23.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,

കുറച്ചുകാലമായി ഹദ്റത്ത് ഉമർ(റ)നെയാണ് നമ്മൾ അനുസ്മരിക്കുന്നത്. അദ്ദേഹത്തിന്റെ കാലത്തുണ്ടായ ചില യുദ്ധങ്ങളെ കുറിച്ച് വിവരിക്കുകയായിരുന്നു. ബുഅയ്ബ് യുദ്ധം ഹിജ്റ വർഷം 13 നോ 16 ആണ് നടന്നത്. അതിന്റെ വിശദാംശങ്ങൾ നമുക്ക് ഇപ്രകാരം ചരിത്രത്തിൽ നിന്നും ലഭിക്കുന്നുണ്ട്. ജിസർ യുദ്ധത്തിലേറ്റ പരാജയം കാരണം ഹദ്റത്ത് ഉമർ(റ) വിഷമിച്ചിരിക്കുകയായിരുന്നു. അദ്ദേഹം അറേബ്യ മുഴുവൻ പ്രഭാഷകരെ അയച്ചുകൊണ്ട് എല്ലാ അറബ് ഗോത്രങ്ങളെയും ഒരു രാഷ്ട്രയുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി തയ്യാറാക്കി. ആ സൈന്യത്തിൽ മുസ്ലീങ്ങളെ കൂടാതെ ക്രിസ്തീയ ഗോത്രങ്ങളും പങ്കെടുത്തിരുന്നു. അതേസമയം ഹദ്റത്ത് മുസന്ന(റ)യും ഇറാഖിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നും സൈന്യത്തെ ഒരുക്കൂട്ടിയിരുന്നു.

റുസ്തമിന് മുസ്ലീങ്ങളുടെ തയ്യാറെടുപ്പിനെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ അയാൾ മിഹ്റാന്റെ നേതൃത്വത്തിൽ ഒരു സൈന്യമയച്ചു. റമദാൻ മാസത്തിലാണ് ആ യുദ്ധം അരങ്ങേറിയത്. ഹദ്റത്ത് മുസന്ന അവരെ പിന്തുടർന്നു. അവരെ വളഞ്ഞു പിടി കൂടി ഒരുപാട് ഇറാനി സെനികരെ വധിച്ചു. എന്നാൽ പില്കാലത്ത് ഹദ്റത്ത് മുസന്ന തന്റെ കൃത്യത്തിൽ വ്യസനിച്ചിരുന്നു. കാരണം പരാജയം ഏറ്റുവാങ്ങി പിന്തിരിഞ്ഞോടിയവരെ ആയിരുന്നു അദ്ദേഹം പിടികൂടിയത്. ആ യുദ്ധത്തിന്റെ പരിണതഫലമായി ഇറാഖിലെ പലയിടങ്ങളിലും മുസ്ലീങ്ങൾക്ക് അടിയുറച്ച വേരോട്ടം ലഭിച്ചു.

ഈ യുദ്ധത്തിൽ മുസ്ലിം വനിതകളും തങ്ങളുടെ ധെര്യവും ചങ്കൂറ്റവും പ്രദർശിപ്പിക്കുകയുണ്ടായി. യുദ്ധാനന്തരം മുസ്ലീങ്ങളുടെ ഒരു സംഘം കുതിരപ്പുറത്ത് സ്ത്രീകളും കുട്ടികളും തമ്പടിച്ചിരുന്ന ക്യാമ്പിനടുത്തേക്ക് വന്നു. തങ്ങളെ ആക്രമിക്കാൻ വന്ന ശത്രുക്കളാണ് അതെന്ന് സ്ത്രീകൾ കരുതി. ആ വനിതകൾ കുട്ടികളെ സുരക്ഷാവലയത്തിലാക്കുകയും കല്ലും വടിയുമെടുത്ത് യുദ്ധത്തിനായി മുന്നോട്ടു വരികയും ചെയ്തു. ആ ചെറു സെന്യം കൂടുതൽ സമീപസ്ഥമായപ്പോഴാണ് അവർക്ക് അത് മുസ്ലീങ്ങളാണ് എന്ന് മനസ്സിലായത്. ആ മുസ്ലിം സംഘത്തിന്റെ നേതാവ് അംർ ബിൻ അബ്ദിൽ മസീഹ് അതുകണ്ടപ്പോൾ പറഞ്ഞു, അല്ലാഹുവിന്റെ സൈന്യത്തിലെ സ്ത്രീകൾക്ക് ഇതുതന്നെയാണ് ഭൂഷണം.

ഹിജ്റ വർഷം 14ന് മുസ്ലീങ്ങളും ഇറാനികളും തമ്മിൽ ഒരു നിർണായകമായ യുദ്ധം നടന്നു. അതിന്റെ പേര് ഖാദ്സിയ യുദ്ധം എന്നായിരുന്നു. അതിന്റെ ഫലമായി ഇറാൻ ഭരണകൂടം മുസ്ലീങ്ങളുടെ കീഴിൽ വന്നു. പാർസികൾ മുസ്ലീങ്ങളുടെ മുൻകാല യുദ്ധ വിജയങ്ങളെ കുറിച്ചറിഞ്ഞപ്പോൾ തങ്ങളുടെ പടനായകാരായ റുസ്തമിനോടും ഫെറോസാനോടും മുസ്ലീങ്ങൾ ഇത്ര ശക്തിയാർജിച്ചത് നിങ്ങളുടെ ഭിന്നിപ്പ് കാരണമാണെന്ന് പറഞ്ഞു. റുസ്തമം ഫെറോസാനും ചേർന്ന് ബോറാനെ സ്ഥാനഭ്രഷ്ടനാക്കി. തൽസ്ഥാനത്ത് 21 വയസ്സുകാരനായ യസ്ദജർദിനെ രാജാവാക്കി വാഴിച്ചു. ഹദ്റത്ത് മുസന്ന പാർസികളുടെ യുദ്ധ സന്നാഹത്തെ കുറിച്ച് ഹദ്റത്ത് ഉമർ(റ)നെ അറിയിച്ചു. അപ്പോൾ അദ്ദേഹം നാലു ഭാഗത്തേക്കും തന്റെ പ്രതിനിധികളെ അയച്ചുകൊണ്ട് ഗോത്രത്തലവന്മാർക്ക് മക്കയിൽ ഒരുമിച്ചു കൂടാൻ നിർദേശം നല്കി. അത് ഹജ്ജിന്റെ സമയമായിരുന്നു. ഹദ്റത്ത് ഉമർ(റ) ഹജ്ജിനു വേണ്ടി പുറപ്പെട്ടു. അദ്ദേഹം ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്നപ്പോഴേക്കും മദീനയിൽ ഒരു വൻസെന്യം ഒത്തുചേർന്നിരുന്നു. ആദ്യം ഹദ്റത്ത് ഉമർ(റ) ഹദ്റത്ത് അലി(റ)നെ തന്റെ അമീറായി നിശ്ചയിച്ചുകൊണ്ട് പടയെ സ്വയം നയിക്കാനായി പുറപ്പെട്ടതായിരുന്നു.

തബരി ചരിത്രത്തിൽ രേഖപ്പെട്ട പ്രകാരം ഹദ്റത്ത് ഉമർ(റ) ആദ്യം സൈന്യത്തെ സ്വയം നയിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നാൽ പിന്നീട് ഹദ്റത്ത് അബ്ദുറഹ്മാൻ ബിൻ ഓഫിന്റെ അഭിപ്രായപ്രകാരം ഹദ്റത്ത് സഅദ് ബിൻ അബീവഖാസ് (റ) നെ സേനാനായകനായി നിശ്ചയിച്ചയക്കുകയാണ് ഉണ്ടായത്. അദ്ദേഹം ഹദ്റത്ത് സഅദിനെ സൈന്യത്തോടൊപ്പം യാത്ര അയക്കുന്നതിന് മുമ്പ് വേണ്ട മാർഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നല്കി. അതുപോലെ ഖാദ്സിയയിലേക്ക് എങ്ങനെ പോകണമെന്നു പറഞ്ഞു കൊടുക്കുകയും യുദ്ധനീക്കങ്ങൾക്കുള്ള അടിസ്ഥാന ഉപദേശ നിർദേശങ്ങൾ നല്കുകയും ചെയ്തു.

ഹദ്റത്ത് സഅദ് ശുറാഫിൽ എത്തി തമ്പടിച്ചു. അവിടെ ഹദ്റത്ത് മുസന്ന എട്ടായിരം ആളുകളോടൊപ്പം അവരെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ താമസിയാതെ ഹദ്റത്ത് മുസന്ന വഫാത്തായി. ഹദ്റത്ത് ഉമർ(റ) ഹദ്റത്ത് മഗെറബിൻ ശഅ്ബയെ ഒരു ചെറുസൈന്യവുമായി യാത്രയാക്കി. എന്നിട്ട് അദ്ദേഹത്തെ തന്റെ സൈന്യത്തിൽ ചേർക്കാൻ ഹദ്റത്ത് സഅദിന് സന്ദേശവുമയച്ചു. ഹദ്റത്ത് ഉമർ(റ) ആവശ്യപ്പെട്ടതനുസരിച്ച് ഹദ്റത്ത് സഅദ് തന്റെ സൈന്യത്തിന്റെ താമസത്തിനുള്ള ഏർപ്പാടുകളെ കുറിച്ചും നാല് അതിർത്തികളെ കുറിച്ചുമൊക്കെയുള്ള സകല വിശദാംശങ്ങളും അയച്ചുകൊടുത്തു. അതേ തുടർന്ന് ഹദ്റത്ത് ഉമർ(റ) യുദ്ധ വിജയത്തിനായി അനുവർത്തിക്കേണ്ട എല്ലാ നയതന്ത്രങ്ങളും ഹദ്റത്ത് സഅദിനെ അറിയിച്ചു. ഖലീഫയുടെ നിർദ്ദേശാനുസരണം ഹദ്റത്ത് സഅദ് ഖാദ്സിയയിൽ സൈന്യസമേതം ഒരുമാസം തങ്ങി.

ഇറാനികൾ ആരും തന്നെ അവരെ നേരിടാനായി അങ്ങോട്ടേക്ക് വന്നില്ല. അതിൽ അവിടെയുള്ള പ്രദേശവാസികൾ അവരുടെ രാജാവായ യസ്ദജർദിനെ മുസ്ലീങ്ങളുടെ ദീർഘനാളായുള്ള സാന്നിധ്യത്തെക്കുറിച്ചെഴുതി. അപ്പോൾ യസ്ദജർദ് റുസ്തമിനെ വിളിപ്പിച്ചു. എന്നാൽ അയാൾ പല ഒഴിവുകഴിവുകളും പറഞ്ഞ് യുദ്ധത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിന്നു. എന്നിട്ട് തനിക്ക് പകരം ജാലിനൂസിനെ സേനാനായകനാക്കാൻ അഭിപ്രായപെട്ടു. എന്നാൽ അതൊന്നും രാജാവിന്റെ മുമ്പിൽ വിലപ്പോയില്ല. അങ്ങനെ അവസാനം അയാൾക്ക് തന്നെ മുസ്ലീങ്ങൾക്കെതിരെ സൈന്യത്തെ നയിക്കേതായി വന്നു. ഹദ്റത്ത് ഉമർ(റ) യുദ്ധത്തിനു മുന്നോടിയായി ശത്രു പക്ഷത്തേക്ക് ബുദ്ധി സാമർഥ്യവും ധെര്യവുമുള്ളവരെ അയക്കാനായി ഹദ്റത്ത് സഅദിന് നിർദേശം നല്കി. ഹദ്റത്ത് സഅദ് ഏതാനും ചില വ്യക്തികളെ അംബാസഡർമാരായി തിരഞ്ഞെടുത്തു കൊണ്ട് അയാളുടെ അടുത്തേക്കയച്ചു. അവർ യസ്ദജർദിനു മുമ്പാകെ മൂന്ന് കാര്യങ്ങൾ വച്ചു. ഒന്ന്, നിങ്ങൾ ഇസ്ലാം മതം സ്വീകരിക്കുക. രണ്ട്, അല്ലെങ്കിൽ ജിസ്യ(കപ്പം) നല്കുക. മൂന്ന് അതുമല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകുക. യസ്ദജർദ് പറഞ്ഞു, ദൂതന്മാരെ വധിക്കുന്നത് നിഷിദ്ധമല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളെ എല്ലാവരെയും ഇപ്പോൾതന്നെ കൊന്നു കളഞ്ഞേനെ. എന്നിട്ട് ആക്ഷേപരൂപേണ അയാൾ ഒരു കൊട്ട മണ്ണ് വരുത്തിച്ച് അത് മുസ്ലിം സംഘത്തിന്റെ നേതാവിന് കൊടുത്തുകൊണ്ട് പറഞ്ഞു, ഇതുകൊണ്ട് പൊയ്ക്കൊള്ളുക. നിങ്ങൾക്ക് ഇതു മാത്രമേ ലഭിക്കുകയുള്ളൂ.

ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ഖാദ്സിയ യുദ്ധത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ ഈ സംഭവത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുകയുണ്ടായി. ആ സഹാബി വളരെ ഭവ്യതയോടെ മുന്നോട്ടേക്ക് നീങ്ങി തലകുനിച്ചു മൺചാക്ക് ചുമലിലേറ്റി. എന്നിട്ട് അവിടെ നിന്നും ചാടി പുറപ്പെടുകയും തന്റെ കൂട്ടുകാരെ നോക്കി ഇപ്രകാരം ഉറക്കെ വിളിച്ചു പറയുകയും ചെയ്തു, ഇതാ ഇറാൻ രാജാവ് ഇന്ന് സ്വന്തം കെകളാൽ തന്റെ രാജ്യത്തിന്റെ മണ്ണ് നമ്മളെ ഏല്പിച്ചിരിക്കുന്നു. ഇത്രയും പറഞ്ഞ് മുസ്ലീങ്ങളുടെ സംഘം കുതിരപ്പുറത്തേറി വളരെ വേഗത്തിൽ അവിടെ നിന്നും സ്ഥലംവിട്ടു. അതുകേട്ട് രാജാവ് അപശകുനം സംഭവിച്ചു എന്ന് കരുതി കോപത്താൽ വിറകൊള്ളുകയും മുസ്ലീങ്ങളെ പിടികൂടാനായി തന്റെ സദസ്സ്യരോട് ഉത്തരവിടുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും അവർ ബഹുദൂരം പിന്നിട്ടിരുന്നു. ഈ സംഭവത്തിനു ശേഷം മാസങ്ങളോളം ഒരനക്കവും ഉണ്ടായില്ല. യസ്ദജർദ് ഒരുപാട് പറഞ്ഞെങ്കിലും റുസ്തം യുദ്ധത്തിൽ നിന്നും വിട്ടു തന്നെ നിന്നു. അവസാനം ഗത്യന്തരമില്ലാതെ റുസ്തം യുദ്ധത്തിനായി മുന്നോട്ടു വന്നു. അയാളുടെ സെന്യം ഖാദ്സിയയിൽ തമ്പടിച്ചു. 1,30,000 പടയാളികളും 33 ആനകളും ആ സൈന്യത്തിലുണ്ടായിരുന്നു.

റുസ്തം ഇസ്ലാമിക സൈന്യത്തെ കുറിച്ച് അറിയുകയും തങ്ങളുമായി സന്ധിയിൽ ഏർപ്പെടാനായി അവരോട് ആവശ്യപ്പെടുകയും ചെയ്തു. അയാളുടെ ദർബാറിൽ മുസ്ലീം പ്രതിനിധികൾ സംവദിക്കാൻ വേണ്ടി വരാൻ ആവശ്യപ്പെട്ടു. ആ സംവാദങ്ങളിലും മുസ്ലീങ്ങൾ മുമ്പ് പറഞ്ഞ മൂന്നു കാര്യങ്ങൾ തന്നെ അവതരിപ്പിച്ചു. ഇസ്ലാം സ്വീകരിക്കുക. അല്ലെങ്കിൽ ജിസ്യ നല്കുക. അല്ലെങ്കിൽ യുദ്ധം ചെയ്യുക. എന്നാൽ ഒന്നിനും തയ്യാറാകാതെ റുസ്തം യുദ്ധം ചെയ്യാൻ തീരുമാനിച്ചു. മുസ്ലീങ്ങൾ യുദ്ധ അണികൾ ക്രമീകരിച്ചു. എന്നാൽ ഹദ്റത്ത് സഅദിന് രോഗം പിടികൂടുകയും ദേഹത്ത് മുഴകൾ വരികയും വാതവേദന മൂർച്ഛിക്കുകയും ചെയ്തു.

ഹദ്റത്ത് സഅദ് സൈന്യത്തെ മരമുകളിലുള്ള ഏറുമാടത്തിൽ കിടന്നു നിരീക്ഷിക്കുമായിരുന്നു. അദ്ദേഹം തനിക്കു പകരം ഖാലിദ് ബിൻ അർഫത്വയെ സെനിക നേതൃത്വം ഏല്പിച്ചു. എന്നിട്ട് മുസ്ലീങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജിഹാദിനായി പ്രേരിപ്പിച്ചു. ഇറാൻ സെനികരിൽ 30,000 പേർ തങ്ങളെ പരസ്പരം ചങ്ങലകളാൽ ബന്ധിച്ചിരുന്നു. ആരും തന്നെ ഓടി പോകാതിരിക്കാനായിരുന്നു അത്. ഹദ്റത്ത് സഅദ് മുസ്ലീങ്ങളെ സൂറ അൻഫാൽ ഓതാൻ വേണ്ടി ഉപദേശിച്ചു. അതു പാരായണം ചെയ്യുമ്പോൾ മുസ്ലീങ്ങൾക്ക് മനസ്സമാധാനം ലഭിക്കുമായിരുന്നു. ളുഹർ നമസ്കാരാനന്തരം യുദ്ധം തുടങ്ങി ആദ്യ ദിവസം ബനു അസദ് ഗോത്രത്തിലെ അഞ്ഞൂറ് മുസ്ലീങ്ങൾ ശഹീദാകുകയുണ്ടായി. രണ്ടാമത്തെ ദിവസം ഹദ്റത്ത് ഹാഷിം ബിൻ അത്ബ ബിൻ അബീ വഖാസിന്റെ നേതൃത്വത്തിൽ ഖലീഫയുടെ ഭാഗത്തുനിന്നും ഒരു പോഷക സെന്യം എത്തി. അതിന്റെ മുൻനിരയുടെ അമീർ ഹദ്റത്ത് കഅ്കാഅ് ബിൻ അംറ് ആയിരുന്നു. ഹദ്റത്ത് കഅ്കാഅ് യുദ്ധത്തിനായി വെല്ലുവിളിക്കുകയും ബഹ്മൻ ജാസ്വിയ യുദ്ധത്തിനായി മുന്നോട്ടു വരികയും ചെയ്തു.

ഇരുകൂട്ടരും തമ്മിൽ യുദ്ധം നടന്നു. ബഹ്മൻ ജാസ്വിയ വധിക്കപ്പെട്ടു. അയാളുടെ മരണവും അതോടൊപ്പം പോഷക സെന്യത്തിന്റെ വരവും കൂടിയായപ്പോൾ മുസ്ലീങ്ങൾ വളരെയധികം സന്തോഷവാന്മാരായി. മൂന്നാമത്തെ ദിവസം വൻയുദ്ധമുണ്ടായി. അതിൽ രണ്ടായിരം മുസ്ലീങ്ങളും പത്തായിരം ഇറാനികളും മരണമടഞ്ഞു. ഹദ്റത്ത് സഅദ് നിർദേശിച്ച പ്രകാരം ഹദ്റത്ത് കഅ്കായും ഹദ്റത്ത് ആസിമും ചേർന്ന്  ഇറാനികളുടെ വെള്ളാനയുടെ കഥ കഴിച്ചു. മറ്റു മുസ്ലീങ്ങൾ ചേർന്ന് അജ്റബ് എന്ന് പേരുള്ള ആനയെ വിരട്ടി ഓടിക്കുകയും അത് നദിയിൽ എടുത്തു ചാടുകയും ചെയ്തു. അതുകണ്ട് ബാക്കി ആനകളും നദിയിലേക്ക് എടുത്തുചാടി.

അന്നേ ദിവസം രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഒരു ഗംഭീര യുദ്ധം നടന്നു. അതുപോലൊരു യുദ്ധം അറബികളോ അനറബികളോ മുമ്പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. രാത്രി മുഴുവനും ഹദ്റത്ത് സഅദ്(റ) അല്ലാഹുവിനു മുമ്പാകെ പ്രാർഥനയിൽ നിരതനായിരുന്നു. നേരം പുലർന്നിട്ടും മുസ്ലീങ്ങളുടെ യുദ്ധവീര്യം കെട്ടടങ്ങിയിരുന്നില്ല. അവർ തന്നെ മുന്നേറിക്കൊണ്ടിരുന്നു നാലാം നാൾ രാവിലെ മുതൽ ഉച്ചവരെ യുദ്ധം തുടർന്നു. ഇറാനികൾ പൂർണമായും പരാജയപ്പെട്ടു അന്നേദിവസം റുസ്തം ക്രൂരമായി ആക്രമിക്കപ്പെടുകയും അയാൾ ജീവഭയത്താൽ നദിയിലേക്ക് എടുത്തുചാടകയും ചെയ്തു. ഹിലാൽ എന്ന പേരുള്ള ഒരു മുസ്ലിം അയാളെ പിടികൂടി കരയിലേക്ക് കൊണ്ടുവന്നു വധിച്ചു.

റുസ്തമിന്റെ മരണവാർത്തയറിഞ്ഞ് പാർസികൾ പരാജയം ഏറ്റുവാങ്ങി യുദ്ധക്കളം വിട്ടോടി മുസ്ലീങ്ങൾ അവരെ പിന്തുടരുകയും ഒരുപാട് പേരെ ബന്ദികളാക്കുകയും ചെയ്തു. ഹദ്റത്ത് ഉമർ(റ) എന്നും നേരം വെളുത്തയുടൻ യുദ്ധ മെതാനത്തിൽ നിന്നും തിരിച്ചു വരുന്നവരോട് ഖാദ്സിയ യുദ്ധത്തെക്കുറിച്ച് തിരക്കുമായിരുന്നു. വിജയവാർത്ത കൊണ്ടുവന്ന സന്ദേശവാഹകൻ കുതിരപ്പുറത്തേറി മദീനയിൽ പ്രവേശിച്ചപ്പോൾ ഹദ്റത്ത് ഉമർ(റ) നാലുപാടും ഓടി നടന്നു കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. മദീനയിൽ വെച്ച് ജനങ്ങൾ ഹദ്റത്ത് ഉമർ(റ)നെ അമീറുൽ മുഅ്മിനീൻ എന്ന് വിളിക്കുകയും അദ്ദേഹത്തോട് സലാം ചൊല്ലുകയും ചെയ്യുന്നത് കണ്ടപ്പോൾ സന്ദേശവാഹകൻ ഹദ്റത്ത് ഉമർ(റ)നോട് താങ്കൾ എന്തുകൊണ്ട് എന്നോട് താങ്കളാണ് അമീറുൽ മുഅ്മിനീൻ എന്ന് പറഞ്ഞില്ല എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, അല്ലയോ സഹോദരാ അതൊന്നും സാരമില്ല. വിജയ വാർത്ത അറിഞ്ഞതും ജനക്കൂട്ടത്തിനു മുമ്പാകെ അദ്ദേഹം ഒരു ഗംഭീര പ്രസംഗം അവതരിപ്പിച്ചു.

ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) എഴുതുന്നു മുസ്ലീങ്ങളിൽ ഒരു വലിയ പരിവർത്തനം ഉണ്ടായത്. ഖുർആനിക അധ്യാപനങ്ങൾ അവരുടെ സ്വഭാവഗുണങ്ങളിലും ശീലങ്ങളിലും വമ്പിച്ച മാറ്റം ഉണ്ടാക്കിയതിനാലായിരുന്നു. അതുമുഖേന അവരുടെ നീചമായ ജീവിതങ്ങൾക്ക് അന്ത്യം കുറിക്കുകയും അവരെ വളരെ ഉന്നതമായ ധാർമികതയുടെയും സ്വഭാവവെശിഷ്ട്യങ്ങളുടെയും ഉത്തുംഗസ്ഥാനത്തേക്ക് ഉയർത്തിയതിനാൽ ആയിരുന്നു. ആയതിനാൽ ഖുർആനിക അധ്യാപനങ്ങളെ പിൻപറ്റിയതിനാലാണ് ആ മഹത്തായ വിപ്ലവം അവരിൽ സംജാതമായത്.

ഖുതുബയുടെ അവസാനത്തിൽ ഹുസൂർ തിരുമനസ്സ് ഇൻശാ അല്ലാഹ് ഈ വിവരണം ഇനിയും തുടരുന്നതായിരിക്കും എന്ന് പറയുകയുണ്ടായി.