اِذۡ قَالَ اللّٰہُ یٰعِیۡسٰۤی اِنِّیۡ مُتَوَفِّیۡکَ وَ رَافِعُکَ اِلَیَّ وَ مُطَہِّرُکَ مِنَ الَّذِیۡنَ کَفَرُوۡا وَ جَاعِلُ الَّذِیۡنَ اتَّبَعُوۡکَ فَوۡقَ الَّذِیۡنَ کَفَرُوۡۤا اِلٰی یَوۡمِ الۡقِیٰمَۃِ ۚ ثُمَّ اِلَیَّ مَرۡجِعُکُمۡ فَاَحۡکُمُ بَیۡنَکُمۡ فِیۡمَا کُنۡتُمۡ فِیۡہِ تَخۡتَلِفُوۡنَ
അല്ലാഹു പറഞ്ഞസന്ദര്‍ഭം (ഓര്‍ക്കുക). ഓ ഈസാ ! ഞാന്‍ നിന്നെ (പ്രകൃതി സഹജമായ നിലയില്‍) മരിപ്പിക്കുകയും എങ്കലേക്ക് ഉയര്‍ത്തുകയും, അവിശ്വാസികളുടെ ആരോപണങ്ങളില്‍നിന്ന് നിന്നെ പരിശുദ്ധനാക്കുകയും നിന്നെ പിന്തുടരുന്നവര്‍ക്ക് ഖിയാമത്ത് നാള്‍വരേയും നിഷേധിച്ചവരുടെമേല്‍ വിജയം നല്‍കുകയും ചെയ്യും. പിന്നീട് നിങ്ങളുടെ മടക്കം എന്നിലേക്ക് ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളില്‍ ഞാന്‍ തീര്‍പ്പുണ്ടാക്കുന്നതാണ്. (സൂറ: ആലു ഇംറാന്‍: 56)
മേല്പറഞ്ഞ ആയത്തിൽ അല്ലാഹു സുബ്ഹാനഹൂവ ത്വആല ഹസ്രത്ത് ഈസാ നബി(അ) യോട് നാലു വാഗ്ദാനങ്ങൾ ചെയ്തതായി കാണാം.
ഒന്നാമതായി,
إِنِّي مُتَوَفِّيكَ ഞാൻ നിന്നെ മരിപ്പിക്കുന്നതാണ് എന്നുള്ളതാണ്, ജൂതന്മാർ ഹസ്രത്ത് ഈസാ(അ)നെ ക്രൂശിച്ചു കൊലപ്പെടുത്തുവാൻ തീരുമാനിച്ചിരുന്നല്ലോ, ബൈബിളിൽ ഇപ്പ്രകാരം പറയപ്പെടുന്നു “(മരത്തിൽ)തൂങ്ങിമരിച്ചവൻ ദൈവസന്നിധിയിൽ ശാപഗ്രസ്തൻ ആകുന്നു“ -ആവർത്തനപുസ്തകം. അങ്ങനെയിരിക്കെ അല്ലാഹു ഈസാ നബിക്ക് നൽകിയ വാഗ്ദാനം നീ ശപ്ത്മായ ക്രൂശിതമരണം (കൊല്ലപ്പെടൽ) വരിക്കുകയില്ല എന്നും, അദ്ദേഹം സാധരണഗതിയിൽ മരണപ്പെടും എന്നുമുള്ളതാണ്.
രണ്ടാമതായി,
وَرَافِعُكَ إِلَيَّ എൻ്റെ അടുക്കലേക്ക് ഉയർത്തും, എന്നുള്ളതാണ്. ഇവിടെ മരണത്തിനു ശേഷമുള്ള ഈസാ (അ) ആത്മീയ പദവിയെ ഉയർത്തുന്നതിനെ സംബന്ധിച്ചാണ് അല്ലാഹുവിൻ്റെ വാഗദാനം.
മൂന്നാമതായി,
وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا
അവിശ്വാസികളുടെ ആരോപണങ്ങളില്‍നിന്ന് നിന്നെ പരിശുദ്ധനാക്കും, എന്നുള്ളതാണ്. അതായത് ശപ്തമായ മരണത്തിൽ (കുരിശിലെ കൊല്ലപ്പെടലിൽ) നിന്നും രക്ഷനൽകിക്കൊണ്ട് , അദ്ദേഹം വ്യാജപ്രവാചകനല്ല, മറിച്ച് സത്യവാനാണു എന്ന് സ്ഥാപിച്ചു കാണിക്കും എന്നുള്ളത്. കുരിശിൽ മരിച്ചു കഴിഞ്ഞാൽ ജൂതന്മാരുടെ ആരോപണം (വ്യാജൻ എന്നുള്ളത്) ശരിയായി വരും എന്നുള്ളതുക്കൊണ്ടു തന്നെ അല്ലാഹു അത്തരത്തിലുള്ള മരണത്തിൽ നിന്നും രക്ഷനൽകും എന്ന് ഇവിടെ ഉറപ്പിക്കുന്നു.
നാലാമതായി,
جَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ നിന്നെ പിന്തുടരുന്നവര്‍ക്ക് ഖിയാമത്ത് നാള്‍വരേയും നിഷേധിച്ചവരുടെമേല്‍ വിജയം നല്‍കും, എന്നുള്ളതാണ്. ഈസാ (അ)ൻ്റെ സത്യതയിൽ വിശ്വസിച്ചവർ ജൂതന്മാരുടെ മേൽ വിജയം കൈവരിച്ച കാര്യം ചരിത്രപരമായ വസ്തുതയാണ് എന്നിരിക്കെ ഇസ്ലാമിക പണ്ഡിതർക്കും അക്കാര്യത്തിൽ തർക്കമില്ല, മാത്രവുമല്ല ആദ്യത്തെ വാഗ്ദാനം ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം അല്ലാഹു പൂർത്തിയാക്കി എന്നും അവർ മനസ്സിലാക്കുന്നു. അപ്പോൾ ആദ്യത്തെ വാഗ്ദാനം അല്ലാഹു മറന്നുപ്പോയി എന്നാണോ ? നഊദുബില്ലാഹ്.. അതോ അല്ലാഹു വാഗ്ദാനം ലംഘിച്ചു എന്നോ? അസ്തഗ്ഫിറുല്ലാഹ്.
മേല്പറഞ്ഞ ആയത്തിനു തൊട്ടു മുൻപുള്ള ആയത്തിൽ അല്ലാഹു പറയുന്നു,
وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ
അവർ (മസീഹിൻ്റെ എതിരാളികൾ) തന്ത്രം പ്രയോഗിച്ചു, അല്ലാഹുവും തന്ത്രം പ്രയോഗിച്ചു, തന്ത്രം പ്രയോഗിക്കുന്നവരിൽ അല്ലാഹു ഏറ്റവും ഉത്തമനാണ്. (3:55)
ഇതിൽ നിന്നും അല്ലാഹു എതിരാളികളുടെ തന്ത്രം പരാജയപ്പെടുത്തിക്കൊണ്ട് ഈസാ(അ)നു അവർക്കുമേൽ വിജയം നൽകും എന്നുള്ള വ്യക്തമായ സൂചന നൽകുന്നു. അല്ലാഹു അദ്ദേഹത്തെ അവരുടെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടുത്തിക്കൊണ്ട് സാധാരണ നിലയിലുള്ള മരണം നൽകുകയും അദ്ദേഹത്തിൻ്റെ മഹത്വം ഉയർത്തുകയ്യും എതിരാളികളുടെ വ്യാജ ആരോപണങ്ങളിൽ നിന്നും അദ്ദേഹത്തെ സംരക്ഷിക്കുകയും അദ്ദേഹത്തിൻ്റെ അനുയായികൾക്ക് അദ്ദേഹത്തിൻ്റെ എതിരാളികൾക്കുമേൽ വിജയം നൽകുകയും ചെയുതു എന്നു വ്യക്തം. അതായത് അല്ലാഹുവിൻ്റെ വാഗ്ദാനങ്ങളുടെ ക്രമം തന്നെ നോക്കുക, ആദ്യം അദ്ദേഹത്തിൻ്റെ സ്വാഭാവിക മരണം, അതിന്നു ശേഷമാണ് ബാക്കിയെല്ലാം. അദ്ദേഹത്തിൻ്റെ മഹത്വം ഉയരുന്നതും, ജൂതന്മാർക്ക് മേൽ മസീഹിൻ്റെ അനുയായികളുടെ വിജയം എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ മരണശേഷം എന്നുള്ളതും വ്യക്തം.
ഈസാനബി(അ)യുടെ മരണം ഉയര്ത്തപ്പെടലിന് മുമ്പേയാണുണ്ടാവുകയെന്ന് ഈ വചനത്തില്‍ എത്ര വ്യക്തമായാണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കുക. മുതവഫ്ഫീക്ക എന്ന പദം റാഫിഉക്ക എന്ന പദത്തിനു മുമ്പേ പറഞ്ഞുകൊണ്ട് ആദ്യം മരണമാണുണ്ടാവുകയെന്നും അതിനുശേഷമാണ് ഉയര്ത്തപ്പെടലെന്നും സ്പഷ്ടമാക്കിയിരിക്കുന്നു. മരണത്തിനു ശേഷമുണ്ടാകുന്ന ഉയര്‍ത്തപ്പെടല്‍ ശാരീരികമല്ലെന്നും മറിച്ച് ആത്മീയമാണെന്നുമുള്ള സംഗതി തര്‍ക്കമില്ലാത്തതാണ്. അവിടെ ആദ്യം പറഞ്ഞതിനെ ഒടുവിലും ഒടുവില്‍ പറഞ്ഞതിനെ ആദ്യവും ആക്കുകയാണ് വേണ്ടതെന്ന് പറയുകയാണെങ്കില്‍ അതിനുള്ള ഒന്നാമത്തെ സമാധാനം, കാരണം കൂടാതെ അല്ലാഹുവിന്റെ വചനത്തില്‍ അങ്ങനെ കൈയ്യേറ്റം നടത്തുന്നത് യഹൂദികളുടെ കൈകടത്തലിന് തുല്യമാകുമെന്നുള്ളതാണ്. മുന്തിയതിനെ പിന്തിക്കുകയും പിന്തിയതിനെ മുന്തിക്കുകയും ചെയ്യണമെങ്കില്‍ അതിന് പ്രത്യക്ഷമായ തെളിവുവേണം. രണ്ടാമത്തെ സമാധാനം, ഈ വചനത്തിന്റെ ഘടന അതിന് അനുവദിക്കുന്നില്ലെന്നുള്ളതാണ്. മുതവഫ്ഫീക്ക എന്ന പദം അതിന്റെ സ്ഥാനത്തു നിന്ന് എടുത്തു പ്രസ്തുത വചനത്തില്‍ മറ്റെവിടെയെങ്കിലും വെച്ചാല്‍ അര്‍ത്ഥം ശരിയാവുകയില്ല. അതുകൊണ്ട് വിശുദ്ധ ഖുര്‍ആനിലെ, നിലവിലുള്ള ക്രമത്തെ സ്വീകരിച്ച് ഉയര്ത്തപ്പെടലിനു മുമ്പേ മരണം നടന്നുവെന്നു സമ്മതിക്കുകയേ നിര്‍വ്വാഹമുള്ളൂ. അതുതന്നെയാണ് ശരിയും.
ഇനി “മുതവഫ്ഫീക്ക“ (مُتَوَفِّیۡکَ) എന്നുള്ളതിൻ്റെ അർത്ഥം മരണം എന്നുള്ളതല്ല എന്ന് ആർക്കെങ്കിലും വാദം ഉണ്ടെങ്കിൽ, ഹസ്രത്ത് ഇബ്നു അബ്ബാസ്(റ) നെയും അവർ തള്ളിക്കളയുമോ. اللَّهُمَّ عَلِّمْهُ الْكِتَابَ “അല്ലാഹുവേ ഖുർആൻ്റെ ജ്ഞാനം നീ നൽകേണമേ“ എന്നു നബി (സ) കെട്ടിപ്പിടിച്ചുക്കൊണ്ട് അല്ലാഹുവിനോട് പ്രാത്ഥിച്ച ഹസ്രത്ത് ഇബ്നു അബ്ബാസ് (റ), സ്വഹീഹ് ബുഖാരിയില്‍ ‘മുത്തവഫ്ഫീക്ക’ എന്നതിന്റെ അര്‍ത്ഥം ‘മുമീത്തുക്ക’ ഞാന്‍ നിന്നെ മരിപ്പിക്കും എന്നാണ് നല്‍കിയിരിക്കുന്നത്. (സ്വഹീഹ് ബുഖാരി, ഭാഗം: 3, കിത്താ ബുത്തഫ്സീര്, സൂറ: മാഇദ, പേജ്: 1410)