06.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് (അയ്യദഹുല്ലാഹ്) ഹദീഖത്തുൽ മഹ്ദി, യു.കെ ജൽസാ ഗാഹിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം

തശഹ്ഹുദും തഅവ്വുദും സൂറഫാത്തിഹയും ഓതിക്കൊണ്ട് ഹുസൂർ പറഞ്ഞു;

ഇന്ന് ഇൻശാ അല്ലാഹ് ബ്രിട്ടൺ ജൽസാ സാലാന ആരംഭിക്കുകയാണ്. ഏറ്റവുമാദ്യം ജൽസ അനുഗ്രഹപൂർണമായി നടക്കുന്നതിനുവേണ്ടി ദുആ ചെയ്യണമെന്നു പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ജൽസയിൽ പങ്കെടുക്കുന്നവർ തഖ്വയിൽ കൂടുതൽ മുന്നേറുക.

മഹാമാരി കാരണത്താൽ, ഇത്തവണ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. എങ്കിലും വീടുകളിലും ജമാഅത്ത് സംവിധാനത്തിനു കീഴിലും ജൽസ കേൾപ്പിക്കുന്നുണ്ടെന്നാണ് അറിയാനായത്. ഏതായിരുന്നാലും ജൽസയിൽ ചേരുന്നവരെല്ലാം തങ്ങൾ ജൽസാഗാഹിലാണ് ഉള്ളത് എന്ന ചിന്തയോടെ ഇരിക്കേതാണ്. ഈ സമയങ്ങൾ ദുആയിൽ കഴിച്ചു കൂട്ടുക.

ഹുസൂർ പറഞ്ഞു; ഈ വർഷം ജൽസയുടെ സംഘാടകർക്കും പങ്കെടുക്കുന്നവർക്കും വ്യത്യസ്തമായ ഒരു സാഹചര്യമാണുള്ളത്. ചില സൗകര്യങ്ങളുടെ അഭാവമുണ്ടാകും. ആയതിനാൽ ജൽസയിൽ പങ്കെടുക്കുന്നവർ ഈ അവസ്ഥ മുന്നിൽ കണ്ടുകൊണ്ട് അതെല്ലാം അവഗണിക്കുക. ഹുസൂർ തിരുമനസ്സ് ഇക്കാര്യത്തിനായും പ്രത്യേകം ദുആ ചെയ്യാൻ ഉണർത്തുകയുണ്ടായി.

ജൽസയെ കുറിച്ചും ആതിഥ്യത്തെ കുറിച്ചും ഹുസൂർ പറഞ്ഞു; സാധാരണയായി ജൽസയുടെ ഒരു ദിവസം മുൻപ് അതിഥികളുടെയും ഡ്യൂട്ടി നൽകുന്നവരുടെയും ഉത്തരവാദിത്വങ്ങളിലേക്ക് ശ്രദ്ധതിരിക്കാറുണ്ട്. ഈ വർഷം അതിനു സാധിച്ചില്ല. അതുകൊണ്ട് ഇന്ന് അതു സംബന്ധമായി അല്പം പറയുന്നതാണ്.

ഹുസൂർ പറഞ്ഞു; അതിഥി സൽക്കാരത്തിന്റെ കാര്യത്തിൽ യാതൊരു പരാതിയും ഉണ്ടാകരുത്. ഒരു പരാതിയും ഉണ്ടാകാതിരിക്കാൻ സംഘാടകർ ശ്രമിക്കേണ്ടതാണ്. ഒരോ വിഭാഗത്തിലേയും ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടികളിലും പ്രവർത്തനങ്ങളിലും ഇപ്പോൾ വളരെ വിദഗ്ദരായിരിക്കുന്നു. വലിയ ജോലികൾ നോക്കിനടത്താനും പുതിയതായി വരുന്നവരെ പഠിപ്പിക്കുവാനും അവർക്കു സാധിക്കും. അതുകൊണ്ട് ജോലി അറിയില്ല എന്ന ആശങ്കയില്ല. എങ്കിലും വിശ്വാസികളെ ഓർമപ്പെടുത്തികൊണ്ടേയിരിക്കുക അതവർക്ക് ഗുണകരമാകും എന്നത് അല്ലാഹുവിന്റെ കല്പനയാണ്.

ഞാൻ പറഞ്ഞതുപോലെ ജൽസയുടെ സൗകര്യങ്ങൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് അശ്രദ്ധമൂലം പോരായ്മകളുണ്ടായേക്കാം. പ്രതികൂല കാലാവസ്ഥ കാരണം ചില വകുപ്പുകളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിഥികൾ കുറവായാലും കൂടുതലായാലും ജൽസയിൽ വരുന്നവർ ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ അതിഥികളാണ്. അവർക്ക് നാം ആതിഥ്യമരുളേണ്ടതാണ്.

ഹുസൂർ പറഞ്ഞു; അതിഥി സൽക്കാരം എന്നത് പ്രവാചകൻമാർക്കുണ്ടായിരുന്ന സവിശേഷ ഗുണമായിരുന്നു. അതുകൊണ്ട് ജമാഅത്ത് എന്ന് നിലയ്ക്ക് നമ്മിൽ ഈ സവിശേഷഗുണം പ്രകടമാകേണ്ടത് നിർബന്ധമാണ്. നബി(സ) തിരുമേനിയുടെ കാലത്തും കൂടുതൽ അതിഥികൾ വരാൻ തുടങ്ങിയപ്പോൾ അവരെ സ്വഹാബാക്കൾക്ക് വീതിച്ചുകൊടുക്കുകയും സ്വഹാബാക്കൾ അവരെ സസന്തോഷം കൂടെ കൊണ്ടു പോകുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ അതിഥികളോട് അവർക്കു ലഭിച്ച അതിഥി സൽക്കാരത്തെ കുറിച്ചു ചോദിക്കുമ്പോൾ ഞങ്ങൾ ഇതുപോലെ ആതിഥേയത്തിന്റെ കടമകൾ നിറവേറ്റുന്നവരെ കണ്ടിട്ടേയില്ല എന്ന് ഓരോരുത്തരും പറയുമായിരുന്നു.

ഈ മാതൃക നമ്മുടെ മുൻപിലുണ്ട്. കൂടാതെ ഈ കാലഘട്ടത്തിൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) തന്നെ വിശ്വാസിച്ചവരായ നമ്മളെ അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് ഉണർത്തിയിട്ടുമുണ്ട്. ഹുസൂർ തിരുമനസ്സ് ഹദ്റത്ത് മസീഹ് മൗഊദ്(അ) ന്റെ ഒരു ഉദ്ധരണി വിവരിച്ചുകൊണ്ടു പറഞ്ഞു;

അതിഥി പരുഷമായ വാക്കുകൾ ഉപയോഗിച്ചാലും നിങ്ങൾ ദേഷ്യപ്പെടരുത്. അതിഥി അഹ്മദിയാണെങ്കിൽ പോലും പരുഷമായ വാക്കുകൾക്ക് തത്തുല്യമായ മറുപടി നൽകരുത്. ഹദ്റത്ത് മസീഹ് മൗഊദ് (അ) സ്വന്തക്കാരോടും അന്യരോടും ഒരുപോലെ അതിഥി സൽക്കാരത്തിന്റെ അസാധാരണമായ മാതൃകകൾ കാഴ്ചവച്ചതായാണ് നമുക്ക് കാണാനാകുക. അത് അങ്ങനെ തന്നെയാണ് വേണ്ടിയിരുന്നതും.

ഇക്കാലഘട്ടത്തിൽ, ഇസ്ലാമിന്റെ സുന്ദരരൂപം നമ്മുടെ മുമ്പിൽ തെളിയുകയും നാം അത് ലോകത്തിനു മുന്നിൽ കാഴ്ചവയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉന്നതമായ സൽസ്വാഭാവം നിലനിർത്തേണ്ടത് ഹദ്റത്ത് മസീഹ് മൗഊദ്(അ) തന്നെയായിരുന്നു.

ഹുസൂർ തിരുമനസ്സ് ഹദ്റത്ത് മുഫ്തി മുഹമ്മദ്  സാഹിബ്(റ)നോട് ഹദ്റത്ത് മസീഹ് മൗഊദ്(അ) കാണിച്ച അതിഥി സൽകാരത്തിന്റെ ഒരു സംഭവം വിവരിച്ചു.

ഒരിക്കൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) സ്വയം ഒരു ട്രേയിൽ അദ്ദേഹത്തിനുള്ള ഭക്ഷണവുമായി എത്തി. അപ്പോൾ ഹദ്റത്ത് മുഫ്തി സാഹിബ്(റ)ന്റെ കണ്ണുകളിൽ നിന്നും അനിയന്ത്രിതമായി കണ്ണുനീർ വന്നു. ഹദ്റത്ത് മസീഹ് മൗഊദ്(അ) നമ്മുടെ മാർഗ ദർശകൻ ഇമാമായിരുന്നിട്ടും നമ്മെ ഇത്രയധികം സേവിക്കുമ്പോൾ നാം അഹ്മദികൾ തമ്മിൽ എത്രമാത്രം സ്നേഹത്തോടെയാണ് പെരുമാറേണ്ടത്.

ഒരിക്കൽ അതിഥികൾ വന്നപ്പോൾ കിടക്കകളുടെ കുറവ് അനുഭവപ്പെട്ടു. അപ്പോൾ ഹദ്റത്ത് മസീഹ് മൗഊദ്(അ) തന്റെതടക്കം വീട്ടിലെ മുഴുവൻ കിടക്കകളും അതിഥികൾക്ക് നൽകി. എന്നാൽ ആരെയും അക്കാര്യം അറിയിച്ചില്ല. പലപ്പോഴും പലരും ത്യാഗം ചെയ്യാറുണ്ട് എന്നാൽ ചിലർ അത് എടുത്തു പറയുന്നു. ഒറ്റ അതിഥിക്കും ഒരു പ്രയാസവുമുണ്ടാകരുതെന്നുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉള്ളത് എന്ന് ഒരിക്കൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുകയുണ്ടായി.

അതിഥികളുടെ ഹൃദയം കണ്ണാടിയാണ്. നിസ്സാരമായൊരു പരിക്കുകൊണ്ട് പോലും അത് ഉടഞ്ഞുപോകുന്നതാണ്. ഹുസൂർ പറഞ്ഞു; ഹദ്റത്ത് മസീഹ് മൗഊദ്(അ) അതിഥികളുടെ ഭക്ഷണ കാര്യങ്ങൾ വിലയിരുത്താനായി അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഭക്ഷണത്തിൽ പഥ്യം ഉള്ളതിനാലും അതിഥികളുടെ വർദ്ധനവുകാരണത്താലും അതു തുടരാൻ കഴിഞ്ഞില്ല.

ഒരിക്കൽ ലങ്കർഖാനയുടെ ഇൻ ചാർജിനോട് പറഞ്ഞു; എല്ലാവരെയും ആദരണീയരായി മനസ്സിലാക്കി സേവിക്കുക. ഹുസൂർ പറഞ്ഞു; എല്ലാവരെയും അതിഥികളായി കരുതി തുല്യരായി സേവിക്കുക. ഒരോരുത്തരോടും ആദരവോടെ പെരുമാറേണ്ടതാണ്.

ഹദ്റത്ത് മസീഹ് മൗഊദ്(അ) തുടർന്നരുളുന്നു; നിങ്ങളെക്കുറിച്ച് എനിക്ക് സദ്ഭാവനയാണുള്ളത്. അതുകൊണ്ട് അതിഥികളെ നല്ലവണ്ണം സേവിക്കുക. ഹുസൂർ പറയുന്നു; അതേ സദ്ഭാവനയാണ് ഇന്നും നിലനില്ക്കുന്നത്. എനിക്കറിയാം ചില വിഭാഗത്തിലെ ജീവനക്കാർക്ക് ചില പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഏതവസ്ഥയിലും അതിഥികളോട് സൽസ്വഭാവത്തോടെ പെരുമാറുക.

സൽസ്വഭാവം കാണിക്കുക എന്നത് ഉത്തരവാദിത്വമായി കരുതുക. പങ്കെടുക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ചില അതിഥികളോട് പ്രവർത്തകർ വല്ലതും പറയുമ്പോൾ അവർക്കത് ഇഷ്ടപ്പെട്ടില്ലെന്നും വരാം. പറഞ്ഞത് കേൾക്കുന്നില്ലെങ്കിൽ സ്നേഹത്തോടെ തന്നെ പറഞ്ഞു മനസ്സിലാക്കോതാണ്. നിയമങ്ങൾ പാലിക്കേണ്ടതാണെന്ന് അധികമാളുകൾക്കും അറിയാം. പ്രവർത്തകരുടെ പ്രതികരണം ശരിയല്ലെങ്കിൽ അത് കൂടുതൽ പ്രയാസങ്ങളുണ്ടാക്കും.

നബി(സ)തിരുമേനി ഒരു വിശ്വാസിയുടെ ലക്ഷണമായി പറഞ്ഞിരിക്കുന്നത് അവർ അതിഥികളെ ആദരിക്കുന്നവരായിരിക്കുമെന്നാണ്. വിശ്വാസിയുടെ ഈ സവിശേഷത എല്ലാവരിലും ഉണ്ടാകേണ്ടതാണ്. ഹുസൂർ പറഞ്ഞു; ഇസ്ലാം ആതിഥേയരെ ഉദ്ബോധിപ്പിച്ചപോലെ അതിഥികളെയും അവരുടെ ബാധ്യതകളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ആതിഥേയന്റെ നിർബന്ധാവസ്ഥയെ അതിഥികളും പരിഗണിക്കുക.

ഇസ്ലാം അതിഥികളോട് നല്ലപോലെ പെരുമാറണമെന്നു ആതിഥേയരോടു പറഞ്ഞതു പോലെ ആതിഥേയൻ തടഞ്ഞാൽ പിന്നെ അങ്ങോട്ട് പോകരുതെന്ന് അതിഥിയോടും പറഞ്ഞിട്ടു്. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു; നിങ്ങളോട് മടങ്ങിപ്പോകാൻ പറഞ്ഞാൽ നിങ്ങൾ മടങ്ങിപ്പോയിക്കൊള്ളുക. ഇത് നിങ്ങളുടെ പരിശുദ്ധി വർദ്ധിപ്പിക്കാൻ കാരണമാണ്.

ഹുസൂർ പറഞ്ഞു; ജൽസയിൽ പങ്കെടുക്കുന്നതിന്റെ ഒരു ലക്ഷ്യം ആത്മ പരിശുദ്ധിയാണ്. അതുകൊണ്ട് എനിക്കും ചിലയാളുകൾ എഴുതിയിട്ടുണ്ട്, അവർ വ്യവസ്ഥിതിയെ അനുസരിക്കേതാണ്. അനിഷ്ടം തോന്നുകയോ പരാതിപ്പെടുകയോ ചെയ്യരുത്. അത്തരം അവസ്ഥകളിൽ ദുആ ചെയ്യുക. കാരണം അത്തരം ഘട്ടങ്ങളിൽ കുടുതൽ മനോവേദനയോടെ ദുആ ചെയ്യാൻ സാധിക്കും.

വിശുദ്ധ ഖുർആൻ അനുസരിച്ച് പ്രവർത്തിക്കുക എന്ന കാര്യത്തിലും സ്വഹാബാക്കളുടെ വിചിത്രമായ രീതികളാണ് ഉള്ളത്. ഹുസൂർ ഒരു സ്വഹാബിയെക്കുറിച്ച് വിവരിച്ചുകൊണ്ട് പറഞ്ഞു; ഒരു സ്വഹാബി വേറെ സ്വഹാബിയുടെ വീട്ടിൽ അസമയത്ത് ചെല്ലുമായിരുന്നു. എന്നിട്ടു പറയുമായിരുന്നു; വിശുദ്ധ ഖുർആന്റെ കല്പന പ്രാവർത്തികമാക്കുന്നതിനു വേണ്ടിയാണ് താൻ അങ്ങനെ പോകുന്നത്. ആതിഥേയൻ വീട്ടിൽ കയറുന്നത് തടയുമ്പോൾ അവിടെ പ്രവേശിക്കാതിരുന്ന് ഖുർആനിലെ ഒരു കല്പന പ്രാവർത്തികമാക്കാമല്ലോ. എന്നാൽ വിശുദ്ധ ഖുർആന്റെ അതിഥികളെ സ്വീകരിക്കുക എന്ന കല്പന പ്രാവർത്തികമാക്കികൊണ്ട് ആതിഥേയൻ എല്ലായ്പ്പോഴും പ്രവേശനാനുമതി നല്കുമായിരുന്നു. അങ്ങനെ ഇരു കൂട്ടരും ദെവപ്രീതിക്കായി വിശുദ്ധഖുർആന്റെ കല്പനകൾ പ്രാവർത്തികമാക്കുമായിരുന്നു.

ഹദ്റത്ത് മസീഹ് മൗഊദ്(അ) വിശുദ്ധ ഖുർആന്റെ അദ്ധ്യാപനങ്ങൾ പാലിക്കാൻ ഉദ്ബോധിപ്പിക്കുകയും അവ സ്വയം പ്രവർത്തിച്ചു കാണിക്കുകയും ചെയ്തു. ആയതിനാൽ ഇവിടെ പങ്കെടുക്കാൻ പറ്റാത്തവർ യാതൊരു പരാതിയുമില്ലാതെ തന്നെ മാറി നില്ക്കാൻ ശ്രമിക്കേതാണ്. പങ്കെടുക്കാൻ അനുമതിയും ക്ഷണവും ലഭിച്ചിട്ടുള്ളവർ തീർച്ചയായും പങ്കെടുക്കുക. അല്ലാത്തപക്ഷം അനുവാദം ലഭിക്കാത്തവരുടെ അവകാശം ധ്വംസിക്കപ്പെടുന്നതായിരിക്കും.

പ്രതികൂല കാലാവസ്ഥയെ ഒഴികഴിവായി പറയരുത്. റബ്വയിലെയും ഖാദിയാനിലെയും ജൽസയുടെ കാര്യം എടുത്തുകൊണ്ട് ഹുസൂർ പറഞ്ഞു; അവിടെ മഴയത്ത് തുറന്നമെതാനത്തും ജൽസകൾ നടന്നിരുന്നു. യു.കെയിലെ ഇസ്ലാമാബാദിലും ജൽസക്കിടയിൽ ജൽസാഗാഹിൽ വെള്ളം കയറുമായിരുന്നു.

തുടർന്ന് ഹുസൂർ സ്വന്തം ഉദാഹരണം നല്കിക്കൊണ്ട് പറഞ്ഞു; ഇസ്ലാമാബാദിലെ ആദ്യകാല ജൽസകളിൽ സുജൂദ് ചെയ്യുമ്പോൾ നെറ്റിയിലും കാൽമുട്ടുകളിലും ചെളിപുരളുമായിരുന്നു. എങ്കിലും ഉത്സാഹത്തോടെ ആളുകൾ ജൽസയിൽ പങ്കെടുക്കുമായിരുന്നു. ആയതിനാൽ ഹുസൂർ വീണ്ടും പറഞ്ഞു; അനുവാദം ലഭിച്ചവർ തീർച്ചയായും പങ്കെടുക്കേണ്ടതാണ്.

നിയമവ്യവസ്ഥിതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലേക്കും ഹസൂർ ശ്രദ്ധതിരിച്ചു; അകലം പാലിക്കുക, ഭക്ഷണം എടുക്കുമ്പോൾ മാസ്ക് ധരിക്കുക. ഡ്യുട്ടി നല്കുന്നവരും മാസ്ക് ധരിച്ചോ എന്ന് ഉറപ്പുവരുത്തുക. ജമാഅത്ത് സംവിധാനത്തിന്റെ കീഴിൽ തക്ബീർ വിളിക്കുമ്പോൾ മാസ്ക് ധരിച്ചുകൊണ്ടു തന്നെ മറുപടി നല്കുക. വായും മൂക്കും നിർബന്ധമായും മൂടുക. സെക്യൂരിറ്റിയുടെ കാര്യത്തിലും റിലാക്സ് ആകരുത്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണം.

മിക്കവരും ദീർഘകാലത്തിനു ശേഷം കണ്ടുമുട്ടുന്നതിനാൽ അക്കാര്യം ജൽസയുടെ പ്രോഗ്രാമുകൾ കേൾക്കുന്നതിൽനിന്നും ദുആകളിൽ നിന്നും അവരെ അകറ്റുന്നതാകരുത്.

ഹുസൂർ തിരുമനസ്സ് ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ന്റെ ഒരു ഉദ്ധരണി വിവരിച്ചുകൊണ്ട് പറഞ്ഞു; ജൽസയുടെ ദിനങ്ങളിൽ ദെവസ്മരണ ചെയ്യുന്നവരുടെ ഒരു പ്രയോജനം, അല്ലാഹു അവനെ സ്മരിക്കുന്നവരെ തിരിച്ചും സ്മരിക്കുന്നതാണ് എന്നാണ്. അല്ലാഹു സ്മരിക്കുന്നവരേക്കാൾ കൂടുതൽ ഭാഗ്യവാന്മാർ മറ്റാരാണുള്ളത്.

ഹുസൂർ തിരുമനസ്സ് പറഞ്ഞു; സ്വന്തം രാജ്യങ്ങളിലുള്ളവരും വീടുകളിൽ ജൽസ കേട്ടുകൊണ്ടിരിക്കുന്നവരുമായ എല്ലാ അഹ്മദികളും ദിക്റെ ഇലാഹി(ദെവസ്മരണ)യിൽ മുഴുകുക. ജൽസയുടെ സാഹചര്യത്തെ പൂർണമായും പ്രയോജനപ്പെടുത്തുക.

ജൽസയിലെ പരിപാടികൾ പൂർണ ആത്മാർഥതയോടും ശ്രദ്ധയോടും കൂടി കേൾക്കുക. നമ്മുടെയുള്ളിൽ ആത്മാർഥത ഉണ്ടാക്കിയെടുക്കാൻ അല്ലാഹു നമ്മെ സഹായിക്കട്ടെ.