07.05.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)ന്റെ ഇസ്ലാം സ്വീകരണത്തെ കുറിച്ചായിരുന്നു വിവരിച്ചിട്ടുണ്ടായിരുന്നത്. ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ഇതു സംബന്ധമായി വിവരിക്കുന്നു. ഹദ്റത്ത് ഉമർ (റ)ന്റെ ഇസ്ലാം വിരോധം അനുസ്യൂതം തുടർന്നു. ഈ മതത്തിന്റെ സ്ഥാപക നേതാവിന്റെ കാര്യം തന്നെ അങ്ങ് തീർത്താലോ എന്ന് ഒരിക്കൽ അദ്ദേഹം കരുതി. അങ്ങനെ വാളുമേന്തി അദ്ദേഹം വീടു വിട്ടിറങ്ങി. എന്നാൽ വഴിയിൽ വച്ച് തന്റെ സഹോദരിയും ഭർത്താവും മുസ്ലീങ്ങളായെന്ന വാർത്ത കേട്ടപ്പോൾ അദ്ദേഹം നേരെ അവരുടെ വീട്ടിലേക്ക് ചെന്നു. അവിടെ ഒരു സ്വഹാബി ഖുർആൻ ഓതുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. വാതിൽ തുറക്കാൻ വൈകിയപ്പോൾ അദ്ദേഹം കൂടുതൽ കുപിതനായി. അവരോട് നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചോ എന്ന് അദ്ദേഹം തിരക്കി. അളിയൻ കാര്യം മറച്ചു വയ്ക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം പ്രകോപിതനായി തല്ലാൻ ഓങ്ങി. തന്റെ ഭർത്താവിനെ രക്ഷിക്കാനായി ഇടയിൽ വന്ന അദ്ദേഹത്തിന്റെ സഹോദരിക്ക് മൂക്കിന് പരിക്കേറ്റു ചോര വന്നു. ഇതു കണ്ടു ഹദ്റത്ത് ഉമർ വികാരഭരിതനാകുകയും അല്പം മയപ്പെടുകയും ചെയ്തു. അദ്ദേഹം അവരോട് ഖുർആന്റെ താളുകൾ കാണിച്ചു തരാൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ സഹോദരി പറഞ്ഞതനുസരിച്ച് കുളിച്ചു വന്ന് ഖുർആൻ ഓതി. ഖുർആൻ ഓതിയതും മാനസാന്തരപ്പെട്ട അദ്ദേഹം ശഹാദത്ത് കലിമ ഏറ്റു ചൊല്ലി. അതെ തുടർന്ന് ഹദ്റത്ത് ഉമർ ഉറ നീക്കിയ വാളുമായി റസൂലു ല്ലാഹ്(സ)യുടെ അടുക്കലെത്തി. ഊരിപ്പിടിച്ച വാൾ കണ്ടപ്പോൾ സ്വഹാബാക്കൾ പരിഭ്രമിച്ചു. ഹദ്റത്ത് ഹംസ(റ) അവരോട് വാതിൽ തുറക്കുക ഇദ്ദേഹത്തെ ഞാൻ നോക്കിക്കോളാമെന്ന് മറ്റുള്ളവരോട് പറഞ്ഞു. വാതിൽ തുറന്നപ്പോൾ മുന്നോട്ടു വന്ന അദ്ദേഹത്തോട് റസുലുല്ലാഹ് (സ) കാര്യം അന്വേഷിച്ചു. ഞാൻ തിരുനബിയുടെ സേവ കനാകാൻ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറു മുമ്പ് ഇസ്ലാമിന്റെ കൊടിയ ശത്രുവും റസുലുല്ലാഹ്(സ)യെ വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയുമായ ഉമർ(റ) ഒരു ക്ഷണത്തിൽ ഉന്നത നിലവാരമുള്ള വിശ്വാസിയായി മാറി.

ഇസ്ലാമിന്റെ തുടക്കകാലത്ത് രണ്ട് മുസ്ലീങ്ങളായിരുന്നു ധീരന്മാരായി കരുതപ്പെട്ടിരുന്നത്. ഒന്ന് ഹദ്റത്ത് , ഉമർ(റ), രണ്ട് ഹദ്റത്ത് അമീർ ഹംസ(റ). ഇവർ മുസ്ലീങ്ങളായപ്പോൾ ഇവരുടെ അപേക്ഷ പ്രകാരം റസുലുല്ലാഹ്(സ) കഅ്ബാലയത്തിൽ പരസ്യമായ നിലയിൽ നമസ്കരിപ്പിച്ചു.

ഹദ്റത്ത് ഉമർ (റ)ന്റെ ഇസ്ലാം സ്വീകരണത്തെ കുറിച്ചുള്ള വാർത്ത കേട്ടതും കാഫിരീങ്ങൾ അദ്ദേഹത്തിന്റെ വീട് വളഞ്ഞു. അപ്പോൾ മക്കയിലെ സുപ്രധാന പ്രമാണിയായ ആസ് ബിൻ വായിൽ അദ്ദേഹത്തിന് അഭയം പ്രഖ്യാപിച്ചു. ഹദ്റത്ത് ഉമർ(റ) കുറച്ചു നാളുകൾ സമാധാനത്തോടെ കഴിഞ്ഞെങ്കിലും അങ്ങനെ അഭയത്തിൽ തുടരാൻ അദ്ദേഹത്തിന്റെ ആത്മാഭിമാനം അനുവദിച്ചില്ല. അദ്ദേഹം ആസ് ബിൻ വായിലിന്റെ അഭയത്തിൽ നിന്നും സ്വയം പുറത്തു വന്നു. അദ്ദേഹം പറയുന്നു, അതിനു ശേഷം ഞാൻ മക്കയുടെ തെരുവോരങ്ങളിൽ എപ്പോഴും തല്ലു കൊണ്ടും കൊടുത്തും കൊണ്ടിരുന്നു. ഹദ്റത്ത് സൈനുൽ ആബിദീൻ വലിയുല്ലാഹ് ശാഹ് സാഹിബ് എഴുതുന്നു, ആസ് ബിൻ വായിലിന്റെയും ഹദ്റത്ത് ഉമർ(റ)ന്റെയും ഗോത്രങ്ങളായ ബനൂ സഹമും ബനൂ അദിയ്യും സഖ്യം ചെയ്ത വരായിരുന്നു. പരസ്പര സൗഹാർദത്തിന്റെയും സഹായത്തിന്റെയും ഈ ഉടമ്പടി നിമിത്തം ഹദ്റത്ത് ഉമർ(റ)നെ . സഹായിക്കുന്നത് ആസ് ബിൻ വായിൽ തന്റെ ധാർമിക ചുമതലയായി കണക്കാക്കിയിരുന്നു. ഹദ്റത്ത് മുസ്ലിഹ് മഊദ്(റ) പറയുന്നു, റസുലുല്ലാഹ്(സ)ന്റെ എത്ര കൊടിയ ശത്രുക്കൾക്കാണ് പിന്നീട് മനംമാറ്റം വന്നതെന്നു നോക്കുക. ഹദ്റത്ത് ഉമർ(റ) ഇസ്ലാമിനെതിരെ കച്ചകെട്ടി ഇറങ്ങിയതായിരുന്നു. എന്നാൽ ഇസ്ലാം സ്വീകരിക്കാൻ സൗഭാഗ്യം ലഭിച്ച ശേഷം അദ്ദേഹം രാവും പകലും ദീനിന്റെ നന്മയ്ക്കായി ജീവിതം പണയം വച്ച് പ്രവർത്തിക്കാൻ തുടങ്ങി. ഹദ്റത്ത് ഉമർ(റ) ഇസ്ലാം സ്വീകരിച്ചതിനെയും റസുലുല്ലാഹ്(സ)നെ വധിക്കുന്നവർക്ക് അബൂജഹ്ൽ പാരിതോഷികം വിളംബരപ്പെടുത്തിയതിനെയും ഹദ്ത്ത് ഉമർ(റ) റസുലുല്ലാഹ്(സ)യെ കഅ്ബാലയത്തിൽ പ്രാർഥനാ നിരതനായി കണ്ടതിനെയും കുറിച്ചു വിവരിച്ചു കൊണ്ട് ഹദ്റത്ത് മസീഹ് മൗഊദ്(അ) ഇപ്രകാരം പറയുന്നു. ഹദ്റത്ത് ഉമർ(റ) സ്വയം വിവരിക്കുന്നു, റസുലുല്ലാഹ്(സ) അപ്പോൾ സുജൂദിൽ പ്രാർഥിച്ചു കൊണ്ട് എത്രയധികം വിലപിച്ചുവെന്നാൽ അതു കണ്ട് എനിക്ക് വിറയൽ അനുഭവപ്പെട്ടു. ആ പ്രാർഥനകൾ കേട്ട് എന്റെ ഹൃദയം വിങ്ങിപ്പൊട്ടി. അവസാനം ദൈവഭയത്താൽ എന്റെ കയ്യിൽ നിന്നും വാൾ നിലം പതിച്ചു. റസുലുല്ലാഹ്(സ)ന്റെ ഈ അവസ്ഥ കണ്ടപ്പോൾ ഇദ്ദേഹം സത്യവാനാണെന്നും ഇദ്ദേഹം എന്തായാലും ജയിക്കുന്നതാണെന്നും ഞാൻ മനസ്സിലാക്കി. മറ്റൊരിടത്ത് ഹദ്റത്ത് മസീഹ് മൗഊദ്(അ) ഇപ്രകാരം പറയുന്നു, ഹദ്റത്ത് ഉമർ(റ) അവസാനം മുസ്ലിമായി. അനന്തരം അബൂജഹ്ൽ തുടങ്ങി ഇസ്ലാമിന്റെ ശത്രുക്കളോടുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തവും ബന്ധങ്ങളും ഒറ്റയടിക്ക് ഇല്ലാതായി. തൽ സ്ഥാനത്ത് ഒരു പുതിയ സാഹോദര്യബന്ധം ഉടലെടുത്തു. ഹദ്റത്ത് അബൂബക്കർ തുടങ്ങിയ സ്വഹാബാക്കളുമായി ബന്ധം ഉണ്ടായപ്പോൾ ആ പഴയ കൂട്ടുകെട്ടുകളെ കുറിച്ച് അദ്ദേഹം പിന്നീട് ഒരിക്കലും ഓർത്തില്ല.

ഹദ്റത്ത് ഉമർ(റ)ന്റെ ഇസ്ലാം സ്വീകരണത്തെ കുറിച്ചുള്ള ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ മൂന്ന് ഉദ്ദരണികൾ കേൾപ്പിച്ച ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) പറയുന്നു, ഈ മൂന്നു സംഭവങ്ങളിലും കഅ്ബാലയത്തിൽ ആക്രമണോദ്ദേശ്യത്തോടെ ഹദ്റത്ത് ഉമർ(റ) രാത്രിയിൽ ചെല്ലുന്നതിനെ കുറിച്ച് പരാമർശമുണ്ട്. ചിലപ്പോൾ അദ്ദേഹം വീണ്ടും ദേഹേച്ഛകൾക്ക് അടിപ്പെട്ട് പിന്നീട് പകൽ രണ്ടാമതും ദുരുദ്ദേശ്യത്തോടെ ഇറങ്ങിപ്പുറപ്പെടുകയും സഹോദരിയുടെ വീട്ടിൽ ചെല്ലുകയും ചെയ്തിട്ടുണ്ടാകാം. ഹദ്റത്ത് ഇബ്നു ഉമർ(റ) വിവരിക്കുന്നു, ഹദ്റത്ത് ഉമർ (റ) ഇസ്ലാം സ്വീകരിച്ചപ്പോൾ റസൂലുല്ലാഹ്(സ) ഇപ്രകാരം ദുആ ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ നെഞ്ചിൽ തടവുകയുണ്ടായി, അല്ലാഹുവേ ഇദ്ദേഹത്തിന്റെ നെഞ്ചിനകത്തുള്ള വിദ്വേഷം ഇല്ലാതാക്കുകയും അതിനു പകരം ഈമാൻ പ്രദാനം ചെയ്യുകയും ചെയ്യേണമേ.

ഒരിക്കൽ ഹദ്റത്ത് ഉമർ(റ) റസൂലുല്ലാഹ്(സ)നോട് ഇപ്രകാരം പറയുകയുണ്ടായി, അങ്ങ് എനിക്ക് എന്റെ നഫ്സിനെ മാറ്റിനിറുത്തിയാൽ എല്ലാറ്റിനേക്കാളും പ്രിയങ്കരനാണ്. അതു കേട്ട് റസൂലുല്ലാഹ്(സ) പറഞ്ഞു, ഞാൻ നിങ്ങൾക്ക് സ്വന്തം നഫ്സിനേക്കാളും പ്രിയങ്കരനാകാതെ കണ്ട് നിങ്ങളുടെ ഈമാൻ പൂർത്തിയാകുകയില്ല. ഹദ്റത്ത് ഉമർ(റ) പറഞ്ഞു, അല്ലാഹുവാണ! ഇപ്പോൾ അങ്ങ് എനിക്ക് സ്വന്തം നഫ്സിനെക്കാളും പ്രിയങ്കരനാണ്. അതു കേട്ട് റസൂലുല്ലാഹ്(സ) പറഞ്ഞു, ഇപ്പോൾ എല്ലാം ശരിയായി.

ഹദ്റത്ത് ഉമർ (റ) ഹിജ്റത്ത് ചെയ്തതിനെ കുറിച്ച് ഹദത്ത് അലി(റ) വിവരിക്കുന്നു, ഹിജ്റത്ത് ചെയ്യാൻ നിശ്ചയിച്ച ഹദ്റത്ത് ഉമർ(റ) വാളും, അമ്പും വില്ലുമെടുത്ത് കഅ്ബാലയത്തിലേക്ക് പോയി. എന്നിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു, ആരാണോ തന്റെ മാതാവിന് പുത്രൻ നഷ്ടപ്പെടാനും മക്കൾ അനാഥരാകാനും ഭാര്യ വിധവയാകാനും ആഗ്രഹിക്കുന്നത് അവൻ എന്നോട് ഈ താഴ്വാരാത്തിനപ്പുറം ഏറ്റുമുട്ടട്ടെ.

ഹദ്റത്ത് ഉമർ(റ) ഇങ്ങനെ പരസ്യമായ നിലയിൽ ഹിജ്റത്ത് ചെയ്തതിനെ കുറിച്ച് ഈ ഒരു നിവേദനം മാത്രമേ ലഭ്യമായിട്ടുള്ളൂ. മിക്ക ചരിത്ര രചയിതാക്കളും ഇതിൽ നിന്നും വ്യത്യസ്ത അഭിപ്രായം വച്ചു പുലർത്തുന്നവരാണ്. ഉദാഹരണത്തിന് മുഹമ്മദ് ഹുസൈൻ ഹൈക്കൽ വാദിക്കുന്നത് റസൂലുല്ലാഹ്(സ) രഹസ്യമായ നിലയിൽ ഹിജ്റത്ത് ചെയ്യാനായിരുന്നു നിർദേശിച്ചിരുന്നത്. അങ്ങനെയിരിക്കെ ഹദ്റത്ത് ഉമർ(റ) അതിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് എങ്ങനെ കരുതാനാകും.

മുഹാജിരീങ്ങളിൽ വച്ച് ഹദ്റത്ത് മുസ്അബ് ബിൻ ഉമൈർ(റ) ഹദ്റത്ത് ഇബ്നു മക്തൂം(റ) എന്നിവർക്കു ശേഷം ഇരുപതു പേർ സംഘവുമായാണ് ഹദ്റത്ത് ഉമർ(റ) മദീനയിലെത്തിയത്. ഖുബായിൽ അദ്ദേഹം റിഫാഅ് ബിൻ അബ്ദുൽ മുൻദിർ(റ)ന്റെ വീട്ടിലായിരുന്നു അതിഥിയായി തങ്ങിയിരുന്നത്. മക്കയിൽ റസൂലുല്ലാഹ്(സ) അദ്ദേഹത്തെ ഹദ്റത്ത് അബൂബക്കർ(റ)ന്റെയും മദീനയിൽ ഹദ്റത്ത് ഉവൈം ബിൻ സാഅദ(റ)യുടെയും സാഹോദര്യ ബന്ധത്തിൽ ഏർപ്പെടുത്തി. അദ്ദേഹത്തെ ഹദ്റത്ത് അത്ബാൻ ബിൻ മാലിക്ക്(റ)ന്റെ സാഹോദര്യ ബന്ധത്തിൽ ഏർപ്പെടുത്തിയെന്ന് ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ്(റ) എഴുതിയിരിക്കുന്നു.

ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ബാങ്കിന്റെ തുടക്കത്തെ കുറിച്ച് ഇപ്രകാരം വിശദീകരിക്കുകയുണ്ടായി. അല്ലാഹു സ്വപ്നം മുഖേന ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ സൈദ്(റ)ന് ബാങ്ക് പഠിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആ സ്വപ്നത്തെ അടിസ്ഥാനമാക്കി റസൂലുല്ലാ ഹ്(സ) മുസ്ലീങ്ങൾക്കിടയിൽ ബാങ്ക് പ്രചാരത്തിലാക്കി. ഹദ്റത്ത് ഉമർ(റ) പറഞ്ഞു, അല്ലാഹു എനിക്കും ഇതേ ബാങ്ക് പഠിപ്പിക്കുകയുണ്ടായി. എന്നാൽ ഇക്കാര്യം മറ്റൊരു വ്യക്തി അവതരിപ്പിച്ചതിനാൽ ഞാൻ ഇരുപതു ദിവസത്തോളം മൗനം ദീക്ഷിച്ചു.

ഹുസൂർ തിരുമനസ്സ്(അയ്യദഹുല്ലാഹ്) ഹദ്റത്ത് ഉമർ(റ)നെ കുറിച്ചുള്ള വിവരണം തുടരുന്നതാണെന്നു അറിയിച്ചു. എന്നിട്ടു പറഞ്ഞു, ഇന്ന് റമദാന്റെ അവസാന ജുമുഅയാണ്. റമദാനിൽ നമുക്ക് ചെയ്യാൻ സൗഭാഗ്യം കിട്ടിയ നന്മകൾ ഇതിനു ശേഷവും നാം തുടരാനായി ശ്രമിക്കേണ്ടതാണ്. കഴിഞ്ഞ ഖുത്ബയിൽ ഞാൻ സ്വലാത്തിനെയും ഇസ്തിഗ്ഫാറിനെയും കുറിച്ച് ശ്രദ്ധ ചെലുത്തിയിരുന്നു. അത് റമദാനിൽ മാത്രം പരിമിതമായതല്ല. ഇക്കാലത്ത് ദജ്ജാൽ പുതിയ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ്. നാം നമ്മുടെ മക്കളെ പിശാചിന്റെയും ദജ്ജാലിന്റെയും കടന്നാക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനായി അവരെ ദൈവാസ്തിത്വത്തെ കുറിച്ചും ഇസ്ലാമിന്റെ സുന്ദരാധ്യാപനങ്ങളെ കുറിച്ചും ബോധവാന്മാരാക്കേണ്ടതുണ്ട്. ദൈവവുമായി നമ്മുടെ ബന്ധം സുദൃഢമാണെങ്കിൽ മാത്രമേ അത് സാധ്യമാകുകയുള്ളു. നമ്മുടെ നമസ്കാരവും ഇതര ആരാധനകളും ഉന്നത നിലവാരമുള്ളതുമാകണം. നാം ആദ്യകാല അഹ്മദികളുടെയോ മഹാത്മാക്കളുടെയോ അതു പോലെ ജമാഅത്തിലേക്ക് സ്വയം ബയ്അത്ത് ചെയ്തു പ്രവേശിച്ചവരുടെയോ ആരുടെയും മക്കളാകട്ടെ, ദീനിന് ദുനിയാവിനെക്കാൾ മുൻഗണന നല്കി സ്വയം വിലയിരുത്തി കൊണ്ടിരുന്നാൽ മാത്രമേ നമുക്ക് നമ്മുടെ സന്താനങ്ങളെ രക്ഷിക്കാനാകുകയുള്ളൂ.

നാമെല്ലാവരും ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിൽ നിന്നും രക്ഷപ്പെടാനും അല്ലാഹുവിന്റെ കാരുണ്യം കരസ്ഥമാക്കാനും സവിശേഷമായ നിലയിൽ ദുആ ചെയ്യുക. അതുപോലെ അഹ്മദിയാ വിരോധം ഏറിവരുന്ന രാജ്യങ്ങളിലെ അഹ്മദികൾക്കു വേണ്ടിയും ദുആ ചെയ്യുക. സദഖ, ദാനധർമങ്ങൾ, ദുആ എന്നിവയിലേക്ക് പാക്കിസ്ഥാനിലെ അഹ്മദികൾക്ക് എപ്പോഴും വളരെയധികമായും പ്രത്യേകമായും ശ്രദ്ധയുണ്ടാകേണ്ടതാണ്. “റബ്ബി കുല്ലുശൈഇൻ ഖാദിമുക്ക റബ്ബി ഫഹ്ഫള്നീ വൻസുർനീ വർഹമ്നീ“ അതുപോലെ അല്ലാഹുമ്മ ഇന്നാ നജ്അലുക്ക് ഫീ നുഹൂരിഹിം വനഊദുബിക്ക മിൻ ശുറൂരിഹിം എന്നീ ദുആകൾ ഒരുപാടു ചെയ്യുക. റമദാനിൽ നമസ്ക്കാരത്തിനുണ്ടായ അതേ സംവിധാനവും ശുഷ്കാന്തിയും റമദാനു ശേഷവും ഉണ്ടാകേണ്ടതാണ്. നാമെല്ലാവരും എല്ലാതരം ഫിത്നകളിൽ നിന്നും രക്ഷപ്പെടാനും അതു പോലെ മുസ്ലീം സമുദായത്തിനും മാനവകുലത്തിനും വേണ്ടി ദുആ ചെയ്യുക. അല്ലാഹു എല്ലാവർക്കും അതിനുള്ള തൗഫീഖ് നല്കുമാറകട്ടെ.

ആമീൻ