21.05.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമറി(റ)നെ കുറിച്ചായിരുന്നു വിവരിച്ചിരുന്നത്. അദ്ദേഹം ബദർ അടക്കം റസൂലുല്ലാഹ് (സ) പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും അതു പോലെ വിവിധ സൈനിക നീക്കങ്ങളിലും ഭാഗഭാക്കാകുകയുണ്ടായി. ബദർ യുദ്ധത്തിൽ ഒരേ ഒട്ടകത്തിലായിരുന്നു ഊഴാനുസരണം ഹദ്റത്ത് ഉമർ, ഹദ്റത്ത് അബ്ദുർ റഹ്മാൻ ബിൻ ഔഫ്, ഹദ്റത്ത് അബൂബക്കർ എന്നിവർ യാത്ര ചെയ്തിരുന്നത്. റസൂലുല്ലാഹ്(സ) ബദർ യുദ്ധ വേളയിൽ ഖുറെശികളുടെ കച്ചവട സംഘത്തിനെ പ്രതിരോധിക്കാനായി പുറപ്പെട്ടതായിരുന്നു. വഴി മദ്ധ്യേ ഖുറെശികൾ തങ്ങളുടെ കച്ചവട സംഘത്തിനെ രക്ഷിക്കാനായി ഒരു അതിവേഗ സെന്യവുമായി പുറപ്പെട്ട വാർത്ത തിരുനബി(സ)യ്ക്ക് ലഭിച്ചു. റസൂലുല്ലാഹ്(സ) അക്കാര്യം സഹാബാക്കളെ അറിയിക്കുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്തു. അപ്പോൾ അവരിൽ ഒരു വിഭാഗമാളുകൾ സെന്യത്തെ വിട്ട് കച്ചവട സംഘത്തെ പിന്തുടരണമെന്ന് അഭിപ്രായപ്പെട്ടു. അതു കേട്ട് റസൂലുല്ലാഹ്(സ)യുടെ തിരുമുഖം വിവർണമായി. അപ്പോൾ ഹദ്റത്ത് അബൂബക്കർ(റ) , ഹദ്റത്ത് ഉമർ(റ), ഹദ്റത്ത് മിഖ്ദാദ് (റ) എന്നിവർ മറ്റുള്ളവർക്കു മേൽ പ്രഭാവം ചെലുത്തുന്ന നിലയിൽ പ്രഭാഷണം നടത്തി. തിരുനി(സ)യുടെ കൂടെ തന്നെ നില കൊള്ളുമെന്ന് ഉറപ്പും നല്കി. ഹദ്റത്ത് ഉമർ(റ)ന്റെ പുത്രിയായ ഹദ്റത്ത് ഹഫ്സ(റ)യുടെ ഭർത്താവ് ബദർ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം യുദ്ധാനന്തരം രോഗപീഡിതനായി മരണപ്പെടുകയുണ്ടായി. അപ്പോൾ ഹദ്റത്ത് ഹഫ്സയ്ക്ക് ഇരുപതിൽ കൂടുതൽ വയസ്സുണ്ടായിരുന്നു. ഹദ്റത്ത് ഉസ്മാൻ(റ), ഹദ്റത്ത് അബൂബക്കർ(റ) എന്നിവരുമായി ഒരാൾക്കു ശേഷം മറ്റൊരാളോടെന്ന നിലയിൽ ഹദ്റത്ത് ഉമർ(റ) തന്റെ മകളുടെ വിവാഹാലോചന നടത്തി. രണ്ടു പേരും അതു സ്വീകരിക്കാത്തതു കണ്ട് ഹദ്റത്ത് ഉമർ(റ) വിഷമിച്ചു. അദ്ദേഹം ഇക്കാര്യം തിരുനി(സ)യെ ബോധിപ്പിച്ചു. ഹദ്റത്ത് ഉമർ(റ)നെ സമാശ്വസിപ്പിച്ചു കൊണ്ട് തിരുനബി(സ) ഇപ്രകാരം പറഞ്ഞു, അല്ലയോ ഉമർ, താങ്കൾ വേവലാതിപ്പെടേണ്ട, ദൈവഹിതമുണ്ടെങ്കിൽ ഹഫ്സയ്ക്ക് ഉസ്മാൻ, അബൂക്കർ എന്നിവരെക്കാളും നല്ലൊരു ഭർത്താവിനെയും ഉസ്മാന് ഹഫ്സയെക്കാളും നല്ലൊരു ഭാര്യയെയും തന്നെ ലഭിക്കുന്നതാണ്.

തിരുനബി(സ) സ്വയം തന്നെ ഹദ്റത്ത് ഹഫ്സയെ വിവാഹാലോചന നടത്തിയപ്പോൾ ഹദ്റത്ത് ഉമർ(റ) അതീവസന്തുഷ്ടനായി ആ ബന്ധം സ്വീകരിച്ചു. അങ്ങനെ ഹിജ്റ മൂന്നാം വർഷം ഹദ്റത്ത് ഹഫ്സ തിരുനി(സ)യുടെ ധർമപത്നിമാരിൽ ഉൾപ്പെട്ടു. ഉഹദ് യുദ്ധ വേളയിൽ ഖുറെശികൾ മുസ്ലീങ്ങളെ നാലു ഭാഗത്തു നിന്നും വളയുകയും മുസ്ലീങ്ങളുടെ പതാകയേന്തിയിരുന്ന ഹദ്റത്ത് മുസ്അബ് ബിൻ ഉമൈർ(റ) ശഹീദാക്കുകയും ചെയ്തു.

ഹദ്റത്ത് മുസ്അ് ബിൻ ഉമൈർ(റ) ന്റെ ശരീരപ്രകൃതി തിരുനി(സ)യോട് സാമ്യമുള്ളതിനാൽ തിരുനബി(സ) ശഹീദായിരിക്കുന്നെന്ന കിംവദന്തി പരന്നു. അതുകേട്ട് മുസ്ലീങ്ങളുടെ ശേഷിച്ച ധെര്യവും ചോർന്നു പോയി. അവർ ഛിന്നഭിന്നമായി. ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ്(റ) എഴുതുന്നു. അപ്പോൾ മുസ്ലിങ്ങൾ മൂന്നു വിഭാഗമായി പിരിഞ്ഞിരുന്നു. തിരുനബി(സ) ശഹീദായിരിക്കുന്നെന്ന വാർത്ത കേട്ട് മെതാനം വിട്ടോടിയവരായിരുന്നു ഒരു വിഭാഗക്കാർ. എന്നാൽ അവർ എണ്ണത്തിൽ ഏറ്റവും കുറവായിരുന്നു. ഈ വാർത്ത കേട്ട് ധെര്യം വെടിഞ്ഞവരായിരുന്നു രണ്ടാം വിഭാഗക്കാർ. ഇനി യുദ്ധം ചെയ്യുന്നത് വ്യർഥമാണെന്ന് അവർ കരുതി. അവിഘ്നം യുദ്ധം ചെയ്യുന്നവരായിരുന്നു മൂന്നാം വിഭാഗക്കാർ. മുസ്ലീങ്ങൾക്ക് അത് വലിയ പരീക്ഷണ ഘട്ടമായിരുന്നു. ഈ വാർത്ത കേട്ട് ഹതാശരായി ഒരു കോണിൽ ചെന്ന് ഇരുന്നവരുടെ കൂട്ടത്തിലായിരുന്നു ഹദ്റത്ത് ഉമർ(റ). എന്നാൽ പിന്നീട് ആദ്യത്തെയും രണ്ടാമത്തെയും വിഭാഗത്തിലുമുള്ളവർ തിരുനബി(സ) ജീവിച്ചിരിക്കുന്നെന്ന വാർത്ത കേൾക്കുന്ന മുറയ്ക്ക് ഉന്മാദികളെ പോലെ യുദ്ധ വീര്യം കാഴ്ച്ച വയ്ക്കാനും റസൂലുല്ലാഹ്(സ)യ്ക്ക് ചുറ്റും ഒരുമിച്ചു കൂടാനും തുടങ്ങി. റസൂലുല്ലാഹ്( സ) സ്വഹാബാക്കളുമൊന്നിച്ച് ഒരു കുന്നിൻ ചെരുവിൽ എത്തിയപ്പോൾ കാഫീരീങ്ങളുടെ ഒരു സൈന്യം അവിടെ ആക്രമിക്കാനായി എത്തി. തദവസരത്തിൽ റസൂലുല്ലാഹ്(സ) ദുആ ചെയ്തു, അല്ലാഹുവേ ഇവരെ ഞങ്ങളുടെ അടുക്കൽ എത്താൻ അനുവദിക്കരുതേ. അപ്പോൾ ഹദ്റത്ത് ഉമർ(റ) ചില മുഹാജിരീങ്ങളുമൊന്നിച്ച് കാഫീരീങ്ങളോട് യുദ്ധം ചെയ്യുകയും അവരെ അവിടെ നിന്ന് തുരത്തി ഓടിക്കുകയും ചെയ്തു.

ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ് (റ) എഴുതുന്നു. മുസ്ലീങ്ങൾ ഒരുമിച്ചു കൂടിയിരുന്ന താവളത്തിനടുത്തേക്ക് അബൂസുഫിയാൻ തന്റെ ചില കൂട്ടാളികളോടൊപ്പം ചെന്നു. എന്നിട്ട്, മുസ്ലിങ്ങളേ നിങ്ങളുടെ കൂടെ ഇാപ്പോൾ മുഹമ്മദ് ഉണ്ടോ എന്നു ഉറക്കെ വിളിച്ചു ചോദിച്ചു. റസൂലുല്ലാഹ്(സ) ആരും മറുപടി കൊടുക്കരുതെന്ന് വിലക്കി. തുടർന്ന് ഹദ്റത്ത് അബൂക്കർ(റ), ഹദ്റത്ത് ഉമർ(റ) എന്നിവരെ കുറിച്ചും ചോദിച്ചു. റസൂലുല്ലാഹ്(സ) കല്പിച്ചതനുസരിച്ച് ആരും മറുപടി നല്കിയില്ല. അൂസുഫിയാൻ അപ്പോൾ അഹങ്കാരത്തോടെ ഉയർന്ന സ്വരത്തിൽ ഇപ്രകാരം പറഞ്ഞു. ഇവരെല്ലാവരും മരിച്ചിരിക്കുന്നു. ജീവിച്ചിരിപ്പുണ്ടെങ്കിൽ മറുപടി തന്നേനേ. അതു കേട്ടപ്പോൾ ഹദ്റത്ത് ഉമർ(റ)നു സഹിച്ചില്ല. അദ്ദേഹം അനിയന്ത്രിതമായി ഇങ്ങനെ വിളിച്ചു പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ശത്രുവേ, നീ കളവാണു പറയുന്നത്. ഞങ്ങളെല്ലാവരും ജീവിച്ചിരിപ്പുണ്ട്. അല്ലാഹു ഞങ്ങളുടെ കൈകളാലെ നിങ്ങളെ നിന്ദിതരാക്കുന്നതാണ്. ഉഅ്ലു ഹുബ്ൽ അഥവാ ഹുബ്ൽ ബിംബത്തിനാണ് സ്ഥാനമാഹാത്മ്യങ്ങൾ എന്ന് അബൂസുഫിയാൻ ഘോഷിച്ചപ്പോൾ തന്റെ പേരു വിളിച്ചപ്പോൾ മൗനം പാലിക്കാൻ പറഞ്ഞ റസൂലുല്ലാഹ്(സ)ന് അല്ലാഹുവിനെതിരെ ഒരു ബിംബത്തിന്റെ പേരു കേട്ടപ്പോൾ സഹിച്ചില്ല. സ്വഹാബാക്കളോടു എന്താണു ആരും മറുപടി കൊടുക്കാത്തതെന്ന് തിരക്കി. എന്നിട്ട് അല്ലാഹു അഅ് ലാ വ അജൽ അഥവാ അല്ലാഹുവിനു മാത്രമേ മഹത്ത്വവും സർവശ്രഷ്ടത്വവും എന്ന് വിളിച്ചു പറയാൻ അവരോടു പറഞ്ഞു. ലനൽ ഉസ്സാ ലാ ഉസ്സാ ലക്കും അഥവാ ഞങ്ങൾക്ക് ഉസ്സാ എന്ന ബിംബവുമുണ്ട് എന്നാൽ നിങ്ങൾക്ക് ഉസ്സയില്ലല്ലോ എന്ന് അൂസുഫിയാൻ ഘോഷിച്ചപ്പോൾ റസൂലുല്ലാഹ്(സ) സ്വഹാബാക്കളോടു ഇപ്രകാരം മറുപടി കൊടുക്കാൻ പറഞ്ഞു. അല്ലാഹു മൗലാനാ വലാ മൗലാ ലക്കും അതായത് ഉസ്സാ ഉള്ളതു കൊണ്ട് എന്തു പ്രയോജനം. ഞങ്ങൾക്ക് സംരക്ഷകനായി അല്ലാഹുവുണ്ട്. എന്നാൽ നിങ്ങൾക്ക് സംരക്ഷകനായി ആരും തന്നെയില്ല. ഉഹദ് യുദ്ധം കഴിഞ്ഞ് റസൂലുല്ലാഹ്(സ) മദീനയിൽ എത്തിയപ്പോൾ മുനാഫിഖീങ്ങളും ജൂതാരും സന്തോഷം കൊണ്ടാടുകയായിരുന്നു. റസൂലുല്ലാഹ്(സ) രാജാവാകാൻ ആഗ്രഹിക്കുന്നെന്നും ഇന്നു വരെ ഒരു പ്രവാചകനും ഇത്രകണ്ട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നുണ്ടായിരുന്നു. ഇതുകേട്ട് ഹദ്റത്ത് ഉമർ(റ) മുനാഫിഖീങ്ങളെ വധിക്കാൻ റസൂലുല്ലാഹ്(സ)നോട് അനുമതി തേടി. എന്നാൽ റസൂലുല്ലാഹ്(സ) പറഞ്ഞു, കലിമ ചൊല്ലുന്നവരെ കൊല്ലുന്നതിൽ നിന്നും അല്ലാഹു എന്നെ വിലക്കിയിരിക്കുന്നു.

ഹദ്റത്ത് ഉമറിനെ കുറിച്ചു ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് വിവരിക്കുന്നതാണെന്ന് പറഞ്ഞു കൊണ്ട് ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) മർദ്ദിത ജനവിഭാഗമായ ഫലസ്തീനീകൾക്കു വേണ്ടി ഒരിക്കൽ കൂടി ദുആ ചെയ്യാനുള്ള ആഹ്വാനം ചെയ്തു. എന്നിട്ട് പറഞ്ഞു, യുദ്ധം പിൻവലിച്ചെങ്കിലും ചരിത്രം പറയുന്നത് എന്തെങ്കിലും കാരണം ഉണ്ടാക്കി കൊണ്ട് ശത്രുക്കൾ മർദ്ദിത ജനവിഭാഗമായ ഫലസ്തീനീകളെ അതിക്രമങ്ങൾക്കു കുറിമാനമാക്കുന്നതു തുടരാറുണ്ടെന്നാണ്. അല്ലാഹു അവർക്കു മേൽ കരുണ കാണിക്കട്ടെ. ഫലസ്തീനീകൾക്കും യഥാർഥ സ്വാതന്ത്ര്യം ലഭിക്കുമാറാകട്ടെ. അവർക്ക് ബുദ്ധിയും വിവേകവുമുള്ള നേതാക്കളെ അല്ലാഹു നല്കുമാറാകട്ടെ. അതു പോലെ അക്രമത്തിന് ഇരയാകുന്ന ലോക അഹ്മദികൾക്കായും, വിശിഷ്യാ പാക്കിസ്ഥാനിലുള്ളവർക്കു വേണ്ടിയും ഒരുപാടു ദുആ ചെയ്യുക. അല്ലാഹു അവരെ സംരക്ഷിക്കുമാറാകട്ടെ. അതിനു ശേഷം ഹുസൂർ തിരുമനസ്സ്(അയ്യദഹുല്ലാഹു) ചില മർഹൂമീങ്ങളെ അനുസ്മരിക്കുകയുണ്ടായി.

ആദ്യമായി ഖുറെശി മുഹദ് ഫസലുല്ലാഹ് സാഹിബ് നായിബ് നാസിർ നശ്റോ ഇശാഅത്തിനെ അനുസ്മരിച്ചു ഹുസൂർ തിരമനസ്സ് (അയ്യദഹുല്ലാഹു) പറഞ്ഞു, ഏപ്രിൽ 27 നാണ് അദ്ദേഹം വഫാത്തായത്. ഇന്നാ ലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. അദ്ദേഹത്തിന്റെ മാതാവിന്റെ പിതാമഹനും പിതാവിന്റെ മാതാമഹനും ആയിരുന്ന ഹദ്റത്ത് മുൻശി മഹർദീൻ സാഹിബ്(റ) സ്വഹാബി ഹദ്റത്ത് മസീഹ് മൗഊദ്(അ) മുഖേനയാണ് അദ്ദേഹത്തിന്റെ കുടുംത്തിൽ ആദ്യമായി അഹ്മദിയ്യത്ത് വന്നത്. മിനാരത്തുൽ മസീഹിനു മേൽ രേഖെടുത്തിയിട്ടുള്ള ചന്ദ കൊടുത്തവരുടെ പേരുകളിൽ അദ്ദേഹത്തിന്റെ പേരുമുണ്ട്. ജാമിയ അഹ്മദിയ്യ പാസ്സായ ശേഷം അദ്ദേഹം അവിടെ തന്നെ 23 വർഷം 5 മാസം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ മൊത്തം സേവന കാലയളവ് 37 വർഷം അഞ്ചു മാസമാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ മർഹൂം മൂസിയായിരുന്നു. സന്തപ്ത കുടുംബത്തിൽ ഭാര്യയും ഒരു മകനും രണ്ടു പെൺമക്കളുമുണ്ട്. അദ്ദേഹത്തെ കുറിച്ച് മഖ്ദൂം ശരീഫ് സാഹിബ് നാസിർ നശ്റോ ഇശാഅത്ത് എഴുതുന്നു, വളരെ വാൽസല്യനിധിയായ അധ്യാപകനായിരുന്നു. വിദ്യാർഥികളുമായി നല്ല സ്നേഹ-സൗഹാർദ്ര പൂർണമായ ബന്ധമായിരുന്നു. എപ്പോഴും നല്ല വിശ്വസ്തതയോടും അർപ്പണ ബോധത്തോടും കൂടി ജോലി ചെയ്തിരുന്നു. സമയനിഷ്ഠ പാലിക്കകയും വിദ്യാർഥികളെ അതു അനുശീലിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ മിക്ക മുല്ലിഗീങ്ങളും അദ്ദേഹത്തിന്റെ ശിഷ്യരാണ്. അദ്ദേഹത്തിൽ നിന്നും അവർക്ക് നന്നായി പ്രയോജനം ഉൾക്കൊള്ളാനായി. വളരെ സൗമ്യ പ്രകൃതനായിരുന്നു. അല്പ ഭാഷിയായിരുന്നെങ്കിലും പണ്ഡിതോചിതമായും യുക്തിയുക്തമായും ആയിരുന്നു സംസാരിച്ചിരുന്നത്. നായിബ് സദ്ർ ഖുദ്ദാമുൽ അഹ്മദിയ്യാ ഭാരത് ആയും സേവനമനുഷ്ഠിക്കുകയുണ്ടായി. നീണ്ട 34 വർഷക്കാലം ബദർ പത്രികയുടെ നായിബ് എഡിറ്റർ ആയും സേവനമനുഷ്ഠിച്ചു. മിശ്ക്കാത്ത് എഡിറ്റർ ആയും സേവനം കാഴ്ച്ച വച്ചു. താരീഖ് അഹ്മദിയ്യത്ത് ഭാരത് കമ്മിറ്റിയുടെ മെമ്പറുമായിരുന്നു.

റൂഹാനീ ഖസായീൻ കമ്പ്യൂട്ടറെസ്ഡ് എഡിഷനിലുള്ള പ്രൂഫ് പ്രശ്നങ്ങൾ ഇദ്ദേഹം ചൂണ്ടിക്കാണിച്ച പ്രകാരം തിരുത്തുകയുണ്ടായി. വളരെ സൂക്ഷ്മ ദൃഷ്ട്യാ സംശോധന നടത്തിയിരുന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ വെവ്വേറെ ഇറങ്ങിയ ഗ്രന്ഥങ്ങളുടെയും പൂർണമായ സംശോധന ഇദ്ദേഹം നടത്തിയിരുന്നു. ആര്യധറം, സത്ത് ബചൻ എന്നീ ഗ്രന്ഥങ്ങളിലെ റഫറൻസുകൾ ഇദ്ദേഹം സമഗ്രമായി വിലയിരുത്തുകയും അത്യധ്വാനത്തോടെ അവയെ പൂർണമായും വിശകലനം ചെയ്യുകയും ചെയ്തു. ഹദ്റത്ത് മസീഹ് മൗഊദ്(അ) ഈ ഗ്രന്ഥങ്ങളെ ഹിന്ദുക്കൾക്കും സിക്കുമതസ്ഥർക്കുമായി പ്രമാണമെന്ന നിലയിൽ സമർപ്പിച്ചതാണെന്നും അതു കൊണ്ട് ഈ രണ്ടു മതവിഭാഗങ്ങൾക്കും ഇവ വളരെയേറെ സുപ്രധാനമാണെന്നും അതിനാൽ അവ വളരെ സൂക്ഷ്മ ദൃഷ്ട്യാ സംശോധന നടത്തുകയും അവയിലെ റഫറൻസുകൾ അവധാനതയോടെ വിലയിരുത്തുകയും വേണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഖത്ത് മൻസൂർ എന്ന ഫോണ്ടിൽ സാദാ വിശുദ്ധ ഖുർആൻ നമ്മൾ അച്ചടിച്ച് ഇറക്കിയിരുന്നു. അതിന്റെ സോഫ്റ്റ് വെയർ തയ്യാറാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളുണ്ട്. അതിന്റെ രൂപഭദ്രതയ്ക്കും കൃത്യതയ്ക്കും ആകാരവടിവിനുമായി അദ്ദേഹം അഹോരാത്രം സേവനങ്ങൾ കാഴ്ച വച്ചു. അതിനു ശേഷം അതേ ഫോണ്ടിൽ ഹദ്റത്ത് മൗലവി ശേർ അലി സാഹിബിന്റെ വിശുദ്ധ ഖുർആന്റെ ഇംഗ്ലീഷ് വിവർത്തനവും ഹദ്റത്ത് മീർ മുഹദ് ഇസ്ഹാഖ് സാഹിബിന്റെ വിശുദ്ധ ഖുർആന്റെ ഉർദു വിവർത്തനവും ക്രമീകരിക്കുന്ന ജോലിയിലും അദ്ദേഹം വ്യാപൃതനായിരുന്നു. അദ്ദേഹത്തെ കുറിച്ച് നാസിർ നശ്റോ ഇശാഅത്ത് എഴുതുന്നു, അദ്ദേഹം എന്റെ അധ്യാപകനായിരുന്നു. ഭാര്യയുടെ അമ്മാവനുമായിരുന്നു. എന്നിട്ടും എന്റെ നായിബ് എന്ന നിലയിൽ എപ്പോഴും അനുസരണത്തോടെ സേവനം അനുഷ്ഠിച്ചിരുന്നു. വളരെ വിനയത്തോടും ഭവ്യതയോടുമായിരുന്നു സംസാരിച്ചിരുന്നത്. അല്ലാഹു പരേതനു പൊറുത്തു കൊടുക്കുകയും കാരുണ്യമേകുകയും ചെയ്യട്ടെ.

രണ്ടാമത് അനുസ്മരിക്കാനുള്ളത് ഖാദിയാനിൽ തന്നെയുള്ള മുല്ലിഗ് സയ്യിദ് ബശീറുദ്ദീൻ അഹ്മദ് സാഹിബിനെ കുറിച്ചാണ്. അദ്ദേഹം 83 വയസ്സിൽ കാലഗതി പ്രാപിച്ചു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. അദ്ദേഹത്തിന്റെ പിതാമഹൻ ഹദ്റത്ത് സയ്യിദ് സയീദുദ്ദീൻ സാഹിബ്(റ) ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ സ്വഹാബിയാണ്. അദ്ദേഹം അങ്ങേയറ്റം ആരാധനാ നിരതനും തഹജ്ജുദും ദുആകളും പതിവാക്കിയ വ്യക്തിയുമായിരുന്നു. മർഹൂം മൂസിയായിരുന്നു. സന്തപ്ത കുടുംബത്തിൽ 3 ആൺമക്കളാണുള്ളത്. അഞ്ചുമന്റെ ഒഫീസിലാണ് മൂന്നൂ മക്കളും സേവനം ചെയ്യുന്നത്.

അടുത്തത് അനുസ്മരിക്കാനുള്ളത് ഖാദിയാനിലുള്ള വഖ്ഫെ സിഗിയായ ബശാറത്ത് അഹ്മദ് ഹെദർ സാഹിബിനെ കുറിച്ചാണ്. അദ്ദേഹം 71 വയസ്സിൽ വഫാത്തായി ഇന്നാ ലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. അദ്ദേഹത്തിന്റെ പിതാമഹൻ ഹദ്റത്ത് മൗലവി അബ്ദുൽ കരീം സാഹിബ്(റ) ആയിരുന്നു ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ ദുആയുടെ ഫലമായി ദൃഷ്ടാന്തമെന്നോണം പേപ്പട്ടി വിഷബാധയിൽ നിന്നും രോഗശാന്തി പ്രാപിച്ചത്. ഇദ്ദേഹം ജീവിതം വഖ്ഫ് ചെയ്തു കൊണ്ട് കർണാടകയിൽ നിന്നും ഖാദിയാനിലേക്കു വന്നതാണ്. തുടർന്ന് മദ്രസ അഹ്മദിയ്യയിൽ പഠനം പൂർത്തിയാക്കിയ ശേഷം വിവിധ ഓഫീസുകളിൽ സേവനം അനുഷ്ഠിച്ചു. ശേഷം റിശ്ത്താ നാത്താ വിഭാഗം ഇൻചാർജായി പ്രവർത്തിച്ചു. ആകെ 46 വർഷം സേവനങ്ങൾ കാഴ്ച്ച വച്ചു. ജീവിത സൗകര്യങ്ങൾ വളരെ കുറവായിരുന്നിട്ടും വളരെ മാന്യമായി ജീവിതം പുലർത്തി. ലാളിത്യത്തോടെ ജീവിച്ചു. വളരെ സൽസ്വഭാവിയും അഭിമാനിയുമായിരുന്നു. മർഹൂം മൂസിയായിരുന്നു. ഭാര്യയെ കൂടാതെ സന്തപ്ത കുടുംബത്തിൽ മൂന്ന് പെൺമക്കളാണുള്ളത്. മൂന്നൂ പേർക്കും നല്ല വിദ്യാഭ്യാസം നല്കിയ മൂവരെയും വഖ്ഫെ സിഗികളുമായി വിവാഹവും നടത്തി.

ഇവരെ കൂടാതെ ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) ചുവടെ ചേർത്തിരിക്കുന്ന മർഹൂമീങ്ങളെയും അനുസ്മരിക്കുകയുണ്ടായി. എല്ലാവരുടെയും ജനാസ ഗായിബ് നമസ്ക്കരിക്കുന്നതാണെന്നും അറിയിച്ചു. ഡോ. മുഹമ്മദ് അലീ ഖാൻ സാഹിബ് അമീർ ജമാഅത്ത് ജില്ലാ പിശാവർ, റഫീ ഖാൻ സാഹിബ് സദർ ജമാഅത്ത് മുഹല്ല ദാറു റഹ്മത്ത് ഈസ്റ്റ് റബ്വ, അയാസ് യൂനുസ് സാഹിബ് ആസ്ത്രേലിയ, മിയാ താഹിർ അഹ്മദ് സാഹിബ് റബ്വ, റഫീഖ് അഹ്മദ് സാഹിബ് യു.കെ, സരീന അഖ്ത്തർ സാഹിബ യു.കെ, ഹാഫിസ് മുഹമ്മദ് അക്രം സാഹിബ്, ചൗധരീ നൂർ അഹ്മദ് നാസിർ സാഹിബ്, മഹ്മൂദ് അഹ്മദ് മിൻഹാസ് സാഹിബ് എന്നിവരെയും ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) അനുസ്മരിക്കുകയും എല്ലാവരുടെയും മഗ്ഫിറത്തിനും പദവികൾ ഉയരുന്നതിനും വേണ്ടി ദുആ ചെയ്യുകയുമുണ്ടായി.