തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,
ഹദ്‌റത്ത് ഉമര്‍(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അദ്ദേഹം ഖളാ വകുപ്പ് വ്യവസ്ഥാപിതമായ നിലയില്‍ സ്ഥാപിക്കുകയുണ്ടായി. അതുപോലെ എല്ലാ ജില്ലകളിലും കോടതികള്‍ സ്ഥാപിക്കുകയും ഖാളിമാരെ നിയമിക്കുകയും ചെയ്തു. കര്‍മശാസ്ത്ര പണ്ഡിതന്മാരെ ആയിരുന്നു ഖാളിമാരായി തിരഞ്ഞെടുത്തിരുന്നത്. അവരെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് വലിയ ശമ്പളവും നിശ്ചയിച്ചിരുന്നു. മറ്റുള്ളവരുടെ സ്വാധീനത്തില്‍ അകപ്പെടാതിരിക്കാനായി ധനികരും ആദരണീയരുമായ വ്യക്തികളെയായിരുന്നു ഖാളിമാരായി നിയമിച്ചിരുന്നത്. ഹദ്‌റത്ത് ഉമര്‍ സമത്വവും നീതിയും വളരെയധികം മുറുകെ പിടിച്ചിരുന്നു. ഏതുവരെ എന്നാല്‍ ഹദ്‌റത്ത് ഉബൈ ബിന്‍ കഅബും അദ്ദേഹവും തമ്മില്‍ ഒരു പ്രശ്‌നം ഉണ്ടായി. ആ കേസ് ഹദ്‌റത്ത് സയ്ദ് ബിന് സാബിത്തിന്റെ കോടതിയിലെത്തി. ഇരു കക്ഷികളെയും കോടതിയിലേക്ക് വിളിപ്പിച്ചു. ഹദ്‌റത്ത് ഉമര്‍ വന്നപ്പോള്‍ അദ്ദേഹത്തെ ബഹുമാനിക്കാന്‍ ആയി ഹദ്‌റത്ത് സയ്ദ് തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തു. അപ്പോള്‍ അദ്ദേഹം ഇത് താങ്കളുടെ ഭാഗത്തു നിന്നുണ്ടായ ആദ്യത്തെ അനീതിയാണ് എന്നും പറഞ്ഞു കൊണ്ട് ഹദ്‌റത്ത് ഉബൈ ബിന്‍ കഅബിന്റെ അടുത്ത് ചെന്നിരുന്നു.
ഇക്കാര്യത്തിനായി ഹദ്‌റത്ത് ഉമര്‍, ഹദ്‌റത്ത് അലി, ഹദ്‌റത്ത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, ഹദ്‌റത്ത് അബ്ദുര്‍ റഹ്മാന്‍ ബിന്‍ ഔഫ്, ഹദ്‌റത്ത് സെയ്ദ് ബിന്‍ സാബിത്ത്, ഹദ്‌റത്ത് അബൂഹുറൈറ ഹദ്‌റത്ത് അബുദര്‍ദാ (റിദ് വാനുല്ലാഹി അലൈഹിം അജ്മഈന്‍) എന്നിവരെ നാമനിര്‍ദേശം ചെയ്യുകയും ഇവര്‍ക്കു പുറമേ ആര്‍ക്കും തന്നെ ഫത്‌വ നല്കാനുള്ള അനുമതിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ് പറയുന്നു, ഹദ്‌റത്ത് ഉമറിന്റെ കാലഘട്ടത്തില്‍ ഹദ്റത്ത് അബ്ദുല്ലാഹിബ്‌നു മസ്ഊദ് ആണെന്ന് തോന്നുന്നു, ഒരു പ്രൗഢനായ സഹാബി ജനങ്ങള്‍ക്ക് ഒരു ദീനി വിഷയം പറഞ്ഞു കൊടുത്തു. അതെ കുറിച്ച് ഹദ്‌റത്ത് ഉമറിന് അറിയാന്‍ ഇടവന്നപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ അക്കാര്യത്തെക്കുറിച്ച് ആ സ്വഹാബിയെ ചോദ്യം ചെയ്തു. അദ്ദേഹം ചോദിച്ചു, താങ്കള്‍ അമീര്‍ ആണോ അതോ ഏതെങ്കിലും അമീര്‍ ഫത്‌വ നല്കാനായി താങ്കളെ നിശ്ചയിച്ചതാണോ? കാര്യമെന്തെന്നാല്‍ എല്ലാ വ്യക്തികള്‍ക്കും ഫത്‌വ നല്കാനുള്ള അര്‍ഹത ലഭിച്ചാല്‍ അതുമൂലം ഒരുപാട് പ്രയാസങ്ങള്‍ ഉണ്ടാകുന്നതാണ്. ഒരുപാട് ഫത്‌വകള്‍ അങ്ങനെ മറ്റുള്ളവര്‍ക്ക് പരീക്ഷണത്തിന് ഹേതുവായി തീരുന്നതാണ്.
ഹദ്‌റത്ത് ഉമര്‍ രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താനും മാര്‍ക്കറ്റിന് മേല്‍നോട്ടം വഹിക്കാനും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചു. അതുപോലെ വ്യവസ്ഥാപിതമായ നിലയില്‍ ജയിലറകളും പണിതു. ഹിജ്‌റ വര്‍ഷം 15 ബഹ്‌റൈനില്‍ നിന്നും അഞ്ച് ലക്ഷം രൂപ വന്നപ്പോള്‍ ഹദ്‌റത്ത് ഉമര്‍ സ്വഹാബാക്കളോട് കൂടിയാലോചിച്ച് ബൈത്തുല്‍മാല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. ഹദ്‌റത്ത് അബ്ദുല്ലാഹ് ബിന്‍ അര്‍ഖമിനായിരുന്നു ഖജനാവിന്റെ മേല്‍നോട്ട ചുമതല. ഹദ്‌റത്ത് ഉമര്‍ പൊതുവേ കെട്ടിടനിര്‍മാണത്തില്‍ മിതവ്യയം ചെയ്യുന്ന വ്യക്തി ആയിരുന്നു. എന്നിട്ടും അദ്ദേഹം ബൈത്തുല്‍മാലിനു വേണ്ടി ഒരു പ്രൗഢഗംഭീരമായ കെട്ടിടം തന്നെ പണികഴിപ്പിക്കുകയും അതിന്റെ സുരക്ഷക്കായി പാറാവുകാരെ നിശ്ചയിക്കുകയും ചെയ്തു.
ഒരിക്കല്‍ അത്യുഷ്ണ കാലാവസ്ഥയില്‍ ഹദ്‌റത്ത് ഉസ്മാന്‍ അദ്ദേഹം സ്വതന്ത്രനാക്കിയ അടിമയോടൊപ്പം നജദിന്റെ ഭാഗത്തുള്ള ആലിയ എന്ന താഴ്‌വരയില്‍ ചെന്നു. അവിടെ ഒരു വ്യക്തി രണ്ട് യുവ ഒട്ടകങ്ങളെ തെളിച്ചുകൊണ്ട് വരുന്നതായി കണ്ടു. അപ്പോള്‍ ഹദ്‌റത്ത് ഉസ്മാന്‍ പറഞ്ഞു, ഈ വ്യക്തിക്ക് ഇതെന്തുപറ്റി? മദീനയില്‍ തന്നെ നിന്ന് കാലാവസ്ഥ കുറച്ച് തണുത്തശേഷം പുറപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ. ആ വ്യക്തി അടുത്തെത്തിയപ്പോള്‍ അത് അമീറുല്‍ മുഅ്മിനീന്‍ ഹദ്‌റത്ത് ഉമര്‍ ബിന്‍ ഖത്താബാണ് എന്ന് മനസ്സിലായി. ഹദ്‌റത്ത് ഉമര്‍ പറയുകയുണ്ടായി, സ്വദഖയുടെ ഒട്ടകങ്ങളില്‍ രണ്ടെണ്ണം മാത്രം പിറകിലായി. ഇവ നഷ്ടപ്പെട്ടു പോകുകയും ദൈവം എന്നോട് അതിനെക്കുറിച്ച് വിചാരണ ചെയ്യുകയും ചെയ്താലോ എന്ന് ഭയന്നതു കൊണ്ടാണ് ഞാന്‍ ഇവയെ വേഗം കൊണ്ടുപോകുന്നത്. അപ്പോള്‍ ഹദ്‌റത്ത് ഉസ്മാന്‍ പറഞ്ഞു അല്‍ ഖവിയ്യുല്‍ അമീന്‍ അഥവാ സുശക്തനും വിശ്വസ്തനുമായ വ്യക്തിയെ കാണണമെങ്കില്‍ ഇദ്ദേഹത്തെ നോക്കുക.
മറ്റൊരു നിവേദനത്തില്‍ വന്നിരിക്കുന്നു, ഉമര്‍ ബിന്‍ നാഫി അബൂബക്കര്‍ ഈസയില്‍ നിന്നും നിവേദനം ചെയ്യുന്നു. പറയുന്നു, ഞാന്‍ ഹദ്‌റത്ത് ഉമര്‍ ബിന്‍ ഖത്താബ്, ഹദ്‌റത്ത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, ഹദ്‌റത്ത് അലി ബിന്‍ അബീ താലിബ് എന്നിവരോടൊപ്പം ഒരിക്കല്‍ സ്വദഖ വിതരണം ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നു. ഹദ്‌റത്ത് ഉസ്മാന്‍ തണലില്‍ മാറിയിരിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ഹദ്‌റത്ത് അലി, ഹദ്‌റത്ത് ഉമര്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയാനായി നില്ക്കുന്നുണ്ടായിരുന്നു. കൊടും ചൂടിന്റെ നാളുകള്‍ ആയിരുന്നിട്ടും പെരും വെയിലില്‍ ഹദ്‌റത്ത് ഉമര്‍ നില്പായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് രണ്ട് കറുത്ത ശീലകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്ന് അദ്ദേഹം അരയില്‍ ചുറ്റുകയും മറ്റൊന്ന് തലയിലിടുകയും ചെയ്തിരുന്നു. അദ്ദേഹം ഒട്ടകങ്ങളെ പരിശോധിക്കുകയായിരുന്നു. അവയുടെ നിറവും പ്രായവും എഴുതുകയായിരുന്നു. ഹദ്‌റത്ത് ഉസ്മാനോട് ഹദ്‌റത്ത് അലി പറഞ്ഞു, ദൈവഗ്രന്ഥത്തില്‍ താങ്കള്‍ ഹദ്‌റത്ത് ശുഹൈബിന്റെ മകളുടെ ഈ വചനം കേട്ടിരുന്നുവോ?
ഇന്ന ഖയ്‌റ മനിസ്ത്തഅ്ജര്‍ത്തല്‍ ഖവിയ്യുല്‍ അമീന്‍,
നിശ്ചയമായും ആരെ സേവകനായി വച്ചാലും അവരില്‍ ഏറ്റവും ഉത്തമന്‍ സുശക്തവും വിശ്വസ്തനുമായ ആളായിരിക്കും. എന്നിട്ട് ഹദ്‌റത്ത് അലി ഹദ്‌റത്ത് ഉമറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. അല്‍ ഖവിയ്യുല്‍ അമീന്‍ ഇദ്ദേഹം തന്നെയാണ്.
മറ്റൊരു സംഭവം ഇപ്രകാരമാണ്, ഹദ്‌റത്ത് ഉമര്‍ ബൈത്തുല്‍മാലില്‍ നിന്നും ധനം വിതരണം ചെയ്യുകയായിരു ന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു മകള്‍ അവിടെ വന്നു. അവിടെയുള്ള ഒരു ദിര്‍ഹം വായിലിട്ടു. ഹദ്‌റത്ത് ഉമര്‍ വായില്‍ വിരലിട്ടു കൊണ്ട് അത് പുറത്തെടുത്തു. എന്നിട്ട് പറഞ്ഞു അല്ലയോ ജനങ്ങളെ ഉമറും കുടുംബത്തിനും അത് എത്ര അടുത്ത ബന്ധുക്കള്‍ ആയാലും ശരി സാധാരണ മുസ്‌ലിങ്ങളുടെ അതേ അവകാശം മാത്രമേയുള്ളൂ.
അതുപോലെ മറ്റൊരു സന്ദര്‍ഭത്തില്‍ ഹദ്‌റത്ത് അബു മൂസ ബൈത്തുല്‍ മാലില്‍ അടിച്ചു വാരുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് അവിടെ നിന്നും ഒരു ദിര്‍ഹം കിട്ടി. യാദൃശ്ചികമായി അതുവഴി ഹദ്റത്ത് ഉമറിന്റെ കുഞ്ഞു മകന്‍ വന്നു. അബു മൂസാ ആ കുട്ടിക്ക് ആ ദിര്‍ഹം നല്‍കി. ഹദ്‌റത്ത് ഉമര്‍ കുട്ടിയോട് ഇത് എവിടെ നിന്നാണ് കിട്ടിയത് എന്ന് ചോദിച്ചറിഞ്ഞു. എന്നിട്ട് അബു മൂസയുടെ അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു, അല്ലയോ അബു മൂസാ! താങ്കളുടെ വീക്ഷണത്തില്‍ മദീനാവാസികളില്‍ ഏറ്റവും തരംതാണ കുടുംബം ഹദ്‌റത്ത് ഉമറിന്റെതാണോ? ഈ ഒരു അതിക്രമത്തെക്കുറിച്ച് മുഹമ്മദിന്റെ(സ) ഉമ്മത്തില്‍ ഒരാളു പോലും ഒഴിയാതെ ഞങ്ങളെ ചോദ്യം ചെയ്യണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്?
ഹദ്‌റത്ത് ഉമര്‍ പൊതു ജനക്ഷേമാര്‍ഥം ജനങ്ങള്‍ക്ക് ജലം ലഭിക്കുന്നതിനുവേണ്ടി കനാലുകള്‍ തീര്‍ക്കുകയുണ്ടായി. ഹിജ്‌റ വര്‍ഷം 18 ന് കൊടും വരള്‍ച്ച നേരിട്ടപ്പോള്‍ ഹദ്‌റത്ത് ഉമറിന്റെ നിര്‍ദേശപ്രകാരം ഹദ്‌റത്ത് അംര്‍ബിനില്‍ ആസ് ഫുസ്താത്തില്‍ നിന്നും ഖുല്‍സും കടല്‍ വരെ ഒരു കനാല്‍ പണിതു. അത് മുഖേന കപ്പലുകള്‍ മദീനയുടെ ജദ്ദ തുറമുഖം വരെ വരുമായിരുന്നു. അതുപോലെ ഹദ്‌റത്ത് ഉമര്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ഥം മസ്ജിദുകള്‍, കോടതികള്‍, കണ്ടോണ്‍മെന്‍റുകള്‍, ബാരക്കുകള്‍, റോഡുകള്‍, പാലങ്ങള്‍, അതിഥി മന്ദിരങ്ങള്‍, ചെക്ക് പോസ്റ്റുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചു.
ഗ്രേഡ് അനുസരിച്ച് പട്ടാളക്കാര്‍ക്ക് ശമ്പളം നിശ്ചയിച്ചു. പട്ടാളസംവിധാനം ക്രമീകരിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അധിനിവേശപ്രദേശങ്ങളില്‍ പട്ടാളക്കാര്‍ കൃഷിയോ കച്ചവടമോ തൊഴിലായി സ്വീകരിക്കരുതെന്ന് അദ്ദേഹം താക്കീത് ചെയ്തിരുന്നു. ഇന്ന് മുസ്‌ലിം രാഷ്ട്രങ്ങളില്‍ പട്ടാളക്കാര്‍ കച്ചവടങ്ങളില്‍ വ്യാപൃതരാണ്. മാത്രവുമല്ല ഒരു രാജ്യത്തെ കുറിച്ച് പറയുന്നത് അവിടെ കമ്മീഷന്‍ ചെയ്തു കിട്ടിയ ഉടനെ ഓഫീസര്‍ നോക്കുന്നത് എവിടെയൊക്കെ പ്ലോട്ട് അലോട്ട് ആയി കിടക്കുന്നു എന്നാണ്. ഇത്തരത്തില്‍ അവരുടെ പട്ടാളപരമായ കഴിവുകള്‍ കുറഞ്ഞു വരുന്നതാണ്.
ഹദ്റത്ത് ഉമറിന്റെ ഖിലാഫത്ത് കാലഘട്ടത്തില്‍ ഉഷ്ണ മേഖലകളിലോ ശൈത്യ മേഖലകളിലോ യുദ്ധ നീക്കം നടത്തുമ്പോള്‍ അവിടെയുള്ള കാലാവസ്ഥ പരിഗണിച്ചിരുന്നു. പട്ടാളക്കാരെ കാഠിന്യ പ്രകൃതരാക്കുകയും യുദ്ധ സാമഗ്രികള്‍ നല്കുകയും ചെയ്തിരുന്നു ഇസ്ലാമിക ഭരണകൂടത്തിന് കീഴില്‍ അന്യ സമുദായങ്ങളില്‍ ഉള്ളവര്‍ക്കും ഉന്നത ഔദ്യോഗിക പദവികള്‍ നല്കിയിരുന്നു. ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) പറയുന്നു, ഹദ്‌റത്ത് ഉമര്‍ സൈനിക കാര്യങ്ങള്‍ക്ക് എത്രത്തോളം വൈപുല്യം നല്കി എന്നാല്‍ അതില്‍ നിന്നും അന്യസമുദായക്കാരെയോ അന്യരാജ്യക്കാരെയോ പോലും മാറ്റി നിര്‍ത്തിയിരുന്നില്ല. വളണ്ടിയര്‍ ഫോഴ്‌സില്‍ അഗ്‌നിപൂജകരും ബിംബാരാധകരും ഉണ്ടായിരുന്നു. ഹദ്‌റത്ത് ഉമര്‍ തന്റെ ഖിലാഫത്തില്‍ അന്യസമുദായക്കാരെ യുദ്ധ ഓഫീസറുമാരായി പോലും നിശ്ചയിച്ചിരുന്നെന്ന് ചരിത്രത്തില്‍ നിന്നും തെളിയുന്നുണ്ട്.
സാധനങ്ങള്‍ക്ക് അന്യായമായി വില കുറയ്ക്കുന്നതിനെ ഹദ്‌റത്ത് ഉമര്‍ ശക്തമായി വിലക്കിയിരുന്നു. ഹദ്‌റത്ത് മുസ്‌ലിഹ് മൗഊദ്(റ) പറയുന്നു, ഇസ്‌ലാം അന്യായമായ നിലയില്‍ വില കൂട്ടുന്നതും, മറ്റുള്ളവര്‍ക്ക് നഷ്ടം വരുത്തും വിധം വില കുറയ്ക്കുന്നതും ഒരുപോലെ നിഷിദ്ധമാക്കിയിരന്നു. ഹദ്‌റത്ത് ഉമര്‍ വിദ്യാഭ്യാസ സംവിധാനത്തിനും വളരെയധികം അഭിവൃദ്ധി നല്കി. എല്ലാ രാജ്യങ്ങളിലും മദ്രസകള്‍ സ്ഥാപിച്ചു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയവ പഠിപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കി. വിദ്യാഭ്യാസ ശിക്ഷണ കാര്യങ്ങള്‍ക്കായി മുതിര്‍ന്ന സഹാബാക്കളെ നിയമിച്ചിരുന്നു. അധ്യാപകര്‍ക്ക് വേതനവും നിശ്ചയിച്ചിരുന്നു.
ഹിജ്‌റ കലണ്ടര്‍ നിലവില്‍ വന്നതും ഹദ്‌റത്ത് ഉമറിന്റെ കാലഘട്ടത്തിലാണ്. റസൂല്‍ കരീം(സ) മദീനയിലേക്ക് ഹിജ്‌റത്ത് ചെയ്തുവന്ന മുതലാണ് അതിന്റെ വര്‍ഷാരംഭം. ഈ കലണ്ടറിന്റെ പ്രാരംഭത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ചിലര്‍ ഹിജ്‌റ വര്‍ഷം പതിനാറിനാണ് ഇത് ആരംഭിച്ചത് എന്നു പറയുന്നു. ചിലരുടെ അഭിപ്രായത്തില്‍ അത് ഹിജ്‌റ വര്‍ഷം പതിനേഴാണ്. മറ്റു ചിലര്‍ ഹിജ്‌റ വര്‍ഷം പതിനെട്ടെന്നും ഒരു കൂട്ടര്‍ ഇരുപത്തിയൊന്നെന്നും കണക്കാക്കുന്നു .
ഇസ്‌ലാമിക നാണയം നിലവില്‍ വന്നതിനെക്കുറിച്ച് പൊതുവെ ചരിത്രകാരന്മാര്‍ പറയുന്നത് അബ്ദുല്‍ മാലിക് ബ്‌നു മര്‍വാന്‍ ആണ് അത് തുടങ്ങിയതെന്നാണ്. എന്നാല്‍ മദീനയിലെ ചില ചരിത്രകാരന്മാര്‍ പറയുന്നത് ഇസ്‌ലാമിക നാണയം ഹദ്‌റത്ത് ഉമറിന്റെ കാലഘട്ടത്തിലാണ് പ്രാബല്യത്തില്‍ വന്നതെന്നാണ്. അല്‍ഹംദുലില്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു എന്നിങ്ങനെ പലതിലും മുദ്രണം ചെയ്യപ്പെട്ടിരുന്നു. ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവുമാദ്യം ഇസ്‌ലാമിക നാണയം ഡമാസ്‌കസില്‍ ഹിജ്‌റ വര്‍ഷം 17-നാണ് പ്രാബല്യത്തില്‍ വന്നത്. ഹദ്‌റത്ത് ഉമര്‍ തന്റെ ഖിലാഫത്ത് കാലഘട്ടത്തില്‍ തുടക്കം കുറിച്ച സംരംഭങ്ങളെ ചരിത്രകാരന്മാര്‍ അവ്വലിയാത്തെ ഫാറൂഖി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലാമ ശിബ്‌ലി നുഅ്മാനി തന്റെ ഗ്രന്ഥമായ അല്‍ ഫാറൂഖില്‍ നാല്പതില്‍ പരം ഇത്തരം സംരംഭങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്നിട്ടദ്ദേഹം ഇതിലും കൂടുതല്‍ കാര്യങ്ങള്‍ക്ക് ഹദ്‌റത്ത് ഉമര്‍ തുടക്കം കുറിച്ചിട്ടുണ്ട് എങ്കില്‍ കൂടിയും വിഷയ ദൈര്‍ഘ്യം കാരണം ചുരുക്കുന്നു എന്നാണ് എഴുതിയിട്ടുള്ളത്.
ഹദ്‌റത്ത് ഉമറിനെ കുറിച്ചുള്ള വിവരണം തുടരുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഹുസൂര്‍ തിരുമനസ്സ് ആറ് മര്‍ഹൂമീങ്ങളെ കുറിച്ചുള്ള അനുസ്മരണം നടത്തുകയും അവരുടെ ജനാസ നമസ്‌കരിപ്പിക്കും എന്ന് അറിയിക്കുകയും ചെയ്തു. സിസ്‌വോയോ സുര്‍പിതോ ഹാദി സാഹിബ് ഓഫ് ഇന്തോനേഷ്യ, ചൗധരി ബശീര്‍ അഹ്മദ് ഭട്ടി സാഹിബ്, ഹമീദുല്ലാഹ് ഖാദിം മുല്ഹി സാഹിബ് റബ്‌വ, മുഹമ്മദ് അലി ഖാന്‍ സാഹിബ് പിശാവര്‍, മഹ്ദി ലത്തീഫ് സാഹിബ് അമേരിക്ക, ഫയ്‌സാന്‍ അഹ്മദ് സമീര്‍ സാഹിബ് എന്നിവരുടെ മഗ്ഫിറത്തിനും കാരുണ്യത്തിനും ആത്മീയമായ ഉന്നത പദവികള്‍ക്കും വേണ്ടി ഹുസൂര്‍ തിരുമനസ്സ് ദുആ ചെയ്തു.