مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا
മുഹമ്മദ് (സ) നിങ്ങളിൽ നിന്നുള്ള ഒരു പുരുഷന്റെയും പിതാവല്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നല്ലവണ്ണം അറിയുന്നവനാകുന്നു (വി.ഖു. 33:41).
ഖാത്തമുന്നബിയ്യീൻ എന്നതിനു അവസാനത്തെ നബിയെന്ന് അർത്ഥമെടുക്കുകയാണെങ്കിൽ പ്രസ്തുത ആയത്തിന് യാതൊരു അർത്ഥവുമില്ലാതായിത്തീരുകയും (നഊദുബില്ലാഹ്) മുഴുവൻ ആയത്തും ഒരു നിരർത്ഥവചനത്തിന്റെ രൂപം കൈക്കൊള്ളുകയും ചെയ്യും. ഇത്തരത്തിൽ നോക്കുമ്പോൾ ആയത്തിന്റെ അർത്ഥം “മുഹമ്മദ് നബിക്ക് പുത്രസന്താനമില്ലെന്നത് ശരിതന്നെ, എന്നാൽ, അദ്ദേഹം അവസാനത്തെ നബിയാണ് “എന്നായിത്തീരും. ഇത് അർത്ഥരഹിതമായൊരു വാക്യമാണ്.
“ലാക്കിൻ’ എന്ന പദം മുമ്പിൽ പറഞ്ഞ സംഗതിക്കെതിരായ ആശയം പിന്നീട് പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് അറബിയിൽ ഉപയോഗിക്കുന്നത്.
ഉദാഹരണമായി: സൈദ് ധീര നാണ്, (ലാക്കിൻ) പക്ഷേ കായബലം കുറഞ്ഞവനാണ് എന്നു പറയു ന്നതുപോലെ,
അല്ലെങ്കിൽ, ഖാലിദ് നിരക്ഷരനാണ് ലാക്കിൻ (പക്ഷേ) ബുദ്ധിമാനാണ് എന്നതുപോലെ. അതായത് ആദ്യത്തെ വാചകത്തിൽ എന്തെങ്കിലും ഗുണമാണ് വിവരിച്ചിട്ടുള്ളതെങ്കിൽ രണ്ടാമത്തേതിൽ അതിനെതിരായ വല്ല കുറവും വിവരിക്കപ്പെടുന്നു. അഥവാ ആദ്യത്തെ വാക്യത്തിൽ ന്യൂനതയാണ് വിവരിക്കപ്പെടുന്നതെങ്കിൽ രണ്ടാമത്തേതിൽ അതിന്നെതിരായ ഗുണവും വിവരിക്കപ്പെടുന്നു.
അതായത് {+ve ലാക്കിൻ -ve} അല്ലെങ്കിൽ {-ve ലാക്കിൻ +ve}
മറ്റൊരു പ്രകാരത്തിൽ ആദ്യവാചകത്തിൽ വല്ല സംശയവും ഉണ്ടാവുകയാണെങ്കിൽ രണ്ടാമത്തെ വാചകംകൊണ്ട് ആ സംശയം തീർക്കുവാൻ ഉദ്ദേശിക്കപ്പെടുമ്പോഴും ലാക്കിൻ എന്ന പദം ഉപയോഗിക്കാറുണ്ട് .
എല്ലാവരും എഴുന്നേറ്റുപോയി. ലാക്കിൻ (പക്ഷേ) ഉമർ പോയില്ല എന്നു പറയുന്നതുപോലെ. ഇവിടെ, എല്ലാവരും എഴുന്നേറ്റുപോയി എന്ന വാചകംകൊണ്ട് ഒരാളും ബാക്കിയായിട്ടില്ലേ എന്ന സംശയം ഉദിക്കുന്നു. ലാക്കിൻ എന്ന പദം ഉപയോഗിച്ചു കൊണ്ട് ആ സംശയം തീർത്തു. ഈ പ്രയോഗത്തിന് അറബിയിൽ “ഇസ്തിദ്റാക്ക് എന്നാണ് പറയുന്നത്. ലാക്കിൻ എന്ന പദം ഇസ്തിദ്റാക്കിനുവേണ്ടി ഉപയോഗിക്കുന്നതാണെന്ന് അറബി വ്യാകരണഗ്രന്ഥങ്ങളിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.
ഈ വ്യാഖ്യാനത്തിനുശേഷം മേൽപറഞ്ഞ ആയത്തിനെപ്പറ്റി ചിന്തിക്കുന്നതായാൽ യാഥാർത്ഥ്യം വെളിപ്പെടുന്നതാണ്. നോക്കുക :-
മുഹമ്മദിന് യാതൊരു പുത്രസന്താനവുമില്ല; പക്ഷേ അദ്ദേഹം അല്ലാഹുവിന്റെ റസൂലും ഖാത്തമുന്നബിയ്യീനുമാണ്.
ഇപ്പോൾ ഇവിടെ ലാക്കിൻ എന്നതിന് ശേഷമുള്ള വാചകത്തിന്, അതിന് മുമ്പേ പറഞ്ഞ വാചകത്തിലെ ആശയത്തിനു എതിരായ ഒരർത്ഥം കൽപിക്കേണ്ടിയിരിക്കുന്നു. അഥവാ, ആദ്യത്തെ വാചകംകൊണ്ട് എന്തൊരഭിപ്രായത്തിൽ സംശയം ഉണ്ടാവുന്നുണ്ടോ, അതിനെ നീക്കുന്നതായിരിക്കണം രണ്ടാമത്തെ വാചകം. ഈ വ്യാഖ്യാനത്തിന്റെ വെളിച്ചത്തിൽ ചിന്തിച്ചു നോക്കുക. അഹ്മദികളല്ലാത്തവരുടെ അർത്ഥം സ്വീകരിക്കുകയാണെങ്കിൽ ഖാത്തമുന്നബിയ്യീൻ എന്ന പദത്തിന് ബുദ്ധിപൂർവ്വമായ ഒരു അർത്ഥമുണ്ടാവാൻ തന്നെ നിവൃത്തിയില്ല. എന്തെന്നാൽ ആയത്തിൽ ലാക്കിൻ എന്നതിന് മുമ്പേയുള്ള ഭാഗത്തിന്റെ അർത്ഥം തിരുമേനിക്ക് യാതൊരു പുത്രസന്താനവുമില്ലെന്നാണ്. പിന്നിലുള്ള ഖാത്തമുന്നബിയ്യീന്റെ അർത്ഥം തിരുമേനിയുടെ ആഗമനത്താൽ നബിമാരുടെ ആവിർഭാവം നിലച്ചുപോയെന്നും ഇനി ഒരു നബിയും വരാൻ പാടില്ലെന്നുമാണെങ്കിൽ, അപ്പോൾ മുഴുവൻ ആയത്തിന്റെയും അർത്ഥം ഇപ്രകാരമാകുന്നതാണ്:-
“മുഹമ്മദ് നബിക്ക് യാതൊരു ശാരീരിക പുത്രസന്താനവുമില്ല; പക്ഷേ, അദ്ദേഹത്തിന്റെ ആഗമനത്തോടുകൂടി നുബുവ്വത്തിന്റെ ശൃംഖലയും നിലച്ചു പോയിരിക്കുന്നു.“
ഇതാവട്ടെ, കേവലം അസംബന്ധവും നിരർത്ഥവുമായ ഒരു വചനമാകുന്നു. നേരെ മറിച്ച്, ഞങ്ങൾ പറയുന്ന അർത്ഥം (ഖാത്തമ്മുന്നബിയ്യീൻ എന്നുള്ളതിനു പ്രവാചകന്മാരുടെ മുദ്ര എന്ന അർത്ഥം സ്വീകരിക്കുകയാണെങ്കിൽ) തീർച്ചയായും ലാക്കിൻ എന്ന പദത്തിന്റെ ഉദ്ദേശ്യത്തിനു യോജിച്ചതാണ്. ഞങ്ങൾ പറയുന്ന അർത്ഥമിതാണ്:-
മുഹമ്മദു നബിക്ക് ശാരീരികമായ സന്താനങ്ങൾ ഇല്ല; പക്ഷേ അദ്ദേഹത്തിന് ആത്മീയ സന്താനങ്ങൾ ധാരാളമുണ്ട്. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ ആത്മീയ സന്താനങ്ങളിൽ നബിയും റസൂലും കൂടി ഉണ്ടാവാം. (“ഖാത്തമുന്നബിയ്യീൻ : പ്രവാചകന്മാരുടെ മുദ്ര“ എന്ന ലേഖനം നോക്കുക)
എതിരാളികൾ പറയുന്ന അർത്ഥത്തിന്റെ ഉപമ ഇന്നവന്റെ കൈയിൽ ലൗകികമായ ധനമൊന്നുമില്ല. പക്ഷേ ആദ്ധ്യാത്മിക ധനവും കാലിയാണ് എന്നു പറയുന്നതുപോലെയാണ്. ഞങ്ങളുടെ അർത്ഥത്തിന്റെ ഉപമയോ ഇന്നവന്റെ കൈയിൽ ലൗകികമായ ധനമൊന്നുമില്ല. പക്ഷേ ആത്മീയധനം ധാരാളമുണ്ട്. ആത്മീയധനത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം രാജാവാണ്, അല്ല ചക്രവർത്തിയാണ് എന്നു പറയുന്നതുപോലെയാകുന്നു.