തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്. അതു തന്നെ ഇന്നും തുടരുന്നതാണ്.
സൈദ് ബിൻ അസ്ലം പറയുന്നു എന്റെ പിതാവ് ഇപ്രകാരം നിവേദനം ചെയ്യുന്നു, ഒരിക്കൽ ഹദ്റത്ത് ഉമർ ബിൻ ഖത്താബ് (റ)നോടൊപ്പം മദീനയിൽ നിന്നും മൂന്ന് മെലുകൾ അപ്പുറത്തുള്ള സറാർ എന്ന സ്ഥലത്തെത്തി. ഹദ്റത്ത് ഉമർ(റ) പറഞ്ഞു, അസ്ലമേ, ഇവിടെ രാത്രിയും ശെത്യവും കാരണം ഏതെങ്കിലും യാത്രക്കാർ തങ്ങിയിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് പോയി. അവിടെയെത്തിയപ്പോൾ അവിടെ ഒരു സ്ത്രീയെയും കുട്ടികളെയും കണ്ടു. അവിടെ അടുപ്പിലൊരു കലം കയറ്റി വച്ചിട്ടുണ്ടായിരുന്നു. കുട്ടികൾ വിശന്ന് ഏങ്ങലടിച്ച് കരയുകയായിരുന്നു. അദ്ദേഹം ആ സ്ത്രീയോട് ചോദിച്ചു, ഈ കുട്ടികൾക്ക് എന്താണ് പറ്റിയത്? അപ്പോൾ ആ സ്ത്രീ പറഞ്ഞു അവർക്ക് വിശന്ന് കരയുന്നതാണ്. അദ്ദേഹം ചോദിച്ചു, ഈ കലത്തിൽ എന്താണ് വച്ചിട്ടുള്ളത്? അവൾ പറഞ്ഞു, അതിൽ ഒന്നും ഇല്ല. വെറും വെള്ളമാണ്. അതും കണ്ടു കാത്തിരുന്നു കാത്തിരുന്നു കുട്ടികൾ ഉറങ്ങി പോകട്ടെ എന്ന് കരുതിവച്ചതാണ്. എന്നിട്ട് പറഞ്ഞു, അല്ലാഹു ഞങ്ങൾക്കും ഉമറിനും ഇടയിൽ വിധി കല്പിക്കുന്നതാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു, മഹതീ, നിങ്ങൾക്ക് ദെവത്തിന്റെ കാരുണ്യം ഉണ്ടാകട്ടെ. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് ഉമർ എങ്ങനെ അറിയാനാണ്. അപ്പോൾ ആ സ്ത്രീ പറഞ്ഞു, ഞങ്ങളുടെ എല്ലാ കാര്യത്തിനും അദ്ദേഹം മേൽനോട്ടക്കാരനാണ്. എന്നിട്ടും അദ്ദേഹം ഞങ്ങളുടെ കാര്യമൊന്നും അറിയുന്നില്ല.
ഉമറിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി അതായത് അസ്ലം പറയുന്നു, അത് കേട്ടപ്പോൾ അദ്ദേഹം പുറത്ത് വന്നു. അങ്ങനെ ഞങ്ങൾ വളരെ ദ്രുതഗതിയിൽ അവിടെനിന്നും ദാറുൽ ദഖീഖിലേക്ക് പോയി. ഹദ്റത്ത് ഉമർ തന്റെ കാലഘട്ടത്തിൽ ദാറുൽ ദഖീഖ് എന്ന് പേരുള്ള ഒരു ഒരു കെട്ടിടം പണിതിരുന്നു. അതിൽ ആട്ട, സത്തു, കിശ്മിശ് ഈത്തപ്പഴം തുടങ്ങി യാത്രയിൽ ആവശ്യമുള്ള എല്ലാ വസ്തുക്കളും സംഭരിച്ചിരുന്നു. അതുപോലെ അദ്ദേഹം തന്റെ കാലത്ത് മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള വഴികളിൽ യാത്രക്കാർക്ക് വിശ്രമിക്കാനായി സത്രങ്ങളും പണികഴിപ്പിച്ചിരുന്നു. അങ്ങനെ അദ്ദേഹം അവിടെ നിന്ന് ഒരു ചാക്ക് ധാന്യവും ഒരു ഡബ്ബ നെയ്യും എടുപ്പിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു, ഇത് എനിക്ക് ഉയർത്തി തരിക. ഞാനദ്ദേഹത്തോട് ഞാൻ എടുത്തോളാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. അവസാനം അദ്ദേഹം പറഞ്ഞു നിനക്ക് നന്മ വരട്ടെ. അന്ത്യനാളിൽ എന്റെ ഭാരം നീ വഹിക്കുമോ? അതു കേട്ടപ്പോൾ ഞാൻ അദ്ദേഹത്തിന് ചാക്ക് പിടിച്ചു കൊടുത്തു അദ്ദേഹം അത് അരയിൽ വച്ചു പെട്ടെന്ന് അങ്ങോട്ടേക്ക് പോയി. ഭക്ഷണം പാകം ചെയ്യാൻ അദ്ദേഹം ആ സ്ത്രീയെ സഹായിച്ചു. ആ കുട്ടികളുടെ വിശപ്പ് പൂർണമായും അടങ്ങി അവർ സ്വസ്ഥമായി കിടന്നുറങ്ങുന്നതുവരെ അദ്ദേഹം അവിടെ തുടർന്നു.
ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) പറയുന്നു, ഹദ്റത്ത് ഉമർ സ്വതന്ത്രമാക്കിയ അടിമയായ അസ്ലം എന്ന ഈ നിവേദകൻ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു ഒരിക്കൽ ഒരു കച്ചവടസം ഘം മദീനയിലെത്തി. ഹദ്റത്ത് അബ്ദുറഹ്മാൻ ബിൻ ഔഫിനെയും കൊണ്ട് ഹദ്റത്ത് ഉമർ അവരുടെ സാധന സാമഗ്രികൾക്ക് കാവൽ നില്ക്കാനായി പോയി. ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ അദ്ദേഹം വളരെ അസ്വസ്ഥനായി. അദ്ദേഹം ആ കുട്ടിയുടെ മാതാവിനോട് കുട്ടിയെ ശ്രദ്ധിക്കാൻ വേണ്ടി ഉപദേശിച്ചു. എന്നാൽ ആ കുഞ്ഞിന്റെ കരച്ചിൽ രാത്രി മുഴുവനും കേൾക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹം ആ സ്ത്രീയോട് കുട്ടിയുടെ കരച്ചിലിന്റെ കാരണം അന്വേഷിച്ചു. അവർ പറഞ്ഞു, ഞാൻ ഇവന് പാല് കുടി നിർത്തി മറ്റെന്തെങ്കിലും ഭക്ഷണം കൊടുക്കാൻ വേണ്ടി ശ്രമിക്കുകയാണ്. എന്നാൽ ഇവൻ പാല് തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം തിരക്കി. അപ്പോൾ അവർ പറഞ്ഞു, പാല് കുടി നിർത്തിയ കുട്ടികൾക്കു മാത്രമേ ഉമർ അലവൻസ് കൊടുക്കുകയുള്ളു. അദ്ദേഹം കുട്ടിയുടെ പ്രായം ചോദിച്ചപ്പോൾ അവർ ഇത്ര മാസങ്ങൾ എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, പാല് കുടി നിർത്തുന്നതിൽ നീ ഇങ്ങനെ ധൃതിപ്പെടരുത്. പിറ്റേന്ന് അദ്ദേഹം ഫജർ നമസ്കരിപ്പിക്കുമ്പോൾ കരഞ്ഞുകരഞ്ഞു ശബ്ദമൊക്കെ പോയിരുന്നു. തിലാവത്തൊന്നും സ്പഷ്ടമാകുന്നുണ്ടായിരുന്നില്ല. ഏ ഉമർ, നിനക്ക് നാശം. നീയെത്ര മുസ്ലിം കുഞ്ഞുങ്ങളെ ഇപ്രകാരം വധിച്ചു കാണും എന്ന് അദ്ദേഹം ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു. ഇനി മുതൽ ഇസ്ലാമിൽ പിറക്കുന്ന ഓരോ കുട്ടിക്കും അലവൻസ് നിശ്ചയിക്കപ്പെടുന്നതാണ്. അതുകൊണ്ട് കുട്ടികളുടെ പാലുകുടി മാറ്റുന്നതിൽ ധൃതിപ്പെടരുതെന്ന് അതിനുശേഷം അദ്ദേഹം സർവ്വ രാജ്യങ്ങളിലും വിളംബരപ്പെടുത്തി.
ഹദ്റത്ത് മുസ്ലിഹ് മൗഊദ് പറയുന്നു, ഒരു രാത്രി ഹദ്റത്ത് ഉമർ പര്യടനം നടത്തുകയായിരുന്നു. അപ്പോൾ ഒരു സ്ത്രീ പ്രേമഗാനം ആലപിക്കുന്നതായി കേട്ടു. അദ്ദേഹം അതെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ആ സ്ത്രീ ഒരു പട്ടാളക്കാരന്റെ ഭാര്യയാണെന്നും അയാൾ ഒരു നീണ്ട കാലമായി വീട്ടിന് വെളിയിലാണെന്നും മനസ്സിലായി. അങ്ങനെ ഇനിയങ്ങോട്ട് ഒരു പട്ടാളക്കാരനും നാലു മാസത്തിലധികം വീട്ടിൽ നിന്നും വിട്ടു നില്ക്കരുത് എന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു.
അതുപോലെ മറ്റൊരിക്കൽ ഹദ്റത്ത് ഉമർ മദീനയുടെ പ്രാന്തപ്രദേശത്തായിരുന്നു. ഒരു കൂടാരത്തിൽ നിന്നും ഒരു സ്ത്രീയുടെ പ്രസവ വേദന മൂലമുള്ള അലർച്ച കേട്ടു. അദ്ദേഹം അവിടെ ചെന്ന് കാര്യം തിരക്കിയപ്പോൾ ആ സ്ത്രീ പറഞ്ഞു, ഞങ്ങൾ പരദേശികളാണ്. യാത്രയിലാണ്. ഒന്നും തന്നെ കയ്യിൽ ഇല്ല. അത് കേട്ടപ്പോൾ ഹദ്റത്ത് ഉമർ വേഗം വീട്ടിലേക്ക് തിരിച്ചു വന്നു, ഭാര്യ ഹദ്റത്ത് ഉമ്മുകുൽസൂം ബിൻത് അലിയെ വിളിച്ചു. ഈറ്റ് എടുക്കാനുള്ള സാധനങ്ങളും അതുപോലെ ആട്ട നെയ്യ് തുടങ്ങിയവയും എടുത്ത് അങ്ങോട്ടേക്ക് ചെന്നു. അദ്ദേഹം ആ സ്ത്രീയുടെ ഭർത്താവിനോടൊപ്പം ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഹദ്റത്ത് ഉമ്മുകുൽസൂം വന്നു കൊണ്ട് പറഞ്ഞു, അല്ലയോ അമീറുൽ മുഅ്മിനീൻ, താങ്കളുടെ സുഹൃത്തിനെ അദ്ദേഹത്തിന് ഒരു ആൺകുട്ടി പിറന്നു എന്ന സന്തോഷവാർത്ത അറിയിക്കുക. അപ്പോഴാണ് ആ കൂടെയുണ്ടായിരുന്ന വ്യക്തിക്ക് ഇത് ഹദ്റത്ത് ഉമർ ആണ് എന്ന് മനസ്സിലായത്.
ഹദ്റത്ത് അലി പറയുന്നു, ഒരിക്കൽ ഞാൻ ഹദ്റത്ത് ഉമറിനെ വളരെ വേഗത്തിൽ എങ്ങോട്ടോ പോകുന്നതായി കണ്ടു. ഞാൻ ചോദിച്ചു, അല്ലയോ അമീറുൽ മുഅ്മിനീൻ താങ്കൾ എങ്ങോട്ടേക്കാണ് പോകുന്നത്? അപ്പോൾ ഹദ്റത്ത് ഉമർ പറഞ്ഞു. സദഖയുടെ ഒരു ഒട്ടകത്തെ കാണ്മാനില്ല. ഞാൻ അതിനെ തേടി പുറപ്പെട്ടതാണ്. അപ്പോൾ ഹദ്റത്ത് അലി പറഞ്ഞു, താങ്കൾ തനിക്കുശേഷം വരുന്ന ഖലീഫമാർക്ക് വളരെ പ്രയാസമേറിയ വഴികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഹദ്റത്ത് ഉമർ പറഞ്ഞു, എന്നെ ഇപ്രകാരം ആക്ഷേപിക്കാതെ. മുഹമ്മദിനെ(സ) സത്യ പ്രവാചകത്വം നല്കി അയച്ച അല്ലാഹുവിനെക്കൊണ്ട് സത്യം യൂഫ്രട്ടീസ് നദിക്കരയിൽ ഒരു ആട് കളഞ്ഞു പോയാലും അന്ത്യനാളിൽ ഹദ്റത്ത് ഉമർ വിചാരണ നേരിടുന്നതാണ്.
ഒരു വലിയ ക്രിസ്തീയ ഗോത്രത്തലവൻ ജബല ബിൻ ഐഹം മുസ്ലിമായി, ഹജ്ജ് വേളയിൽ ഏതോ ഒരു ദരിദ്രനായ മുസ്ലിമിന്റെ കാല് അയാളുടെ കാലിൽ തട്ടിപ്പോയി. ദേഷ്യം പിടിച്ച ജബല അയാളുടെ മുഖത്ത് അടിച്ചു. അപ്പോൾ ഒരു വ്യക്തി അയാളോട് പറഞ്ഞു, ഈ മുസ്ലിമിന് വേണ്ടി ഹദ്റത്ത് ഉമർ നിങ്ങളോട് പ്രതികാരം ചെയ്യുന്നതായിരിക്കും. ഇത് കേട്ടതും ജബല ഹദ്റത്ത് ഉമറിന്റെ സമക്ഷം ഹാജരായി.എന്നിട്ട് ചോദിച്ചു, ഒരു വലിയ വ്യക്തി ഒരു ചെറിയ വ്യക്തിയെ മുഖത്ത് അടിച്ചാൽ താങ്കൾ എന്താണ് ചെയ്യാറ്? ഹദ്റത്ത് ഉമർ പറഞ്ഞു, ഇസ്ലാമിൽ ചെറിയവനും വലിയവനും തമ്മിൽ വേർതിരിവില്ല. എന്നിട്ട് അദ്ദേഹം ചോദിച്ചു. അല്ല, ജബലേ, നിങ്ങൾ തന്നെയാണോ ആ തെറ്റ് ചെയ്തത്? അപ്പോൾ ജബല കളവ് പറഞ്ഞു, ഞാൻ വെറുതെ ഒരു കാര്യം ചോദിച്ചെന്ന് മാത്രം എന്ന് പറഞ്ഞു കൊണ്ട് അയാൾ അവിടെ നിന്നും എഴുന്നേറ്റു പോയി. എന്നിട്ട് തന്റെ മുഴുവൻ സമുദായത്തോടൊപ്പം മുർത്തദ്ദ് ആകുകയും റോമൻ യുദ്ധത്തിൽ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. എന്നാൽ ഹദ്റത്ത് ഉമർ അയാളെ ഒട്ടും ഗൗനിച്ചില്ല.
ഹുസൂർ തിരുമനസ്സ് പറഞ്ഞു ഇസ്ലാം സ്ഥാപിച്ച സമത്വ ചിന്താഗതിയാണിത്. നിലവിലുള്ള ഇസ്ലാമിക ഭരണകൂടങ്ങൾക്കും ഇതിൽനിന്നും പഠിക്കാനുണ്ട്. ഹദ്റത്ത് ഉമറിനെ കുറിച്ചുള്ള വിവരണം തുടരുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഹുസൂർ തിരുമനസ്സ് നാല് മർഹൂമീങ്ങളെ അനുസ്മരിക്കുകയും അവരുടെ ജനാസ ഗായിബ് നമസ്കരിക്കും എന്ന് അറിയിക്കുകയും ചെയ്തു.
ആദ്യമായി പരാമർശിച്ചത് അബ്ദുൽ വഹീദ് വഡായിച്ച് സാഹിബ്, വാൾഡ്ശട്ട് ജമാഅത്ത് സദറിന്റെതാണ്. അദ്ദേഹം മുൻ നാഷണൽ സദർ ഖുദ്ദാമുൽ അഹ്മദിയ്യ, സെക്രട്ടറി തർബിയ്യത്ത് സ്വിറ്റ്സർലാന്റ് ആയിരുന്നു. മർഹൂം മെയ് 12ന് എവറസ്റ്റ് കൊടുമുടി കീഴടക്കി അവിടെ അഹ്മദിയ്യാ പതാക ഉയർത്തിയ ശേഷം മടക്കയാത്രയിൽ അസുഖം ബാധിച്ച് 41 വയസ്സിൽ വഫാത്തായി. ഇന്നാലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. സന്തപ്ത കുടുംബത്തിൽ ഭാര്യയെ കൂടാതെ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അതുപോലെ മാതാപിതാക്കളും ഒരു സഹോദരനും രണ്ട് സഹോദരിമാരും ആണുള്ളത്. മർഹും ഒരു മാതൃകായോഗ്യനായ അഹ്മദിയായിരുന്നു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെയധികം തല്പരനായിരുന്നു. ഹുസൂർ തിരുമനസ്സ് പറയുന്നു, അദ്ദേഹം എന്നെ വന്നു കാണുകയും 7 വൻകരകളിൽ ഏറ്റവും ഉന്നതമായ കൊടുമുടികൾ കീഴടക്കാനും അഹ്മദിയ്യത്തിന്റെ പതാക ഉയർത്താനുമുള്ള അനുമതി ചോദിച്ചു. ഞാൻ അതിനു സമ്മതിച്ചില്ലെങ്കിലോ എന്ന് അദ്ദേഹം ഭയന്നിരുന്നു. ഞാൻ പറഞ്ഞു പോകാൻ പറ്റുമെങ്കിൽ പോയി പതാക നാട്ടുക. ഞാൻ കരുതുന്നത് നിശ്ചയമായും അദ്ദേഹം ഒരു സദുദ്ദേശത്തോടെയും സദ്വികാരത്തോടെയും കൂടി ഇസ്ലാമിന്റെയും അഹ്മദിയ്യത്തിന്റെയും ദെവത്തിന്റെ തൗഹീദിന്റെയും സന്ദേശം ലോകത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. അക്കാര്യത്തിൽ അദ്ദേഹം വിജയിക്കുകയും ആ ഉദ്ദേശത്തോടെ ഉള്ള യാത്രയിൽ തന്നെ ദെവ സമക്ഷം ഹാജരാകുകയും ചെയ്തു. അതുകൊണ്ട് അദ്ദേഹം നിശ്ചയമായും ശഹാദത്ത് പദവി നേടിക്കാണും. അല്ലാഹു അദ്ദേഹത്തെ ശുഹദാക്കളിൽ ഉൾപ്പെടുത്താറുമാറാകട്ടെ.
രണ്ടാമത്തെ അനുസ്മരണം മൗലവി അബ്ദുല് ബാഖി സാഹിബിന്റെ മകനായ ഡോക്ടർ അബ്ദുൽ മാലിക് ഷമീം സാഹിബിന്റെ ഭാര്യ അമത്തുന്നൂർ സാഹിബയുടെതാണ്. അമേരിക്കയിലെ വാഷിംഗ്ടണ്ണിൽ ജൂൺ 15 നാണ് ഇവർ വഫാത്തായത്. ഇന്നാലില്ലാഹി വഇന്നാ ഇലെഹി റാജിഊൻ. സാഹിബ് സാദി അമത്തുർ റഷീദ് ബേഗം സാഹിബ, അതുപോലെ മിയാ അബ്ദുറഹ്മാൻ സാഹിബ് എന്നിവരുടെ മകളായിരുന്നു. അതുപോലെ അവർ ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ മകന്റെ മകളുടെ കുട്ടിയായിരുന്നു. അതുപോലെ ഉമ്മയുടെ ഭാഗത്തുനിന്നും ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അവ്വലിന്റെ പേരക്കുട്ടിയുടെ മകളുമായിരുന്നു. അതുപോലെ ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ), സയ്യിദ അമത്തുൽ ഹയ്യ് സാഹിബ എന്നിവരുടെ മകളുടെ മകൾ ആയിരുന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ സ്വഹാബി ആയ പ്രാഫസർ അലി അഹമ്മദ് ബിഹാറിന്റെ മകന്റെ മകളുമായിരുന്നു.
മൂന്നാമതായി നാസർ അഹ്മദ് ഖാൻ സാഹിബ് ബഹാദൂർ ശേർ ഓഫീസർ ഫിഫാസത്തെ ഖാസിന്റെ ഭാര്യയായ ബിസ്മില്ലാ ബേഗം സാഹിബയെയും നാലാമതായി ചൗധരി അബ്ദുൽ റാവൽപിണ്ടിയുടെ മകനായ കേണൽ ജാവേദ് റുശ്ദി സാഹിബിനെയും ഹുസൂർ തിരുമനസ്സ് അനുസ്മരിക്കുകയും എല്ലാ പരേതാത്മാക്കൾക്കു വേണ്ടിയും മഗ്ഫിറത്തിനും അതുപോലെ പദവികൾ ഉയരുന്നതിനുമായി ദുആ ചെയ്യുകയുമുണ്ടായി.