സൂറത്തുൽ ഫാതിഹയിൽ നിന്നുള്ള സൂചന

അല്ലാഹു സൂറത്തുൽ ഫാത്തിഹയിൽ ഈയൊരു പ്രാർത്ഥന പഠിപ്പിച്ചുതരുന്നതായി നാം കാണുന്നു:

اِہۡدِ نَا الصِّرَاطَ الۡمُسۡتَقِیۡمَ
صِرَاطَ الَّذِیۡنَ اَنۡعَمۡتَ عَلَیۡہِمۡ ۬ۙ

ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളെ നേരായ മാർഗ്ഗത്തിൽ നയിച്ചാലും. നീ അനുഗ്രഹം ചെയ്തവരുടെ മാർഗ്ഗത്തിൽ (വി.ഖു. 1:6,7).

താൻ അനുഗ്രഹം ചെയ്തവരുടെ കൂട്ടത്തിൽ തങ്ങളെയും ഉൾപ്പെടുത്തുന്നതിനുവേണ്ടി തന്നോട് പ്രാർത്ഥിക്കുവാനാണ് അല്ലാഹു ഇവിടെ മുസ്ലിങ്ങൾക്ക് നിർദ്ദേശം നല്കുന്നത്. ഇനി നമുക്ക് നോക്കാനുള്ളത് അല്ലാഹു അനുഗ്രഹം ചെയ്ത കൂട്ടർ ആരാണെന്നും അവർക്ക് അല്ലാഹുവിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾ എന്തെല്ലാമാണെന്നുമാണ്. ഇതിനുവേണ്ടി വളരെ അധികം ചിന്തിച്ചു വിഷമിക്കേണ്ടതില്ല. എന്തുകൊണ്ടെന്നാൽ തന്റെ അനുഗ്രഹത്തിന് പാത്രമായവർ ആരെല്ലാമാണെന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ വിവരിച്ചു തന്നിട്ടുണ്ട്. അല്ലാഹു പറയുകയാണ്:

وَ مَنۡ یُّطِعِ اللّٰہَ وَ الرَّسُوۡلَ فَاُولٰٓئِکَ مَعَ الَّذِیۡنَ اَنۡعَمَ اللّٰہُ عَلَیۡہِمۡ مِّنَ النَّبِیّٖنَ وَ الصِّدِّیۡقِیۡنَ وَ الشُّہَدَآءِ وَ الصّٰلِحِیۡنَ ۚ وَ حَسُنَ اُولٰٓئِکَ رَفِیۡقًا

വല്ലവരും അല്ലാഹുവിനെയും ഈ ദൈവദൂതനെയും അനുസരിക്കുന്നതായാൽ, അവർ അല്ലാഹു അനുഗ്രഹിച്ചിട്ടുള്ള പ്രവാചകൻമാർ(നബിമാർ), സത്യാത്മാക്കൾ (സിദ്ദീഖുകൾ), രക്തസാക്ഷികൾ (ശുഹദാക്കൾ), സദ്വൃത്തൻമാർ (സ്വാലിഹുകൾ) എന്നിവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്. ഏറ്റവും നല്ല കൂട്ടുകാരത്രേ അവർ (വി.ഖു. 4:70).

അനുഗൃഹീതരായ ജനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് നബി, സിദ്ദീഖ്, ശഹീദ്, സ്വാലിഹ് എന്നിവരാണെന്ന് ഈ വാക്യത്തിൽ അല്ലാഹു തിട്ടപ്പെടുത്തിക്കാണിച്ചു തന്നിരിക്കുന്നു. അതായത് ആദ്ധ്യാത്മികമായ അനുഗ്രഹത്തിന് നാല് പദവികൾ നിശ്ചയിച്ചിരിക്കുന്നു.

  1. ഒന്നാമത് നുബുവ്വത്ത്, അതായത് അല്ലാഹുവിൽ നിന്ന് അധികമായ ഭാഷണവും നബിയെന്ന സ്ഥാനപ്പേരും ലഭിച്ചുകൊണ്ട് ജനങ്ങളുടെ സമുദ്ധാരണത്തിനായി എഴുന്നേല്പിക്കപ്പെടുക.
  2. രണ്ടാമത് സിദ്ദീഖിയ്യത്ത്. അതായത് മനുഷ്യൻ തന്റെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സത്യത്തിന്റെ പ്രതീകമാവുകയും അല്ലാഹുവിന്റെ റസൂലിൽ ലയിക്കുന്ന പദവിയിൽ എത്തുകയും ചെയ്യുമാറ് അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനകളെ അനുസരിക്കുന്നതിൽ പരിപൂർണ്ണമായ മാതൃക കാണിക്കുക.
  3. മൂന്നാമത് ശഹാദത്ത് അതായത് മനുഷ്യന്റെ അസ്തിത്വം മതത്തിന്റെ സത്യത്തിന് മൂർത്തിമത്തായൊരു സാക്ഷിയാകുമാറ് മതമാർഗ്ഗത്തിൽ തന്റെ ജീവൻ ബലിയർപ്പിക്കുക.
  4. നാലാമത് സ്വാലിഹിയ്യത്ത് അതായത് മതപരമായ ജീവിതം നയിക്കുന്നതിനുവേണ്ടി തന്നത്താൻ പാകപ്പെടുത്തുകയും തന്റെ പ്രവൃത്തികളെ മതത്തിനനുസണരമാക്കാൻ ശ്രമിക്കുകയും ചെയ്യുക.

ആദ്ധ്യാത്മികമായ അനുഗ്രഹത്തിന്റെയും ദെവസാമീപ്യത്തിന്റെയും ഏറ്റവും താഴ്ന്ന പദവി മനുഷ്യൻ സ്വാലിഹാവുകയെന്നതാണ്. അതിനുമേലെയുള്ളത് ശഹീദിന്റെയും അതിനുമേലെയുള്ളത് സിദ്ദീഖിന്റെയും അതിനുമേലെയുള്ളതും അവസാനത്തേതും നബിയുടെയും പദവിയാകുന്നു.  ഈ നാല് പദവികൾക്കുള്ളിലും വിവിധങ്ങളായ തരങ്ങളുണ്ട്. എന്തെന്നാൽ എല്ലാ സ്വാലിഹുമാരും ഒരേ തരത്തിലല്ല. അതുപോലെത്തന്നെ എല്ലാ ശഹീദുമാരും എല്ലാ സിദ്ദീഖുമാരും എല്ലാ നബിമാരും ഒരേതരത്തിലല്ല.

അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക:

تِلۡکَ الرُّسُلُ فَضَّلۡنَا بَعۡضَہُمۡ عَلٰی بَعۡضٍ

ദെവദൂതൻമാരിൽ ചിലരെ മറ്റു ചിലരെക്കാൾ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു (വി.ഖു. 2:254).

പക്ഷേ, സ്ഥൂലമായ തരംതിരിക്കലിനായി അല്ലാഹു മേൽപറഞ്ഞ നാല് പദവികൾ നിശ്ചയിച്ചിരിക്കുന്നു. ചുരുക്കത്തിൽ കഴിഞ്ഞുപോയ ജനങ്ങൾക്ക് തന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്ന ആ അനുഗ്രഹങ്ങൾക്കായി തന്നോട് ആവശ്യപ്പെടുവാൻ ഒരു ഭാഗത്ത് അല്ലാഹു മുസൽമാൻമാർക്ക് ഫാത്തിഹയിൽ ഈ ദുആ പഠിപ്പിച്ചു കൊടുത്തിരിക്കുന്നു. മറുഭാഗത്ത് ആ അനുഗ്രഹങ്ങൾ കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് നുബുത്ത്, സിദ്ദീഖീയ്യത്ത്, ശഹാദത്ത്, സ്വാലിഹിയ്യത്ത് എന്നീ പദവികൾ ലഭിക്കുന്നതിനുവേണ്ടി നാം ദുആ ചെയ്തുകൊണ്ടിരിക്കണമെന്നും നമ്മുടെ ആദ്ധ്യാത്മികാഭിവൃദ്ധിയുടെ പരമലക്ഷ്യത്തെ നാം താഴ്ത്തിക്കളയരുതെന്നുമാണ് അല്ലാഹുവിന്റെ നിർദ്ദേശം.

മുഹമ്മദിയ്യാ ഉമ്മത്തിൽ നുബുവ്വത്തിന്റെ ശൃംഖല തുടർന്നു കൊണ്ടിരിക്കുന്നുവെന്ന് ഇതിൽ നിന്ന് നല്ലതുപോലെ വ്യക്തമാകുന്നു. എന്തെന്നാൽ, ഈ ഉമ്മത്തിന് നുബുവ്വത്താകുന്ന അനുഗ്രഹത്തിന്റെ വാതിൽ അടയ്ക്കപ്പെട്ടിരിക്കുകയാണെങ്കിൽ ആ അനുഗ്രഹമാവശ്യപ്പെട്ടുകൊണ്ടുള്ള ദുആ അല്ലാഹു നമുക്ക് ഒരിക്കലും പഠിപ്പിച്ച് തരുമായിരുന്നില്ല. അല്ലാഹു ഈ ദുആ പഠിപ്പിച്ചു തന്നതിൽ നിന്നു ഇക്കാര്യം തന്നെ വ്യക്തമാകുന്നുണ്ട്.

വിശുദ്ധ ഖുർ ആനിൽ മറ്റൊരിടത്ത് നുബൂവ്വത്ത് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത് തന്നെയെന്ന് വ്യക്തത വരുത്തുന്നു:

وَ اِذۡ قَالَ مُوۡسٰی لِقَوۡمِہٖ یٰقَوۡمِ اذۡکُرُوۡا نِعۡمَۃَ اللّٰہِ عَلَیۡکُمۡ اِذۡ جَعَلَ فِیۡکُمۡ اَنۡۢبِیَآءَ وَ جَعَلَکُمۡ مُّلُوۡکًا ٭ۖ وَّ اٰتٰٮکُمۡ مَّا لَمۡ یُؤۡتِ اَحَدًا مِّنَ الۡعٰلَمِیۡنَ

മൂസ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം: എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ സ്മരിക്കുക. അവൻ നിങ്ങളിൽ പ്രവാചകന്മാരെ നിശ്ചയിക്കുകയും നിങ്ങളെ രാജാക്കന്മാരാക്കുകയും ചെയ്തു. (ലോകത്ത് അറിയപ്പെടുന്ന) മറ്റൊരു സമൂഹത്തിനും നൽകാത്തത് അവൻ നിങ്ങൾക്ക് പ്രദാനം ചെയ്യുകയുമുണ്ടായി. (സൂറത്തുൽ മാഇദ, 21).

ഇതിൽ നുബൂവ്വത്ത് എന്നുള്ളത് അല്ലഹുവിൻ്റെ അനുഗ്രഹങ്ങളിൽ ഒന്നായി ഹസ്രത്ത് മൂസനബി (അ) എടുത്തുപറയുന്നു. വീണ്ടും പറയുന്നു,

وَ لَقَدۡ اٰتَیۡنَا بَنِیۡۤ اِسۡرَآءِیۡلَ الۡکِتٰبَ وَ الۡحُکۡمَ وَ النُّبُوَّۃَ وَ رَزَقۡنٰہُمۡ مِّنَ الطَّیِّبٰتِ وَ فَضَّلۡنٰہُمۡ عَلَی الۡعٰلَمِیۡنَ ﴿ۚ۱۷

തീർച്ചയായും നാം ഇസ്റാഈൽ സന്തതികൾക്ക് ഗ്രന്ഥവും ഭരണാധികാരവും പ്രവാചകത്വവും നൽകിയിട്ടുണ്ട്. വിശിഷ്ട വസ്തുക്കളിൽ നിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും (അവരുടെ കാലത്ത്) ലോകത്ത് നാം അവരെ ഉൽകൃഷ്ടരാക്കുകയും ചെയ്തു. (സൂറത്തുൽ ജാസിയ, 17).

വിശുദ്ധ ഖുർആനിൽ മുഹമമദ് നബിയെ അല്ലാഹു ഫിർഔൻ്റെ അടുക്കലേക്ക് അയക്കപ്പെട്ട പ്രവാചകനായ മൂസാ നബിയോടുപമിച്ചിരിക്കുന്ന കാര്യവും ഇവിടെ പ്രസക്തമാണ്.