ദർസ് 4: “നിങ്ങൾ സ്വയം ദുആകളിൽ നിരതരാവുക”

 • ഞാൻ നിങ്ങളെ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുന്നു, ആപത്തുകൾ ഇറങ്ങുന്നതിനുമുമ്പ് ദുആ ചെയ്യുകയും ഇസ്തിഗ്ഫാർ ചെയ്യുകയും സദഖകൾ നൽകുകയും ചെയ്യുന്നവരാരോ അവരുടെ മേൽ അല്ലാഹു കരുണ ചെയ്യുകയും ദൈവിക ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുന്നു. എന്റെ ഈ വാക്കുകൾ കഥകളെ പോലെ കേൾക്കാതിരിക്കുക. ഞാൻ അല്ലാഹുവിന്റെ ഉപദേശമായിട്ടാണ് പറയുന്നത്. നിങ്ങളുടെ സ്വന്തം അവസ്ഥയിൽ ചിന്തിക്കുക! നിങ്ങൾ സ്വയം ദുആകളിൽ നിരതരാവുകയും നിങ്ങളുടെ സുഹൃത്തുക്കളോട് ദുആകളിൽ മുഴുകിക്കൊള്ളാൻ പറയുകയും ചെയ്യുക.
 • അല്ലാഹുവിന്റെ ശിക്ഷകൾ വന്ന് തൗബയുടെ കവാടം അടയുന്നതിനു മുമ്പ് തൗബ ചെയ്തുകൊൾവിൻ. ഭൗതിക നിയമങ്ങളെ ജനങ്ങൾ എത്രത്തോളം ഭയക്കുന്നു. എങ്കിൽ ദൈവത്തിന്റെ നിയമങ്ങളെ എന്തുകൊണ്ടാണ് ഭയക്കാത്തത്? ആപത്തുകൾ തലക്കുമീതെ വന്നെത്തിയാൽ പിന്നെയത് അനുഭവിച്ചേ മതിയാകൂ. ഏവരും തഹജ്ജുദിൽ എഴുന്നേൽക്കാൻ പരിശ്രമിക്കുവിൻ. അഞ്ചുനേരത്തെ നമസ്കാരങ്ങളിലും കുനൂത്തിലെ ദുആകൾ ചേർക്കുവിൻ.
 • നിങ്ങളുടെ സ്വഭാവഗുണങ്ങൾ എങ്ങനെയാണ് സംസ്കരിക്കേണ്ടതെന്നാൽ, നല്ല നിയ്യത്തോടെ ആരെയെങ്കിലും ബോധ്യപ്പെടുത്താനും തെറ്റ് തിരുത്താനുമുണ്ടെങ്കിൽ അത് അയാൾക്ക് മോശമായി തോന്നാത്ത സമയത്തായിരിക്കണം ചെയ്യേണ്ടത്. വെറുപ്പോടെ ആരെയും നോക്കിക്കാണരുത്. ഒരാളുടെയും മനസ്സ് വേദനിപ്പിക്കരുത്. ജമാഅത്തിൽ പരസ്പരം കലഹവും കുഴപ്പവും ഉണ്ടാകാനിടയാകരുത്.
 • നാം കേവലം സംസാരിച്ച് കൊണ്ടിരുന്നാൽ ഒരു പ്രയോജനവുമില്ല. വിജയിക്കണമെങ്കിൽ തഖ്‌വ അനിവാര്യമാണ്. വിജയം ആഗ്രഹിക്കുന്നെങ്കിൽ മുത്തഖി ആയിത്തീരുവിൻ.
 • അസൂയപ്പെടാനുള്ള സ്ഥാനം ദുനിയാവിലെ സമ്പത്തോ ഭരണാധികാരമോ അന്തസ്സോ ഒന്നുമല്ല. മറിച്ച് ദുആ ആകുന്നു.
 • മനുഷ്യനു രണ്ട് അവസ്ഥകളാണ്. ഏതൊരുവൻ ആന്തരിക പരിശുദ്ധിയിൽ നിലകൊള്ളാൻ ആഗ്രഹിക്കുന്നുവോ അവന് ബാഹ്യ പരിശുദ്ധിയുടെയും ശ്രദ്ധയുണ്ടായിരിക്കണം. അല്ലാഹു പറയുന്നു

  إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِين

  അതായത്, ആരാണോ ആന്തരികവും ബാഹ്യവുമായ പരിശുദ്ധിയാർജ്ജിക്കുന്നത് അല്ലാഹു അവനെ സ്നേഹിതനാക്കുന്നുവെന്ന് പറഞ്ഞിരിക്കുന്നു. ബാഹ്യ പരിശുദ്ധി ആന്തരിക പരിശുദ്ധിയുടെ സഹായിയും വഴികാട്ടിയുമാണ്. മനുഷ്യൻ ബാഹ്യമായ മ്ലേച്ഛതയിലും അശുദ്ധിയിലും കഴിഞ്ഞുകൂടിയാൽ ആന്തരിക പരിശുദ്ധി അവനെ തൊട്ടുതീണ്ടുകപോലുമില്ല.

  ചുരുങ്ങിയത് ജുമാ ദിവസം കുളിക്കുക, എല്ലാ നമസ്കാരത്തിനും വുളു ചെയ്യുക, ജമാഅത്തിൽ നിൽക്കുമ്പോഴും ഈദ് ജുമാ പോലുള്ള വേളകളിലും സുഗന്ധദ്രവ്യം ഉപയോഗിക്കുക തുടങ്ങിയ കല്പനകളൊക്കെയുള്ളത് അതിന്റെ അടിസ്ഥാനത്തിലാണ്.
 • അല്ലാഹുവിനെ തന്നെ ശരണം പ്രാപിക്കേണ്ടതാണ്. ഇക്കാലത്ത് കാണുന്നുത്, ജനങ്ങൾ അല്ലാഹുവിനെ സംബന്ധിച്ച് ഗുരുതരമായ അജ്ഞതയിലും അശ്രദ്ധയിലും കഴിയുന്നവരായിട്ടാണ്. ഖബറുകൾ കുഴിക്കപ്പെടുന്നു, മലക്കുകൾ നാശത്തിനുള്ള സാമഗ്രികൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു, മനുഷ്യർ തുണ്ടമാക്കപ്പെടുന്നു പക്ഷേ ജനങ്ങൾ ചിന്തിക്കുന്നില്ല.

(മൽഫൂസാത് വാ.1)

ത്വാലിബെ ദുആ: അബു-അയ്മൻ

This Post Has One Comment

 1. Riyas .K (Murabbi Silsila , chungathra)

  വളരെ നല്ലത്. അള്ളാഹു ഈ വെബ്സൈറ്റ് നിർമ്മിതാവിനെ അനുഗ്രഹിക്കട്ടെ ആമീൻ

Comments are closed.