18.06.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്,തഅവ്വുദ്,സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഈയിടെയായി ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്.

ഹദ്റത്ത് അബൂബക്കർ(റ) തന്റെ മരണം അടുത്ത സമയത്ത് അദ്ദേഹം ഹദ്റത്ത് അബ്ദുറഹ്മാൻ ബിൻ ഓഫ്(റ) ഹദ്റത്ത് ഉസ്മാൻ(റ) എന്നിവരെ ഒരോരുത്തരായി തനിയെ വിളിപ്പിച്ചു കൊണ്ട് ഹദ്റത്ത് ഉമർ(റ)നെ കുറിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞു. ഹദ്റത്ത് ഉസ്മാൻ(റ) ശ്രഷ്ഠൻ ആണെന്നും എന്നാൽ അദ്ദേഹത്തിന്റെ പ്രകൃതം കുറിച്ച് കഠിനമേറിയത് ആണെന്നും ഹദ്റത്ത് അബ്ദുറഹ്മാൻ ബിൻ ഓഫ്(റ) പറയുകയുണ്ടായി. അപ്പോൾ ഹദ്റത്ത് അബൂബക്കർ(റ) പറഞ്ഞു, ഉമർ കഠിന പ്രകൃതം കാണിക്കുന്നത് എന്നിൽ സൗമ്യശീലം കാണുമ്പോഴാണ്. ഖിലാഫത്ത് ലഭിച്ചാൽ അദ്ദേഹം അത്തരം സ്വഭാവങ്ങൾ ഉപേക്ഷിക്കുന്നതാണ്. ഹദ്റത്ത് ഉമർ(റ)നെ കുറിച്ച് ഹദ്റത്ത് ഉസ്മാൻ(റ) നല്ല അഭിപ്രായം പറയുകയും ഉമറിന്റെ അകം അദ്ദേഹത്തിന്റെ ബാഹ്യത്തെക്കാളും എത്രയോ ഉത്തമമാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അന്നാളുകളിൽ തന്നെ ഹദ്റത്ത് തൽഹ ഹദ്റത്ത് അബൂബക്കർ(റ)ന്റെ അടുത്തു വന്നു. എന്നിട്ട് ഹദ്റത്ത് ഉമറിന്റെ കഠിന പ്രകൃതത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും അല്ലാഹു താങ്കളോട് താങ്കളുടെ പ്രജകളെക്കുറിച്ച് ചോദ്യം ചെയ്യുന്നതാണ് എന്ന് ഓർമിപ്പിക്കുകയും ചെയ്തു. അതുകേട്ടപ്പോൾ ഹദ്റത്ത് അബൂബക്കർ പറഞ്ഞു, എന്റെ നാഥൻ എന്നോട് ഉമറിനെ ഖലീഫ ആക്കിയതിനെ കുറിച്ച് ചോദിക്കുകയാണെങ്കിൽ ഞാൻ നിന്റെ ദാസന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ ദാസനെയാണ് ഖലീഫ ആക്കിയത് എന്ന് മറുപടി നല്കുമെന്നും പറഞ്ഞു.

അതിനുശേഷം ഹദ്റത്ത് അബൂബക്കർ ഹദ്റത്ത് ഉസ്മാനെ വിളിപ്പിച്ചു. എന്നിട്ട് അദ്ദേഹത്തിനോട് ഹദ്റത്ത് ഉമറിനെ കുറിച്ച് ഒരു വസിയ്യത്ത് എഴുതാൻ ആവശ്യപ്പെട്ടു. ഹദ്റത്ത് ആയിഷ(റ)യിൽ നിന്നും നിവേദനം, ഹദ്റത്ത് ഉസ്മാൻ എഴുതി കൊണ്ടിരിക്കുമ്പോൾ ഹദ്റത്ത് അബൂബക്കറിന് ബോധക്ഷയം വന്നു. അതെ തുടർന്ന് ഹദ്റത്ത് ഉസ്മാൻ ഹദ്റത്ത് ഉമറിന്റെ പേര് അതിൽ എഴുതിച്ചേർത്തു. ഹദ്റത്ത് അബൂബക്കറിന് ബോധം വീണ്ടു കിട്ടിയപ്പോൾ അദ്ദേഹം ചോദിച്ചു താങ്കൾ എന്താണ് എഴുതിയത്? അപ്പോൾ ഹദ്റത്ത് ഉസ്മാൻ പറഞ്ഞു, ഞാൻ ഉമറിന്റെ പേര് എഴുതിയിരിക്കുകയാണ്. അപ്പോൾ ഹദ്റത്ത് അബൂബക്കർ പറഞ്ഞു, ഞാൻ കരുതിയത് തന്നെയാണ് താങ്കൾ എഴുതിയിരിക്കുന്നത്. അങ്ങനെ വസിയ്യത്ത് എഴുതി കഴിഞ്ഞപ്പോൾ ഹദ്റത്ത് അബൂബക്കർ പറഞ്ഞു, ഇത് ജനങ്ങൾക്ക് മുമ്പാകെ വായിച്ചു കേൾപ്പിക്കുക. അങ്ങനെ ഹദ്റത്ത് ഉസ്മാൻ(റ) ജനങ്ങളെ അവിടെ ഒരുമിച്ചു കൂട്ടി. എന്നിട്ട് വസിയത്ത് അവിടെ വായിക്കപ്പെട്ട ശേഷം ഹദ്റത്ത് അബൂബക്കർ(റ) അവരെ അഭിസംബോധന ചെയ്ത് ചോദിച്ചു, ഞാൻ ഖലീഫയായി നിശ്ചയിച്ച വ്യക്തിയിൽ നിങ്ങൾ സംതൃപ്തരാണോ? എന്റെ ബന്ധുവിനെയല്ല നിങ്ങൾക്ക് ഞാൻ ഖലീഫയായി നിയമിച്ചിരിക്കുന്നത്. അല്ലാഹുവാണെ! ഞാൻ ഇക്കാര്യത്തെക്കുറിച്ച് നല്ലവണ്ണം ചിന്തിക്കുന്നതിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. അതുകൊണ്ട് ഞാൻ പറയുന്നത് ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുക. അപ്പോൾ ജനങ്ങൾ പറഞ്ഞു, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ശേഷം അദ്ദേഹം ഹദ്റത്ത് ഉമർ(റ)നെ വിളിച്ചു ജനങ്ങളോട് സൗമ്യമായി പെരുമാറാൻ ഉപദേശിച്ചു.

ഹദ്റത്ത് ഉമർ ഖലീഫയായ ശേഷം ആദ്യം നടത്തിയ പ്രഭാഷണത്തെ കുറിച്ച് വിവിധ നിവേദനങ്ങൾ ലഭിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു, അല്ലാഹു നിങ്ങളെ ഞാൻ മുഖേനയും എന്നെ നിങ്ങൾ മുഖേനയും പരീക്ഷിച്ചിരിക്കുന്നു. നിങ്ങളെക്കുറിച്ച് എനിക്ക് മുമ്പാകെ അവതരിപ്പിക്കപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഞാൻ തന്നെ നേരിട്ട് ഇടപെടുന്നതാണ്. എന്നാൽ എന്റെ പരിധിക്ക് പുറത്തുള്ള കാര്യമാണെങ്കിൽ കാര്യനിർവഹണത്തിനായി ഞാൻ പ്രാപ്തരും വിശ്വസ്തരുമായ ആളുകളെ നിശ്ചയിക്കുന്നതായിരിക്കും. മൂക്ക് കയർ ഇട്ട ഒട്ടകത്തെ പോലെയാണ് അറബികൾ. അവർ തങ്ങളെ നയിക്കുന്നവരുടെ പിറകെ ചലിക്കുന്നവരാണ്. അതുകൊണ്ട് അവരെ എങ്ങനെ നയിക്കണമെന്ന് തീരുമാനിക്കേണ്ടത് നയിക്കുന്ന വ്യക്തിയാണ്. ഇനി എന്നെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ അവരെ തീർച്ചയായും നേർമാർഗത്തിൽ തന്നെ വഴി നടത്തുന്നതാണ്.

ഹദ്റത്ത് ഉമർ(റ) ഖലീഫ ആയ ശേഷം മൂന്നാം നാൾ ഒരു വിശദമായ പ്രഭാഷണം തന്നെ നടത്തി. അല്ലാഹുവിനെ സ്തുതിക്കുകയും അല്ലാഹുവിന്റെ പ്രവാചകനുമേൽ സ്വലാത്ത് ചൊല്ലുകയും ചെയ്ത ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു, കഠിന പ്രകൃതം കാരണം ജനങ്ങൾ എന്നെ ഭയക്കുന്നു എന്ന് എനിക്ക് അറിയാൻ ഇടയായി. ഞാൻ അല്ലാഹുവിന്റെ റസൂലിന്റെയും അതുപോലെ ഹദ്റത്ത് അബൂബക്കറിന്റെയും കാലത്ത് അവരിരുവരുടെയും കെകളിൽ ഉണ്ടായിരുന്ന ഉറ നീക്കീയ വാൾ ആയിരുന്നു. എന്നെ യഥേഷ്ടം ഉറയിൽ തന്നെ ഭദ്രമാക്കി വയ്ക്കുകയോ ആക്രമണം നടത്താനായി തുറന്നു വിടുകയോ ചെയ്യാൻ അവർക്ക് അധികാരമുണ്ടായിരുന്നു. അല്ലയോ ജനങ്ങളെ, ഞാൻ നിങ്ങളുടെ രക്ഷാകർത്താവ് ആയിരിക്കുന്നു. ഇപ്പോൾ എന്റെ താപകോപങ്ങൾക്ക് മയം വച്ചിരിക്കുന്നു. മുസ്ലീങ്ങൾക്ക് മേൽ അതിക്രമവും അക്രമവും അഴിച്ചുവിടുന്നവർക്ക് നേരെ മാത്രമേ ഇനി അത് പ്രകടമാകുകയുള്ളൂ. അതുപോലെ സൽപ്രകൃതവും ദീനീ ബോധവുമുള്ളവരും ശ്രഷ്ഠരുമായവരോട് ഞാൻ അവർ പരസ്പരം പ്രകടിപ്പിക്കുന്നതിനെക്കാൾ കൂടുതൽ സൗമ്യമായിട്ടായിരിക്കും പെരുമാറുക. അല്ലയോ ജനങ്ങളെ, ഞാൻ നിങ്ങൾക്ക് മേൽ ചെലവഴിക്കേണ്ട ധനവും അതുപോലെ യുദ്ധമുതലും മറച്ചു വയ്ക്കുകയില്ല. അത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. അതുപോലെ ഞാൻ നിങ്ങൾക്ക് സ്റ്റെപ്പൻഡും അലവൻസും തരാനും നിങ്ങളെ നാശത്തിലേക്ക് വിടാതിരിക്കുകയും ചെയ്യേണ്ടതും അതുപോലെതന്നെ നിങ്ങൾ യുദ്ധത്തിനായി സെന്യത്തിൽ ചേർന്നു വീട്ടിൽ നിന്നും വിട്ടു നില്ക്കുമ്പോൾ നിങ്ങളുടെ ഭാര്യാമക്കളുടെ പിതാവായി നില്ക്കാനും ഞാൻ ബാധ്യസ്ഥനാണ്.

ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ഹദ്റത്ത് ഉമറിന്റെ ഖിലാഫത്ത് കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് പറയുന്നു. അദ്ദേഹം ഇസ്ലാമിനും മുസ്ലിങ്ങൾക്കും പുരോഗതി നല്കാനായി ഒരുപാട് ത്യാഗങ്ങൾ വരിച്ചിട്ടുണ്ട്. റസൂൽ കരീം(സ)നു മേൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന യൂറോപ്യൻ ഓറിയന്റലിസ്റ്റുകൾ പോലും ഹദ്റത്ത് അബൂബക്കറിനെയും ഹദ്റത്ത് ഉമറിനെയും കുറിച്ച് പറയുമ്പോൾ അവർ വളരെയധികം അധ്വാനത്തോടും ത്യാഗമനോഭാവത്തോടും കൂടി തങ്ങളുടെ പ്രജാക്ഷേമത്തിനായി പ്രവർത്തിച്ചവരാണ് എന്നും അവരെ പോലെ ലോകത്ത് ഭരണാധിപന്മാരെ കാണാൻ സാധിക്കുകയില്ല എന്നും അംഗീകരിക്കുന്നുണ്ട്.

ഹദ്റത്ത് ഉമർ(റ)ന്റെ നീതിബോധവും ദീർഘവീക്ഷണവും റസൂൽ കരീം(സ) സേവകത്വവും ദെവഭയവും കാരണത്താലാണ് എന്ന് സമർഥിച്ചു കൊണ്ട് ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) പറയുന്നു, എല്ലായ്പോഴും റസൂൽ കരീം(സ)ന്റെ സഹവാസത്തിൽ കഴിഞ്ഞിരുന്ന ഹദ്റത്ത് ഉമർ(റ) തന്റെ മരണ സമയത്ത് പോലും ആശിക്കുന്നത് തനിക്ക് റസൂൽ കരീം(സ)ന്റെ കാൽ ചുവട്ടിൽ ഇടം ലഭിക്കണമെന്നാണ്. റസൂൽ കരീം(സ) തന്റെ ജീവിതത്തിൽ ദെവപ്രീതി ഉദ്ദേശിച്ചല്ലാതെ എന്തെങ്കിലും പ്രവർത്തി ചെയ്തിരുന്നെങ്കിൽ ഇത്രയും മഹത്തായ പദവിയിലുള്ള ഒരു വ്യക്തി എങ്ങനെ തിരുനബിയുടെ കാൽ ചുവട്ടിൽ തനിക്ക് ഇടം ലഭിക്കണമെന്ന് ആഗ്രഹിക്കാനാണ്.

അഹ്ലുബയ്ത്ത് അതായത് റസൂലുല്ലായുടെ കുടുംബത്തോട് ഹദ്റത്ത് ഉമറിന് എത്രത്തോളം സ്നേഹാദരങ്ങളുണ്ട് എന്നതിനെ കുറിച്ച് പ്രതിപാദിച്ചു കൊണ്ട് ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) പറയുന്നു, മുസ്ലീങ്ങൾക്ക് ഇറാൻ വിജയം ലഭിച്ചപ്പോൾ അവിടെ നിന്നും വളരെ നേർത്ത ആട്ട ഉണ്ടാക്കുന്ന മിഷീൻ കൊണ്ടുവരികയുണ്ടായി. അങ്ങനെ പൊടിച്ച ആദ്യത്തെ നേർത്ത ആട്ട ഹദ്റത്ത് ഉമർ(റ) ഹദ്റത്ത് ആയിഷ(റ)യ്ക്ക് കൊടുത്തയച്ചു. ഹദ്റത്ത് ആയിഷ( റ) ആ ആട്ട കെണ്ടുണ്ടാക്കിയ റൊട്ടിക്കഷണം വായിൽ വച്ചതും റസൂൽ കരീം(സ)നോടുള്ള സ്നേഹാധിക്യത്താൽ അവരുടെ കണ്ണുകൾ ഈറനണിയുകയും ഇപ്രകാരം പറയുകയും ചെയ്തു, നമുക്ക് ഇന്ന് ഈ അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നത് ആരു നിമിത്തമാണോ അദ്ദേഹം ഇതൊന്നും അനുഭവിക്കാതെ നമ്മെ വിട്ടു പോയി. നമ്മൾ ഇന്ന് ഈ അനുഗ്രഹങ്ങൾ ഉപയോഗിക്കുകയാണ്.

ഹദ്റത്ത് ഉമർ(റ), ഹദ്റത്ത് ഇമാം ഹസൻ(റ) ഹദ്റത്ത് ഇമാം ഹുസെൻ(റ) എന്നിവരെ വളരെയധികം ആദരിക്കുമായിരുന്നു. അവർക്ക് ഒരുപാട് പാരിതോഷികങ്ങൾ നല്കാറുമുണ്ടായിരുന്നു. ഹദ്റത്ത് ഉമർ(റ) മുസ്ലിങ്ങൾക്ക് ആദ്യമായി സ്റ്റെപ്പൻഡ് നിശ്ചയിച്ചപ്പോൾ റസൂൽ കരീം(സ)ന്റെ അടുത്ത ബന്ധുക്കളിൽ നിന്നായിരുന്നു തുടക്കം കുറിച്ചത്. അദ്ദേഹം ഏറ്റവുമാദ്യം ഹദ്റത്ത് അബ്ബാസ്(റ)നും പിന്നെ ഹദ്റത്ത് അലി(റ)നും വേണ്ടി സ്റ്റെപ്പൻഡ് നിശ്ചയിച്ചു. ഹദ്റത്ത് ഉമറിനെ കുറിച്ചുള്ള വിവരണം ഇനിയും തുടരുമെന്ന് പറഞ്ഞുകൊണ്ട് ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) പറഞ്ഞു, ഇനി ഞാൻ ഏതാനും ചില മർഹൂമീങ്ങളെ കുറിച്ചുള്ള അനുസ്മരണ നടത്തുന്നതായിരിക്കും. ഖുതുബ കഴിഞ്ഞാൽ അവരുടെ ജനാസ ഗായിബ് നമസ്കരിക്കുന്നതായിരിക്കും എന്ന് പ്രഖ്യാപിച്ചു.

ആദ്യമായി പരാമർശിച്ചത് മർഹൂം ഫൈസ് അഹ്മദ് സാഹിബ് ഗുജറാത്തി ദർവേശ് നാസിർ ബെത്തുൽമാലിന്റെ ഭാര്യയായ സുഹെല മഹബൂബ് സാഹിയെ കുറിച്ചായിരുന്നു. അവർ 90 വയസ്സിലാണ് വഫാത്തായത്. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. അല്ലാഹുവിന്റെ അനുഗ്രഹത്താൽ മർഹൂമ മൂസിയ ആയിരുന്നു. ഇവരുടെ പിതാവ് അഹ്മദി ആയിരുന്നില്ല. എന്നാൽ ഇവരുടെ മാതാവ് അവരുടെ പിതാവ് ബയ്അത്ത് ചെയ്തതിനു ശേഷം സ്വയം തന്നെ ജമാഅത്തിന്റെ പുസ്തകങ്ങൾ വായിച്ചു അഹ്മദിയ്യത്തിൽ പ്രവേശിക്കുകയായിരുന്നു. അവർ ജീവിതം വഖ്ഫ് ചെയ്തിരുന്നു. ആ സമയത്ത് ഹദ്റത്ത് മിർസാ ബഷീർ അഹ്മദ് സാഹിബ് അവരുടെ വഖ്ഫിനെ കുറിച്ചുള്ള കത്തിനു മറുപടിയായി ഇപ്രകാരം എഴുതി, നിങ്ങളുടെ വഖ്ഫിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. നിങ്ങളുടെ ഈ ചുവടുവെപ്പ് വളരെയധികം വിലമതിക്കുന്നതാണ്. വഖ്ഫിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ പ്രഥമ പ്രധാനമായ കർത്തവ്യം മതവിജ്ഞാനം നേടുകയും അതുപോലെ ഇസ്ലാമിനും അഹ്മദിയ്യത്തിനും യോജിച്ച നിലയിൽ തന്റെ കർമങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും അങ്ങനെ യഥാർഥമായ ഒരു മാതൃക സമൂഹത്തിനു മുമ്പാകെ കാഴ്ച വയ്ക്കു കയും ചെയ്യുകയാണ്. 1964 ൽ മർഹൂമയെ ചൗധരി അബ്ദുല്ലാഹ് സാഹിബ് വിവാഹം ചെയ്തു. അതിൽ അവർക്ക് ഒരു പെൺകുട്ടി പിറന്നു. എന്നാൽ അധികം താമസിയാതെ ആ ബന്ധം വേർപെട്ടു. പിന്നീട് അവർ അഹ്മദ് സാഹിബ് ഗുജറാത്തിയെ വിവാഹം കഴിച്ചു. അതിൽ അവർക്ക് ഒരു മകൻ പിറന്നു. എന്നാൽ ആ കുട്ടി ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. റിട്ടയർമെൻറ് വരെ 30 വർഷം നുസ്റത്ത് ഗേൾസ് ഹെസ്കൂൾ ഹെഡ്മിസ്ട്രസ് ആയി അവർ സേവന മനുഷ്ഠിക്കുകയുണ്ടായി.

ഹുസൂർ തിരുമനസ്സ്(അയ്യദഹുല്ലാഹു) ഇസ്രാർ അഹ്മദ് സാഹിബ് കേരംഗ് ഒഡീഷയുടെ മകനായ മുബഷിർ അഹ്മദ് സാഹിബിനെക്കുറിച്ച് അനുസ്മരിച്ചു. അദ്ദേഹം നസാമത്ത് തഅ്മീറാത്ത് ഖാദിയാനിലുള്ള സൂപ്പർവെസർ ആയിരുന്നു. കുറച്ചു ദിവസം മുമ്പ് കൊറോണ കാരണമായി മുപ്പത്തി മൂന്നാമത്തെ വയസ്സിൽ അദ്ദേഹം വഫാത്തായി. ഇന്നാലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. അദ്ദേഹത്തിന്റെ കുടുംബം ആദ്യകാല അഹ്മദി കുടുംബങ്ങളിൽ ഒന്നാണ്. വളരെ സൽപ്രകൃതം നമസ്കാര ശീലനും ദീനീ സേവനത്തിന് സദാ സന്നദ്ധത പ്രകടിപ്പിക്കുന്ന ജമാഅത്ത് സേവകനുമായിരുന്നു. ചെറുപ്പം മുതൽക്കുതന്നെ പള്ളിയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എട്ടുവർഷമായി നല്ല നിലയിൽ സൂപ്പർവെസർ ആയി ജോലി അനുഷ്ഠിച്ചു വരികയായിരുന്നു. തന്നിൽ അർപ്പിതമായ ജോലികളൊക്കെ തന്നെ വളരെ ഗൗരവത്തോടുകൂടി നിർവ്വഹിക്കുമായിരുന്നു. ഏതു ജോലിയും അതിന്റെ ആഴത്തിൽ ചെന്ന് പരിശോധിക്കുമായിരുന്നു. സന്തപ്ത കുടുംബത്തിൽ ഭാര്യയെ കൂടാതെ മാതാപിതാക്കളും രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ആണുള്ളത്.

അതുപോലെ രാജാ ഖുർശിദ് അഹ്മദ് മുനീർ സാഹിബ് മുറബ്ബി സിൽസില, സമീർ അഹ്മദ് നദീം മുറബ്ബി സിൽസില, ഈസാ മൗക്കി തല്മിയ സാഹിബ് നാഷണൽ അമീർ തൻസാനിയ, സൈഫ് അലി സാഹിബ് സിഡ്നി ആസ്ട്രലിയ, മസൂദ് അഹ്മദ് ഹയാത്ത് സാഹിബ് യുകെ എന്നിവരെയും അനുസ്മരിക്കുകയും എല്ലാ പരേതാത്മാക്കൾക്കു വേണ്ടിയും മഗ്ഫിറത്തിനും അതുപോലെ പദവികൾ ഉയരുന്നതിനുമായി ദുആ ചെയ്യുകയുണ്ടായി.

Leave a Reply