01-04-2022 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

അബൂബക്കര്‍(റ)ന്റെ കാലത്തെ ഫിത്‌നകളെക്കുറിച്ച്, വാഗ്ദത്ത മസീഹ്(അ) സിര്‍റുൽ ഖിലാഫ എന്ന തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ഇബ്‌നു ഖുല്‍ദൂനും ഇബ്‌നു അഥീറും എഴുതിയത്, ബനൂ ത്വേ, ബനൂ അസദ്, ബനൂ ഗത്ഫാന്‍, ബനൂ ഹവാസന്‍, ബനൂ സലീം ഗോത്രങ്ങളും ഒപ്പം അറേബ്യയിലെ സാധാരണക്കാരും പ്രധാനികളും മുര്‍ത്തദ്ദുകളാകുകയും. അവര്‍ സകാത്ത് നല്‍കുന്നത് നിര്‍ത്തുകയും ചെയ്തു. തിരുനബി(സ)ന്റെ വിയോഗവും തങ്ങളുടെ അംഗബലകുറവും ശത്രുക്കളുടെ ബാഹുല്യവും നിമിത്തം, മഴയുള്ള രാത്രിയില്‍ ആടുമാടുകളുടെ അവസ്ഥ പോലെ, മുസ്‌ലിംകള്‍ ഭയന്ന് ഒരിടത്ത് ഒത്തുകൂടിയിരുന്നു. ഉസാമ(റ)ന്റെ സൈന്യത്തെ നമ്മില്‍ നിന്ന് വിട്ടയക്കരുത് എന്ന് ആളുകള്‍ അബൂബക്കര്‍(റ)നോട് പറഞ്ഞു. എന്നാല്‍ നബി(സ)യുടെ തീരുമാനം റദ്ദാക്കാന്‍ തനിക്ക് കഴിയില്ലെന്ന് അബൂ ബക്കര്‍(റ) പറയുകയുണ്ടായി.

വാഗ്ദത്ത മസീഹ്(അ) പറയുന്നു: അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നത് അല്ലാഹുവിന്റെ റസൂല്‍(സ)യുടെ മരണശേഷം അബൂബക്കര്‍(റ) മുഖേന നമുക്ക് അല്ലാഹു ഔദാര്യം ചെയ്തില്ലായിരുന്നെങ്കില്‍ നമ്മള്‍ മിക്കവാറും നശിപ്പിക്കപ്പെടുമായിരുന്നു. അദ്ദേഹം ഞങ്ങളെ സകാത്തിന് വേണ്ടി പോരാടാനും, മരണം നമ്മെ പിടികൂടുന്നതുവരെ അല്ലാഹുവിനെ ആരാധിക്കാനുംവേണ്ടി ഒന്നിപ്പിക്കുകയുണ്ടായി. എല്ലാ അറബികളുടെയും മതപരിത്യാഗത്തിനും സകാത്ത് നല്‍കാന്‍ വിസമ്മതിച്ചതിനും ശേഷം ഹദ്റത്ത് അബൂബക്കര്‍(റ) എല്ലാവരോടും യുദ്ധം ചെയ്തു.

ചരിത്രപുസ്തകങ്ങളിലും ജീവചരിത്രത്തിലും ഇത്തരക്കാര്‍ക്കെല്ലാം മുര്‍ത്തദ്ദ് എന്ന വാക്ക് ഉപയോഗിച്ച കാരണത്താല്‍ മതപരിത്യാഗത്തിനുള്ള ശിക്ഷ വധമാണെന്ന് ജീവചരിത്രകാരാരും പണ്ഡിതന്മാരും തെറ്റിദ്ധരിക്കാന്‍ കാരണമായി. എന്നാല്‍, വിശുദ്ധ ഖുര്‍ആനോ തിരുനബി(സ)യോ മതപരിത്യാഗത്തിനുള്ള ശിക്ഷ വധമാണെന്നോ മറ്റേതെങ്കിലും ശിക്ഷയാണെന്നോ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചില ഖുര്‍ആനിക വാക്യങ്ങള്‍ സമര്‍പ്പിക്കുകയാണ്.

بَدِیۡعُ السَّمٰوٰتِ وَالۡاَرۡضِ ؕ وَاِذَا قَضٰۤی اَمۡرًا فَاِنَّمَا یَقُوۡلُ لَہٗ کُنۡ فَیَکُوۡنُ ﴿۱۱۸﴾

നിങ്ങളില്‍ നിന്ന് തന്റെ മതത്തില്‍ നിന്നു പിന്തിരിഞ്ഞുപോവുകയും അങ്ങനെ അവിശ്വാസിയായും കൊണ്ട് മരിക്കുകയും ചെയ്യുന്നവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിപ്പോകുന്നതാണ്. അവര്‍ നരകാവകാശികളാകുന്നു. അവരതില്‍ (ദീര്‍ഘ കാലം) വസിക്കുന്നവരായിരിക്കും. (2:118)

اِنَّ الَّذِیۡنَ اٰمَنُوۡا ثُمَّ کَفَرُوۡا ثُمَّ اٰمَنُوۡا ثُمَّ کَفَرُوۡا ثُمَّ ازۡدَادُوۡا کُفۡرًا لَّمۡ یَکُنِ اللّٰہُ لِیَغۡفِرَ لَہُمۡ وَلَا لِیَہۡدِیَہُمۡ سَبِیۡلًا ﴿۱۳۸﴾ؕ

വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും പിന്നെയും വിശ്വസിക്കുകയും പിന്നെയും അവിശ്വസിക്കുകയും പിന്നീട് അവിശ്വാസം വര്‍ധിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കു കയില്ല. അവര്‍ക്ക് (മോക്ഷ)മാര്‍ഗം കാണിച്ചു കൊടുക്കുകയുമില്ല. (4:138)

അതിനാല്‍, മതപരിത്യാഗത്തിന് വധശിക്ഷയല്ലായെന്ന് വളരേ സ്പഷ്ടമായി തന്നെ നിഷേധഭാവത്തില്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഇതു തന്നെയാണ് നമ്മുടെ സാഹിത്യങ്ങളിലും വിശദീകരിക്കുന്നത്.

ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് നാലാമന്‍(റഹ്) തന്റെ തര്‍ജമത്തുല്‍ ഖുര്‍ആനില്‍ പ്രസ്താവിച്ചിരിക്കുന്നത്, ഒരാള്‍ മുര്‍ത്തദ്ദാകുകയും പിന്നീട് വിശ്വസിക്കുകയും പിന്നീട് വിശ്വാസത്യാഗം ചെയ്യുകയും വീണ്ടും വിശ്വസിക്കുകയും ചെയ്യുന്നുവെങ്കില്‍, അവന്റെ തീരുമാനം അല്ലാഹുവിന്റെ ബാധ്യതയിലാണുള്ളത്, ഒരാള്‍ അവിശ്വാസത്തില്‍ മരണപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ നരകാവകാശിയാണ്. മുര്‍ത്തദ്ദിനുള്ള ശിക്ഷ വധമായിരുന്നെങ്കില്‍, അവന്‍ ആവര്‍ത്തിച്ച് വിശ്വസിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നതിന്റെ പ്രശ്‌നം തന്നെ ഉദിക്കുന്നില്ല.

മതം എല്ലാ തരത്തിലുമുള്ള ബലപ്രയോഗത്തെയും നിഷേധിച്ചുകൊണ്ട് പറയുന്നത്,

لَاۤ اِکۡرَاہَ فِی الدِّیۡنِ ۟ۙ قَدۡ تَّبَیَّنَ الرُّشۡدُ مِنَ الۡغَیِّ ۚ فَمَنۡ یَّکۡفُرۡ بِالطَّاغُوۡتِ وَیُؤۡمِنۡۢ بِاللّٰہِ فَقَدِ اسۡتَمۡسَکَ بِالۡعُرۡوَۃِ الۡوُثۡقٰی ٭ لَا انۡفِصَامَ لَہَا ؕ وَاللّٰہُ سَمِیۡعٌ عَلِیۡمٌ ﴿۲۵۷﴾

മതത്തില്‍ ഒരു വിധത്തിലുള്ള ബലപ്രയോഗവുമില്ല. തീര്‍ച്ചയായും സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നും വ്യതിരിക്തമായിരിക്കുന്നു. അതിനാല്‍ ദുഃശക്തികളെ നിരാകരിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ തീര്‍ച്ചയായും ഏറ്റവും ഉറപ്പുള്ള കൈപ്പിടിയിലാണ് പിടിച്ചിരിക്കുന്നത് (എന്നു ധരിച്ചുകൊള്ളുക). അത് ഒരിക്കലും മുറിഞ്ഞുപോകുന്നതല്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും നല്ലവണ്ണം അറിയുന്നവനുമാകുന്നു. (2:257)

പിന്നെ (വിശുദ്ധ ഖുര്‍ആന്റെ ഈ വീക്ഷണത്തെ  പിന്തുണച്ചുകൊണ്ട്) വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും കപടവിശ്വാസികളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്, ഏതെങ്കിലും കപടവിശ്വാസിക്ക് (അവരുടെ തിന്മകള്‍ക്ക്) ഏതെങ്കിലും തരത്തിലുള്ള ശിക്ഷയെക്കുറിച്ചുള്ള ഒരു പരാമര്‍ശവുമില്ല. കാപട്യത്തിന് ഒരു കപടവിശ്വാസിയും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഇസ്‌ലാമിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കപടവിശ്വാസികളെ പരാമര്‍ശിച്ച്‌കൊണ്ട് ഖുര്‍ആന്‍ പറയുന്നു:

وَمَا مَنَعَہُمۡ اَنۡ تُقۡبَلَ مِنۡہُمۡ نَفَقٰتُہُمۡ اِلَّاۤ اَنَّہُمۡ کَفَرُوۡا بِاللّٰہِ وَبِرَسُوۡلِہٖ وَلَا یَاۡتُوۡنَ الصَّلٰوۃَ اِلَّا وَہُمۡ کُسَالٰی وَلَا یُنۡفِقُوۡنَ اِلَّا وَہُمۡ کٰرِہُوۡنَ ﴿۵۴﴾

فَلَا تُعۡجِبۡکَ اَمۡوَالُہُمۡ وَلَاۤ اَوۡلَادُہُمۡ ؕ اِنَّمَا یُرِیۡدُ اللّٰہُ لِیُعَذِّبَہُمۡ بِہَا فِی الۡحَیٰوۃِ الدُّنۡیَا وَتَزۡہَقَ اَنۡفُسُہُمۡ وَہُمۡ کٰفِرُوۡنَ ﴿۵۵﴾

പറയുക: നിങ്ങള്‍ ഇഷ്ടപ്പെട്ടുകൊണ്ടോ വെറുപ്പോടെയോ (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) ചെലവഴിച്ച് കൊള്ളുക. നിങ്ങളുടെ പക്കല്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. തീര്‍ച്ചയായും നിങ്ങള്‍ ധിക്കാരികളായ ഒരു ജനതയത്രേ. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, അലസരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുന്നില്ല എന്നതും, വെറുത്തുകൊണ്ടല്ലാതെ അവര്‍ (ദൈവമാര്‍ഗത്തില്‍) ചെലവഴിക്കുന്നില്ല എന്നതും അല്ലാതെ മറ്റൊന്നും അവരുടെ പക്കല്‍നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കടെുന്നതിന് തടസ്സമായിട്ടില്ല. (9:53,54)

ഹുസൂര്‍ തിരുമനസ്സ് പറയുന്നു: കാന ഖുല്‍ഖുഹുല്‍ ഖുര്‍ആന്‍ എന്നതിന്റെ സാക്ഷ്യവും വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച അനുഗ്രഹീതനുമായ വ്യക്തി(സ) മതപരിത്യാഗിയെ പരാമര്‍ശിച്ച് എന്താണ് പറഞ്ഞതെന്ന് സ്വഹീഹ് ബുഖാരിയില്‍ കാണാം.

ഹദ്‌റത്ത് ജാബിര്‍ ബിന്‍ അബ്ദുല്ലാഹ്(റ)വില്‍നിന്ന് നിവേദനം: ഒരു അനറബി നബി(സ)യുടെ അടുക്കല്‍ വന്ന് ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് നബി(സ)യ്ക്ക് ബൈഅത്ത് ചെയ്തു. പിറ്റേന്ന് മദീനയില്‍ വെച്ച് അനറബിക്ക് പനി പിടിപെട്ടു. നബി(സ)യുടെ അടുത്ത് വന്ന്‌കൊണ്ട് പറഞ്ഞു: എന്റെ ബൈഅത്ത് എനിക്ക് തിരികെ തന്നാലും. അയാള്‍ മൂന്നു തവണ വീണ്ടും വന്നു. അയാൾ നബി(സ)യുടെ അടുക്കല്‍ മൂന്ന് തവണ വന്നിട്ടും അവിടുന്ന് മൂന്ന് തവണയും നിരസിച്ചു. തുടര്‍ന്ന് ആ അഅ്‌റാബി മദീന വിട്ടു.

ആ വ്യക്തിയുടെ ആവര്‍ത്തിച്ചുള്ള നബി(സ)യുടെ അടുക്കലേക്കുള്ള സന്ദര്‍ശനം മതപരിത്യാഗത്തിന് വധശിക്ഷ വിധിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. അങ്ങനെ അല്ലായിരുന്നെങ്കില്‍ വീണ്ടും വീണ്ടും വന്ന ആ വ്യക്തിയോട്, ഇസ്‌ലാമില്‍ മതപരിത്യാഗത്തിനുള്ള ശിക്ഷ വധമാണെന്നും മുര്‍ത്തദ് ആയാല്‍ നിങ്ങള്‍ വധിക്കപ്പെടുമെന്നും നബി(സ) എന്തുകൊണ്ട് പറഞ്ഞില്ല. ഈ അഅ്‌റാബിയുടെ ആവര്‍ത്തിച്ചുള്ള വിശ്വാസത്യാഗത്തെ പ്രകടമാക്കലില്‍ നിന്നും അയാളുടെ നബി(സ)യുടെ അടുക്കലേക്ക് ആവര്‍ത്തിച്ചുള്ള വരവില്‍നിന്നും ഇയാള്‍ മതം വിട്ടുപോകുന്നതില്‍ നബി(സ) ശ്രദ്ധ കൊടുക്കാതിരുന്നതില്‍ നിന്നും സ്വഹാബത്തിനോട് വധത്തിനാഹ്വാനം നടത്താത്തതില്‍നിന്നും അവസാനം അയാള്‍ യാതൊരു എതിര്‍പ്പും കൂടാതെ മദീനയില്‍ നിന്നും രക്ഷപ്പെടുന്നതില്‍ നിന്നുമെല്ലാം വ്യക്തമാകുന്നത് ഇസ്‌ലാമില്‍ മതപരിത്യാഗിക്കു ശരീഅത്ത് പരമായി ഒരു ശിക്ഷയുമില്ലായിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

തുടര്‍ന്ന് നബി(സ) അയാളുടെ (മദീനയില്‍ നിന്നുള്ള) തിരിച്ചു പോക്കില്‍ ഒരു തരം സന്തോഷം പ്രകടിപ്പിച്ചതില്‍ നിന്നും, ശുദ്ധമായതില്‍ നിന്ന് മാലിന്യങ്ങളെ വേര്‍തിരിക്കുന്ന ഒരു തീചൂള പോലെയാണ് മദീനയെന്ന് പറഞ്ഞതില്‍ നിന്നും വ്യക്തമാകുന്നത്, ഒരാളെ ബലം പ്രയോഗിച്ച് ഇസ്‌ലാം മതത്തില്‍ പിടിച്ചു നിര്‍ത്തുന്ന തത്വത്തിന് എതിരാണ് നബി(സ) എന്നാണ്.

ഹുദൈബിയാ സന്ധിയിലെ രണ്ടാമത്തെ വ്യവസ്ഥ ഇതിന്റെ മറ്റൊരു തെളിവാണ്. അതനുസരിച്ച് മുസ്‌ലിംകളില്‍ ആരെങ്കിലും മുര്‍ത്തദ്ദായി മുശ്‌രിക്കുകളുടെ അടുത്തേക്ക് പോയാല്‍, മുശ്‌രിക്കുകളുള്‍ അവനെ തിരികെ (മുസ്‌ലിംകളിലേക്ക്) അയക്കുകയില്ല. മുര്‍ത്തദ്ദിനു വധശിക്ഷ ഇസ്‌ലാമിക നിയമത്തില്‍ നിശ്ചയിച്ചിരുന്നെങ്കില്‍, അവിടുന്ന് ഒരിക്കലും ഇത്തരം ശരീഅത്ത് വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുശ്‌രിക്കുകളുടെ ഈ വാക്കുകളെ അംഗീകരിക്കില്ലായിരുന്നുവെന്ന് ഈ വ്യവസ്ഥയില്‍ നിന്ന് വ്യക്തമാണ്.

ഇതുകൂടാതെയും നബി(സ)യുടെ കാലത്ത് പലരും ഇസ്‌ലാം മതത്തില്‍ നിന്ന് മുര്‍ത്തദ്ദായെങ്കിലും അവരെ നേരിട്ടത് കേവലം മുര്‍ത്തദ്ദായ കാരണത്താലല്ലെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളുണ്ട്. (മുസ്‌ലിംകള്‍ക്കെതിരെയുള്ള) പോരാട്ടത്തിലും കലാപത്തിലും ഏർപ്പെടാത്തതുവരെ അവര്‍ക്കെതിരെ യുദ്ധം ചെയ്തിരുന്നില്ല. ഈ വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെയും നിര്‍ദ്ദേശ ങ്ങളുടെയും വെളിച്ചത്തില്‍ മതപരിത്യാഗത്തിനുള്ള ശിക്ഷ വധമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ മതപരിത്യാഗത്തിന് വധശിക്ഷയല്ലെങ്കില്‍ പിന്നെന്തിനാണ് ഹദ്‌റത്ത് അബൂബക്കര്‍(റ) മതപരിത്യാഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് എന്ന ചോദ്യം ഉയരുന്നു. അദ്ദേഹത്തിന്റെ കാലത്തെ മുര്‍ത്തദ്ദുകള്‍, വെറും മുര്‍ത്തദ്ദുകള്‍ മാത്രമായിരുന്നില്ല; അവര്‍ രക്തച്ചൊരിച്ചിലുകള്‍ ആഗ്രഹിച്ചിരുന്ന കലാപകാരികളായിരുന്നു. മദീന രാജ്യത്തെ മാത്രം ആക്രമിച്ചുകൊണ്ട് മുസ്‌ലിംകളെ കൊല്ലാന്‍ ഭീകരമായ പദ്ധതികള്‍ തയ്യാറാക്കുക മാത്രമായിരുന്നില്ല അവര്‍ ചെയ്തത്, വ്യത്യസ്ഥ സ്ഥലങ്ങളില്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു നിര്‍ദാക്ഷിണ്യം കൊല്ലുകയായിരുന്നു.

ഇതുകാരണമായി പ്രതിരോധവും പ്രതികാരവും ആയിട്ടാണ് അവരോടു യുദ്ധം ചെയ്യേണ്ടിവന്നത്. തിന്മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മുഴുകിയിരുന്ന കുറ്റകൃത്യങ്ങള്‍ക്ക് അതേ രീതിയില്‍ ശിക്ഷകള്‍ കൊടുത്ത് വധിക്കുന്നതിനുള്ള കൽപ്പന നല്‍കിയതാണ്.

അല്ലാമാ ത്വബ്‌രി എഴുതുന്നു: ഹദ്‌റത്ത് അബൂബക്കര്‍(റ) അക്രമികളായ വിവിധ ഗോത്രങ്ങളെ പരാജയപ്പെടുത്തിയപ്പോള്‍ ബനൂ ദുബ്‌യാനും അബസും ഈ മുസ്ലിംകള്‍ക്കുമേല്‍ ആക്രമണം നടത്തി. അവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ വസിക്കുന്നവരായിരുന്നു. അവരെ എല്ലാ നിലക്കും വധിച്ചു. ഇവര്‍ക്കു പിറകെ മറ്റു ഗോത്രങ്ങളും ഇസ്‌ലാമില്‍ നിലനിന്നിരുന്നവരെ വധിക്കുകയുണ്ടായി.

സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാതാവായ അല്ലാമാ ഐനി എഴുതുന്നു, സകാത്ത് നല്‍കാന്‍ വിസമ്മതിച്ചവരോട് ഹദ്‌റത്ത് അബൂബക്കര്‍(റ) യുദ്ധം ചെയ്തത് അവര്‍ വാളുകൊണ്ട് സകാത്ത് തടഞ്ഞതുകൊണ്ടും മുസ്‌ലിം ഉമ്മത്തിനെതിരെ പോരാടിയതുകൊണ്ടും മാത്രമാണ്.

ഇമാം ഖത്താബി എഴുതിയിരിക്കുന്നു, മതപരിത്യാഗികളുടെ കൂട്ടത്തില്‍ ചേര്‍ന്നതുകൊണ്ടായിരുന്നു അവരെ മുര്‍ത്തദ്ദുകള്‍ എന്ന് വിളിച്ചിരുന്നത്. ഭരണകൂടത്തിനെതിരെ സായുധ കലാപം നടത്തിയതിനും ഭരണകൂടത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ചതിനും മുസ്‌ലിംകളെ കൊന്നതിനും ജീവനോടെ കത്തിച്ചതിനും വധശിക്ഷയ്ക്ക് അര്‍ഹരായവരാണ് ഇത്തരം മുര്‍ത്തദ്ദുകള്‍ എന്നാണ് ചരിത്ര പരാമര്‍ശങ്ങളുടെ സംഗ്രഹം.

ഏതുപോലെയെന്നാല്‍ ഖുര്‍ആന്‍ പറയുന്നു:

اِنَّمَا جَزٰٓؤُا الَّذِیۡنَ یُحَارِبُوۡنَ اللّٰہَ وَرَسُوۡلَہٗ وَیَسۡعَوۡنَ فِی الۡاَرۡضِ فَسَادًا اَنۡ یُّقَتَّلُوۡۤا اَوۡ یُصَلَّبُوۡۤا اَوۡ تُقَطَّعَ اَیۡدِیۡہِمۡ وَاَرۡجُلُہُمۡ مِّنۡ خِلَافٍ اَوۡ یُنۡفَوۡا مِنَ الۡاَرۡضِ ؕ ذٰلِکَ لَہُمۡ خِزۡیٌ فِی الدُّنۡیَا وَلَہُمۡ فِی الۡاٰخِرَۃِ عَذَابٌ عَظِیۡمٌ ﴿ۙ۳۴﴾

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതിനായി യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, അവരെ വധിക്കുകയോ, ക്രൂശിക്കുകയോ, അവരുടെ കൈകാലുകള്‍ വ്യത്യസ്ത ഭാഗത്തു നിന്നു ഛേദിച്ചുകളയുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുക മാത്രമാണ്. (5:34)

ബാക്കി കാര്യങ്ങള്‍ തുടര്‍ന്ന് വിശദീകരിക്കുന്നതാണ് ഇന്‍ശാഹ് അല്ലാഹ്.

ഖുത്ബയുടെ അവസാനത്തില്‍ ഹുസൂര്‍ തിരുമനസ്സ് ജമാഅത്തിന്റെ മുറബ്ബിയായി വിരമിച്ച, നിലവില്‍ യുഎസ്എയില്‍ താമസിക്കുന്ന ബഹുമാന്യനായ മുഹമ്മദ് ബശീര്‍ ശാദ് സാഹിബ്, സിയാല്‍കോട്ടിലെ റാണ മുഹമ്മദ് സിദ്ദിഖ് സാഹിബ്, ഇസ്‌ലാമാബാദിലെ ഡോക്ടര്‍ മഹ്‌മൂദ് അഹ്‌മദ് ഖ്വാജ സാഹിബ് എന്നിവരെ അനുസ്മരിക്കുകയും അവരുടെ ജമാഅത്തീ സേവനങ്ങളെ പരാമര്‍ശിക്കുകയും ചെയ്തുകൊണ്ട് ജനാസാ ഗാഇബ് നമസ്‌കരിക്കുന്നതാണെന്നു വിളംബരപ്പെടുത്തുകയുണ്ടായി.