ദർസ് 91 : ഇഹലോകത്തിലെ പരോക്ഷമായ സ്വർഗ്ഗം

വരാനിരിക്കുന്ന ജീവിതത്തിൽ സത്യവിശ്വാസിക്കുവേണ്ടി പ്രോജ്വലമായൊരു സ്വർഗ്ഗമുണ്ട്. എങ്കിലും ഈ ലോകത്തുവെച്ചും അവന് മറ്റൊരു പരോക്ഷമായ സ്വർഗ്ഗം ലഭിക്കുന്നുണ്ട്. ‘ദുനിയാവ് സത്യവിശ്വാസിക്ക് തടവറയാണ്’ എന്നു പറയപ്പെട്ടിട്ടുണ്ട്; അതിന് കേവലം ഈ വിവക്ഷയാണ്, പ്രാരംഭ ഘട്ടത്തിൽ ഒരു മനുഷ്യൻ തന്നെ ശരീഅത്തിന്‍റെ അതിർത്തിക്കുള്ളിൽ പ്രവേശിപ്പിക്കുമ്പോൾ പൂർണ്ണമായും അതിൽ തഴക്കമുണ്ടാകുന്നില്ല. ആ ഘട്ടം അവന് താൽക്കാലികമായി കഷ്ടതകൾ നിറഞ്ഞതായിരിക്കും. കാരണം അന്നേരമവൻ മതനിരാസതയുടെ സ്വച്ഛന്ദതയിൽനിന്ന് പുറത്തുകടന്ന് സ്വന്തം നഫ്സിനു വിരുദ്ധമായി ദൈവിക കല്പനകളുടെ തടങ്കലിലേക്ക് തന്നെ വലിച്ചിടുകയാണ് ചെയ്യുന്നത്. എന്നാൽ അനുക്രമമായി അവനതിനോട് സ്നേഹബന്ധമുണ്ടാകുന്നു. ആ സ്ഥാനമാണ് അവന് സ്വർഗമായിത്തീരുന്നത്. ഒരു വ്യക്തിക്ക് തടവറയിൽ വെച്ച് ആരോടെങ്കിലും അതിയായ അനുരാഗമുണ്ടാകുന്നത് പോലെയാണ് അതിന്റെ ഒരു ഉദാഹരണം. അത്തരം പ്രേമത്തിൽ ലയിച്ചയൊരാൾ ആ കാരാഗൃഹം വിട്ട് പുറത്തുപോകാൻ ആഗ്രഹിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?’

യഥാർത്ഥ ആനന്ദം അല്ലാഹുവിന്‍റെ സ്നേഹത്തിൽ

ഒരാൾ ചോദിച്ചു, ഹീനകൃത്യങ്ങളിലേക്ക് ജനങ്ങൾ ത്വരിതഗതിയിൽ ചാഞ്ഞുപോകുന്നു, അതിൽനിന്നും അവർക്ക് അനുഭൂതി ലഭിക്കുകയും ചെയ്യുന്നു. അപ്പോൾ അതിലും എന്തോ ഒരു സ്വാധീനശക്തി ഉണ്ടെന്ന് മനസ്സിലാകുന്നില്ലേ?

ഹുസൂർ (അ) അരുളി,

ചില വസ്തുക്കളുടെ ഉള്ളിൽ അതീവഗുപ്തമായ നിലയിൽ യഥാർത്ഥ വസ്തുവിന്റെ യാഥാർത്ഥ്യം പ്രതിഫലിക്കാറുണ്ട്. ആ വസ്തു ഭാഗികമായ നിലയിൽ പ്രതിച്ഛായയെന്നോണം സ്വല്പമത് കരസ്ഥമാക്കുന്നു. സംഗീതവും സ്വരമാധുര്യവും അതിനുദാഹരണങ്ങളാണ്. പക്ഷേ യഥാർത്ഥ ആനന്ദം അല്ലാഹുവിനോടുള്ള സ്നേഹത്തിലല്ലാതെ മറ്റൊരു വസ്തുവിലുമില്ലതന്നെ. അതിനുള്ള തെളിവെന്തെന്നാൽ, മറ്റുള്ള വസ്തുക്കളെ സ്നേഹിക്കുന്നവരുടെ അവസ്ഥ അവർ അതിന്റെ പര്യവസാനത്തിൽ പശ്ചാത്തപിച്ചുകൊണ്ട് ഭയപ്പാടും പരിതാപവും പ്രകടിപ്പിക്കുന്നു എന്നതാണ്. ഉദാഹരണമായി, എല്ലാ ദുഷ്കർമ്മികളും ദുർവൃത്തരും ശിക്ഷയുടെ സമയത്തോ തൂക്കിലേറ്റപ്പെടുമ്പോഴോ തങ്ങളുടെ കർമ്മങ്ങളോർത്ത് ലജ്ജാപൂർവ്വം പരിതപിക്കുന്നു. പക്ഷേ അല്ലാഹുവിനെ സ്നേഹിക്കുന്നവർക്ക് ആയിരക്കണക്കിനു ക്ലേശങ്ങൾ നൽകപ്പെടുകയും പീഢിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുമ്പോൾ തെല്ലുപോലും ചാഞ്ചല്യം സംഭവിക്കാത്തവിധമുള്ള സ്ഥൈര്യമാണ് നൽകപ്പെടുന്നത്. അവർ നേടിയിട്ടുള്ള ആ കാര്യം പരമാർത്ഥമായതും മനുഷ്യപ്രകൃതത്തിനു തികച്ചും സമുചിതമായതും അല്ലായിരുന്നെങ്കിൽ കോടിക്കണക്കിനു മരണങ്ങൾക്ക് മുന്നിൽ അവ്വിധം സുസ്ഥിരതയോടെ തങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. അവർ അനുവർത്തിച്ച കാര്യങ്ങൾതന്നെയാണ് മനുഷ്യ പ്രകൃതത്തിന്റെ ഏറ്റവും അടുത്തുനിൽക്കുന്ന വസ്തുതയെന്നതിന് ഇത് വേണ്ടുവോളം തെളിവുനൽകുന്നു. ചുരിങ്ങിയപക്ഷം ഒരുലക്ഷത്തി ഇരുപത്തിനാലായിരം ആളുകളെങ്കിലും (അഥവാ പ്രവാചകന്മാർ) തങ്ങളുടെ ജീവചരിത്രം കൊണ്ട് ഇക്കാര്യം സാക്ഷ്യപ്പെടുത്തി മുദ്രവെക്കുകയുണ്ടായി.

(മൽഫൂദാത്ത് 17/05/1901)