശുദ്ധാത്മാവ്) എന്ന് നാമകരണം ചെയ്യപ്പെടുന്നു.

3) ദൈവാനുരാഗത്തിന്റെ മൂന്നാമത്തെ പദവി, അതിൽ ദൈവസ്നേഹത്തിന്‍റെ ആളിക്കത്തുന്ന അതിരറ്റ ജ്വാല മാനുഷികമായ സ്നേഹത്തിന്‍റെ കൈത്തിരിയുടെ മീതെ പതിച്ച് അതിനേയും ആളിക്കത്തിക്കുന്നു. അതിന്‍റെ എല്ലാ ഭാഗങ്ങളുടേയും എല്ലാ നാഡിഞരമ്പുകളുടേയും മേൽ സ്വാധീനം ചെലുത്തി തന്‍റെ അസ്തിത്വത്തിന്‍റെ തികവുറ്റതും സർവ്വസമ്പൂർണ്ണവുമായ പ്രതീകമാക്കി മാറ്റുന്നു. ഈ അവസ്ഥയിൽ ദൈവസ്നേഹത്തിന്‍റെ അഗ്നി മനുഷ്യമനസ്സിന്‍റെ ഫലകത്തിനു ഒരു തിളക്കം നൽകുന്നുവെന്ന് മാത്രമല്ല ആ തിളക്കത്തോടൊപ്പം ക്ഷണത്തിൽ അസ്തിത്വം മുഴുവൻ ആളിക്കത്തുകയും ചെയ്യുന്നു. അതിന്‍റെ ജ്വാലകൾ പരിസരപ്രദേശങ്ങളെ മുഴുവൻ തെളിഞ്ഞ പകൽ വെളിച്ചം പോലെ പ്രഭാപൂരിതമാക്കുന്നു. ഒരുതരത്തിലുള്ള അന്ധകാരവും അവിടെ അവശേഷിക്കുന്നില്ല. തികവുറ്റനിലയിലും സകലസവിശേഷതകളോടും കൂടി ആ അസ്തിത്വമാസകലം അഗ്നിയോ അഗ്നിയായിത്തീരുന്നു.
ആളിക്കത്തുന്ന അഗ്നിയുടെ രൂപത്തിൽ രണ്ടു സ്നേഹങ്ങളും സംഗമിക്കുന്നതുകാരണം രൂപം കൊള്ളുന്ന ഈ അവസ്ഥാവിശേഷത്തെ ‘റൂഹെ അമീൻ’ (വിശ്വസ്താത്മാവ്) എന്ന നാമവിശേഷണത്താൽ വിളിക്കപ്പെടുന്നു. കാരണം ഇത് എല്ലാ അന്ധകാരങ്ങളിൽ നിന്നും സമാധാനം നൽകുന്നു.
ഇത് എല്ലാ പൊടിപടലങ്ങളിൽ നിന്നും തികച്ചും മുക്തവുമാണ്.

▪ അതിന് ‘ശദീദുൽ ഖുവാ’ (മഹാശക്തൻ) എന്നും പേരുണ്ട്. എന്തെന്നാലത് സമുന്നത സ്ഥാനമലങ്കരിക്കുന്ന ദിവ്യവെളിപാടുകളുടെ ശക്തിയാകുന്നു. ഇതിനേക്കാൾ ശക്തമായ വെളിപാട് സങ്കൽപ്പാതീതമത്രെ.

‘ദുൽ ഉഫുഖിൽ ആലാ’ (അത്യുന്നത ദിങ്മണ്ഡലക്കാരൻ) എന്നും ഇതിനു പേരുണ്ട്. കാരണം ദൈവീകബോധനങ്ങളുടെ പരമമായ ദിവ്യജോതിസ്സാണിത്.

▪ ഇതിനെ ‘റആ മാ റആ’ (അവൻ കണ്ടത് അദ്ദേഹം കണ്ടു) എന്ന പേരിലും വിളിക്കപ്പെടുന്നു. എന്തെന്നാൽ ഈ അവസ്ഥയുടെ തോത് സർവസൃഷ്ടികളുടെയും അനുമാനങ്ങൾക്കും സങ്കല്പങ്ങൾക്കും അതീതവുമാകുന്നു.

▪ ഈ സ്ഥിതിവിശേഷം ലോകത്ത് ഒരേയൊരു വ്യക്തിക്ക് മാത്രമേ കരഗതമായിട്ടുള്ളൂ. ആ വ്യക്തി ‘ഇൻസാനെ കാമിൽ’ അഥവാ സമ്പൂർണ്ണ മനുഷൻ (സ) യാണ്. മനുഷ്യത്വത്തിന്‍റെ സകലപരമ്പരകളും ആ മഹാത്മാവിൽ ചെന്ന് അവസാനിച്ചു. മാനുഷികമായ കഴിവുകളുടെ വൃത്തപരിധി അവിടെ പരിപൂർണ്ണത പ്രാപിച്ചു. അത് യഥാർഥത്തിൽ ദൈവസൃഷ്ടിപ്പിന്‍റെ ആവരണം ചെയ്യപ്പെട്ട രേഖയുടെ മുകൾഭാഗത്തുള്ള അവസാന കേന്ദ്രബിന്ദുവാകുന്നു. അത് സകല സ്ഥാനാരോഹണ ഘട്ടങ്ങളുടേയും പരകോടിയാകുന്നു. ദൈവയുക്തിയുടെ കരങ്ങൾ വളരെ താഴ്ന്നതും അങ്ങേയറ്റം അധമവുമായ സൃഷ്ടികളിൽനിന്ന് ഉല്പത്തിയുടെ പരമ്പര ആരംഭിച്ച് ആ അത്യുന്നതമായ മൂർദ്ധന്യ പദവിവരെ അതിനെ എത്തിക്കുകയുണ്ടായി. അതിന്‍റെ പേര് മറുവാക്കിൽ വിശേഷിപ്പിച്ചാൽ അത് ‘മുഹമ്മദ്’ സല്ലല്ലാഹു അലൈഹിവസ്സല്ലം എന്നാകുന്നു.

(തൗളീഹേ മറാം. റൂഹാനി ഖസായിൻ വാള്യം. 4, പേ. 63,64)