13.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,

അൽഹംദുലില്ലാഹ്, ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം, അല്ല രണ്ടു വർഷമെന്നു വേണം പറയാൻ ബ്രിട്ടൺ ജൽസാ സാലാന കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് മൂന്ന് ദിവസം ആത്മീയാന്തരീക്ഷം സംജാതമാക്കിക്കൊണ്ട്  കഴിഞ്ഞ ഞായറാഴ്ച സമാപിക്കുകയുണ്ടായി. കൊറോണാ വെറസ് കാരണമായി ഇത്തവണയും അവസ്ഥ അനുകൂലമായിരുന്നില്ല.

ഈ വർഷം ജൽസ ഉണ്ടായിരിക്കില്ല എന്നാണ് സംഘാടകരും കരുതിയിരുന്നത്. ഇൻശാഅല്ലാഹ് ഇത്തവണ ജൽസ നടക്കുന്നതാണെന്ന് അവരോട് പറഞ്ഞപ്പോൾ സംഘാടകർ അതിനുള്ള ഒരുക്കങ്ങൾ നടത്തി. പക്ഷെ മനസ്സിരുത്തിക്കൊണ്ടുള്ള ഒരു തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഏതുവരെയെന്നാൽ, ജൽസ നടക്കുമോ ഇല്ലയോ എന്ന ചിന്തയിൽ നിങ്ങൾ മനസ്സില്ലാ മനസ്സോടെയാണ് കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഞാൻ പുതിയ സംഘാടകരെ നിശ്ചയിക്കുകയാണ് എന്ന് കർശനമായി എനിക്ക് ഒരവസരത്തിൽ പറയേണ്ടിവന്നു.

എന്റെ ഈ വാക്കുകൾ അവരെ പിടിച്ചുലയ്ക്കുകയും പിന്നീട് ദ്രുതഗതിയിൽ ജോലികൾ ആരംഭിക്കുകയും ചെയ്തു. യഥാർഥ ആൾബലമായ പിന്നണി പ്രവർത്തകർ തുടക്കത്തിൽ തന്നെ അസ്വസ്ഥരായിരുന്നെന്ന് അപ്പോൾ തോന്നി. പിന്നെ പലയിടത്തുനിന്നായി വളണ്ടിയർമാരെ ലഭിച്ചുകൊണ്ടിരുന്നു. ചെറിയതോതിലുള്ള ജൽസയായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടു സേവനതല്പരരായി മുന്നോട്ടു വന്നവരിൽ നിന്നു തന്നെ പ്രവർത്തകരെ തിരഞ്ഞെടുത്തു.

സേവനത്തിന് അവസരം ലഭിക്കാതിരുന്ന ആളുകളോട് ഞാൻപറയുകയാണ്, നിങ്ങൾക്ക് ന്യായമായ കാരണങ്ങളാൽ അവസരം ലഭിച്ചില്ല. എങ്കിലും ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ അതിഥികളെ സേവിക്കുക എന്ന നിങ്ങളുടെ നിയ്യത്ത് പൂർത്തിയായിരിക്കുന്നു. അല്ലാഹു നിങ്ങളെ അതിന്റെ പ്രതിഫലത്തിൽ നിന്നും അകറ്റുകയില്ല. ജൽസ കഴിഞ്ഞുള്ള ജുമുആയിൽ ജീവനക്കാർക്കും വളണ്ടിയർമാർക്കും കൃതഞ്ജത അറിയിക്കുക പതിവുള്ളതാണ്.

എനിക്ക് ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രവർത്തകർക്ക് നന്ദി അറിയിച്ചു കൊണ്ട് കത്തെഴുതുന്നുണ്ട്. മഴയും ചെളിയും കാരണം പാർകിംഗിന് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ജീവനക്കാരും വളണ്ടിയർമാരും ചേർന്ന് സ്വയം ചെളിയിൽ പുരണ്ട് വാഹനങ്ങൾ നീക്കുന്ന കാഴച്ച ലോകമെമ്പാടുമുള്ള ആളുകൾ എം. ടി. എ. മുഖേനകാണുകയുണ്ടായി. ഈ ഒരു വികാരാവേശം കണ്ടതിൽ സ്വന്തക്കാരും അന്യരും വലിയ ആശ്ചര്യം പ്രകടിപ്പിക്കുയുണ്ടായി.

അതുപോലെ ക്ലീനിങ്, ഭക്ഷണ വിതരണം, റൊട്ടി നിർമാണം തുടങ്ങിയ വിഭാഗങ്ങളിലേക്കും ജൽസയുടെ ഏറ്റവും സുപ്രധാനമായ ഷെഡ്ഡുകൾ തയ്യാറാക്കുന്നതിനും ട്രാക്ക് വിരിക്കുന്നതിനുമായി വളണ്ടിയർമാർ ഏതാനും ആഴ്ചകളോളം തുടർച്ചയായി വന്നുകൊണ്ടിരുന്നു. ഇപ്പോൾ എത്രയോ ദിവസങ്ങളായി അതിന്റെ വൈന്റ് അപ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.

എം.ടി.എ വളരെ ശ്രമകരമായ നിലയിൽ പ്രാഗ്രാമുകൾ തയ്യാറാക്കി. ലോകത്തിന് ജൽസ കാണിച്ചുകൊടുക്കുക മാത്രമല്ല, ജൽസാ ഗാഹിലെ സ്ക്രീനിൽ വിവിധ രാജ്യങ്ങളിലുള്ള ജൽസ കണ്ടുകൊണ്ടിരിക്കുന്നവരുടെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് അനിതര സാധാരണമാം വിധം ഒരു ആഗോള ഭവനത്തിന്റെ പ്രതീകാത്മ രൂപം കാണിച്ചു തരികയുണ്ടായി. അതുകൊണ്ട് ഞാൻ എല്ലാ പ്രവർത്തകർക്കും നന്ദി പറയുകയാണ്. അവർ പ്രതികൂല സാഹചര്യത്തിലും നിസ്വമായി ജോലി ചെയ്തു.

പ്രവർത്തകർക്ക് കൃതഞ്ജത രേഖപ്പെടുത്തിയ ശേഷം എന്റെ പതിവു ഖുത്ബയുടെ വിഷയം വിവരിക്കാമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള പ്രക്ഷകരിൽ നിന്നും ലഭിച്ച പ്രതികരണങ്ങളും അനുഭവപ്രകടനങ്ങളും അസാധാരണമായിരുന്നു. അതുകൊണ്ട് എപ്പോഴത്തെയും പോലെ ഇന്നത്തെ ഖുത്ബയിൽ ആ അഭിപ്രായങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ച് പരാമർശിക്കണമെന്ന് ഞാൻ വിചാരിച്ചു.

ഈ വർഷത്തെ വ്യതിരിക്തമായ സംവിധാനത്തിൽ നടന്ന ജൽസയിൽ അല്ലാഹുവിന്റെ അനുഗ്രഹകവാടങ്ങൾ എത്രമാത്രം തുറന്നെന്നാൽ അതിനു സാക്ഷികളായവർ അല്ലാഹുവിനോടുള്ള കൃതജ്ഞതയാൽ അവനു മുമ്പാകെ കുനിഞ്ഞു പോകുന്നു. എത്ര മാത്രം അനുഗ്രഹാതിരേകങ്ങളാണ് അല്ലാഹു ജമാഅത്തിനുമേൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്.

ഇങ്ങനെയൊക്കെ ആയിട്ടും പൊതുവായ നിലയിൽ എല്ലാവർക്കും ഒരു കാര്യത്തിന്റെ കുറവ് അനുഭവപ്പെട്ടതായി ചൂണ്ടിക്കാണിച്ചത് ഈ വർഷം ആഗോള ബെഅത്ത് നടന്നില്ലെന്നതാണ്. അവർ അതിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരുക്കുകയായിരുന്നു. ഏതായിരുന്നാലും ഈ പരിതസ്ഥിതിയിൽ ബൈഅത്തു സംഘടിപ്പിക്കുക പ്രയാസകരമായിരുന്നു.നിർന്ധിതാവസ്ഥയായിരുന്നു.

ഈ വർഷം ആദ്യമായിട്ടാണ്  ലൈവ് സ്ട്രീമിംഗ് മുഖേന വിവിധ ജമാഅത്തുകൾ അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ജൽസയിൽ പങ്കെടുക്കുന്നത്. യു. കെ യിൽ തന്നെ അഞ്ച് ഇടങ്ങളിൽ അതിനുള്ള സംവിധാനം ഉണ്ടായിരുന്നു. യു. കെ കൂടാതെ ഇരുപത്തിരണ്ട് രാജ്യങ്ങളിൽ മുപ്പത്തിനാല് ഇടങ്ങളിൽ നിന്ന് ആളുകൾ ഇതു പോലെ ജൽസയിൽ പങ്കെടുക്കുകയുണ്ടായി.

അതിൽ അമേരിക്ക,കാനഡ, ആസ്ട്രലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ്,മോറീഷ്യസ്, കബാബീർ , ഇന്ത്യ, ബുർക്കിനാഫോസോ,ഘാന, നൈജിരിയ, ഗാംബിയ, തൻസാനിയ, ഫ്രാൻസ്,സ്വിറ്റ്സർലന്റ്, ജർമനി, സ്വീഡൻ, ബെൽജിയം, ഫിൻലാന്റ്, ഹോളണ്ട് തുടങ്ങിയവ ഉൾപ്പെടുന്നു. സ്ത്രീകളുടെ സെഷൻ ഉദ്ദേശം മുപ്പത്തി അയ്യായിരത്തോളം സ്ത്രീകൾ വീക്ഷിച്ചിട്ടുണ്ട്.

ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പുരുഷൻമാരുടെയും അഭിപ്രായപ്രകടനങ്ങൾ വിവരിച്ചു. ജപ്പാനിലെ ഒരു അനഹ്മദി സുഹൃത്ത് മുശേമാ ഓസാമോ സാഹിബ്-അദ്ദേഹത്തിന് ഹുസൂർ തിരുമനസ്സിന്റെ ജപ്പാൻ പര്യടനവേളയിൽ ആതിഥ്യമരുളുവാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു; ഇന്ന് ഓഗസ്റ്റ് ആറിലെ ഖുത്ബ ഞാൻ കേട്ടപ്പോൾ ജപ്പാനുവേണ്ടിയുള്ള അഹ്മദിയ്യാ ജമാഅത്തിന്റെ സേവനങ്ങളാണ് എനിക്ക് ഓർമ്മവന്നത്. ഇന്ന് ജൽസയുടെ അന്തരീക്ഷവും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഒരുമിച്ചു കൂടലും കണ്ടപ്പോൾ ലോകത്തെ മുഴുവനും ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തുന്നതിലും ശാന്തിയും സമാധാനവും നിലനിറുത്തുന്നതിലും അഹ്മദിയ്യാ ജമാഅത്തിന്റെ പങ്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ സ്മരിച്ചു.

സാമ്പിയായിലെ ഒരു ക്രിസ്ത്യാനിയായ അധ്യാപകൻ ജൽസയുടെ പരിപാടികൾ കേട്ടതിനു ശേഷം പറഞ്ഞു; ഇസ്ലാം തന്നെയാണ് യഥാർഥ മതമെന്ന് ഇന്നെനിക്ക് മനസ്സിലായി. നൈജീരിയയിലെ ഒരു അനഹ്മദി സുഹൃത്ത്, വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ കണ്ടുകൊണ്ട് പറഞ്ഞു; ഇത് തീർച്ചയായും സത്യവാൻമാരുടെ ജമാഅത്താണ്. സാമ്പിയയിലെ ലുസാക്കയിൽ നിന്നും ഒരു അനഹ്മദിയായ ഉസ്താദ് പറഞ്ഞു; ഇന്ന് നിങ്ങളുടെ ഖലീഫയിൽ നിന്നും ഞാൻ ഒരു കാര്യം പഠിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്ക്  ഊന്നൽ നല്കുന്ന ഏകമതം ഇസ്ലാം മാത്രമാണ്.

നൈജീരിയയിലെ ഒരു അനഹ്മദിയായ അതിഥി മറിയം സാഹിബ പറഞ്ഞു; ഇന്നെനിക്ക് സ്ത്രീകളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള യഥാർഥ അവബോധം ലഭിച്ചു. അവർ തുടർന്നെഴുതുന്നു; അഹ്മദികളുടെ വാക്കും പ്രവൃത്തിയും ഒരു പോലെയാണെങ്കിൽ നിങ്ങളെക്കാൾ ഉത്തമരായി ഞാൻ മറ്റാരെയും കാണുന്നില്ല.

ഹുസൂർതിരുമനസ്സ് (അയ്യദഹുല്ലാഹു) പറഞ്ഞു; അതുകൊണ്ട് ഓരോ അഹ്മദിയും സ്വന്തം വീട്ടിൽ ഈ അധ്യാപനങ്ങളുടെ മാതൃക കാണിക്കേണ്ടതായും വരും. അങ്ങനെ മാത്രമേ ഇസ്ലാമിന്റെ ഈ യഥാർഥ അധ്യാപനങ്ങൾ ജനഹൃദയങ്ങളിലുണ്ടാക്കിയ സ്വാധീനം നിലനില്ക്കുകയുള്ളു. അഹ്മദി പുരുഷന്മാർ വളരെയധികം ചിന്തിക്കേണ്ട സന്ദർഭമാണിത്. അവരുടെ പെരുമാറ്റരീതി വീടുകളിലും നല്ലതായിരിക്കണം.അല്ലാതെ ലോകത്തെ വഞ്ചിക്കരുത്.

കേമറൂണിലെ പട്ടണമായ മർവക്കടുത്തള്ള ഗ്രാമത്തിലെ ചീഫ് അൽഹാജി ഉസ്മാൻ സാഹിബ് പറഞ്ഞു; ഇന്നത്തെ ജൽസാ പരിപാടികൾ കേടിട്ട് വാസ്തവത്തിൽ ഇത് ഇമാം മഹ്ദിയുടെ ജമാഅത്താണ് എന്നെനിക്ക് വിശ്വാസമായി. മലേഷ്യയിലെ ഒരു നവഅഹ്മദി പറയുന്നു; യു. കെ ജൽസ സാലാന കണ്ടതിൽ അല്ലാഹുവിനോട് ഏറെ കൃതജ്ഞനാണ്.ഞാൻ ഖിലാഫത്തിനോട് എല്ലായ്പ്പോഴും അനുസരണയും കൂറുമുള്ളവനായിരിക്കുമെന്ന് പ്രതിജ്ഞചെയ്യുന്നു.

ഗിനിബസാവോയിലെ നവ അഹ്മദികളും അനഹ്മദീ സഹോദരങ്ങളും ജൽസാ പരിപാടികൾ കാണുന്നതിനായി സെക്കിളിലും കാൽനടയായിട്ടും പതിനെട്ടും മുപ്പതും കിലോമീറ്ററുകൾ താണ്ടി ഇവിടെഎത്തുകയുണ്ടായി. 127 പേർ ഈ അവസരത്തിൽ അഹ്മദിയ്യത്ത് സ്വീകരിച്ചു. കോംഗോയിലെ ഒരുക്രിസ്തീയ സഹോദരൻ തന്റെ ഭാര്യയോടു പറഞ്ഞു; മൂന്നു ദിവസങ്ങൾ കൊണ്ട് നാം ഇവിടെ നിന്നു പഠിച്ച കാര്യങ്ങൾ ക്രിസ്തു മതത്തിൽ ജീവിതകാലം മുഴുവൻ നിന്നാലും പഠിക്കാൻ സാധിക്കുകയില്ല.

ഗിനി ബസാവോയിലെ ഒരു അനഹ്മദി സുഹൃത്ത് ഹുസൂർ തിരുമനസ്സിന്റെ പ്രഭാഷണം ശ്രവിച്ചതിനു ശേഷം പറഞ്ഞു; ഇസ്ലാമിന് ഇപ്പോൾ ഒരു നേതാവിന്റെ ആവശ്യമുണ്ട്. അത് അഹ്മദിയ്യാ ജമാഅത്തിൽ ഖലീഫയുടെ രൂപത്തിൽ നിലവിലുണ്ട്. ജൽസയുടെസമാപനത്തിൽ ഈ സാഹിബ് ബെഅത്ത്  ചെയ്ത് അഹ്മദിയ്യത്ത് സ്വീകരിക്കുകയുണ്ടായി.

യമനിൽനിന്ന് അക്രം അലി സാഹിബ് പറയുന്നു; കാലത്തിന്റെ ഖലീഫയുടെ ലജ്നകളോടുള്ള പ്രഭാഷണം മുഴുസമൂഹവും കേൾക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുകയായിരുന്നെങ്കിൽ സമൂഹത്തിന്നു നൂറുശതമാനം നന്നാകുന്നതാണ്.

ചുരുക്കത്തിൽ ഹുസൂർ തിരുമനസ്സ് നൈജർ, സാമ്പിയ, ഗാബോൺ, നൈജീരിയ, ഗിനി കോണാക്രി,കേമറൂൺ, മാലി, തൻസാനിയ, മലേഷ്യ, ബ്രസീൽ,ഗിനി ബസൗ, ഘാന, മൗറീഷ്യസ്, ഓസ്ട്രിയ, ഐവറികോസ്റ്റ്, കാംഗോ ബ്രാസ്വില്ലെ, സെനഗാൽ,യമൻ, ജോർദൻ, സിറിയ, ജർമനി, ഇന്തോനേഷ്യ,കിർഗിസ്ഥാൻ, ഓസ്ട്രലിയ, ബ്രസീൽ, ഗ്വാട്ടിമാല,അൽബേനിയ മുതലായ രാജ്യങ്ങളിൽ തങ്ങളുടെ പ്രദേശങ്ങളിൽ എം. ടി. എ മുഖേനയും മറ്റു മാർഗ്ഗങ്ങളിലൂടെയും ജൽസയുടെ പരിപാടികളിൽ പങ്കെടുക്കുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്ത അഹ്മദീ സ്ത്രീപുരുഷന്മാരുടെയും അഹ്മദികളല്ലാത്ത വ്യക്തികളുടെയും വിവിധ അഭിപ്രായപ്രകടനങ്ങൾ വിവരിച്ചു.

ലോകത്തെമ്പാടുമുള്ള വിവിധപ്രദേശങ്ങളിലും മേഖലകളിലും അധിവസിക്കുന്ന വർണ വർഗ ഭാഷാ വ്യത്യാസങ്ങളുള്ളവരായ സ്ത്രീപുരുഷൻമാർ ജൽസയുടെ വ്യവസ്ഥാപിതമായ സജ്ജീകരണങ്ങൾ കണ്ടും ആത്മീയാന്തരീക്ഷത്തിൽ നിന്നും ഹുസൂർ തിരുമനസ്സിന്റെ ജഞാന സമ്പൂർണ്ണവും സ്വാധീന മുളവാക്കുന്നതുമായ പ്രഭാഷണങ്ങളിൽ നിന്നും ഒരുപോലെ ഫലമെടുത്ത കാര്യം വിവരിക്കുകയും ജൽസയിൽ പങ്കെടുത്ത ശേഷം അഹ്മദിയ്യത്ത് സ്വീകരിച്ചതിന്റെയും വിശ്വാസോജ്ജ്വലമായ സംഭവങ്ങൾ വിവരിക്കുകയുണ്ടായി.

ജൽസ സാലാന യു. കെ യെകുറിച്ച് യു.കെ പ്രധാനമന്ത്രിയും കനേഡിയൻ പ്രധാനമന്ത്രിയുമടക്കമുള്ള മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ആശംസകളറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചു.ബ്രിട്ടണു പുറമെ ഒമ്പത് രാജ്യങ്ങളിൽ നിന്നുമായി 109 സന്ദേശങ്ങൾ ലഭിച്ചു. അതിൽ അമേരിക്ക, സിയറാലിയോൺ, ഗാംബിയ, സെനഗാൽ, കെനിയ, സ്പെയ്ൻ,ഹോളണ്ട്, ജർമനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ എം. ടി. എ ആഫ്രിക്കയ്ക്കു പുറമെ മറ്റുപല പ്രാദേശിക ചാനലുകളും ജൽസ സാലാന പ്രക്ഷേപണം ചെയ്തു. ആഫ്രിക്കയിൽ 50 മില്യണിലധികം ആളുകൾ സംസാരിക്കുന്ന ഹൗസ ഭാഷയിൽ ആദ്യമായി പരിഭാഷയുണ്ടായി.ആഫ്രിക്കയിൽ 16 ടി.വി ചാനലുകൾ ജൽസയെ കുറിച്ചുള്ള വാർത്തകൾ നല്കി. ബി.ബി.സി സൗത്ത്, ജൽസയെക്കുറിച്ചുള്ള ഡോക്യുമെന്ററി കാണിച്ചു.ബി.ബി.സി വേൾഡ് ജൽസാ റിപ്പോർട്ട് പ്രക്ഷേപണം ചെയ്തു. നാല്പത് വെബ്സൈറ്റുകൾ ജൽസയുടെ വാർത്തകൾ പ്രസാധനം ചെയ്തു. ജൽസയുമായി ബന്ധപ്പെട്ട് 16 റേഡിയോ പ്രാഗ്രാമുകൾ സംപ്രക്ഷണം ചെയ്തു. ഇരുപത് പത്രങ്ങളിൽ ജൽസയെ സംബംന്ധിച്ച് ലേഖനങ്ങൾ മുതലായവ പ്രസിദ്ധീകരിച്ചു.

ഇരുപത് ടി.വി ചാനലുകൾ ജൽസയുടെ വാർത്തകൾ നൽകി. ഈ എല്ലാ മാർഗങ്ങൾക്കും പുറമെ സാമൂഹ്യമാധ്യമങ്ങൾ വഴിയും ഉദ്ദേശം 63 ലക്ഷം ആളുകൾക്ക് സന്ദേശമെത്തി. ബംഗ്ലാദേശിലെ പത്ത് ഓൺലെൻ പോർട്ടലുകളും പത്രങ്ങളും ജൽസയുടെ വാർത്തകൾ ചിത്രങ്ങളടക്കം പ്രസിദ്ധീകരിച്ചു. 15 മില്യണിലധികം ആളുകൾ യൂട്യൂബ് ചാനൽ സന്ദർശിച്ചു. ഇൻസ്റ്റഗ്രാമിൽ മുപ്പത്തി അയ്യായിരം ആളുകൾ എം. ടി. എ യുടെ പേജ് കണ്ടു. അതുവഴി 1.97 മില്യൺ ആളുകളിലേക്ക് സന്ദേശമെത്തി.

ട്വിറ്ററിൽ ഒരു ലക്ഷത്തിലധികം ആളുകൾ എം.ടി.എ യുടെ പേജ് കണ്ടു. ഫെയ്സ് ബുക്ക് മുഖേന അഞ്ചരലക്ഷം ആളുകളിലേക്ക് സന്ദേശമെത്തി. ആളുകൾ എം. ടി. എ യുടെ വെബ്സൈറ്റ് തന്നെ ഒരുലക്ഷം തവണ സന്ദർശിച്ചിട്ടുണ്ട്. എം. ടി.എ ഓൺ ഡിമാന്റ് മുഖേനയും രണ്ടുലക്ഷത്തിലധികം ആളുകൾ ജൽസ കണ്ടു.

ഖുത്ബയുടെ അവസാനത്തിൽ ഹുസൂർ തിരുമനസ്സ് ഇപ്രകാരം ദുആ ചെയ്തു;

അല്ലാഹു ഈ ജൽസയുടെ ഈടുറ്റ ഫലങ്ങൾ ഉണ്ടാക്കുമാറകട്ടെ. അങ്ങനെ സത്യാത്മാക്കൾ അഹ്മദിയ്യത്ത് അഥവാ യഥാർഥ ഇസ്ലാമിലേക്ക് മുൻപത്തേക്കാളധികം ശ്രദ്ധ തിരിക്കുമാറാകട്ടെ. അല്ലാഹു നാമധാരികളായ പണ്ഢിതന്മാരുടെ ഉപദ്രവങ്ങളിൽ നിന്നും ജമാഅത്തിനെയും സംരക്ഷിക്കുമാറാകട്ടെ. ആമീൻ.