20.08.2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത്ത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,

ഹദ്റത്ത് ഉമർ(റ)ന്റെ ഖിലാഫത്ത് കാലത്തുണ്ടായ യുദ്ധങ്ങളെക്കുറിച്ചുള്ള പരാമർശമായിരുന്നു നടന്നുകൊണ്ടിരുന്നത്. അതിലെ ഒരു യുദ്ധമായിരുന്നു ഗുന്ദെശാപൂർ യുദ്ധം. ശാപൂർ ഖുസിസ്ഥാനിലെ ഒരു പട്ടണമായിരുന്നു. ഹദ്റത്ത് അബൂസബ്റത്ത-ബിൻ-രിഹം സാസാനിയൻ പ്രദേശങ്ങൾ കീഴടക്കിയതിനു ശേഷം സൈനിക മുന്നേറ്റം നടത്തി. പകൽ മുഴുവൻ ഏറ്റുമുട്ടൽ തുടർന്നെങ്കിലും ശത്രുപക്ഷം അടിയറവ് പറയാൻ തയ്യാറായില്ല.

ഒരു ദിവസം ഒരു സാധാരണക്കാരനായ മുസ്ലിം സമധാന സന്ധിയെ കുറിച്ച് സംസാരിച്ചപ്പോൾ ശത്രുപക്ഷം അത് പെട്ടെന്നു തന്നെ സ്വീകരിച്ചു. ശേഷം അവർ പട്ടണത്തിന്റെ കവാടങ്ങൾ തുറന്നിട്ടു.

അതുകണ്ട മുസ്ലിംകൾ നിങ്ങൾക്കിതെന്തു പറ്റി എന്ന് ശത്രുക്കളോടു ചോദിച്ചു. നിങ്ങൾ ഞങ്ങൾക്ക് അഭയം നല്കിയിരിക്കുന്നെന്നും അത് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നെന്നും മറുപടി ലഭിച്ചു. മുസ്ലിംകൾ അക്കാര്യം നിഷേധിച്ചു. ഒരു അടിമയിൽ നിന്നുമാണ് അത്തരത്തിലൊരു സംസാരമുണ്ടായത് എന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ മനസ്സിലായി.

ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ഈ സംഭവം വിവരിച്ചു കൊണ്ട് പറയുന്നു; ഹദ്റത്ത് ഉമർ(റ)ന് ഇതേക്കുറിച്ച് വിവരം ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; ഒരു മുസ്ലിം വാക്കു കൊടുത്തിരിക്കെ എനിക്കത് ഉപേക്ഷിക്കുവാൻ സാധിക്കുകയില്ല. ആ ഹബ്ശി ഉടമ്പടി ചെയ്തിരിക്കുന്നത് നിങ്ങൾ അംഗീകരിക്കേണ്ടിവരും. എന്നാൽ ഇനി മേലിൽ കമാന്റർ ഇൻ ചീഫിനല്ലാതെ മറ്റാർക്കും ആരുമായും ഉടമ്പടിയിലേർപ്പെടാൻ അനുവാദമില്ല എന്ന് വിളംബരപ്പെടുത്തുക.

ഇറാൻ വിജയത്തിന്റെ കാരണങ്ങളെക്കുറിച്ച് പരാമർശിച്ചപ്പോൾ ഇറാഖ്, അഹ്വാസ് യുദ്ധങ്ങളോടെ തന്നെ ഈ രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കണമെന്നായിരുന്നു ഹദ്റത്ത് ഉമർ(റ)ന്റെ ഹൃദയാഭിലാഷം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു; പക്ഷെ ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ യുദ്ധനീക്കങ്ങൾ അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തിയാക്കാൻ സമ്മതിച്ചി ല്ല.

എഴുപത് ഹിജ്രിയിൽ യുദ്ധത്താവളത്തിൽ നിന്നും സൈന്യാധിപന്മാരുടെ ഒരു സംഘം ഹദ്റത്ത് ഉമർ(റ)ന്റെ സവിധത്തിൽ ഹാജരായി. മുസ്ലിംകൾ കീഴടക്കിയ പ്രദേശങ്ങളിൽ അടിക്കടി പ്രക്ഷോഭങ്ങൾ നടക്കുന്നതിന്റെ കാരണമെന്താണെന്ന് അദ്ദേഹം തിരക്കി. മുസ്ലിംകൾ അവിടെയുള്ള പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ എന്ന സംശയവും പ്രകടിപ്പിച്ചു. എന്നാൽ നേതാക്കളൊന്നടങ്കം അത് നിഷേധിച്ചു.

അഹ്നഫ് ബിൻ ഖൈസ് പറഞ്ഞു; അല്ലയോ അമീറുൽ മുഅ്മിനീൻ! താങ്കൾ ഞങ്ങളെ സെനിക മുന്നേറ്റം നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു എന്നാൽ ഇറാൻ ചക്രവർത്തി ജീവിച്ചിരിക്കുന്നതുവരെ അവർ ഞങ്ങളോട് യുദ്ധം തുടർന്നു കൊണ്ടേയിരിക്കും. താങ്കളുടെ കല്പനയുള്ളതു കൊണ്ട് ഞങ്ങളായിട്ട് സ്വയം ഒരു പ്രദേശവും കീഴടക്കാൻ പോയിട്ടില്ല. മറിച്ച് ശത്രുക്കളുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായപ്പോൾ പ്രത്യാക്രമണത്താൽ അവരെ കീഴടക്കിയതാണ്. താങ്കൾ ഞങ്ങൾക്ക് സൈനിക മുന്നേറ്റം നടത്തി പേർഷ്യൻ രാജാവിനെ പുറത്താക്കുവാനുള്ള അനുവാദം നല്കുന്നതുവരെ ശത്രുക്കൾ ഈ നിലപാടുതന്നെ തുടരുന്നതാണ്.

ഹദ്റത്ത് ഉമർ(റ) അത് ഉചിതമായ അഭിപ്രായമാണെന്നു മനസ്സിലാക്കി. എങ്കിലും അത് പ്രാവർത്തികമാക്കുവാനുള്ള കല്പന ഹിജ്രി 21ന് നിഹാവന്ദ് യുദ്ധം കഴിഞ്ഞാണു നല്കിയത്.

ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) പറഞ്ഞു; അകാരണമായി യുദ്ധം ചെയ്യുവാൻ അനുവാദം കണ്ടെത്തുന്ന മുസ്ലിംകൾക്കും അതുപോലെ ഇസ്ലാമിനെ ആക്ഷേപിക്കുന്നവർക്കും, ഇരു കൂട്ടർക്കുമുള്ള മറുപടി ഇതിലുണ്ട്. അതായത് മുസ്ലിംകൾ ഒരിക്കലും ഭൂമി കയ്യേറാനോ രാജ്യങ്ങൾ പിടിച്ചടക്കാനോ വേണ്ടി യുദ്ധം ചെയ്തിട്ടില്ല.

ഇറാൻ കീഴടക്കിയതിൽ ഖാദ്സിയ, ജലൗലാഅ്, നിഹാവന്ദ് ഇവ മൂന്നും നിർണായക യുദ്ധങ്ങളാകുന്നു. ഇറാനികളുടെ പക്ഷത്തുനിന്നുള്ള അവസാനത്തെ യുദ്ധമായിരുന്നു നിഹാവന്ദിലെ യുദ്ധം.

നിഹാവന്ദ്, ഹംദാൻ സംസ്ഥാനത്തിന്റെ തലസ്ഥാനഗരിയായ ഹംദാനിൽ നിന്നും ഉദ്ദേശം എഴുപത് കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ്. ഇറാൻ ചക്രവർത്തി യസ്ദെഗർദ് മുസ്ലിംകളെ നേരിടുന്നതിനായി കത്തുകളിലൂടെ ഖുറാസാൻ മുതൽ സിന്ധ് വരെ വലിയ തോതിൽ ചലനമുണ്ടാക്കി. നാനാഭാഗത്തു നിന്നും ഇറാനിയൻ സൈന്യം നിഹാവന്ദിൽ വന്നു നിറയാൻ തുടങ്ങി.

ഹദ്റത്ത് സഅദ്(റ) ഈ സൈന്യത്തെക്കുറിച്ചുള്ള വിവരം ഹദ്റത്ത് ഉമർ(റ)നെ അറിയിച്ചു. ഹദ്റത്ത് ഉമർ(റ) ഹദ്റത്ത് സഅദിനെ ആ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റി ആ സുപ്രധാന ചുമതല ഹദ്റത്ത് അമ്മാറുബ്നു-യാസിർ(റ)നു നൽകി. കൂടിയാലോചനയ്ക്കായി ഹദ്റത്ത് ഉമർ(റ) മദീനയിൽ പ്രഭാവശാലികളായ തലമുതിർന്ന സ്വഹാബാക്കളെ ഒരുമിച്ചുകൂട്ടി.

ഹദ്റത്ത് ഉസ്മാൻ(റ), ഹദ്റത്ത് ഉമർ(റ) നോട് ഹിജാസിലെ സൈന്യത്തോടൊപ്പം സ്വയം പുറപ്പെടാനും സിറിയ, യമൻ, കൂഫ എന്നിവിടങ്ങളിൽ നിന്നും നിഹാവന്ദിലേക്ക് സൈന്യത്തെ വിളിപ്പിക്കുകയും ചെയ്യുക എന്ന അഭിപ്രായം പറഞ്ഞു.

മറ്റു സ്വഹാബാക്കൾക്ക് ആ അഭിപ്രായം ഇഷ്ടപ്പെട്ടുവെങ്കിലും ഹദ്റത്ത് അലി(റ) ഇതുസംബന്ധമായി ഇപ്രകാരം അഭിപ്രായപ്പെട്ടു, താങ്കൾ സ്വയം പുറപ്പെട്ടുകഴിഞ്ഞാൽ മുസ്ലിംകൾ താങ്കളുടെ സാന്നിദ്ധ്യം ലഭിക്കുന്നതിനായി തങ്ങളുടെ സ്ഥലങ്ങളെ കാലിയാക്കി കൂട്ടം കൂട്ടമായി വരികയും അത് മറ്റൊരു തരത്തിൽ വലിയൊരു അപായത്തിനു വകവയ്ക്കുകയും ചെയ്യും. താങ്കൾ മുസ്ലിം പ്രവിശ്യകൾക്ക് അവരുടെ സൈന്യത്തിന്റെ ഒരു ഭാഗം ഇറാനിലേക്ക് അയക്കുവാനും ബാക്കിയുള്ള സൈന്യത്തെ അതതു പ്രവിശ്യകളുടെ സംരക്ഷണത്തിനായി നിർത്താനുമുള്ള സന്ദേശം നല്കുകയും ചെയ്യുക.

ഹദ്റത്ത് ഉമർ(റ) ഈ അഭിപ്രായം ഇഷ്ടപ്പെടുകയും ഹദ്റത്ത് നുഅ്മാൻ ബിൻ മുഖ്റിൻ(റ)നെ സൈന്യത്തിന്റെ കമാൻഡർ ആക്കുകയും ചെയ്തു. ഉമർ(റ) ഹദ്റത്ത് നുഅ്മാന് കൂഫയിലേക്ക് ഇങ്ങനെ കത്തെഴുതി;

ബിസ്മില്ലാഹിർ-റഹ്മാനിർ-റഹീം. നുഅ്മാൻ ബിൻ മുഖ്റിന്റെ സമക്ഷത്തിൽ, സലാമുൻ അലെക്ക്. തുടർന്നെഴുതി; അല്ലാഹുവിനു സ്തുതി. അവനല്ലാതെ മറ്റൊരാരാധ്യനില്ല. അമ്മാ ബഅദ്. ഇറാനിലെ ശക്തമായൊരു സൈന്യം താങ്കളോടേറ്റുമുട്ടാനായി നിഹാവന്ദ് പട്ടണത്തിൽ ഒരുമിച്ചിരിക്കുന്നു എന്ന് അറിവ് ലഭിച്ചിരിക്കുന്നു. എന്റെ ഈ എഴുത്ത് ലഭിച്ചു കഴിഞ്ഞാൽ അല്ലാഹുവിന്റെ കല്പനയാലും അവന്റെ സഹായവും പിന്തുണയോടും കൂടി താങ്കൾ കൂട്ടാളികളോടൊപ്പം പുറപ്പെടുക. എന്നാൽ അവരെ യാത്രാക്ലേശമുള്ള മരുപ്രദേശങ്ങളിലൂടെ കൊണ്ടുപോകരുത്. അവരുടെ അവകാശങ്ങൾ നല്കുന്നതിൽ ഒരു കുറവും വരുത്തരുത്. അല്ലെങ്കിൽ അവർ നന്ദികേട് കാണിക്കുന്നവരായി മാറിയേക്കാം. അതുപോലെ അവരെ ചതുപ്പു പ്രദേശങ്ങളിലൂടെയും കൊണ്ടുപോകരുത്. കാരണം ഒരോരോ മുസ്ലിമും എനിക്ക് ഒരുലക്ഷം ദീനാറിനേക്കാൾ വിലപ്പെട്ടതാണ്. വസ്സലാമു അലെക്ക്.

ഈ കല്പന പ്രാവർത്തികമാക്കിക്കൊണ്ട് ഹദ്റത്ത് നുഅ്മാൻ ശത്രുക്കളുടെ നേരിടുന്നതിനായി പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം ചില പേരുകേട്ട ധീരാരായ മുസ്ലിംകളും ഈ യുദ്ധത്തിൽ പങ്കെടുത്തു. ഹദ്റത്ത് ഉമർ(റ) ഇപ്രകാരം നിർദേശം നല്കി; നുഅ്മാൻ ശഹീദായാൽ ഹുദൈഫാ ബിൻ യമാൻ, അദ്ദേഹത്തിനു ശേഷം ജരീർ ബിൻ അബ്ദുല്ലാഹ് ബജ്-ലി അതിനു ശേഷം മുഗീറ ബിൻ ശുഅ്ബ, അതിനുശേഷം അഷ്അഥ് ബിൻ ഖൈസ് എന്നിവരെ യഥാക്രമം അമീർ ആകുക.

ഹദ്റത്ത് നുഅ്മാൻ രഹസ്യാന്വേഷണത്തിലൂടെ നിഹാവന്ദ് വരെയുള്ള മാർഗം സുരക്ഷിതമാണെന്നു മനസ്സിലാക്കി. ചരിത്രകാരന്മാർ ഇറാൻ സൈന്യം അറുപതിനായിരം ആയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബുഖാരിയിൽ നാല്പതിനായിരം എന്നാണ് വന്നിട്ടുള്ളത്.

ശത്രുക്കളുടെ ആവശ്യപ്രകാരം സന്ധി സംഭാഷണത്തിനായി ഹദ്റത്ത് മുഗീറ ബിൻ ശുഅ്ബ പോയി. ഇറാനികൾ പ്രൗഢഗംഭീരമായ നിലയിൽ ഒരു സഭ സംഘടിപ്പിച്ചിരുന്നു. ഇറാനിയൻ സർവ്വസൈന്യാധിപൻ പൂർവ രീതിയനുസരിച്ച് അറബികളുടെ ജീവിതത്തിലെ എല്ലാ വശങ്ങളെയും ഇകഴ്ത്തിക്കാണിച്ചു. ഹദ്റത്ത് മുഗീറ മറുപടിയായി പറഞ്ഞു; ആ കാലം കഴിഞ്ഞുപോയിരിക്കുന്നു. റസൂൽ(സ)തിരുമേനിയുടെ ആഗമനം അറബികളെ അടിമുടി മാറ്റിയിരിക്കുന്നു.

ഏതായാലും ആ ചർച്ച പരാജയപ്പെട്ടു. യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ആരംഭത്തിൽ യുദ്ധ ഭൂമിയുടെ അടിസ്ഥാനത്തിൽ മുസ്ലിംകളുടെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. ശത്രുക്കൾ കിടങ്ങുകളും കോട്ടകളും മറ്റുകെട്ടിടങ്ങളും കാരണം സുരക്ഷിതരായിരുന്നു. മുസ്ലിംകളാണെങ്കിൽ തുറന്ന മൈതാനത്തായിരുന്നു. ശത്രുക്കൾ തക്കം നോക്കി പുറത്തിറങ്ങുകയും പൊടുന്നനെ ആക്രമിക്കുകയും ചെയ്യുമായിരുന്നു.

ഈ പ്രശ്നസങ്കീർണമായ സാഹചര്യത്തിൽ ഇസ്ലാമിക സൈന്യാധിപനായിരുന്ന നുഅ്മാൻ ബിൻ മുഖ്റിൻ(റ) കൂടിയാലോചനക്കായി സഭ വിളിച്ചുചേർത്തു. വിവിധ അഭിപ്രായങ്ങൾക്കൊടുവിൽ തുലൈഹ ഒരു അഭിപ്രായം മുന്നോട്ടുവച്ചു.

ശത്രുവിനു നേരെ ഒരു ചെറു സെനിക സംഘത്തെ വിടുക. അവർ അമ്പെയ്ത്തിലൂടെ യുദ്ധം ആളിക്കത്തിക്കട്ടെ. ശത്രു ആക്രമണം തുടങ്ങുമ്പോൾ അവർ പരാജയപ്പെടുന്നതുപോലെ നടിക്കുക. അപ്പോൾ വിജയപ്രതീക്ഷയിൽ ശത്രുക്കൾ കൂടുതൽ മുന്നേറ്റം നടത്താനും തുറന്ന മൈതാനത്തു വരാനുമുള്ള സാധ്യതയുണ്ട്. ആ സമയത്ത് നമുക്ക് അവരെ നേരിടാനാകും.

ഹദ്റത്ത് നുഅ്മാൻ(റ) ഈ അഭിപ്രായം നടപ്പിലാക്കുന്നതിനായി ഹദ്റത്ത് ഖഅ്ഖാഅ് (റ)നെ തെരെഞ്ഞെടുത്തു. അദ്ദേഹം അതുപോലെ പ്രവർത്തിച്ചപ്പോൾ തുലെഹായുടെ കണക്കുകൂട്ടലുപോലെ തന്നെ നടന്നു. ഹദ്റത്ത് നുഅ്മാൻ(റ) നബി(സ) തിരുമേനിയിൽ അനുരക്തനായിരുന്നു. നബി(സ) തിരുമേനിയുടെ രീതി യുദ്ധം പ്രഭാതത്തിൽ ആരംഭിച്ചില്ലെങ്കിൽ പിന്നെ വെകുന്നേരം വെയിൽ മങ്ങുന്ന നേരത്താണ് തുടങ്ങിയിരുന്നത്.

ശത്രുസെന്യം മുന്നോട്ടുവന്ന് ഇസ്ലാമിക സെന്യത്തിന് അടുത്തെത്തിക്കഴിഞ്ഞപ്പോൾ മുസ്ലിം സെന്യം തിരിച്ചടിക്കാനായി വ്യഗ്രതയോടെ ഹദ്റത്ത് നുഅ്മാന്റെ അടുക്കൽ അനുമതി തേടി. എന്നാൽ ഹദ്റത്ത് നുഅ്മാൻ അനുവാദം നല്കിയില്ല. ചില പ്രധാന നേതാക്കളും അനുവാദം നല്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ അദ്ദേഹം ക്ഷമ കെക്കൊള്ളാൻ ഉപദേശിച്ചുകൊണ്ടിരുന്നു. ഉച്ച തിരിഞ്ഞപ്പോൾ ഹദ്റത്ത് നുഅ്മാൻ സൈന്യത്തെ റോന്തു ചുറ്റിപരിശോധിച്ച ശേഷം അങ്ങേയറ്റം വേദനാനിർഭരമായ ഒരു പ്രസംഗം നടത്തി.

അദ്ദേഹം സ്വന്തം ശഹാദത്തിനു വേണ്ടിയും ദുആ ചെയ്തു. അത് കേട്ട് ജനങ്ങൾ കരയാൻ തുടങ്ങി. മുസ്ലിംകൾ യുക്തിപൂർവം ശത്രുനിരയിലേക്ക് ഇരച്ചുകയറി. ഹദ്റത്ത് നുഅ്മാൻ അസാമാന്യ ധീരതയോടെ പോരാടി ശഹീദായി. എന്നാൽ ഹദ്റത്ത് ഹുദൈഫ ഇബ്നു യമാനും നയീം ബിൻ മുഖ്റിനും യുദ്ധത്തിന്റെ ഫലമറിയുന്നതുവരെ അദ്ദേഹത്തിന്റെ ശഹാദത്ത് വിവരം മറച്ചുവച്ചു.

മുഅക്കൽ നിവേദനം ചെയ്യുന്നു; യുദ്ധം ജയിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഹദ്റത്ത് നുഅ്മാന്റെ അടുക്കൽ ചെന്നു. അപ്പോൾ അദ്ദേഹത്തിൽ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടായിരുന്നു. അല്ലാഹു നമുക്ക് വിജയം നല്കിയിരിക്കുന്നു എന്ന കാര്യം ഞാൻ അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു; ഈ വിവരം ഹദ്റത്ത് ഉമറിനെ അറിയിക്കുക.

ഹദ്റത്ത് ഉമർ(റ) യുദ്ധവിവരമറിയാൻ തീവ്രമായ ആകാംക്ഷയിലായിരുന്നു. യുദ്ധമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്നത്തെ രാത്രി ഹദ്റത്ത് ഉമർ(റ) അസ്വസ്ഥതയോടെ ഉറക്കമൊഴിച്ചാണ് കഴിച്ചുകൂട്ടിയത്. നിവേദകൻ പറയുന്നു; ഗർഭിണിയായ ഒരു സ്ത്രീയ്ക്കുസമാനം പ്രയാസത്തോടെ അദ്ദേഹം ദുആയിൽ മുഴുകിയതായി കാണപ്പെട്ടു.

സന്ദേശവാഹകൻ വിജയത്തിന്റെ സുവാർത്തയുമായി മദീനയിലെത്തി. അതു കേട്ട് ഹദ്റത്ത് ഉമർ(റ) അൽഹംദുലില്ലാഹ് എന്നു പറഞ്ഞു. ശേഷം നുഅ്മാന്റെ വിശേഷങ്ങൾ ആരാഞ്ഞു. അദ്ദേഹത്തിന്റെ വഫാത്തിന്റെ വിവരം കേട്ടതും ഹദ്റത്ത് ഉമർ(റ) കഠിനമായ ദു:ഖതീവ്രതയാൽ തലയിൽ കൈവച്ച് കരഞ്ഞു കൊണ്ടിരുന്നു. മറ്റു ശുഹദാക്കളെക്കുറിച്ചും വിവരമറിയിച്ചുകൊണ്ടു പറഞ്ഞു; അമീറുൽ മുഅ്മിനീൻ താങ്കൾക്ക് പരിചിതിരല്ലാത്ത മറ്റു പല മുസ്ലിംകളും ശഹീദായിട്ടുണ്ട്.

ഹദ്റത്ത് ഉമർ(റ) കരഞ്ഞുകൊണ്ടു പറഞ്ഞു; ഉമറിന് അവരെ പരിചയമില്ലെന്നത് അവർക്ക് ഒരു നഷ്ടവുമുണ്ടാക്കില്ല. അല്ലാഹുവിന് അവരെ അറിയാമല്ലോ. മുസ്ലിംകളുടെ കൂട്ടത്തിൽ അറിയപ്പെടാത്ത വരാണെങ്കിലും അല്ലാഹു അവർക്ക് ശഹാദത്തു നല്കി ആദരിച്ചിരിക്കുന്നു. അല്ലാഹു അവരെ തിരിച്ചറിഞ്ഞിരിക്കുന്നു. ഉമർ തിരിച്ചറിയുന്നതിനെ കുറിച്ച് അവരെന്തിന് വ്യാകുലപ്പെടണം.

യുദ്ധത്തിനു ശേഷം മുസ്ലിംകൾ ഹംദാൻ വരെ ശത്രുക്കളെ പിന്തുടർന്നു. ഇതുകണ്ട ഇറാൻ സൈന്യാധിപൻ ഖുസ്റു ശുനൂം ഹംദാൻ, രസ്തഗീ എന്നിവയുടെ പട്ടണങ്ങളിൽ നിന്നും മുസ്ലിംകളുടെ നേരെ ആക്രമണമുണ്ടാകുന്നതല്ല എന്ന ഉറപ്പിൽ രഞ്ജിപ്പുണ്ടാക്കി.

നിഹാവന്ദ് വിജയം അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ വളരെ സുപ്രധാന വിജയമായിരുന്നു. അതിനുശേഷം ഇറാനികൾക്ക് ഒരുസ്ഥലത്ത് ഒരുമിച്ചുകൂടി യുദ്ധം ചെയ്യുവാനുള്ള അവസരമുണ്ടായിട്ടില്ല. മുസ്ലിംകൾ ഈ സ്ഥലത്തെ ഫത്ഹുൽ-ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന പേരിൽ ഓർക്കാൻ തുടങ്ങി. നിഹാവന്ദിനു ശേഷം അസ്ഫഹാനും ഹംദാനും മുസ്ലിംകൾ കീഴടക്കി.

ഖുത്ബയുടെ അവസാനത്തിൽ ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ഇന്തോനേഷ്യയിലെ മുബല്ലിഗായ ബഹുമാനപ്പെട്ട മുഹമ്മദ് ദിയാന്തോനോ സാഹിബ്, ഷിക്കാഗോ അമേരിക്കയിലെ ബഹുമാനപ്പെട്ട സാഹിബ് സാദാ ഫർഹാൻ ലത്തീഫ് സാഹിബ്, പാക്കിസ്ഥാനിലെ ദാവൂദ് ഖേൽ മിയാൻവാലി മുൻ അമീർ ജമാഅത്ത് ആയിരുന്ന ബഹുമാന്യ മലിക് മുബശിർ അഹ്മദ് സാഹിബ് ലാഹോർ എന്നിവരെ അനുസ്മരിക്കുകയും അവരുടെ ജനാസ ഗാഇബ് നമസ്കാരം നിർവ്വഹിക്കുന്നതാണെന്ന് വിളംബരപ്പെടുത്തുകയും ചെയ്തു.