ഖാത്തമുന്നബിയ്യീൻ : പ്രവാചകന്മാരുടെ മുദ്ര

مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا

മുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാകുന്നു (വി.ഖു. 33:41).

ഈ വചനത്തിൽ പ്രയോഗിച്ചിരിക്കുന്ന ഖാത്തമുന്നബിയ്യീൻ എന്നത് കൊണ്ടുദ്ദേശിക്കുന്നത് നബിതിരുമേനി(സ)യുടെ ആഗമനത്തോടെ നുബുത്തിന്റെ ശൃംഖല അവസാനിച്ചു പോയിരിക്കുന്നുവെന്നും തിരുമേനി(സ) എല്ലാ വിധത്തിലും അവസാനത്തെ നബി ആണെന്നുമാണ് അഹ്മദികൾ അല്ലത്ത മറ്റ് മുസ്ലിംങ്ങൾ പറയുന്നത്. ഈ ആയത്തിനെ സംബന്ധിച്ച് ഒന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം “ഖാത്തം“ എന്നത് അറബിയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണ്; അതിന്റെ അർത്ഥം മുദ്ര എന്നാകുന്നു. “അന്നബിയ്യീൻ’ എന്നത് നബി എന്ന പദത്തിന്റെ ബഹുവചനരൂപമാണ്. ഖാത്തം എന്ന പദത്തെയും “അന്നബിയ്യീൻ’ എന്ന പദത്തെയും സമാസമായിട്ടാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. അറബി ഭാഷാ നിയമപ്രകാരം ഖാത്തമുന്നബിയ്യീൻ എന്ന സമാസത്തിന്റെ അർത്ഥം “നബിമാരുടെ മുദ്ര എന്നാണ് “. ഈ വിധത്തിൽ പ്രസ്തുത വചനത്തിന്റെ അർത്ഥം മുഹമ്മദ് നബി(സ)തിരുമേനിക്ക് പുത്രസന്താനങ്ങളില്ലെന്നും പക്ഷെ, തിരുമേനി അല്ലാഹുവിന്റെ റസൂലും നബിമാരുടെ മുദ്രയുമാണെന്നും ആണ്.

ഇനി നമുക്ക് പരിശോധിക്കുവാനുള്ളത് ഇവിടെ നബിമാരുടെ മുദ്ര എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണെന്നാണ്. ഖാത്തമുന്നബിയ്യീന്റെ അർത്ഥം നിശ്ചയമായും നബിമാരുടെ മുദ്ര എന്നു തന്നെയാണെങ്കിലും അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് അവസാനത്തെ നബിയാണെന്ന് ഞങ്ങളുടെ എതിരാളികൾ പറയുന്നു. കാരണം, മുദ്രയുടെ പ്രവൃത്തി അടച്ചു പൂട്ടലാണ്. വല്ല കത്തോ മറ്റോ അടച്ചു പൂട്ടുമ്പോഴാണ് അതിന് മുദ്ര കുത്തുന്നത്.

ഇതിനുള്ള മറുപടിയിൽ നല്ലതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, മുദ്രയുടെ യഥാർത്ഥമായ പ്രവൃത്തി അടച്ചുപൂട്ടുക എന്നതല്ലെന്നും, നേരെമറിച്ച് സത്യപ്പെടുത്തുക എന്നതാണെന്നുമുള്ളതാണ്. അതായത്, ഏതെങ്കിലും എഴുത്തിനെയോ, കത്തിനെയോ, ഉത്തരവിനെയോ, മറ്റോ സത്യപ്പെടുത്തുകയും കൃത്രിമമല്ലെന്ന് തെളിയിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് അതിൻമേൽ മുദ്ര കുത്തുന്നത്. ചിലപ്പോൾ എഴുത്തിന്റെ മുകളിലായും മറ്റു ചിലപ്പോൾ താഴെയായും മുദ്രകുത്തപ്പെടുന്നു (സീൽ ചെയ്യുന്നു). മുദ്രയുടെ ആവശ്യം ആ എഴുത്തിനെ സത്യപ്പെടുത്തുകയും കൃത്രിമമല്ലെന്ന് കാണിക്കുകയും ചെയ്യുകയാണെന്ന് ഇതുകൊണ്ട് നല്ലതുപോലെ വ്യക്തമാകുന്നുണ്ട്.

ഹുദയ്ബിയ്യാസന്ധിക്കുശേഷം വിദേശരാജാക്കന്മാർക്കും ഭരണകർത്താക്കൾക്കും ക്ഷണക്കത്തുകൾ അയക്കാനുള്ള ഉദ്ദേശ്യം നബിതിരുമേനി വെളിപ്പെടുത്തിയപ്പോൾ കത്തിൻമേൽ അതിന്റെ ഉടമസ്ഥന്റെ മുദ്രയില്ലാത്തപക്ഷം ആ കത്തിന്റെ നേരെ അവർ ശ്രദ്ധ ചെലുത്തുകയില്ലെന്ന് തിരുമേനിയോടു പറയെട്ടതായും തിരുമേനി ഉടൻതന്നെ ഒരു സീൽ തയ്യാറാക്കിച്ചതായും പിന്നീട് ആ സീൽ എല്ലാ കത്തിടപാടുകൾക്കും ഉപേയാഗപ്പെടുത്തിയതായും ഹദീഥിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു (ബുഖാരി, മുസ്ലിം).

ചുരുക്കത്തിൽ മുദ്രയുടെ ഉദ്ദേശ്യം സത്യപ്പെടുത്തലാണെന്നത് പ്രത്യക്ഷമായൊരു പരമാർത്ഥമാണ്. അതിനാൽ, ഖാത്തമുന്നിയ്യീൻ എന്ന ആയത്തിന്റെ അർത്ഥം മുഹമ്മദു നബി(സ്)ക്ക് പുത്രസന്താനങ്ങൾ ഇല്ലെങ്കിലും അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ആണെന്നാണ്. അല്ലാഹുവിന്റെ റസൂൽ തന്റെ ഉമ്മത്തിന്റെ ആത്മീയ പിതാവാകുന്നു. ഈ വിധത്തിൽ അദ്ദേഹം സന്താനരഹിതനല്ല, സന്താനമുള്ള ആൾ തന്നെയാണ്. കൂടാതെ, അദ്ദേഹം ഒരു സാധാരണ റസൂലുമല്ല, ഖാത്തമുന്നബിയ്യീൻ കൂടിയാണ്. അതായത്, അദ്ദേഹം സാധാരണക്കാരായ സത്യവിശ്വാസികളുടെ മാത്രം പിതാവല്ല, ആത്മീയമായി നബിമാരുടെയും റസൂൽമാരുടെയും പിതാവ് കൂടിയാകുന്നു. അദ്ദേഹത്തിന്റെ ദർബാറിൽ നിന്ന് സത്യപ്പെടുത്തുന്ന മുദ്രയോടു കൂടിയല്ലാതെ ഇനി ഒരു റസൂലിനും ഒരു നബിക്കും വരാൻ നിവൃത്തിയില്ലാത്തവിധം ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. എന്തെന്നാൽ അദ്ദേഹം സാധാരണക്കാരായ സത്യവിശ്വാസികളുടെ മാത്രം ആത്മീയ പിതാവല്ല, നബിമാരുടെയും റസൂൽമാരുടെയും കൂടി ആത്മീയ പിതാവാണ്. ചുരുക്കത്തിൽ, അദ്ദേഹത്തിന് ശാരീരികമായ പുത്രസന്താനങ്ങളില്ലെങ്കിലും അദ്ദേഹത്തിന്റെ മാഹാത്മ്യത്തിന് അതുകൊണ്ട് കോട്ടം തട്ടുന്നില്ലെന്നും അദ്ദേഹം (നഊദുബില്ലാഹ്) സന്താനരഹിതനാവുന്നില്ലെന്നും എണ്ണമറ്റ ഉത്ക്കൃഷ്ടസന്താനങ്ങളുടെ പിതാവാണെന്നുമാണ് ഈ ആയത്തിന്റെ ശരിയായ സാരം.

യഥാർത്ഥത്തിൽ അഹ്മദികളുടെ എതിരാളികൾ തന്നെ “ഖാത്തമുന്നബിയ്യീൻ“ എന്നുള്ളതിനു അവസനത്തെ പ്രവാചകൻ എന്നർത്ഥം നൽകി കുഴയുകയാണ്. കാരണം ഇനി ഈസാനബി(അ) വരാനിരിക്കുന്നു. അപ്പോൾ പിന്നെ അവർ നൽകിയ ഈ അർത്ഥമോ? അതായത് അവാസാനം വരുന്നതും, വന്നുപോകുന്നതും മുഹമ്മദ് നബി(സ)യ്ക്ക് ശേഷം ഈസനബി(അ) ആണ് അപ്പോൾ അഹ്മദികളല്ലാത്ത മറ്റ് മുസ്ലിംങ്ങൾ നൽകുന്ന “അവസാനത്തെ പ്രവാചകൻ“ എന്നുള്ള പദവി ഈസാ നബി(അ)നു അല്ലേ വേണ്ടത് ?. ഈസനബി പ്രവാചകനാണ് എന്നുള്ളതിൽ തർക്കമില്ലാത്തതാണല്ലോ. ചിലർ പറയുന്നു അല്ലാഹു അവസാനം അയച്ച പ്രവാചകനാണ് മുഹമ്മദ് നബി (അ), പക്ഷെ ഈസാനബി ആദ്യമേ അയക്കപ്പെട്ട പ്രവാചനാണ് അദ്ദേഹം വീണ്ടും വരുന്നതുകൊണ്ട് ഇതിനു യാതൊരു പ്രശ്നവുമില്ല എന്നും മറ്റുമുള്ള മുട്ടാപ്പോക്ക് കുതർക്കങ്ങൾ, അവർതന്നെ സമ്മതിക്കുന്നു ഈസാനബി വീണ്ടും വരുന്നത് അല്ലാഹു “അയച്ചിട്ട്“ തന്നെയാണ് എന്നുള്ളതും, അപ്പോൾ വീണ്ടും അവസാനം അയക്കപ്പെട്ട പ്രവാചകൻ എന്നുള്ളത് ഈസാനബി തന്നെയായി. അല്ലെങ്കിൽ ഇനി ഈസാനബി വരില്ല എന്നു വിശ്വസിക്കേണ്ടി വരും. അത് തികച്ചും തിരുദൂതർ(സ)യുടെ അദ്ധ്യാപനങ്ങൾക്ക് വിരുദ്ധവുമായിത്തീരും. ഇനി ഈ ന്യായവാദവും അങ്ങീകരിച്ചു തരാൻ മടിയുള്ളത് കൊണ്ട് ഈസാനബി രണ്ടാമത് വരുമ്പോൾ നബിയായിരിക്കില്ല എന്നു അത്യന്തം വിചിത്രമായൊരു വാദം ചിലയിടത്ത് കേൾക്കാറുണ്ട്. എന്തു തെറ്റ് ചെയ്തിട്ടാണ് അല്ലാഹു ഈസാനബി (അ)യെ തരം താഴ്തിയത് എന്ന് അവർക്ക് യാതൊരു അറിവുമില്ലതാനും. ഈസാനബി ആകാശത്തേക്ക് പോയപ്പോൾ അദ്ദേഹത്തിൻ്റെ പ്രവാചകത്വം ഭൂമിയിൽ വെച്ചിട്ട് പോയതാണ് എങ്കിൽ തിരിച്ചു വരുമ്പോൾ അദ്ദേഹത്തിനു അത് തിരിച്ചുകിട്ടേണ്ടതല്ലെ? അല്ലെങ്കിൽ ഒരു ശിക്ഷയെന്നോണം അല്ലാഹു ആ പദവി അദ്ദേഹത്തിൻ്റെ പക്കൽനിന്നും തിരിച്ചുവാങ്ങി എന്നാണോ?.

‏ وَيُحْصَرُ نَبِيُّ اللَّهُ عِيسَى وَأَصْحَابُهُ حَتَّى يَكُونَ رَأْسُ الثَّوْرِ لأَحَدِهِمْ خَيْرًا مِنْ مِائَةِ دِينَارٍ لأَحَدِكُمُ الْيَوْمَ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ فَيُرْسِلُ اللَّهُ عَلَيْهُمُ النَّغَفَ فِي رِقَابِهِمْ فَيُصْبِحُونَ فَرْسَى كَمَوْتِ نَفْسٍ وَاحِدَةٍ ثُمَّ يَهْبِطُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى الأَرْضِ فَلاَ يَجِدُونَ فِي الأَرْضِ مَوْضِعَ شِبْرٍ إِلاَّ مَلأَهُ زَهَمُهُمْ وَنَتْنُهُمْ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى اللَّهِ فَيُرْسِلُ اللَّهُ طَيْرًا كَأَعْنَاقِ الْبُخْتِ فَتَحْمِلُهُمْ فَتَطْرَحُهُمْ حَيْثُ شَاءَ اللَّهُ ثُمَّ يُرْسِلُ اللَّهُ مَطَرًا لاَ يَكُنُّ مِنْهُ بَيْتُ مَدَرٍ وَلاَ وَبَرٍ فَيَغْسِلُ الأَرْضَ حَتَّى يَتْرُكَهَا كَالزَّلَفَةِ ثُمَّ يُقَالُ لِلأَرْضِ أَنْبِتِي ثَمَرَتَكِ وَرُدِّي بَرَكَتَكِ

വരാനുള്ള മസീഹിനെ തിരുനബി(സ) നാല് തവണ ഒരേ ഹദീസിൽ “നബിയുല്ലാഹ്’ എന്ന് പറഞ്ഞിരിക്കുന്നു. നബി(സ) പറഞ്ഞു: വാഗ്ദത്ത മസീഹ്, യഅ്ജൂജ് മഅ്ജൂജിന്റെ പ്രബലതയുടെ കാലത്ത് വരുന്നതാണ്. അല്ലാഹുവിന്റെ നബിയായ മസീഹും അദ്ദേഹത്തിന്റെ സ്വഹബാക്കളും ശത്രുക്കളാൽ വലയം ചെയ്യപ്പെടും… പിന്നെ അല്ലാഹുവിന്റെ നബിയായ മസീഹും അദ്ദേഹത്തിന്റെ സ്വഹാബാക്കളും ദൈവസവിധത്തിൽ പ്രാർത്ഥിച്ചുകൊണ്ടും വിലപിച്ചുകൊണ്ടും കുനിയും… അല്ലാഹുവിൻ്റെ നബിയായ മസീഹും അദ്ദേഹത്തിൻ്റെ സ്വഹാബാക്കളൂം ഭൂമിയിലേക്ക് ഇറങ്ങിവരും…. അല്ലാഹുവിൻ്റെ നബിയായ മസീഹും അദ്ദേഹത്തിന്റെ സ്വാഹാബാക്കളും ദുആ ചെയ്തുകൊണ്ട് അല്ലാഹുവിലേക്ക് തിരിയും. അങ്ങനെ അല്ലാഹു അവരുടെ ബുദ്ധിമുട്ടുകൾ അകറ്റുന്നതാണ്.” (സ്വഹീഹ് മുസ്ലിം, ഭാഗം-4, പേജ് 2254, കിത്താബുൽ ഫിത്തൻ).

അപ്പോൾ അവസാന കാലത്ത് വരുന്ന ഈസാനബി “നബി“ എന്നുള്ള പദവിയോട് കൂടെ തന്നെയാണ് വരികയെന്നും വ്യക്തമാകുന്നു. മറ്റൊരിടത്ത് ഇപ്പ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു:

إِنِّي عَبْدُ اللَّهِ لَخَاتَمُ النَّبِيِّينَ ، وَإِنَّ آدَمَ عَلَيْهِ السَّلَام لَمُنْجَدِلٌ فِي طِينَتِهِ

“ആദം സൃഷ്ടിപ്പിന്റെ ഘട്ടത്തിൽ ഉള്ളപ്പോൾ തന്നെ ഞാൻ അബ്ദുല്ലാഹ് ‘ഖാത്തമുന്നബിയ്യീൻ’ ആണ്. (മുസ്നദ് അഹ്മദ് ബിൻ ഹമ്പൽ, ഭാഗം-4, പേജ്-127)

തീർച്ചയായും ”ഖാത്തമുന്നബീയ്യീൻ“ എന്നുള്ളതിനു “പ്രവാചകന്മാരിൽ അവസാനത്തെ ആൾ“ എന്നുള്ള നിർവചനം ഇസ്ലാമിക അദ്ധ്യാപനങ്ങൾക്ക് വിരുദ്ധമാണ് എന്ന് മുകളിൽ പറഞ്ഞ ഹദീസ് പ്രകാരവും വ്യക്തമാണ്