വിശുദ്ധ ഖുർആനും തിരുഹദീസുകളും അനുസരിച്ച് പ്രവാചകത്വത്തിൻ്റെ വാതിൽ ഇന്നും തുറന്നു താന്നെയാണുള്ളതെന്നും മുസ്ലിം ഉമ്മത്തിൽ നിന്ന് ഒരു പ്രവാചകൻ വരാമെന്നുള്ളതും വ്യക്തമാണ്, ഇതിൽ പ്രത്യേകം എടുത്തുപറയേണ്ടത്, അവസാന കാലത്തുള്ള മസീഹിൻ്റെ ആവിർഭാവത്തെപറ്റിയാണ്, മസീഹ് വരും എന്നുള്ളത് മുസ്ലിംങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു. മുസ്ലിം ഉമ്മത്തിനു എന്തിനാണ് ഒരു പ്രവാചകൻ്റെ ആവശ്യമെന്ന് ആളുകൾ ചിലപ്പോൾ ചോദിക്കുന്നു. മുഹമ്മദ് നബി(സ) തന്നെ മസീഹ് ഒരു പ്രവാചകനായിക്കൊണ്ട് ഈ ഉമ്മത്തിൽ വരുമെന്നുള്ള പ്രവചനം ചെയ്തിട്ടുള്ള കാരണത്താൽ തന്നെ ഈ ചോദ്യം ഒരു വിഡ്ഢിചോദ്യമാണ്. കൂടാതെ, ഹസ്രത്ത് അഹ്മദിന്റെ (അ) കാലത്ത് പ്രവാചകത്വം ആവശ്യമായിരുന്നെന്നും ഖുർആനും തിരുസുന്നത്തുമനുസരിച്ച് ഏറ്റവും ഉചിതമായ സമയത്ത് തന്നെയാണ് അദ്ദേഹം എത്തിയെന്നും തെളിയിക്കുന്ന നിരവധി അടയാളങ്ങൾ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്.
തൻ്റെ ഉമ്മത്തിലെ ജനങ്ങൾ സന്മാർഗത്തിൽ നിന്ന് വ്യതിചലിച്ച് ദുർവൃത്തരാകുന്ന കാലഘട്ടം തീർച്ചയായും സംഭവിക്കുമെന്നും, അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ഒരു ദൂതനെ അല്ലാഹു നിയോഗിക്കുമെന്നും പരിശുദ്ധ പ്രവാചകൻ (സ) വ്യക്തമാക്കുകയും ചെയ്യുന്നു. പ്രവചനപ്രകാരമുളള അധ:പതനം വരവണ്ണം പരിപൂർണ്ണമാംവിധം നിറവേറിയെന്നു മുസ്ലിംകൾ തന്നെ സമ്മതിക്കുന്നു. കണ്ണുള്ളവർക്കെല്ലാം കാണുവാൻ കഴിയുമാറ് അതത്ര പ്രത്യക്ഷവുമാണ്. എന്നിട്ടും അതിന്ന് പരിഹാരം കാണുവാൻ ഒരാളെ അല്ലാഹു നിയോഗിക്കേണ്ടതില്ലെന്നു പറയുന്നത് എത്ര വിസ്മയാവഹവും പരിതാപകരവും ആയിരിക്കുന്നു!
അല്ലാഹു പറയുന്നു:
ظَہَرَ الۡفَسَادُ فِی الۡبَرِّ وَ الۡبَحۡرِ بِمَا کَسَبَتۡ اَیۡدِی النَّاسِ لِیُذِیۡقَہُمۡ بَعۡضَ الَّذِیۡ عَمِلُوۡا لَعَلَّہُمۡ یَرۡجِعُوۡنَ
“മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു. തൽഫലമായി അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അല്ലാഹു അവരെ അനുഭവിപ്പിക്കുന്നു; അവർ (ദുഷ്കൃത്യങ്ങളിൽനിന്ന്) മടങ്ങുന്നതിനു വേണ്ടി.“ (30 : 42)
തിരുനബി (സ)യുടെ പ്രവചനം ഒർമിക്കുക :
عن علي بن أبي طالب رضي الله عنه، قال : قال رسول الله صلى الله عليه وسلم:”يوشك أن أو سيأتي على الناس زمان لا يبقى من الإسلام إلا اسمه، ولا يبقى من القرآن إلا رسمه، مساجدهم يومئذ عامرة وهي خراب من الهدى، علماؤهم شر من تحت أديم السماء، منهم أو من عندهم خرجت أو تخرج أو يمدح الفتنة وفيهم تعود“
ഹദ്റത്ത് അലി(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: “”തീർച്ചയായും ജനങ്ങളിൽ ഒരു കാലം വരും. അന്ന് ഇസ്ലാമിന്റെ നാമവും ഖുർആന്റെ ലിപിയും മാത്രം ശേഷിക്കും; അവരുടെ പള്ളികൾ ജനപ്പെരുമാറ്റമുള്ളവയായിരിക്കുമെങ്കിലും അവ ഭക്തിശൂന്യങ്ങളായിരിക്കും; അവരുടെ ആലിംകൾ ആകാശത്തിനുകീഴിൽ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന അവരിൽനിന്ന് പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും”
(മിശ്ക്കാത്ത്).
ഈ നബിവാക്യത്തിൽ പറഞ്ഞിരിക്കുന്നത്, ഇസ്ലാമിന്റേയും ഖുർആന്റേയും പേരുമാത്രം ബാക്കിയാകുമാറുള്ള തരത്തിൽ മുസ്ലിംകൾക്ക് ഇസ്ലാമും ഖുർആനുമായുള്ള ആത്മബന്ധം ഇല്ലാതായിപ്പോകുകയും നന്മകളുടെ നിലയങ്ങളായിരിക്കേണ്ട അവരുടെ പള്ളികൾ ബാഹ്യനിലയിൽ അലംകൃതങ്ങളായിരിക്കുമെങ്കിലും, ഭക്തിശൂന്യങ്ങളായിത്തീരുകയും, സാർഗ്ഗോപദേശം ചെയ്യേണ്ടുന്ന ആലിംകൾ മറ്റുളളവരിലും കവിഞ്ഞ നികൃഷ്ടരും ഇസ്ലാമിന് ദോഷകാരികളുമായിത്തീരുകയും ചെയ്യുമെന്നാണ്.
അവസാനകാലഘട്ടത്തിൽ തൻ്റെ ഉമ്മത്ത് കഷിപ്രതികക്ഷികളായി പിരിയുകയും മുൻ സമുദായങ്ങളിൽ സംഭവിച്ച മൂല്യതകർച്ചകൾ തൻ്റെ സമുദായത്തിൽ വന്നുഭവിക്കുകയും ചെയ്യും എന്നു ഹസ്രത്ത് മുഹമ്മദ് നബി (സ) പ്രവചനം ചെയ്തിരുന്നുവല്ലോ, ഇന്ന് നമുക്ക് മറച്ചുപിടിക്കാനാവാത്ത വിധം തന്നെ അത് പ്രകടവുമാണ്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَيَأْتِيَنَّ عَلَى أُمَّتِي مَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلاَنِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً قَالُوا وَمَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي ”
നബി(സ) പറഞ്ഞു: ബനീഇസ്റാഈലിൽ സംഭവിച്ചതൊക്കെ എന്റെ ഉമ്മത്തിലും വന്നുഭവിക്കും. ഒരു ജോഡി ചെരുപ്പ് അന്വോന്യം സദൃശ്യമായിരിക്കുന്നതുപോലെ. അവരിൽ ആരെങ്കിലും തന്റെ മാതാവിനെ പരസ്യമായി പരിഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്റെ ഉമ്മത്തിലും അത്തരം ദുർഭഗൻ ഉണ്ടാവും. ബനീഇസ്റാഈൽ 72 കക്ഷികളായാണ് ഭിന്നിച്ചത്. എന്റെ ഉമ്മത്ത് 73 കക്ഷികളായി പിരിയും. ഒരു കൂട്ടരൊഴികെ മറ്റൊല്ലാവരും നരകത്തിലായിരിക്കും, സ്വഹാബാക്കർ ചോദിച്ചു. തിരുദൂതരേ, ആരാണ് ആ കക്ഷി? നബി(സ) പറഞ്ഞു: “ഞാനും എന്റെ സ്വഹാബത്തും ഉള്ള നിലയിൽ സ്ഥിതി ചെയ്യുന്നവർ.”
(ജാമിഉ തിർമിദി, കിത്താബുൽ ഈമാൻ, അധ്യായം 18, ഭാഗം 5, പേജ് 26 )
മറ്റൊരു ഹദീസിൽ വന്നിരിക്കുന്നത് നോക്കുക:
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا “ . فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ “ بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الْوَهَنَ “ . فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ “ حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ “
നബി തിരുമേനി (സ) പറഞ്ഞു : “ഭക്ഷണം കഴിക്കുമ്പോൾ ആളുകൾ അവരുടെ വിഭവങ്ങൾ പങ്കിടാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന പോലെ നിങ്ങളെ ആക്രമിക്കാൻ ആളുകൾ പരസ്പരം വിളിക്കും. അപ്പോൾ ആരോ ചോദിച്ചു: അത് ആ സമയത്ത് നാം അൽപ്പസംഖ്യകൾ ആയതു കൊണ്ടാണോ? നബിതിരുമേനി പറഞ്ഞു: “അല്ല, നിങ്ങൾ അന്നു വളരെ അധികമായിരിക്കും. പക്ഷേ, നിങ്ങൾ ഒഴുക്കിൽപ്പെട്ട ചണ്ടിപോലെയായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ ഹൃദയങ്ങളിൽനിന്ന് നിങ്ങളെക്കുറിച്ചുള്ള ഭയത്തെ അല്ലാഹു എടുത്തുകളയുകയും അവൻ നിങ്ങളുടെ ഹൃദയങ്ങളിൽ “വഹൻ’ (ആലസ്യം) ഉളവാക്കുകയും ചെയ്യും.” അപ്പോൾ “അല്ലയോ പ്രവാചകരേ! വഹൻ എന്നാൽ എന്താണ്” എന്ന് ഒരാൾ ചോദിച്ചു. തിരുമേനി പറഞ്ഞു: “ഐഹികജീവിതത്തോടുള്ള പ്രേമവും മരണത്തെക്കുറിച്ചുള്ള ഭീതിയും തന്നെ’. (സുനൻ അബി ദാവൂദ്, 4297).
ഇന്ന് ലോകത്ത് മുസ്ലിംങ്ങൾ നാനാഭാഗത്തും വ്യാപിച്ചു കിടക്കുന്നു ഒരോ മുക്കിലും മൂലയിലും എടുപ്പുകളുള്ള പള്ളികൾ, ഒരുപാട് ആലിമീങ്ങൾ, പക്ഷെ തിരുനബി (സ) പ്രവചിച്ച എല്ലാ കാര്യങ്ങളും അക്ഷരം പ്രതി പുലർന്നതായി നിങ്ങൾ കാണുന്നില്ലേ. എങ്കിൽ ഇതു തന്നെയാണ് തിരുനബി (സ) പ്രവചനം ചെയ്ത മഹാത്മാവ് വരേണ്ട സമയവും
അല്ലാഹു ഖുർആനിൽ പറയുന്നു:
وَ لَقَدۡ ضَلَّ قَبۡلَہُمۡ اَکۡثَرُ الۡاَوَّلِیۡنَ
وَ لَقَدۡ اَرۡسَلۡنَا فِیۡہِمۡ مُّنۡذِرِیۡنَ
ഇവർക്ക് മുമ്പേ പൂർവികരിൽ അധികമാളുകളും വഴിപിഴച്ചുപോയിട്ടുണ്ട്. അവരിൽ നാം മുന്നറിയിപ്പുകാരെ (പ്രവാചകാരെ) അയച്ചു.
വഴിപിഴച്ചുപ്പോയ ജനതയെ നേർനടത്താൻ അല്ലാഹു തഅല സ്വീകരിച്ചുപോന്നിരുന്ന കാര്യം അവരിൽ അവൻ്റെ ദൂതനെ അയച്ചുക്കൊണ്ട് തൻ്റെ സന്ദേശം എത്തിക്കലാണ് എന്നു വ്യക്തം.