ദർസ് 18 : “അധർമങ്ങൾ ചെയ്യാത്തതിൽ അഹങ്കരിക്കേണ്ട! സുകൃതങ്ങൾ അനുഷ്ഠിക്കുക!“

ഇക്കാര്യം കൂടി ഓര്‍മ്മിച്ചുകൊള്‍വിന്‍! തഖ്‌വ എന്നത് കൊടിയ പാപങ്ങളില്‍ നിന്ന് വിട്ടുനിക്കുന്നതിന്‍റെ മാത്രം നാമമല്ല. പ്രത്യുത, വളരെ സൂക്ഷ്മമായ പാപങ്ങളില്‍ നിന്നും വിട്ടുനിക്കേണ്ടത് അനിവാര്യമാണ്. പരിഹാസവും അവഹേളനവും നടക്കുന്ന സംഗമങ്ങളില്‍ ചെന്നിരിക്കലോ, അല്ലാഹുവിനേയും റസൂലിനേയും അവഹേളിക്കുന്ന യോഗത്തിലിരിക്കലോ, തന്‍റെ സഹോദരന്‍റെ അന്തസ്സിനുമേല്‍ ആക്രമണം നടത്തപ്പെടുമ്പോള്‍ അത്തരം കൂട്ടങ്ങളില്‍ ഭാഗവാക്കാകലോ പോലുള്ളവ ഉദാഹരണങ്ങളാണ്. (ഇവിടെയെല്ലാം) അവര്‍ പറയുമ്പോള്‍ അതുകേട്ട് തലയാട്ടാതിരുന്നാൽ പോലും അത് അല്ലാഹുവിന്‍റെ പക്കല്‍ കുറ്റകരം തന്നെ. എന്തിനാണ് അവ കേള്‍ക്കുന്നത്? അത് ഹൃദയത്തില്‍ രോഗമുള്ളവരുടെ ജോലിയാകുന്നു. അകതാരിൽനിന്ന് അധർമത്തെ പൂര്‍ണ്ണമായി തുടച്ചുമാറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ എന്തിനങ്ങനെ ചെയ്യണം? ആ കൂട്ടത്തിലിരുന്ന് അവരുടെ ഭാഷണമെന്തിന് ശ്രവിക്കണം? അത്തരം സംഭാഷണം ശ്രവിക്കുന്നവരും അത് ചെയ്യുന്നവര്‍ തന്നെയാണെന്ന കാര്യം ഓര്‍ത്തുകൊള്ളുക. നാവുകൊണ്ട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ അധർമ്മത്തിന്‍റെ വ്യക്തമായ വിചാരണക്ക് കീഴില്‍ വരുന്നവരാകുന്നു. എന്നാല്‍ മൗനമായി കേട്ടുകൊണ്ട് അക്കൂട്ടത്തില്‍ ഇരുന്നവരും ആ അപരാധത്തിന്റെ പ്രായശ്ചിത്തത്തിനു വിധേയരാകുന്നവരാണ്. ഈ വശത്തെ വളരെ ശ്രദ്ധാപൂര്‍വ്വം ഓര്‍മ്മിച്ചുകൊള്ളുകയും വിശുദ്ധ ഖുര്‍ആര്‍ ആവര്‍ത്തിച്ചു പാരായണം ചെയ്തുകാണ്ട് ചിന്തിക്കുകയും ചെയ്യുക.

ഇതാകുന്നു നന്മയുടെ പ്രഥമവശം. എന്നാൽ നന്മ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ചിലര്‍ ചില പാപങ്ങള്‍ ചെയ്യാറില്ല എന്നത് ഹൈന്ദവരിലും ക്രൈസ്തവരിലും, ഇതര സമുദായങ്ങളിലും കാണപ്പെടുന്ന സത്യമാണ്. (അവര്‍) കളവ് പറയുന്നില്ല; തനിക്ക് അവകാശമില്ലാത്ത അന്യരുടെ ധനം ഭക്ഷിക്കുന്നില്ല; കടം പൂഴ്ത്തിക്കളയാതെ സമയത്ത് തിരിച്ചുനല്‍കുന്നു; സാമൂഹിക വ്യവഹാരങ്ങളിൽ ദോഷമറ്റവരാണ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാൽ ഞാൻ തൃപ്തനാകുന്നത് ഇത്രയും കാര്യങ്ങള്‍ കൊണ്ട് മാത്രമല്ലെന്ന് അല്ലാഹു അരുൾ ചെയ്യുന്നു. അധർമങ്ങളിൽനിന്ന് അകന്നുനിക്കുന്നതിനോടൊപ്പം സുകൃതങ്ങളും ചെയ്യേണ്ടതാണ്. അതില്ലാതെ മോക്ഷമില്ല.  ആരെങ്കിലും താൻ തിന്മ പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യത്തിൽ ധാർഷ്ട്യം കാണിക്കുന്നുവെങ്കില്‍ അവന്‍ വിഡ്ഡിയാകുന്നു.  ഇസ്‌ലാം മനുഷ്യനെ ഇവിടംവരെ എത്തിച്ച് വിട്ടുകളയുന്നില്ല. മറിച്ച് അത് രണ്ട് ഭാഗങ്ങളേയും പൂര്‍ത്തിയാക്കാനത്രെ ആഗ്രഹിക്കുന്നത്. അതായത് തിന്മകളെ പരിപൂർണ്ണമായും വിട്ടുകളയുക. അനന്തരം നന്മകള്‍ പൂര്‍ണ്ണ നിസ്വാർത്ഥതയോടെ അനുഷ്ഠിക്കുക. ഏതുവരെ ഇവരണ്ടും സംഭവിക്കുന്നില്ലയോ നിജാത്ത് സംഭവ്യമല്ല.

എന്നോട് ഒരാള്‍ ഒരുദാഹരണ വൃത്താന്തം വിവരിച്ചിരുന്നു, അത് നേരാണ്. പറയുന്നു,

ഒരാള്‍ മറ്റൊരാള്‍ക്ക് വളരെ പ്രയാസങ്ങള്‍ സഹിച്ച് വിരുന്നു നന്‍കി. ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞപ്പോള്‍ ആതിഥേയന്‍ വളരെ വിനയത്തോടും താഴ്മയോടും പറഞ്ഞു, എനിക്ക് താങ്കളുടെ പദവിക്കനുസരിച്ചുള്ള സല്‍ക്കാരം ഒരുക്കാൻ സാധിച്ചിട്ടില്ല. താങ്കള്‍ എന്നോട് ക്ഷമിക്കണം. അതിഥി കരുതി, ഓഹോ! എന്നോട് ഇത്തരത്തില്‍ തന്‍റെ ഉപകാരസ്മരണ നടത്തുകയാണല്ലോ ഇവൻ ചെയ്യുന്നത്. അയാള്‍ പറഞ്ഞു, ‘ഞാനും നിന്നോട് വലിയ നന്മയാണ് ചെയ്തിരിക്കുന്നത്. അത് നീ ഓര്‍ക്കുന്നില്ല.’ അപ്പോള്‍ ആതിഥേയന്‍ ചോദിച്ചു, അതേത് നന്മയാണ്? അതിഥി പറഞ്ഞു, ‘നീ എന്നെ സൽക്കരിക്കുന്നതിന്റെ തിരക്കിലായിരുന്നപ്പോള്‍ എനിക്ക് വേണമെങ്കില്‍ നിന്‍റെ വീടിനു തീയിടാമായിരുന്നു. എന്നാൽ ഞാന്‍ എത്രമാത്രം ഔദാര്യമാണ് നിന്നോട് കാണിച്ചത് തീ കൊളുത്തിയില്ല. അത് അധർമമാണല്ലോ; അതിനാല്‍ നിന്റെ വീടിനെ അഗ്നിക്കിരയാക്കിക്കൊണ്ട് ഭയാനകമായ നഷ്ടം ഞാൻ നിനക്ക് വരുത്തിയില്ല.’

നിരവധി ജനങ്ങള്‍ ഇപ്രകാരം അധർമ്മം ചെയ്യാത്തതിനെ ഔദാര്യമായി എടുത്തുപറയുന്നവരാണ്. അത്തരക്കാര്‍ മൃഗസമാനരാകുന്നു. അല്ലാഹുവിന്‍റെ പക്കല്‍ വിലയുള്ളവര്‍ തിന്മകളില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് അഹങ്കരിക്കാത്തവരാണ്. എന്നല്ല, അവർ സുകൃതങ്ങള്‍ ചെയ്തിട്ടും ഒന്നും ചെയ്തിട്ടില്ലെന്ന് ഭാവിക്കുന്നവരുമത്രെ.

(വാ. 8, പേ. 376, 377, മൽഫൂസാത്ത്)

ത്വാലിബെ ദുആ: അബൂ അയ്മൻ