10-09-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,

ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്തു കാലത്തു നടന്ന യുദ്ധങ്ങളെക്കുറിച്ചായിരുന്നു വിവരിച്ചിരുന്നുത്. ഹദ്റത്ത് അബൂബക്കർ(റ)ന്റെ ഖിലാഫത്തു കാലത്ത് ഡമാസ്കസ് ഉപരോധം മാസങ്ങളോളം നീണ്ടുനിന്നു. ഹദ്റത്ത് അബൂബക്കർ(റ)ന്റെ വഫാത്തിനു ശേഷം ഇസ്ലാമിന് വിജയം ലഭിച്ചു. അത് അബൂബക്കർ(റ)ന്റെ കാലഘട്ടമായതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ അതേക്കുറിച്ച് വിശദീകരിക്കുന്നതാണ്. ഇൻശാ അല്ലാഹ്.

ഡമാസ്കസ് വിജയശേഷമുള്ള സംഭവങ്ങളെക്കുറിച്ച് ഇന്ന് പറയുന്നതാണ്. ഡമസ്കസ് വിജയത്തിത്തിനു ശേഷം ഹദ്റത്ത് അബൂ ഉബൈദാ(റ) ഹദ്റത്ത് ഖാലിദുബ്നു വലീദിനെ ബിഖാഅ് ദൗത്യത്തിനായി നിയോഗിച്ചയച്ചു. അവിടെ വിജയിച്ചശേഷം ഹദ്റത്ത് ഖാലിദ്(റ) മേസനൂൻ എന്ന അരുവിയിലേക്ക് ഒരു സൈനിക സംഘത്തെ അയച്ചു. റോമാക്കാരുടെ ഒരു സൈനിക സംഘം മുസ്ലിംകളെ പിന്തുടർന്ന് ആക്രമിക്കുകയും അതിൽ നിവരധി മുസ്ലിംകൾ ശഹീദാകുകയും ചെയ്തു. ആ ശുഹദാക്കളുമായി ബന്ധപ്പെടുത്തി ആ അരുവിക്ക് ഐനുശ്ശുഹദാഅ്(ശുഹദാക്കളുടെ നീരുറവ) എന്ന് പേരുവന്നു.

ഹദ്റത്ത് അബൂഉബൈദ(റ) യസീദുബ്നു അബൂസുഫിയാനെ ഡമാസ്കസിൽ പ്രതിനിധിയായി നിയോഗിച്ചു. അദ്ദേഹം ജെദുബ്നു ഖലീഫയെ തദ്മുറിലേക്കും അബൂസുഹ്റാ ഖുഷെരിയെ സനിയ്യായിലേക്കും ഹവാറനിലേക്കും അയ്യച്ചു. അവിടെയുള്ളവർ സന്ധിയിലേർപ്പെടുകയാണ് ചെയ്തത്. ഹദ്റത്ത ശുറഹ്ബീലുബ്നു ഹസനാ(റ) ജോർദാനിലേക്കും യുദ്ധം ചെയ്യാൻ നിർബന്ധിതനാകുകയും അങ്ങനെ ജോർദാന്റെ തലസ്ഥാനമായ ത്വബ്രിയയെ കൂടാതെയുള്ള മുഴുവൻ പ്രദേശങ്ങളും അധീനതയിലാക്കുകയും ചെയ്തു. ഹദ്റത്ത ഖാലിദ്(റ) ബിഖാ വിജയിച്ച് മടങ്ങിവന്നു.

ഫഹൽ വിജയം: ഇത് ഹിജിരി 14ന് ആണ് നടന്നത്. ഹെറാക്ലിസ് ഹോംസിൽ നിന്നുകൊണ്ട് ഡമാസ്കസ് സൈന്യത്തെ അയക്കുന്നുണ്ടെന്ന് ഹദ്റത്ത് അബൂ ഉബൈദ(റ) ഹദ്റത്ത് ഉമർ(റ)നെഴുതി. അപ്പോൾ ഹദ്റത്ത് ഉമർ(റ) പറഞ്ഞു; ഡമാസ്കസ് ഇറാനിന്റെ കോട്ടയും ഹൃദയനഗരവുമാണ് ആദ്യം അത് കീഴടക്കുക. അതോടൊപ്പം ഫിഹലിലേക്കും സൈന്യത്തെ അയക്കുക. മുസ്ലിംകളുടെ ആ നീക്കത്തെക്കുറിച്ചറിഞ്ഞ റോമൻ സൈന്യം തങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളം തുറന്നുവിട്ടു. അതോടെ മാർഗങ്ങൾ തടസ്സപ്പെട്ടു.

ഹെറാ ക്ലിസിന്റെ സഹായക സൈന്യത്തിനും ഡമാസ്കസിലേക്ക് എത്തിച്ചേരാൻ സാധിച്ചില്ല. മറുവശത്ത് മുസ്ലിം സൈന്യമാണെങ്കിൽ ഇതെല്ലാം കണ്ടുകൊണ്ടും സ്ഥൈര്യത്തോടെ നിലകൊണ്ടു. അതുകണ്ട് ക്രിസ്ത്യാനികൾ സന്ധിയിലേർപ്പെട്ടു. എന്നാൽ റോമാക്കരുടെ കാർക്കശ്യവും അഹങ്കാരവും കാരണമായി ഹദ്റത്ത് മആദുബ്നു ജബൽ(റ)ന്റെ സന്ധിസംഭാഷണവും ഹദ്റത്ത് അബൂഉബൈദ(റ)യുടെ നേരിട്ടുള്ള ഇടപെടലും, രണ്ടും നിഷ്ഫലമായി. യുദ്ധം നീങ്ങിക്കിട്ടിയില്ല.

‌ചരിത്രത്തിൽ റോമൻ സൈന്യത്തിന്റെ അംഗസംഖ്യയെകുറിച്ച് അമ്പതിനായിരം മുതൽ ഒരുലക്ഷം എന്നൊക്കെയാണ് വന്നിട്ടുള്ളത്. യുദ്ധം ആരംഭിച്ചുകഴിഞ്ഞപ്പോൾ മുസ്ലിംകളുടെ സ്ഥൈര്യം കണ്ട റോമൻ സൈന്യാധിപൻ തിരിച്ചുപോകാൻ ആഗ്രഹിച്ചു. എന്നാൽ ഹദ്റത്ത് ഖാലിദ്(റ)ന്റെ വെല്ലുവിളി കേട്ട മുസ്ലിം സൈന്യം പോരാടി റോമൻ സൈന്യത്തെ നിലം പരിശാക്കി.

ക്രിസ്ത്യൻ സൈന്യം സഹായ പ്രതീക്ഷയിൽ യുദ്ധം വെകിപ്പിക്കുകയായിരുന്നു. എന്നാൽ ഹദ്റത്ത് ഖാലിദ്(റ)ന്റെ നിർദ്ദേശ പ്രകാരം ഹദ്റത്ത് ഉബെദാ(റ) അടുത്ത ദിവസം വരെ യുദ്ധം തുടർന്നു. അന്ന് ഒരു മണിക്കൂർ നേരം ഘോരയുദ്ധം നടന്നു. റോമൻ സൈന്യത്തിന്റെ കാലിടറുകയും അവർ തോറ്റോടുകയും ചെയ്തു. ഹദ്റത്ത് ഉമർ(റ)ന്റെ കല്പനപ്രകാരം തദ്ദേശവാസികളുടെ ജീവനും സ്വത്തും ഭൂമിയും വീടുകളും ആരാധനാലയങ്ങളും എല്ലാം അവർക്കു തന്നെ നൽകി. പള്ളികൾ നിർമ്മിക്കുവാൻ വേണ്ടി മാത്രമാണ് സ്ഥലമെടുത്തത്.

ബേസാൻ, ത്വബിരിയ വിജയങ്ങൾ:- ജോർദാനിലെ പ്രദേശങ്ങളിൽ റോമാക്കാരുടെ പതനത്തെക്കുറിച്ചുള്ള വാർത്ത പരന്നിരുന്നു. ശുറഹ്ബീലും കൂട്ടാളികളും ബയ്സാനിലേക്കുള്ള നീങ്ങുന്നുവെന്നറിഞ്ഞ ജനങ്ങൾ കോട്ടയടച്ചു സുരക്ഷിതരായി. കുറച്ചു ദിവസത്തെ ഉപരോധത്തിനും ചെറിയ ഏറ്റുമുട്ടലിനും ശേഷം ബെയ്സാൻകാരുമായി സമാധാന സന്ധിയിലേർപ്പെട്ടു. അതുപോലെതന്നെ ത്വിബ്രിയക്കാരും സന്ധിക്കായി ആവശ്യപ്പെടുകയും അതംഗീകരിക്കപ്പെടുകയും ചെയ്തു.

ഹോംസ് വിജയം (ഹിജ്രി 14):- ഹദ്റത്ത് അബൂ ഉബൈദ(റ)യും ഹദ്റത്ത് ഖാലിദുബ്നു വലീദും(റ) ഹോംസ് ഉപരോധിച്ചപ്പോൾ അതിശൈത്യത്തിന്റെ ദിനങ്ങളായിരുന്നു. മുസ്ലിം ശൈന്യത്തിന് തണുപ്പിനെ പ്രതിരോധിക്കുവാനുള്ള സാമഗ്രികളൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ മുസ്ലിം സൈന്യത്തിന് തുറന്ന മൈതാനത്ത് കൂടുതൽ നേരം യുദ്ധം ചെയ്യാനാകില്ലെന്ന് റോമാക്കാർ ഉറപ്പാക്കിയിരുന്നു.

ഹോംസിനെ സഹായിക്കുന്നതിനായി ഹിർഖൽ ഒരു സൈന്യത്തെ അയച്ചു. എന്നാൽ സഅദുബ്നു അബീവഖാസ് ഇറാഖിൽ വച്ചുതന്നെ മുഖാമുഖം കാണുകയും തടയുകയും ചെയ്തു. ഹെറാക്ലിസ്, ഹോംസിന് സഹായവാഗ്ദാനമായി റുഹായിലേക്ക് പുറപ്പെട്ടു. മുസ്ലിംകളുടെ സ്ഥൈര്യം കണ്ടുകൊണ്ട് സന്ധിയിലേക്ക് തുനിയുകയും ടാക്സും ജിസ്യയും നൽകി സന്ധി ചെയ്തു.

മർജ്റൂം സംഭവം ഇതേ വർഷം തന്നെയാണ് ഉണ്ടായത്. ഹദ്റത്ത് അബൂ ഉബൈദയും, ഹദ്റത്ത് ഖാലിദും(റ) ദുൽഖലാഅ് എന്ന സ്ഥലത്ത് തമ്പടിച്ചു. ഹെറാക്ലിസിന് ആ വിവരം ലഭിച്ചപ്പോൾ ഏറ്റുമുട്ടുന്നതിനായി തൂദരായെ അയച്ചു. അങ്ങനെ മറജുറൂമിലെത്തിയപ്പോൾ ശനസ് റൂമിയും അവിടെയെത്തിച്ചേർന്നു. ഒരു രാത്രിയിൽ തൂദരാ അവിടെ നിന്നും സ്ഥലം വിട്ടപ്പോൾ ഹദ്റത്ത് ഖാലിദ്(റ) അവരെ പിന്തുടർന്നു.

മറുവശത്ത് തൂദരായുടെ ചലനത്തെക്കുറിച്ച് അറിവ് ലഭിച്ച യസീദുബ്നു അബൂസുഫിയാൻ മുന്നിൽ നിന്നും അയാളെ തടഞ്ഞു. അങ്ങനെ ഇരുവശത്തുനിന്നും മുസ്ലിംകൾ തൂദരായെ വളഞ്ഞു. മൃതദേഹങ്ങൾ കുമിഞ്ഞുകൂടി. മറുവശത്ത് അബുഉബൈദ(റ) ശനസിനോട് ഏറ്റുമുട്ടി മർജ്റൂം വിജയിച്ചു. തുടർന്ന് ഹദ്റത്ത് അബൂഉബൈദ(റ) ഹമാത്ത്, ശേസർ, സലമിയ എന്നിവ വിജയിക്കുകയും അതിനു ശേഷം സിറിയയിലെ തീര ദേശനഗരമായ ലാസ്ഖിയയിലേക്കു തിരിയുകയും ചെയ്തു.

ഹിജ്രി 14ന് ആണ് ലാസ്ഖിയ വിജയമുണ്ടായത്. അവിടെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി ഹദ്റത്ത് അബൂഉബൈദ(റ) ഗുഹാരൂപത്തിലുള്ള ബങ്കറുകൾ ഉണ്ടാക്കി. പ്രഭാതമായപ്പോൾ ഉപരോധം പിൻവലിക്കുകയും ചെയ്തു. നഗരവാസികൾ ഉപരോധം പിൻവലിച്ചതു കണ്ടപ്പോൾ വാതിലുകൾ തുറന്നു. ഹദ്റത്ത് അബൂഉബൈദ(റ) രാത്രി തന്നെ സൈന്യസമേതം ഗുഹയിൽ പതിയിരിക്കുകയും ചെയ്തു. പ്രഭാതമായപ്പോൾ നഗരകവാടങ്ങൾ തുറന്നപ്പോൾ മുസ്ലിംകൾ ആക്രമണം നടത്തുകയും നഗരം കീഴടക്കുകയും ചെയ്തു.

ഖിന്നസ്റിൻ വിജയം(ഹിജ്രി 15):-ഹദ്റത്ത് അബൂഉബൈദ(റ) ഹദ്റത്ത് ഖാലിദ്(റ)നെ ഖിന്നസ്റിനിലേക്ക് അയച്ചു. വഴിയിൽ ഹാദിർ പ്രദേശത്തുവച്ച് റോമാക്കാർ മീനാസിന്റെ നേതൃത്വത്തിൽ ഏറ്റുമുട്ടി പരാജയപ്പെട്ടു. പ്രദേശവാസികൾ ഹദ്റത്ത് ഖാലിദ്(റ)നോട് അപേക്ഷിച്ചു; ഞങ്ങളെ നിർബന്ധപൂർവ്വം യുദ്ധത്തിൽ ചേർത്തതാണ് അതുകൊണ്ട് ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യണം. ഖാലിദ് അവരുടെ അപേക്ഷ സ്വീകരിച്ചു.

എന്നാൽ റോമാക്കാരിൽ കുറച്ചുപേർ ഖിന്നസ്റിൻ കോട്ടയിൽ കയറി കോട്ടയടച്ചു. ഒടുവിൽ രക്ഷപ്പെടാൻ മറ്റൊരു മാർഗ്ഗവും കാണാതായപ്പോൾ കുറച്ചു ദിവസങ്ങൾക്കു ശേഷം സന്ധിക്കായി തുനിഞ്ഞു. എന്നാൽ ഖാലിദ്(റ) അവർക്ക് ആജ്ഞാലംഘനത്തിന്റെ ശിക്ഷ വിധിക്കുകയുണ്ടായി.

ഖിന്നസ്റിൻ വാസികൾ സ്വത്തും സമ്പാദ്യവും കുടുംബവും ഉപേക്ഷിച്ച് അൻത്വാക്കിയയിലേക്ക് നാടുകടന്നു. ഹദ്റത്ത് അബൂഉബൈദ(റ) അവിടെയെത്തിയപ്പോൾ ഖാലിദ്(റ)ന്റെ വിധി നീതിയിലധിഷ്ഠിതമാണെന്നു അംഗീകരിച്ചു. എങ്കിലും കരുണ കാണിച്ചുകൊണ്ട് നഗരവാസികൾക്ക് സംരക്ഷണ വാഗ്ദാനം നൽകി. അങ്ങനെ അൻതാഖിയായിൽ നിന്നും നാടുകടന്നിട്ടുള്ളവരും തിരിച്ചുവരികയും ജിസ്യ നൽകാൻ തയ്യാറാകുകയും ചെയ്തു.

ഖെസാരിയ വിജയം (ഹിജ്രി 15): ഹിജ്രി 13ന് അംറുബിൻ ആസ് മുന്നേറ്റം നടത്തിയിരുന്നതായി അൽഫാറൂഖിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഹദ്റത്ത് അബൂ ഉബൈദയുടെ വഫാത്തിനുശേഷം ഹദ്റത്ത് ഉമർ(റ) യസീദുബ്നു അബൂസുഫിയാനോട് മുന്നേറ്റത്തിനു ഉത്തരവു നൽകി. അദ്ദേഹം പതിനേഴായിരം വരുന്ന സൈന്യത്തോടൊപ്പം ഉപരോധിച്ചു. പക്ഷെ ഹിജ്രി 18ൽ അദ്ദേഹം രോഗബാധിതനാകുകയും അമീർ മുആവിയയെ തനിക്കു പകരക്കാരനായി നിയമിച്ചു കൊണ്ട് ഡമസ്കസിലേക്ക് പോകുകയും അവിടെ വഫാത്താകുകയും ചെയ്തു.

ഹദ്റത്ത് അമീർ മുആവിയ(റ) ഉപരോധം തുടർന്നു. ആ യുദ്ധത്തിനിടിയിൽത്തന്നെ ബദരീ സ്വഹാബിയായ ഹദ്റത്ത് ഉബാദാബിൻ സ്വാമിത്ത്(റ) മുസ്ലിംകളെ അഭിസംബോധന ചെയ്തുകൊണ്ട് വേദനാനിർഭരമായ ഒരു പ്രഭാഷണം നടത്തി. അല്ലയോ മുസ്ലിംകളേ. നിങ്ങൾക്ക് റോമാക്കാരെ തുരത്തിയോടിക്കാൻ കഴിയാത്തതിന്റെ കാരണം നിങ്ങളിൽ വിശ്വാസവഞ്ചന കാണിക്കുന്നവരുള്ളതാണ്. അതല്ലെങ്കിൽ ആത്മാർഥരല്ലാത്തവരുള്ളതാണ്. തുടർന്ന് അദ്ദേഹം സത്യഹൃദയത്തോടെ ശഹാദത്തിനായി ദുആ ചെയ്യാൻ ആഹ്വാനം ചെയ്തു. ഒടുവിൽ ഒരു ദിവസം റോമാക്കാരുമായി ഏറ്റുമുട്ടലുണ്ടാകുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു.

അന്നേ ദിവസം എൺപതിനായിരമോ ഒരു ലക്ഷമോ റോമൻ സൈനികർ കൊല്ലപ്പെട്ടു. ഹദ്റത്ത് ഉമർ(റ)ന്റെ വിവരണം തുടരുന്നതാണെന്ന് ഹുസൂർ അയ്യദഹുല്ലാഹു അറിയിച്ച ശേഷം ചില മർഹൂമീങ്ങളെ അനുസ്മരിക്കുകയും അവരുടെ ജനാസ ഗാഇബ് നമസ്കരിപ്പിക്കുന്നതാണെന്ന് വിളംബരപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ മുൻ മുബല്ലിഗായിരുന്ന ബഹുമാന്യ മർഹൂം മുഹമ്മദ് അലവി സാഹിബിന്റെ ഭാര്യയായ ഖദീജ സാഹിബ കഴിഞ്ഞ ദിവസം എൺപതാം വയസ്സിൽ വഫാത്തായിരുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അവരുടെ പിതാവ് കുഞ്ഞി മൊയ്തീൻ സാഹിബ് ആദ്യകാല അഹ്മദികളിൽ പെട്ടയാളായിരുന്നു. പരേതയ്ക്ക് വളരെ ചെറുപ്രായത്തിൽത്തന്നെ അഹ്മദിയ്യത്ത് സ്വീകരിക്കാൻ ഭാഗ്യമുണ്ടായി. വളരെ സഹനശീലയും കൃതജ്ഞയും നമസ്കാരനോമ്പാദികളിൽ കൃത്യനിഷ്ഠയും ദീനീബോധമുള്ളവരും ദരിദ്രസേവകയും അതിഥി സൽകാരപ്രിയയും മിതവ്യയശീലമുള്ളതുമായ ഒരു വനിതയായിരുന്നു. പരേതയുടെ ഭർത്താവ് മുബല്ലിഗ് സിൽസില ആയിരുന്നു.

പര്യടനങ്ങൾ നടത്തിയിരുന്ന കാണത്താൽ ദിവസങ്ങളോളം വീടിനു പുറത്തായിരിക്കും താമസം. എങ്കിലും പരേതയ്ക്ക് പരാതിയുണ്ടായിരുന്നില്ല. എല്ലാറ്റിനും അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുമായിരുന്നു. സന്തപ്ത കുടുംബാംഗങ്ങളിൽ രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്. മൂസ്വിയ ആയിരുന്നു. മൂത്ത മകൻ കെ. മഹ്മൂദ് സാഹിബ് മുബല്ലിഗ് സിൽസില ആയിരുന്നു. അദ്ദേഹം വൃക്ക തകരാറിലായ കാരണത്താൽ 54-ാം വയസ്സിൽ വഫാത്തായിരുന്നു.

ഇളയ മകനും മുഅല്ലിം സിൽസിലയാണ്. അഞ്ച് പെൺമക്കളുടെയും വിവാഹം മുറബ്ബിമാരുമായിട്ടാണ് നടത്തിയത്. അല്ലാഹുപരേതയോട് മഗ്ഫിറത്തോടെ പെരുമാറട്ടെ.

2. ബഹുമാന്യ മലിക് സുൽത്താൻ റഷീദ് സാഹിബ് ഓഫ് കോട്ട് ഫതഹ്ഖാൻ, മുൻ അമീർ ജില്ല അട്ടക് ആഗസ്റ്റ് 22നും 23നും ഇടയിലുള്ള രാത്രിയിൽ വഫാത്തായി.ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. പരേതൻ ഖിലാഫത്തിനോട് അനുസരണയും കൂറുമുള്ള, തബ്ലീഗിൽ തല്പരനായിരുന്ന, ദുആയും ആരാധനകളും നിർവ്വഹിക്കുന്നയാളും വിനയാന്വിതനും അല്ലാഹുവിൽ തവക്കുൽ ഉള്ളയാളും ദരിദ്രരെയും അശരണരേയും സഹായിക്കുന്നയാളും യുക്തിപൂർവ്വം സംസാരിക്കുന്നയാളുമായിരുന്നു.

3. ബഹുമാന്യ അബ്ദുൽഖയ്യൂം സാഹിബ് ഇന്തോനേഷ്യ. ആഗസ്റ്റ് 25ന് 82-ാം വയസ്സിൽ വഫാത്തായി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. ഇന്ത്യക്കാരനോ പാക്കിസ്ഥാനിയോ അല്ലാത്ത ആദ്യ മുബല്ലിഗ് ആയ അബ്ദുൽ വഹാബ് സാഹിബ് സുമാട്ട്രിയുടെ മകനായിരുന്നു പരേതൻ. അദ്ദേഹം രാജ്യത്തിനുവേണ്ടി നല്ല സേവനങ്ങൾ ചെയ്തു. പരേതൻ വഖ്ഫ് ചെയ്തവരെയും മുറബ്ബിമാരെയും വളരെ ആദരിച്ചിരുന്നു. കീഴ്ജോലിക്കാരോട് സൽ പെരുമാറ്റം കാഴ്ച വച്ചിരുന്നു. ദയയുടെയും ഉദാരതയുടെയും നിലവാരം ഉന്നത നിലവാരത്തിലുള്ളതായിരുന്നു. ഖിലാഫത്തുമായി ആഴത്തിൽ ബന്ധമുള്ളയാളും വിനയത്തിൽ മുന്തിനിൽക്കുന്നയാളും സാമ്പത്തികത്യാഗത്തിൽ മുൻ പന്തിയിൽ നിൽക്കുന്നയാളുമായ അങ്ങേയറ്റം ആത്മാർത്ഥനായ മാന്യനായിരുന്നു.

4. ബഹുമാന്യ ദാവൂദ് റസാഖി യൂനുസ് സാഹിബ് ബെനിൻ. ആഗസ്റ്റ് 27ന് 74-ാം വയസ്സിൽ വഫാത്തായി. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ. പരേതൻ ബെനിനിലെ ആദ്യകാല അഹ്മദികളിൽപ്പെട്ടായാളായിരുന്നു. വിദ്യാസമ്പന്നരായ അഹ്മദികളുടെ കൂട്ടത്തിൽ ഗണിക്കപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹം. വെദ്യുതി, ജലവിതരണ വകുപ്പിലെ ഡയറക്ടർ പദവിയിൽനിന്നും വിരമിച്ചയാളായിരുന്നു. വളരെ ഗാംഭീര്യമുള്ള വ്യക്തിയും മാന്യനും നമസ്കാരത്തിൽ കൃത്യനിഷ്ഠനും തഹജ്ജുദ് നമസ്കരിക്കുന്നയാളുമായിരുന്നു. സാത്വികനായ ആത്മാർത്ഥനായ വ്യക്തിയായിരുന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ)നോടും ഖുലഫാക്കളോടും അങ്ങേയറ്റത്തെ സ്നേഹമായിരുന്നു. ദിവസം മുഴുവനും മാനവ സേവനത്തിൽ മുഴുകിയിരുന്നു.

ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) എല്ലാ മർഹൂമീങ്ങളുടെയും മഗ്ഫിറത്തിനുവേണ്ടിയും പദവികളുടെ ഉയർച്ചക്കുവേണ്ടിയും ദുആ ചെയ്തു.