- അറബി സുഹൃത്ത് പറഞ്ഞു, നമസ്കരിക്കാറുണ്ട്, പക്ഷെ ഹൃദയസാന്നിധ്യം ലഭിക്കുന്നില്ല. അപ്പോൾ ഹദ്റത്ത് അഖ്ദസ് (അ) അരുൾ ചെയ്തു:
അല്ലാഹുവിനെ യഥാവിധം മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നമസ്കാരത്തോട് നമസ്കാരമായിരിക്കും. നിസ്സാര കാര്യമായാലും മനുഷ്യനൊരുതവണ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവന്റെ മനസ്സ് അതിലേക്ക് വല്ലാതെ വശീകരിക്കപ്പെടുന്നുവല്ലോ. അതുപോലെ അല്ലാഹുവിനെ മനുഷ്യൻ തിരിച്ചറിയുമ്പോൾ അവന്റെ സൗന്ദര്യത്തേയും ഉപകാരങ്ങളേയും സ്നേഹിക്കുമ്പോൾ ഹൃദയം അനിയന്ത്രിതമായി അവനിലേക്ക് ഓടിപ്പോകുന്നു. - മനുഷ്യൻ ലൗകിക ആനന്ദങ്ങളുടെ അടിമയും അവയിൽ ആസക്തനും ആയശേഷം പെട്ടന്നവനിൽ നിന്ന് അവ വേർപെടുത്തപ്പെടുമ്പോൾ അവനൊരു ദുഖം അനുഭവപ്പെടുന്നു. അത് തന്നെയാണ് നരകം. ദുനിയാവിലെ സർവ്വ വസ്തുക്കളിലുള്ള ആനന്ദത്തിലും സുഖത്തിലും മുഴുകിയവന് ഒരുദിവസം അവ ഉപേക്ഷിക്കേണ്ടി വരുന്നു. അനന്തരം നരകത്തിലേക്കാണ് നേരെയുള്ള അവന്റെ പതനം. എന്നാൽ തന്റെ മുഴുവൻ സന്തോഷവും ആനന്ദവും അല്ലാഹുവിൽ ആക്കിത്തീർക്കാൻ സാധിച്ചവനാരോ അവന് ദുഖവും വിഷമവും അനുഭവപ്പെടുകയില്ല. അവൻ ഈ ലോകം വിട്ട് നേരെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു.
- നമസ്കാരത്തിൽ ആനന്ദം ലഭിക്കാനുള്ള ദുആ:
“അല്ലയോ എന്റെ അല്ലാഹുവേ, ഞാൻ എത്രമാത്രം അന്ധനും കാഴ്ചയില്ലാത്തവനുമാണെന്ന് നീ കാണുന്നു. ഞാനിപ്പോൾ തീർത്തും മൃതസമാനനായിരിക്കുന്നു. അല്പ സമയത്തിനു ശേഷം നിന്റെയടുക്കലേക്ക് വരാനുള്ള ശബ്ദം വന്നാൽ ഞാൻ അങ്ങോട്ടുവരുമെന്ന് എനിക്കറിയാം. അപ്പോൾ ആർക്കുമെന്നെ തടയാൻ സാധ്യമല്ല. എന്നാൽ, എന്റെ ഹൃദയത്തിൽ അന്ധതയും തിരിച്ചറിവില്ലായ്മയും ബാധിച്ചതിനാൽ നീ അതിൽ നിന്റെ പ്രകാശത്തിന്റെ ഒരു കിരണം ഇട്ടുതന്നാലും. തന്മൂലം എനിക്ക് നിന്നോടുള്ള സ്നേഹവും താല്പര്യവും വർദ്ധിക്കുമാറാകട്ടെ. എന്നിൽ നീ അത്രത്തോളം അനുഗ്രഹങ്ങൾ ചൊരിഞ്ഞുതന്നാലും, തദ്വാര ഞാനൊരു കുരുടനായി തന്നെ എഴുന്നേൽപ്പിക്കപ്പെട്ട് അന്ധന്മാരിൽ ചെന്ന് പതിക്കാതിരിക്കുമാറാകട്ടെ!.”
ഇത്തരത്തിൽ ദുആ ചെയ്തുകൊണ്ടിരിക്കുകയും സ്ഥിരത കാണിക്കുകയും ചെയ്യുമ്പോൾ ആനന്ദമില്ലാത്ത നമസ്കാരത്തിൽ ആകാശത്തിൽ നിന്നൊന്ന് വന്ന് വീഴുകയും ഹൃദയത്തിൽ ഭക്തി ജനിക്കുകയും ചെയ്യുന്ന ഒരു സമയം നിങ്ങൾ കാണുമാറാകും. - അല്ലാഹു നമ്മുടെ ജമാഅത്തിന്റെ ഈമാൻ ദുർബലാവസ്ഥയിൽ നിലകൊള്ളാനഗ്രഹിക്കുന്നില്ല. അതിഥി ചിലപ്പോൾ ആഗ്രഹിക്കുന്നില്ലെങ്കിലും മുന്നിൽ ഭക്ഷണം വിളമ്പുക എന്നത് ആതിഥേയന്റെ കർത്തവ്യമാണല്ലോ. അതുപോലെ അടയാളങ്ങളുടെ ആവശ്യമൊന്നുമില്ലാത്ത ഘട്ടത്തിലും അല്ലാഹുത്തആല ജമാഅത്തിന്റെ ഈമാൻ വർദ്ധിപ്പിക്കുവാൻ അടയാളങ്ങൾ കാണിക്കുന്നു. ഏതൊരുവൻ തന്റെ വിശ്വാസ സ്വീകാര്യതക്ക് അടയാളങ്ങളെ ഒരു ഉപാധിയാക്കുന്നുവോ അവൻ തെറ്റിലാണെന്നുള്ള കാര്യം സത്യമാണ്. ഹദ്റത്ത് മസീഹ് (അ) ന്റെ അനുയായികൾ ഭക്ഷണത്തളികയുടെ അടയാളം ആവശ്യപ്പെട്ടു. അപ്പോൾ ആരെങ്കിലും അതിനുശേഷം നിരാകരിച്ചിട്ടുണ്ടെങ്കിൽ ഇന്നേവരെ കാണാത്ത ശിക്ഷ ലഭിക്കുന്നതാണെന്ന് അവർക്ക് ഉത്തരം കിട്ടി. അതുകൊണ്ട് അധികം ചോദ്യങ്ങൾ ചോദിക്കാതിരിക്കുകയും അടയാളങ്ങൾ ആവശ്യപ്പെടുന്നതിൽ ശക്തി ചെലുത്താതിരിക്കുകയും ചെയ്തിടട്ടെ എന്നതാണ് അന്വേഷകന്റെ മര്യാദ. ഈ മര്യാദയുടെ മാർഗ്ഗം അവലംബിക്കുന്നവരെ അല്ലാഹു ഒരിക്കലും അടയാളങ്ങളിൽ നിന്ന് മാറ്റി നിർത്തില്ല.
- ഏതുവരെ മനുഷ്യൻ തഖ്വയിൽ സൂചിക്കുഴയിലൂടെ ഒട്ടകം കടന്ന് പോകുന്നിടത്തോളം ഉന്നതി പ്രാപിക്കുന്നില്ലയോ ഒന്നും സംഭവിക്കുന്നില്ല. എത്രത്തോളം അധികം തഖ്വയിൽ പുരോഗതി പ്രാപിക്കുന്നുവോ അത്രത്തോളം അല്ലാഹുവും നിങ്ങളിൽ ശ്രദ്ധപതിപ്പിക്കുന്നു. നിസ്സാരമായ ശ്രദ്ധയാണ് മനുഷ്യൻ നൽകുന്നതെങ്കിൽ അല്ലാഹുവും നിസ്സാരമായ ശ്രദ്ധയായിരിക്കും നൽകുക…
കേവലം ബൈഅത് ചെയ്തുകൊണ്ട് അല്ലാഹുവിന്റെ പിടിത്തത്തിൽ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് തെറ്റുപറ്റിപ്പോയി. അവനെ ആത്മാവ് വഞ്ചിതനാക്കിയിരിക്കുന്നു. നോക്കുവിൻ, വൈദ്യൻ കല്പിച്ചിരിക്കുന്ന അളവോളം ഒരുവൻ മരുന്ന് കഴിക്കുന്നില്ലെങ്കിൽ രോഗശമനത്തിന്റെ പ്രതീക്ഷവെക്കുന്നത് വ്യർഥമല്ലേ. ഉദാഹരണത്തിനു, വൈദ്യൻ പത്ത് തുള്ളിയാണ് കൽപ്പിച്ചിട്ടുള്ളതെങ്കിൽ ഒരു തുള്ളിമാത്രം സേവിച്ച് മതിയെന്ന് വിചാരിച്ചാൽ നടക്കില്ല. അതുകൊണ്ട് അല്ലാഹുവിന്റെ കോപത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അളവോളം പരിശുദ്ധിയാർജ്ജിക്കുകയും തഖ്വ കൈകൊള്ളുകയും ചെയ്തുകൊൾവിൻ. - നമസ്കാരത്തിൽ ആനന്ദം ലഭിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഹുസൂർ(അ) മറുപടി ആയി അരുളി,
മനുഷ്യൻ സ്വയം ശാന്തിയിൽ നിലകൊള്ളുന്നതായി കാണുമ്പോൾ അല്ലാഹുവിലേക്ക് തിരിയാനുള്ള ആവശ്യം അവനനുഭവപ്പെടുന്നില്ല. സ്വയം പര്യാപ്തനായിരിക്കുന്ന അവസ്ഥയിൽ മനുഷ്യൻ അല്ലാഹുവിനെ ഓർക്കുന്നില്ല. അല്ലാഹു പറയുന്നു, തന്റെ കൈക്ക് ക്ഷതമേറ്റവനാണ് എന്റെ നേർക്ക് തിരിയുന്നത്. അജ്ഞതയിൽ ജീവിതം കഴിച്ചുകൂട്ടുന്നവന് അല്ലാഹുവിലേക്കുള്ള ശ്രദ്ധ എന്നാണുണ്ടാവുക? മനുഷ്യനു അല്ലാഹുവുമായുള്ള ബന്ധം വിനയത്തോടും അസ്വസ്ഥമായ അവസ്ഥയോടും കൂടിയാണ് ഉണ്ടാകുന്നത്. എന്നാൽ ബുദ്ധിമാന്മാർ ഈ ബന്ധത്തെ നിലനിർത്തുന്നതെങ്ങനെയെന്നാൽ അവർ പരിചിന്തനം നടത്തുന്നു, നമ്മുടെ പൂർവ്വപിതാക്കളൊക്കെ എവിടെപ്പോയി! ദിനേന എത്രയെത്ര സൃഷ്ടികൾ മരണമടയുന്നു! അവ ദർശിച്ചുകൊണ്ട് അവർ മനുഷ്യന്റെ നശ്വരമായ അവസ്ഥയെ വിലയിരുത്തുന്നു. അതിന്റെ ബർക്കത്തുകൊണ്ട് അവർ തങ്ങളും നശ്വരരാണെന്നും ഈ ലോകം വെടിയേണ്ടവരാണെന്നും ഗ്രഹിക്കുന്നു.
(മൽഫൂദാദ് വാ.1)
ത്വാലിബെ ദുആ: അബു-അയ്മൻ