02.07.2021 ഖുത്ബ സംഗ്രഹം

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഹദ്റത്ത് ഉമർ(റ)നെ കുറിച്ചാണ് വിവരിച്ചു വരുന്നത്.

അതു തന്നെ ഇന്നും തുടരുന്നതാണ്. ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും വ്യവഹാരത്തിൽ ഉണ്ടായിരുന്ന യമനിലെ ഭൂമി അടിസ്ഥാനപരമായി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഹദ്റത്ത് ഉമർ(റ) അവരെ അറേബ്യയിൽ നിന്നും നാടുകടത്തിയപ്പോൾ അവരുടെ ഭൂമി കയ്യടക്കുകയല്ല മറിച്ച് വിലയ്ക്കു വാങ്ങുകയായിരുന്നു ചെയ്തത്. ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ എഴുതിയിരിക്കുന്നു, ഹദ്റത്ത് ഉമർ(റ) നജ്റാനിലെ ബിംബാരാധകരെയും ജൂതന്മാരെയും ക്രിസ്ത്യാനികളെയും നാടുകടത്തുകയും അവരുടെ ഭൂമിയും തോട്ടങ്ങളും വിലയ്ക്ക് എടുക്കുകയും ചെയ്തു. യുദ്ധത്തടവുകാരെ അല്ലാതെ അടിമകളായി വയ്ക്കുന്ന രീതി ഇസ്ലാമിൽ വിലക്കപ്പെട്ടതാണ് എന്ന വിഷയത്തിൽ ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) വിവരിക്കുന്നു, അല്ലാഹു പറയുന്നത്, മുസ്ലീങ്ങളെ, മറ്റു ജനങ്ങളെപ്പോലെ അന്യ സമുദായങ്ങളിലെ വ്യക്തികളെ പിടികൂടി സ്വന്തം ശക്തി വർദ്ധിപ്പിക്കാനാണോ നിങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ അറിയുക, അല്ലാഹു അതല്ല ആഗ്രഹിക്കുന്നത്. അവൻ ആഗ്രഹിക്കുന്നത് നിങ്ങൾ അവന്റെ കല്പനകൾ അനുസരിക്കാനാണ്. അതുമുഖേന നിങ്ങൾക്ക് ശുഭപര്യവസാനം ഉണ്ടാകുന്നതാണ്. ആയതിനാൽ യുദ്ധവേളകളിൽ പിടികൂടിയ തടവുകാരെ അല്ലാതെ മറ്റാരെയും നിങ്ങൾ ബന്ദികൾ ആക്കരുത്.

ഇസ്ലാമിന്റെ തുടക്കം മുതൽക്കുതന്നെ ഈ കല്പന പാലിക്കപ്പെട്ടിരുന്നു. ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ യമനിൽ നിന്നും ഒരു സംഘം ആളുകൾ വരികയും ഇസ്ലാമിനു മുമ്പു തന്നെ തങ്ങളെ ക്രിസ്ത്യാനികൾ അകാരണമായി പിടികൂടി അടിമകളാക്കി വച്ചിരിക്കുകയാണ് എന്ന് പരാതി ബോധിപ്പിച്ചു. താൻ ഇതേ കുറിച്ച് അനേ്വഷിക്കുകയും വേണ്ട നടപടികൾ കെക്കൊള്ളുകയും ചെയ്യുമെന്ന് ഹദ്റത്ത് ഉമർ(റ) അവർക്ക് ഉറപ്പുകൊടുത്തു. എന്നാൽ നോക്കുക, ഇതിനു വിപരീതമായി യൂറോപ്പിൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ വരെ അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു. ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ഹിജ്റ വർഷം 18ന് മദീനയിലും പ്രാന്തപ്രദേശങ്ങളിലും രൂക്ഷമായ വരൾച്ച നേരിട്ടു. മഴ പെയ്യാത്ത കാരണത്താൽ അവിടങ്ങളിലെ മണ്ണെല്ലാം കറുത്ത ചാമ്പൽ പോലായി. ഒമ്പതുമാസം ഇതേ സ്ഥിതി തുടർന്നു. ആ വർഷത്തെ ആമുർ റമാദ അഥവാ ചാരവർഷം എന്ന് പറയപ്പെട്ടു. അതേ തുടർന്ന് ഹദ്റത്ത് ഉമർ(റ) ഈജിപ്തിലെ ഗവർണറായ ഹദ്റത്ത് അംർ ബിനിൽ ആസിന് സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തെഴുതി. അപ്പോൾ ഹദ്റത്ത് അംർ ബിനിൽ ആസ് ധാന്യങ്ങൾ നിറച്ച ചാക്കുകൾ ഏറ്റിയ ആയിരം ഒട്ടകങ്ങളെ അയച്ചുകൊടുത്തു. നെയ്യും വസ്ത്രങ്ങളും അവയ്ക്കു പുറമേ ആയിരുന്നു. ഇറാഖിലെ ഗവർണറായ ഹദ്റത്ത് സഅദ്(റ) 3000 ഒട്ടകങ്ങളെ അപ്രകാരം ധാന്യങ്ങൾ ചുമടേറ്റി അയക്കുകയുണ്ടായി. അദ്ദേഹം അതിനെ ഗ്രാമങ്ങളിലേക്ക് തിരിച്ചു വിട്ടു. ആ ഒരു വിഷമഘട്ടത്തിൽ ഹദ്റത്ത് ഉമർ(റ) സ്വന്തം മേൽ നോട്ടത്തിൽ ഭക്ഷണം തയ്യാർ ചെയ്യിപ്പിക്കുകയും എല്ലാവരോടും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു.

അദ്ദേഹം തുടർച്ചയായി വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ മുസ്ലീങ്ങൾ ഒട്ടകങ്ങളെ അറുക്കുകയും അതിന്റെ പൂഞ്ഞിന്റെയും കരളിന്റെയും കഷണങ്ങൾ ഹദ്റത്ത് ഉമർ(റ)ന് മുമ്പാകെ സമർപ്പിക്കുകയും ചെയ്തു. ഇത് എവിടെ നിന്ന് കൊണ്ടുവന്നതാണെന്ന് ഹദ്റത്ത് ഉമർ(റ) അവരോട് തിരക്കി. ഇന്ന് അറവു നടത്തിയ ഒട്ടകങ്ങളുടെ ഇറച്ചിയാണെന്ന് മറുപടി ലഭിച്ചു. അപ്പോൾ ഹദ്റത്ത് ഉമർ പറഞ്ഞു നല്ല ഭാഗങ്ങൾ ഞാൻ കഴിക്കുകയും മോശം ഭാഗങ്ങൾ ജനങ്ങളെ കഴിപ്പിക്കും ചെയ്താൽ ഞാൻ എത്ര മോശമായ നേതാവായിരിക്കും?

വരൾച്ചയുടെ ദിനങ്ങളിൽ അദ്ദേഹം ഇശാ നമസ്കാരത്തിന് ശേഷം രാത്രിയുടെ അന്ത്യയാമം വരെ തുടർച്ചയായി നമസ്കരിക്കുമായിരുന്നു. അതിനുശേഷം മദീനയുടെ നാലുഭാഗത്തും റോന്ത് ചുറ്റുകയും ചെയ്തിരുന്നു. അദ്ദേഹം അല്ലാഹുവിനോട് ഇപ്രകാരം ദുആ ചെയ്യുമായിരുന്നു, അല്ലാഹുവേ എന്റെ കെകളാൽ മുഹമ്മദ്(സ)ന്റെ സമുദായത്തെ നീ നാശത്തിൽ അകപ്പെടുത്തരുതേ. ഇബ്നു താവൂസ് തന്റെ പിതാവിൽനിന്ന് നിവേദനം ചെയ്യുന്നു, ഹദ്റത്ത് ഉമർ(റ) ജനങ്ങൾ ക്ഷേമത്തിലേക്ക് തിരിച്ചു വരുന്നതുവരെ മാംസമോ നെയ്യോ കഴിച്ചിരുന്നില്ല. അയാസ് ബിൻ ഖലീഫ പറയുന്നു, വരൾച്ച നേരിട്ട വർഷം വർഷം ഹദ്റത്ത് ഉമർ(റ)ന്റെ തൊലിയുടെ നിറം കറുത്തിരുണ്ട് പോകുകയുണ്ടായി. അല്ലാഹു വരൾച്ച ഇല്ലാതാക്കി ഇല്ലെങ്കിൽ ഹദ്റത്ത് ഉമർ(റ) മുസ്ലിംകളെ കുറിച്ചുള്ള ആധി കയറി മരിച്ചുപോയേക്കാമെന്ന് ജനങ്ങൾ പറയുമായിരുന്നു.

മദീനയുടെ എല്ലാ ഭാഗത്തും നാടോടികളായ അറബികൾ ആ സമയത്ത് തമ്പടിച്ചിരുന്നു. ഹദ്റത്ത് ഉമർ(റ) അവരുടെ എണ്ണം എടുത്ത് അവർക്ക് വേണ്ട ഭക്ഷണങ്ങൾ ഒരുക്കി കൊടുക്കുമായിരുന്നു. വരൾച്ച അതിരൂക്ഷമായപ്പോൾ ഒരു വ്യക്തി തിരുനബി(സ) ദുആയ്ക്ക് വേണ്ടി ശ്രദ്ധചെലുത്തുന്നതായി ഒരു സ്വപ്നത്തിൽ കണ്ടു. അങ്ങനെ ഹദ്റത്ത് ഉമർ(റ)ന്റെ നിർദേശാനുസരണം എല്ലാവരും മഴക്ക് വേണ്ടി ഇസ്തിസ്ഖാറ നമസ്കാരം അനുഷ്ഠിച്ചു.

നിവേദകൻ പറയുന്നു നമസ്കരിച്ച് ഞങ്ങൾ വീട്ടിൽ എത്തുന്നതിനു മുമ്പ് മെതാനം മുഴുവൻ മഴ കാരണത്താൽ കുളമായി മാറിയിരുന്നു. മസ്ജിദുന്നബവിയിൽ ഏറ്റവുമാദ്യം ആദ്യം ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിലാണ് പരവതാനികൾ വിരിയ്ക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ഹിജ്റ വർഷം 17 ന് മസ്ജിദുന്നബവിയെ വിപുലീകരിക്കുകയുണ്ടായി. അന്നേരം മിതവ്യയം മുൻനിറുത്തിക്കൊണ്ട് മസ്ജിദിനെ റസൂൽ കരീം(സ) ന്റെ അനുഗൃഹീത കാലഘട്ടത്തിലുണ്ടായ അതേ അടിത്തറയിൽ തന്നെ പടുത്തുയർത്തുകയുണ്ടായി.

ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ ആദ്യമായി കാനേഷുമാരി നടക്കുകയുണ്ടായി. അതുപോലെ പൊതുജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനായി റേഷൻ സംവിധാനം ആദ്യമായി ഏർപ്പെടുത്തുകയുമുണ്ടായി. ഇസ്ലാമിക ഭരണ സംവിധാനം പ്രവർത്തിക്കുന്നതിനെ കുറിച്ച് ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) പറയുന്നു, റസൂൽ കരീം(സ) മദീനയിൽ വന്ന ശേഷം ചെയ്ത ആദ്യത്തെ പ്രവർത്തനം അവിടെ സ്വത്തുവകകൾ ഉടമസ്ഥതയിലുള്ളവരെ നിർധനരായ മുഹാജിരിങ്ങളുമായി സാഹോദര്യബന്ധത്തിൽ ഏർപ്പെടുത്തുക എന്നതായിരുന്നു. ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വ സുന്ദരമായ അധ്യാപനത്തിന്റെ മകുടോദാഹരണമായിരുന്നു അത്. അതുപോലെ അദ്ദേഹം ഒരു യുദ്ധത്തിന്റെ അവസരത്തിലും എല്ലാവർക്കും തുല്യ നീതിയോടെ ഭക്ഷണം ലഭിക്കുന്ന വിധത്തിൽ റേഷൻ ഏർപ്പെടുത്തുകയുണ്ടായി. ബഹ്റെനിലെ രാജാവ് മുസ്ലിം ആയപ്പോൾ അപ്പോൾ ഹദ്റത്ത് ഉമർ(റ) അദ്ദേഹത്തോട് അദ്ദേഹത്തിന്റെ രാജ്യങ്ങളിലുള്ള കൃഷി ഭൂമി ഇല്ലാത്തവർക്ക് സ്റ്റെപ്പെന്റായി 4 ദിർഹമും വസ്ത്രങ്ങളും നല്കാനും അങ്ങനെ അവരെ പട്ടിണിയിൽ നിന്നും നഗ്നതയിൽ നിന്നും രക്ഷിക്കാനും നിർദേശിക്കുകയുണ്ടായി.

തിരുനബി(സ)യുടെ മരണാനന്തരം മുസ്ലീങ്ങൾ ലോകത്തുള്ള നാനാ കോണുകളിലും ആയി വ്യാപിച്ചപ്പോൾ അവർക്ക് വേണ്ടിയുള്ള ഭക്ഷണം സംവിധാനം ഏർപ്പെടുത്തുക ദുഷ്കരമായി മാറി. ആ സമയത്ത് ഹദ്റത്ത് ഉമർ(റ) എല്ലാം മുസ്ലീങ്ങളുടെയും സെൻസസ് എടുക്കുകയും റേഷൻ സംവിധാനം ഒരുക്കുകയും ചെയ്തു.

ഭൗതിക ഭരണകൂടങ്ങൾ കാനേഷുമാരി നടത്തുന്നത് ജനങ്ങളെ ബലിയാട് ആക്കാനും അവരെ പട്ടാളത്തിലേക്ക് ചേർക്കാൻ വേണ്ടിയുള്ള കണക്ക് എടുക്കാൻ വേണ്ടിയുമായിരുന്നെങ്കിൽ ഹദ്റത്ത് ഉമർ(റ) അത് ചെയ്തത് പ്രജകൾക്ക് ഭക്ഷണം എത്തിക്കുക എന്ന ഏക ഉദ്ദേശത്തോടെയായിരുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനായി ഇസ്ലാമിൽ സ്വീകരിക്കപ്പെട്ട ആദ്യത്തെ വിപുലമായ സംവിധാനമായിരുന്നു അത്. ലോകത്ത് ഇത്തരം ഒരു സംവിധാനം നിലവിൽ വന്നാൽ പിന്നെ മറ്റൊരു ഒരു സംവിധാനത്തിന്റെയും ആവശ്യം നിലനില്ക്കുകയില്ല. കാരണം അങ്ങനെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക ഭരണകൂടത്തിന്റെ ബാധ്യത ആകുന്നതാണ്.

സോവിയറ്റ് റഷ്യയാണ് ആദ്യമായി ദരിദ്രർക്ക് ഭക്ഷണത്തിനും വസ്ത്രത്തിനും സംവിധാനം ഒരുക്കിയത് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ വാസ്തവത്തിൽ ഇത്തരമൊരു സമ്പദ്ഘടന ഇസ്ലാമാണ് ആദ്യമായി നടപ്പിൽ വരുത്തിയത്. ഹദ്റത്ത് ഉമർ(റ)ന്റെ കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും എല്ലാവരുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചു. ഇസ്ലാമിക വീക്ഷണത്തിൽ എല്ലാവരുടെയും ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയുടെ ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. ഇപ്പോൾ ഇതര ഭരണകൂടങ്ങളും അതിനെ അനുകരിക്കുകയാണ്. അതിനായി ബീമാ പോളിസി, ഫാമിലി പെൻഷൻ തുടങ്ങിയ പലസ്കീമുകളും നടത്തിവരുന്നു. എന്നാൽ ബാല്യത്തിലും വാർദ്ധക്യത്തിലും ഒരുപോലെ ഓരോരുത്തരുടെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഉത്തരവാദിത്വം ഭരണകൂടത്തിനാണ് എന്ന ഒരു തത്വം ഇസ്ലാമിനു മുമ്പ് ഒരു മതവും അവതരിപ്പിച്ചിട്ടില്ല.

ഹിജ്റ വർഷം 20ന് ഹദ്റത്ത് ഉമർ(റ) ഭരണകാര്യങ്ങളിൽ എളുപ്പം ഉണ്ടാക്കാനായി ഇസ്ലാമിക ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങളെ എട്ട് പ്രവിശ്യകളായി തരം തിരിച്ചു. അതു പോലെ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ മജ്ലിസ് ശൂറ (കൂടിയാലോചന സമിതി)യും സ്ഥാപിതമായി. മജ്ലിസ് ശൂറയിൽ അൻസാറുകളിൽ നിന്നും മുഹാജിറുകളിൽ നിന്നുമുള്ള തലമുതിർന്ന സഹാബാക്കൾ അംഗങ്ങളായിരുന്നു. പതിവു കാര്യങ്ങളിൽ ഈ മജ്ലിസായിരുന്നു തീരുമാനങ്ങൾ കെക്കൊണ്ടിരുന്നത്. എന്നാൽ എന്തെങ്കിലും സുപ്രധാന സംഗതി ഉണ്ടെങ്കിൽ മുഹാജിറുകളുടെയും അൻസാറുകളുടെയും പൊതു സഭ കൂടുകയും അതിൽ എല്ലാവരുടെയും ഏകകണ്ഠേനയുള്ള അഭിപ്രായത്തിൽ തീരുമാനങ്ങൾ കല്പിക്കപ്പെടുകയും ചെയ്യുമായിരുന്നു. അതുകൂടാതെ മറ്റൊരു മജ്ലിസും ഉണ്ടായിരുന്നു.

അത് ദിനേനയുള്ള ഏർപ്പാടുകളെയും ആവശ്യങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു സംഘടിച്ചിരുന്നത്. ആ സഭ എപ്പോഴും മസ്ജിദുന്നബവിയിൽ ആയിരുന്നു ചേർന്നിരുന്നത്. എന്നാൽ അതിൽ മുഹാജിറുകളായ സഹാബാക്കൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. സംസ്ഥാനങ്ങളിലെയും ജില്ലകളിലുമുള്ള അധികാരികൾ മിക്കപ്പോഴും പ്രജകളുടെ ഇഷ്ടാനുസരണം ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ചിലപ്പോൾ അതിനായി പ്രത്യേ‌കം തെരഞ്ഞെടുപ്പ് നടക്കുമായിരുന്നു. ഹദ്റത്ത് ഉമർ(റ) ഭാരവാഹികളോട് ഉപദേശിച്ചിരുന്നത്, നിങ്ങളെ ജനങ്ങളുടെ ഇമാം ആയാണ് അയക്കുന്നത് അവർ നിങ്ങളെ പിന്തുടരുന്നവരായിതീരണം എന്നായിരുന്നു. നിങ്ങൾ അവരുടെ അവകാശങ്ങൾ അവർക്ക് വകവെച്ചു കൊടുക്കണം അവരെ മർദിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നവരാകരുത്. ആരെയും അനാവശ്യമായി പുകഴ്ത്തരുത്. അത് ഫിത്നക്ക് വഴിവയ്ക്കും. അതുപോലെ അദ്ദേഹം ഗവർണർമാരിൽ നിന്നും ഇപ്രകാരം പ്രതിജ്ഞ എടുത്തിരുന്നു. അതായത് അവർ തുർക്കി കുതിരകളിൽ സവാരി ചെയ്യില്ല. നേരിയ വസ്ത്രങ്ങൾ ധരിക്കില്ല. അരിച്ച നേർത്ത ആട്ട കഴിക്കില്ല. തങ്ങളുടെ വാതിൽക്കൽ കാവൽ ഭടന്മാരെ വയ്ക്കില്ല എന്നൊക്കെ. അതുപോലെ ഗവർണർമാരുടെ സ്വത്തുവകകൾ പരിശോധിക്കുകയും അതിൽ വർദ്ധനവ് തെളിയുന്ന പക്ഷം അവരെ വിചാരണ ചെയ്യുകയും ചെയ്തിരുന്നു.

ഹദ്റത്ത് ഉമർ(റ) ഇറാഖും സിറിയയും കീഴടക്കിയ ശേഷം ഭൂനികുതി സമ്പ്രദായത്തെ കൂടുതൽ കൃത്യമാക്കി. രാജാക്കന്മാർ പൊതു ജനങ്ങളിൽ നിന്നും ബലപ്രയോഗത്താൽ കരസ്ഥമാക്കി തങ്ങളുടെ അമീർമാർക്കും ദർബാറികൾക്കും നല്കിയ ഭൂമി അവർക്ക് തിരിച്ച് ഏല്പിച്ചു. അങ്ങനെ അദ്ദേഹം ആദായ നികുതി പിരിക്കുന്ന കാര്യങ്ങൾ വ്യവസ്ഥാപിതമാക്കുകയും വളരെ മയപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അതുപോലെ അദ്ദേഹം ദിമ്മികളായ പ്രജകളുടെ അഭിപ്രായങ്ങൾ ആരായുകയും അവരുടെ നിർദേശങ്ങളെ മാനിക്കുകയും ചെയ്തിരുന്നു.

ഹദ്റത്ത് ഉമർ(റ)നെ കുറിച്ചുള്ള പരാമർശം ഇനിയും തുടരുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഹുസൂർ തിരുമനസ്സ് ഒരു പുതിയ വെബ്സെറ്റ് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചു. Ahmadipedia.org എന്ന വെബ്സെറ്റ് കേന്ദ്ര ആർക്കെവ് വകുപ്പും റിസർച്ച് സെന്ററും കൂടിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു സെർച്ച് എഞ്ചിന്റെ രീതിയിലാണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ ജമാഅത്തിന്റെ ഗ്രന്ഥങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, വിശ്വാസാദർശങ്ങൾ, കെട്ടിടങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടെന്റുകൾ സെർച്ച് ചെയ്യാവുന്നതാണ്. ഓരോ എൻട്രിയിലും ബന്ധപ്പെട്ട വെബ്സെറ്റുകളുടെയും വീഡിയോസ്, ജമാഅത്തിലെ പത്രമാസികകളിലുള്ള ലേഖനങ്ങൾ എന്നിവയുടെ ലിങ്കുകൾ ലഭ്യമാകുന്നതാണ്. ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന ജമാഅത്ത് അംഗങ്ങളുടെ കയ്യിലും ഒരുപാട് പ്രയോജനപ്രദമായ അറിവുകൾ ഇതുവരെ റെക്കോർഡ് ചെയ്യപ്പെടാത്തതായി ഉണ്ടാകാം.

ഈ വെബ്സെറ്റിൽ ഒരു കോൺട്രിബ്യൂഷൻ ഓപ്ഷൻ ഉണ്ട്. അതുവഴി ഏതെങ്കിലും വിഷയത്തിൽ തങ്ങളുടെ ഇൻഫോർമേഷനുകൾ, പ്രമാണങ്ങൾ, രേഖകൾ എന്നിവ സമർപ്പിക്കാവുന്നതാണ്. ഇങ്ങനെ കോൺട്രിബ്യൂട്ട് ചെയ്യുന്ന മാറ്ററുകൾ ആധികാരികത ഉറപ്പു വരുത്തിയശേഷം ഇതിൽ ഉൾക്കൊള്ളിക്കന്നതാണ്. ഈ വെബ്സെറ്റിന്റെ സാങ്കേതിക ഘട്ടങ്ങൾ കേന്ദ്ര ഐ.ടി ഡിപ്പാർട്ട്മെന്റിലെ പെർമെനൻറ് സ്റ്റാഫുകൾ അതുപോലെ വളണ്ടിയർമാർ എന്നിവർ ചേർന്നാണ് നല്ല നിലയിൽ പൂർത്തിയാക്കിയിരിക്കുന്നത്. അതുപോലെ പോലെ മാറ്ററുകൾ തയ്യാറാക്കുക, സ്രാതസ്സുകൾ ശേഖരിക്കുക, വിവർത്തനങ്ങൾ തയ്യാറാക്കി അപ്ലോഡ് ചെയ്യുക തുടങ്ങി എല്ലാ കാര്യങ്ങളും നിങ്ങളും ആർക്കെവ് ഡിപ്പാർട്ട്മെന്റ് മുറബ്ബിമാരും വളണ്ടിയർമാരും വളരെ കഠിനാധ്വാനം നടത്തിയാണ് ചെയ്തിരിക്കുന്നത്. അല്ലാഹു അവർക്ക് എല്ലാവർക്കും തക്കതായ പ്രതിഫലം നല്കുമാറാകട്ടെ. ഹുസൂർ തിരുമനസ്സ് പറഞ്ഞു, ജുമുഅ നമസ്കാരത്തിന് ശേഷം ഇൻശാ അല്ലാഹ് ഞാൻ ഈ വെബ്സെറ്റ് ലോഞ്ച് ചെയ്യുന്നതായിരിക്കും.