14.05.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു കഴിഞ്ഞ ദിവസം ഒരു മൗലവി സാഹിബ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് ഖാദിയാനികളാണ് ഫലസ്തീൻ അടക്കം ലോകത്തെവിടെയും പ്രശ്നങ്ങളും കലാപങ്ങളും ഉണ്ടാകുന്നതിനുള്ള കാരണം, അതുകൊണ്ട് അവരെ മർദ്ദിക്കുന്നതും വധിക്കുന്നതുമെല്ലാം അനുവദനീയമാണ് എന്നായിരുന്നു. അഹ്മദിയ്യത്തിന്റെ തുടക്കം മുതൽ അയിമ്മത്തുൽ കുഫ്റിന്റെ (നമുക്കെതിരെ കുഫ്റ് ഫത്വ പുറപ്പെടുവിക്കുന്ന മത നേതാക്കളുടെ) രീതി ഇതുതന്നെയാണ്. എന്നാൽ ദൈവത്തിന് ലക്ഷോപലക്ഷം നന്ദി. ഇത്തരം അതിക്രമങ്ങൾക്കെല്ലാം ഇരയായയാലും സഹനത്തോടും ദുആയോടും കൂടി തന്നെ മുന്നോട്ടു പോകണമെന്നാണ് നാം വിശ്വസിച്ച മസീഹും മഹദിയും നമ്മെ ഉപദേശിച്ചിട്ടുള്ളത്. ശത്രുക്കൾക്ക് വേണ്ടിയും ദുആ ചെയ്യണമെന്നാണ് ഹദ്റത്ത് മസീഹ് മൗഊദ് നമ്മോടു പറഞ്ഞിട്ടുള്ളത്. ഇക്കാര്യം ഞാൻ ഈദു ഖുത്ബയിലും പറയുകയുണ്ടായി. ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ കാലം തൊട്ടു തന്നെ ജമാഅത്തിനെതിരെയുള്ള എതിർപ്പുകളും ഉള്ളതാണ്. അദ്ദേഹവും അക്രമിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നതു കേൾക്കാനും ജൽസകൾക്കുമായി വരുന്നവരെ ശത്രുക്കൾ തടയുമായിരുന്നു. എന്നാൽ അങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം ആ അക്രമകാരികൾക്കായി ദുആ ചെയ്യുമായിരുന്നു. അത്തരം ദുആകളുടെ ഫലമായി തന്നെയാണ് ചില എതിരാളികൾ അദ്ദേഹത്തിന്റെ സത്യതയെ അംഗീകരിച്ചു കൊണ്ട് ജമാഅത്തിൽ ചേർന്നത്. ഇപ്പോഴും അത് തുടരുന്നുണ്ട്. ഇത്തരക്കാരുടെ കടുത്ത വാക്കുകൾ കേട്ടും നമ്മൾ പൊതുമുസ്ലിങ്ങൾക്കു വേണ്ടി ദുആ ചെയ്യുന്നു. അവരുടെ പ്രയാസങ്ങളിൽ നമ്മളും പ്രയാസപ്പെടുന്നു. എന്തെന്നാൽ അതാണ് ഹദ്റത്ത് മസീഹ് മൗഊദ് നമുക്കു പഠിപ്പിച്ചു തന്നിട്ടുള്ളത്. അതു പോലെ അല്ലാഹുവും അദ്ദേഹത്തോടു പറഞ്ഞത് അവരുടെ അക്രമങ്ങൾ തെറ്റിധാരണയും അവർക്കു പുണ്യ പ്രവാചകനോടുള്ള സ്നേഹവും കാരണമായാണെന്നും ആയതിനാൽ അവർക്കെതിരെ ശാപപ്രാർഥന നടത്തരുത് എന്നുമാണ്.

ഹദ്റത്ത് മുസ്ലിഹ് മൗഊദ് പറയുന്നു, എന്റെ അന്തരംഗത്തിലുള്ള മുഹമ്മദ് റസൂലുല്ലാഹ്(സ)നോടുള്ള സ്നേഹത്തിന്റെ ജ്വാല അവരുടെ ഇടയിലുള്ള ലക്ഷോപലക്ഷം പേരിൽ ഒരുമിച്ച നിലയിൽ പോലും ഉണ്ടാകില്ലെന്ന കാര്യം അവർ മനസ്സിലാക്കുകയാണെങ്കിൽ അവർ ഉടനടി അഹ്മദികളുടെ കാൽക്കീഴിൽ വന്നു വീണേനേ. ഈ എതിരാളികൾ നിങ്ങളുടെ സഹോദരങ്ങളാണെന്ന് നിങ്ങൾ എപ്പോഴും ഓർമിക്കുക. അവർ തെറ്റിധാരണയിൽ അകപ്പെട്ടിരിക്കുകയാണ്. അവരോട് നീരസപ്പെടുന്നതിനു പകരം അവർക്കായി നിങ്ങൾ ദുആ ചെയ്യുക.

ഹദ്റത്ത് മൗലവി അബ്ദുൽ കരീം സാഹിബ് (റ)  വിവരിക്കുന്നു, ഹദ്റത്ത് മസീഹ് മൗഊദ്(അ) താഴത്തെ നിലയിലായിരുന്നു താമസം. ഞാൻ മുകളിലെ നിലയിലുമായിരുന്നു. ഒരു രാത്രി താഴെ നിന്നും പ്രസവവേദന നിമിത്തം ഒരു സ്ത്രീ കരയുന്നതു പോലുള്ള ശബ്ദം കേൾക്കുമാറായി. ഞാൻ താഴെ ചെവി അമർത്തി നോക്കിയപ്പോൾ ഹദ്റത്ത് മസീഹ് മൗഊദ്(അ) ഇപ്രകാരം വിലപിച്ചു പ്രാർഥിക്കുകയായിരുന്നു, അല്ലാഹുവേ, പ്ലേഗ് പടർന്നു പിടിച്ചിരിക്കുന്നു. അതു കാരണം ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെല്ലാവരും മരണപ്പെട്ടാൽ പിന്നെ നിന്നെ വിശ്വസിക്കുവാൻ ആരു ബാക്കിയുണ്ടാകും. ഹദ്റത്ത് മുസ്ലിഹ് മൗഊദ് പറയുന്നു, പ്ലേഗു വെളിപ്പെട്ടതു തന്നെ ഹദ്റത്ത് മസീഹ് മഊദ്(അ)ന്റെ സത്യസാക്ഷ്യത്തിന് ഒരു ദൃഷ്ടാന്തമെന്നോണമാണ്. എന്നിട്ടും അദ്ദേഹം ദൈവസമക്ഷം ജനങ്ങൾക്കു വേണ്ടി പൊട്ടിക്കരയുകയാണ്. ആതുകൊണ്ട് ഒരു വിശ്വാസി ഒരിക്കലും സാധാരണക്കാരനു വേണ്ടി ശാപപ്രാർഥന നടത്തരുത്. അവരെ കുറിച്ച് ദൈവത്തിന് നിങ്ങളെക്കാൾ ചിന്തയുണ്ട്. ഹദ്റത്ത് മസീഹ് മൗഊദ്(അ)ന് അല്ലാഹു ഇപ്രകാരം വെളിപാടു മുഖേന അറിയിക്കുകയുണ്ടായി,

ഏ ദിലെ തൂ നീസ് ഖാതിറെ ഈനാൻ നിഗാഹ് ദാർ കാഖർ കുനന്ദ് ദഅ്-വായെ ഹുബ്ബെ പയമ്പറം(സ)

ഹദ്റത്ത് മസീഹ് മഊദ്(അ)നെ അഭിസംബോധന ചെയ്തു കൊണ്ട് ഈ ഈരടിയിൽ അല്ലാഹു ഇപ്രകാരം അദ്ദേഹത്തെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു, അല്ലയോ എന്റെ ഹൃദയമേ, നീ അവരുടെ വികാര വിചാരങ്ങളെ ദയാപൂർവം മാനിക്കുക. അവരുടെ ഹൃദയം മലീമസമാകാതിരിക്കാനായാണത്. അല്ലാതെ സഹികെട്ട് നീ അവർക്കെതിരെ ശാപ പ്രാർഥന നടത്താൻ പാടില്ല. എന്തുതന്നെ ആയാലും അവർ നിന്റെ പ്രവാചകനെ സ്നേഹിക്കുന്നവരാണ്. അക്കാരണത്താലാണ് അവർ നിന്നോട് അസഭ്യം പുലമ്പുന്നതെന്നും ഒർക്കുക.

നമ്മുടെ വിരോധികളിൽ ഒരു വിഭാഗം അന്യായമായി തന്നെ നമ്മെ എതിർക്കുന്നവരാണെന്ന് നമുക്കറിയുന്ന വസ്തുതയാണ്. എന്നാൽ പാകിസ്താനിലും ലോകത്തുള്ള മറ്റു രാജ്യങ്ങളിലുമുള്ള ഒരു വിഭാഗം അത്തരക്കാരുടെ കെണിയിൽ പെട്ടിരിക്കുകയാണ്. അവർ നമ്മുടെ പ്രവാചകനെ സ്നേഹിക്കുന്ന കാരണത്താലാണ് നമ്മെ എതിർക്കുന്നത്. നമ്മൾ ആദരവുടവായ നബി(സ)യെ സ്നേഹിക്കുന്നവരാണ് എന്നവർ മനസ്സിലാക്കുന്ന പക്ഷം അവർ മറ്റുള്ളവരോട് നമ്മെ സഹായിക്കാൻ പറയുന്ന അവസ്ഥ വരും. അങ്ങനെയുള്ള ഒരു ദിനം തീർച്ചയായും വന്നണയുന്നതാണ്. ഇൻശാ അല്ലാഹ് ഈ വിരോധ പ്രവർത്തനങ്ങളെല്ലാം ഒരിക്കൽ അവസാനിക്കുന്നതുമാണ്.

ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഈ മൗലവി നമുക്കെതിരെ പ്രസ്താവനകൾ നടത്തിയാലും അത് നമുക്കു ഗുണകരമായി തന്നെ ഭവിക്കുന്നതാണ്. കാരണം നമുക്ക് സന്ദേശം എത്തിക്കാൻ പ്രയാസമുള്ള ജനവിഭാഗങ്ങളിലേക്കു കൂടി ജമാഅത്തിന്റെ ശത്രുക്കളായ ഇത്തരം മൗലവിമാർ മുഖേന സന്ദേശപ്രചരണം നടക്കുകയാണ് ചെയ്യുന്നത്. സഹനത്തോടും ദുആ യോടും കൂടി തന്നെ മുന്നോട്ടു പോയികൊണ്ട് തങ്ങളുടെ വിചാര വികാരങ്ങളെ ശുദ്ധമാക്കി വയ്ക്കുകയാ നമ്മുടെ ജോലി. അവർക്കായി ദുആ ചെയ്തു കൊണ്ടിരിക്കുക. അല്ലാഹു പെട്ടന്നു തന്നെ അവരുടെ കണ്ണുകൾ തുറപ്പിക്കുമാറാകട്ടെ. അവർ കാലത്തിന്റെ ഇമാമിനെ തിരിച്ചറിയുന്നവരായി മാറട്ടെ.

ആമീൻ.