നുബുവ്വത്തിൻ്റെ തുടർച്ച വിശുദ്ധ ഖുർആനിൽ നിന്നും മറ്റൊരു തെളിവ്

നുബുവ്വത്ത് തുടർന്നുകൊണ്ടിരിക്കയാണെന്നതിന് വിശുദ്ധ ഖുർആനിൽ നിന്ന് ലഭിക്കുന്ന മറ്റൊരു തെളിവ് താഴെ ചേർക്കുന്ന ആയത്താണ്. അല്ലാഹു പറയുകയാണ്:

یٰبَنِیۡۤ اٰدَمَ اِمَّا یَاۡتِیَنَّکُمۡ رُسُلٌ مِّنۡکُمۡ یَقُصُّوۡنَ عَلَیۡکُمۡ اٰیٰتِیۡ ۙ فَمَنِ اتَّقٰی وَ اَصۡلَحَ فَلَا خَوۡفٌ عَلَیۡہِمۡ وَ لَا ہُمۡ یَحۡزَنُوۡنَ

ആദം സന്തതികളേ, എന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിവരിച്ചുതരുന്ന നിങ്ങളിൽ നിന്നുള്ള റസൂൽമാർ നിങ്ങളുടെ അടുക്കൽ വരുന്നതായാൽ ആർ സൂക്ഷ്മത കൈക്കൊള്ളുകയും സ്വയം നന്നാക്കിത്തീർക്കുകയും ചെയ്യുന്നുവോ അവർക്ക് യാതൊന്നു കൊണ്ടും ഭയമുണ്ടായിരിക്കുകയില്ല. അവർ ദുഃഖിക്കുകയുമില്ല (വി.ഖു. 7:36).

ഈ വചനത്തിന്റെ പൂർവ്വാപരഭാഗങ്ങളിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ, ഈ വചനത്തിൽ പറഞ്ഞ ആദം സന്താനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നബിതിരുമേനി(സ)യുടെ കാലത്തും അതിനു ശേഷവുമുള്ള ജനങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും.

“അല്ലയോ ജനങ്ങളേ, എന്റെ ആയത്തുകൾ നിങ്ങൾക്ക് വിവരിച്ചുതരുന്നതിനായി എന്റെ റസൂൽ നിങ്ങളുടെ അടുക്കൽ വരി കയാണെങ്കിൽ നിങ്ങൾ തഖ്വാ കൈക്കൊള്ളുകയും ആ റസൂലിനെ വിശ്വസിച്ചുകൊണ്ട് തന്നത്താൻ നന്നാക്കുകയും ചെയ്യണം“ എന്ന് നബിതിരുമേനി(സ) മുഖാന്തരം അല്ലാഹു ജനങ്ങൾക്ക് ഉദ്ബോധനം നല്കുന്നു.

ഈ വചനത്തിൽ നുബുവ്വത്ത് തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് എത്ര വ്യക്തമായാണ് പ്രസ്താവിക്കപ്പെട്ടിരിക്കുന്നതെന്ന് വായനക്കാർ നീതിയോടുകൂടി ചിന്തിച്ചുനോക്കട്ടെ. ഭാവിയിൽ എപ്പോഴെങ്കിലും അല്ലാഹുവിന്റെ റസൂൽ നമ്മിൽ നിന്നു തന്നെ നമുക്കായി അയക്കപ്പെടുകയാണെങ്കിൽ നാം അദ്ദേഹത്തെ വിശ്വസിച്ചുകൊണ്ട് ആത്മശുദ്ധി വരുത്തുകയും ചെയ്യണമെന്നും അങ്ങനെ ചെയ്യുന്നത് നമ്മുടെ ഭീതിയും ദുഃഖവും അകറ്റാൻ കാരണമാവുമെന്നും ആണ് നബിതിരുമേനിയുടെ വിശുദ്ധനാവിൽ കൂടി അല്ലാഹു നമ്മോട് പറയുന്നത്. ഇവിടെ ഭീതിയിൽ നിന്നും ദുഃഖത്തിൽ നിന്നും രക്ഷനേടുമെന്ന വാക്ക് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് വരാനിരിക്കുന്ന റസൂൽ മുസൽമാന്മാരിൽ ഭീതിയും ദുഃഖവും സർവ്വത്ര വ്യാപിച്ചിരിക്കുന്ന ഒരു കാലത്താണ് വരികയെന്നും ആ റസൂലിനെ വിശ്വസിക്കുന്നവരിൽനിന്ന് പ്രസ്തുത ഭീതിയും ദുഃഖവും എടുത്തു മാറ്റപ്പെടും എന്നും സൂചിപ്പിക്കുവാനാണ്.

അല്ലാഹു സൂറത്തുന്നൂറിൽ, ഭയത്തിനു ശേഷം രക്ഷയും സമാധാനവും അവർക്ക് പകരം നൽകുകയും ചെയ്യപ്പെടുക എന്നുള്ളത് ഒരു ദൈവദൂതൻ്റെ നിയോഗാനന്തരമാണ് എന്നും പറഞ്ഞിരിക്കുന്നു.

وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ

നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട്, അവർക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയത് പോലെ തീർച്ചയായും അവരെയും ഭൂമിയിൽ ഖലീഫമാരാക്കുകയും, അവർക്കായി അവൻ തൃപ്തിപ്പെട്ട മതത്തെ അവർക്ക് പ്രബലപ്പെടുത്തിക്കൊടുക്കുകയും അവരുടെ ഭയത്തിനു ശേഷം രക്ഷയും സമാധാനവും അവർക്ക് പകരം നൽകുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു, അവർ എന്നെ മാത്രം ആരാധിക്കുന്നതാണ് ; എന്നോട് മറ്റൊന്നിനെയും അവർ പങ്കുചേർക്കുയില്ല. അതിനു ശേഷം ആരെങ്കിലും നിഷേധിക്കുകയാണെങ്കിൽ അവർ തന്നെയാണ് ധിക്കാരികൾ (24:56)