പുതിയൊരു ശരീഅത്ത് കൊണ്ടുവരുന്ന ആളാണ് നബി എന്നും ശരീഅത്തിന്റെ ശൃംഖല അവസാനിച്ചിരിക്കയാൽ ഇനി ഒരു നബി വരികയില്ലെന്നുമുള്ളതാണ് അഹ്മദിയ്യാ മുസ്ലിംങ്ങൾ അല്ലത്തവർ ഉന്നയിക്കുന്ന മറ്റൊരു വാദം. എന്നാൽ ഈ വാദവും അടിസ്ഥാനരഹിതവും നിരർത്ഥകവുമാണ്. എന്തെന്നാൽ നുബുവ്വത്തോടുകൂടി പുതിയ ശരീഅത്ത് ഉണ്ടായിരിക്കണമെന്നത് അത്യാവശ്യമല്ല. ശരീഅത്ത് നല്കപ്പെടാത്ത ഒട്ടധികം പ്രവാചകൻമാർ കഴിഞ്ഞുപോയിട്ടുണ്ടെന്ന് മത ചരിത്രത്തിലേക്ക് കണ്ണോടിക്കുന്നതു കൊണ്ട് മനസ്സിലാക്കാൻ കഴിയും. അല്ലാഹുവിന്റെ പക്കൽ നിന്ന് ഒരു ശരീഅത്ത് ഇറങ്ങിയാൽ അതിനെ അവർ ദുർബലപ്പെടുത്തുകയോ അതിൽ മാറ്റം വരുത്തു കയോ ചെയ്യണമെങ്കിൽ, അവന്റെ ദൃഷ്ടിയിൽ മനുഷ്യാവസ്ഥ അങ്ങനെയുള്ള ദുർബലപ്പെടുത്തലും മാറ്റം വരുത്തലും ആവശ്യപ്പെടുന്ന സമയമാവണം. ഏതുപോലെയെന്നാൽ, രോഗാവസ്ഥ ആവശ്യപ്പെട്ടാലല്ലാതെ വിദഗ്ദ്ധനായ ഒരു വൈദ്യൻ തന്റെ രോഗിയുടെ മരുന്നിൽ മാറ്റം വരുത്തകയില്ല. പക്ഷേ, മരുന്നിൽ മാറ്റം വരുത്തുകയില്ലെങ്കിലും വൈദ്യൻ ആ രോഗിയെ നോക്കിക്കൊണ്ടിരിക്കുകയും അയാളുടെ ശുശ്രൂഷ മുതലായ ആവശ്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
ഇതുതന്നെയാണ് ആദ്ധ്യാത്മിക ലോകത്തിന്റെയും സ്ഥിതി. അല്ലാഹുവിന്റെ പക്കൽ നിന്ന് ഒരു ശരീഅത്ത് മരുന്നിന്റെ കുറിപ്പെന്നപോലെ ഇറങ്ങുമ്പോൾ ആ കുറിപ്പിന്റെ കാലം വളരെ ദീർഘിച്ചതായിരിക്കാം. അതായത് ശരീഅത്തിൽ മാറ്റം വരുത്തേണ്ട കാലം വന്നില്ലെന്ന് പറയാം. എങ്കിലും അല്ലാഹു മനുഷ്യന്റെ ആദ്ധ്യാത്മികമായ മേൽനോട്ടത്തിന് സാധാരണയായി ചെറിയ ചെറിയ ഡോക്ടർമാരെയും (ആദ്ധ്യാത്മിക ഉലമാക്കളെയും സൂഫികളെയും ആവശ്യമനുസരിച്ച് വല്ലപ്പോഴുമൊക്ക വലിയ ഡോക്ടർമാരെയും (നബിമാരെയും റസൂൽമാരെയും) അയച്ചുകൊണ്ടിരിക്കുന്നതാണ്.
ഉദാഹരണമായി അല്ലാഹുമൂസാനബി മുഖാന്തരം തൗറാത്താകുന്ന ശരീഅത്ത് ഇറക്കി. അതിനുശേഷം നബിതിരുമേനിയുടെ കാലം വരെ ഒരു ശരീഅത്തും ഇറക്കപ്പെട്ടിട്ടില്ല. എന്നാൽ, അതിനിടയിൽ ബനൂഇസ്റായിലിൽ അനേകം നബിമാർ വന്നു. ഈസാനബിയും അവരിൽ ഒരാളാണ്. അവർക്കാർക്കും ശരീഅത്ത് നല്കപ്പെട്ടിരുന്നില്ല. മുസാനബിയുടെ ശരീഅത്തിന്റെ സേവനത്തിനുവേണ്ടി മാത്രമാണ് അവർ അയക്കപ്പെട്ടിരുന്നത്.
ഈസാനബിക്ക് ഇഞ്ചീൽ നല്കപ്പെട്ടിരുന്നല്ലോ എന്ന സംശയം ഇവിടെ ആർക്കും ഉണ്ടാകേണ്ടതില്ല. എന്തെന്നാൽ, ഇഞ്ചിൽ ഒരു ശരീഅത്തിന്റെ ഗ്രന്ഥമല്ല. ഇഞ്ചീലിൽ ഈസാനബി തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറയുന്നത് നോക്കുക:-
ശാസ്ത്രിമാരും പരീശന്മാരും മോശയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ, അവർ നിങ്ങളോട് പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്യുവിൻ. പക്ഷേ, അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ (മത്തായി 23:1-3).
വീണ്ടും പറയുന്നു:
ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്; നീക്കുവാനല്ല നിവർത്തിക്കാനത്രേ ഞാൻ വന്നത്. സത്യമായിട്ട് ഞാൻ നിങ്ങളോട് പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം (മുഹമ്മദ് നബി സ.അ. തിരുമേനിയുടെ ആവിർഭാവത്താൽ ഒരു പുതിയ ആദ്ധ്യാത്മിക ആകാശഭൂമികൾ ഉണ്ടാകുന്നതുവരെ) ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല. (ഇതും നബിതിരുമേനിയുടെ ആഗമനത്തെയാണ് സൂചിപ്പിക്കുന്നത്). ആകയാൽ ഈ ഏറ്റവും ചെറിയ കൽപനകളിൽ ഒന്ന് അഴിക്കുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്ന് വിളിക്കപ്പെടും; അവയെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്ന് വിളിക്കപ്പെടും (മത്തായി 5:17-19).
ഈസാനബിയെന്നു വേണ്ട, മൂസാനബിക്കുശേഷം വന്ന ഇസ്റായിൽ പ്രവാചകന്മാരിൽ ആരും തന്നെ ഒരു പുതിയ ശരീഅത് കൊണ്ടു വന്നിരുന്നില്ലെന്നും അവരെല്ലാം തൗറാത്തിന്റെ സേവനത്തിനും ബനൂഇസ്റായീലിന്റെ ആദ്ധ്യത്മികോദ്ധാരണത്തിനും വേണ്ടി മാത്രം അയക്കപ്പെട്ടവരായിരുന്നുവെന്നും ഈ വാക്യങ്ങളിൽ നിന്ന് നല്ലതുപോലെ വ്യക്തമാകുന്നു.
കൂടാതെ, എല്ലാ പ്രവാചകന്മാർക്കും പുതിയ ശരീഅത്ത് ഇറങ്ങേണ്ടതില്ലെന്നും പല പ്രവാചകന്മാരും പുതിയ ശരീഅത്തില്ലാതെ അയക്കപ്പെട്ടിട്ടുണ്ടെന്നും വിശുദ്ധഖുർആനിൽ നിന്ന് തെളിയുന്നുണ്ട്. അല്ലാഹു പറയുന്നു.
وَ لَقَدۡ اٰتَیۡنَا مُوۡسَی الۡکِتٰبَ وَ قَفَّیۡنَا مِنۡۢ بَعۡدِہٖ بِالرُّسُلِ
മൂസായ്ക്കുശേഷം നാം പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നു (വി.ഖു. 2:88).
اِنَّاۤ اَنۡزَلۡنَا التَّوۡرٰٮۃَ فِیۡہَا ہُدًی وَّ نُوۡرٌ ۚ یَحۡکُمُ بِہَا النَّبِیُّوۡنَ الَّذِیۡنَ اَسۡلَمُوۡا لِلَّذِیۡنَ ہَادُوۡا
നാം തൗറാത്തിനെ ഇറക്കി; അതിൽ മാർഗ്ഗദർശ്ശനവും പ്രകാശവും ഉണ്ടായിരുന്നു. ആ തൗറാത്തു മുഖേന പ്രവാചകൻമാർ യഹൂദർക്ക് വിധികല്പിക്കാറുണ്ടായിരുന്നു (വി.ഖു. 5:45).
പുതിയ ശരീഅത്ത് നല്കപ്പെടാത്ത എത്രയോ പ്രവാചകന്മാർ കഴിഞ്ഞു പോയിട്ടുണ്ടെന്ന് മേൽചേർത്ത ആയത്തുകളിൽ എത വ്യക്തവും ഖണ്ഡിതവുമായിട്ടാണ് വിധി കൽപിച്ചിട്ടുള്ളത്? എന്നാൽ, കണ്ണടക്കുന്നവർക്ക് എങ്ങനെ കാണിച്ചു കൊടുക്കാൻ സാധിക്കും. ചുരുക്കത്തിൽ, എല്ലാ പ്രവാചകൻമാരും പുതിയ ശരിഅത് കൊണ്ടുവരേണ്ടതില്ലെന്നതിന് ദൈവദത്തമായ ബുദ്ധി, ചരിത്രം, വിശുദ്ധഖുർആൻ എന്നീ മൂന്നു പ്രമാണങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. ഖുർആനോടു കൂടി പുതിയ ശരീഅത്ത് ആവശ്യമില്ലാതായിരിക്കുന്നതുകൊണ്ട് ഇനി പുതിയൊരു പ്രവാചകൻ വരുകയില്ലെന്ന് വാദിക്കുന്നത് വമ്പിച്ച അബദ്ധവും അടിസ്ഥാനരഹിതവുമാണ്.