ദർസ് 74 : ഈമാന്‍ (വിശ്വാസം) (ഭാഗം – 2)

എല്ലാ പ്രതിഫലങ്ങളും വിശ്വാസത്തിനനുസൃതമായിട്ടാണ് ക്രമീകരിക്കപ്പെടുന്നത്. വിശ്വാസം എന്നത് അദൃശ്യതയിൽ അഗോചരമായിട്ടുള്ള കാര്യങ്ങളെ അതിന്‍റെ മുന്തിയ സാധ്യതകൾ പരിഗണിച്ചുകൊണ്ട് സ്വീകരിക്കുക എന്നതാകുന്നു. അതായത് ഏതളവോളം അതാകാമെന്നാല്‍, ഉദാഹരണത്തിനു, സത്യത്തിന്‍റെ മുഖത്തിന് വ്യാജത്തിന്റെ മുഖത്തിനുമേൽ മേൽക്കോയ്മയുണ്ടോ എന്നും ഒരാള്‍ വ്യാജവാദിയാണെന്നതിനേക്കാൾ സത്യവാദിയാണെന്നുള്ളതിന് വര്‍ദ്ധിച്ച സാധ്യതകള്‍ കാണപ്പെടുന്നുണ്ടോ എന്നും പരിശോധിക്കാവുന്നതാണ്. ഇതത്രെ വിശ്വാസത്തിന്‍റെ പരമസീമ. ഇതും കവിഞ്ഞ് ആരെങ്കിലും അടയാളം അന്വേഷിക്കുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന്‍റെ പക്കല്‍ കപടനാകുന്നു. അവനെ കുറിച്ചുതന്നെയാണ് അല്ലാഹു ജല്ലശാനുഹൂ വിശുദ്ധ ഖുര്‍ആനില്‍ ‘അടയാളങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകഴിഞ്ഞാലും അവന് വിശ്വാസം ഗുണം ചെയ്യില്ല’ എന്നരുളിയിട്ടുള്ളത്. എന്തുകൊണ്ടാണ് വിശ്വസിക്കുന്നത് വഴി മനുഷ്യന്‍ അല്ലാഹുവിന്‍റെ തൃപ്തിക്ക് പാത്രമാകുന്നതെന്ന് ചിന്തിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സാധിക്കും. അതിനുള്ള കാരണമിതാണ്, നാം വിശ്വാസമെന്ന നിലയില്‍ സ്വീകരിക്കുന്ന കാര്യങ്ങളുടെ പൂർണ്ണമായ വസ്തുത നമ്മുടെമേൽ തുറന്നുകാട്ടപ്പെടുന്നില്ല. ഉദാഹരണമായി, മനുഷ്യന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു; പക്ഷേ അവനെ കണ്ടിട്ടില്ല. മലക്കുകളില്‍ വിശ്വസിക്കുന്നു; അവരേയും കണ്ടിട്ടില്ല. സ്വര്‍ഗ്ഗനരകങ്ങളിലും വിശ്വസിക്കുന്നു; അവ നമ്മുടെ ദൃഷ്ടികളില്‍ നിന്നും ഗുപ്തമാണ്. കേവലം സല്‍ഭാവന പുലര്‍ത്തിക്കൊണ്ട് സമ്മതിക്കുന്ന കാരണത്താല്‍ അല്ലാഹുവിന്‍റെ പക്കല്‍ സത്യസന്ധനായി ഗണിക്കപ്പെടുന്നു. പ്രസ്തുത സത്യസന്ധത അവന്‍റെ മോക്ഷത്തിന് കാരണഭൂതമായിത്തീരുന്നു. അല്ലാത്തപക്ഷം നരകവും സ്വര്‍ഗ്ഗവും മലക്കുകളുമെല്ലാംതന്നെ അല്ലാഹുവിന്‍റെ സൃഷ്ടികളാണ്; അവയിലുള്ള വിശ്വാസത്തിന് മോക്ഷവുമായി എന്തുബന്ധമാണുള്ളത്? ഒരു വസ്തുവിന്‍റെ അസ്തിത്വം ഇന്ദ്രിയഗോചരമാംവിധം സുസ്പഷ്ടമാണെന്നിരിക്കെ അതുണ്ടെന്ന് വിശ്വസിക്കുന്നയാള്‍ പ്രതിഫലാര്‍ഹനാകുന്നതെങ്ങനെ? ഉദാഹരണത്തിനു, നാം പറയുന്നു, സൂര്യനും ഭൂമിയും ചന്ദ്രനുമൊക്കെ ഉള്ളവയാണെന്ന് നാം  വിശ്വസിക്കുന്നു, അതുപോലെ കഴുതയുണ്ടെന്നും കുതിരയുണ്ടെന്നും പലതരം പക്ഷികളുണ്ടെന്നുമെല്ലാം വിശ്വസിക്കുന്നു; ഇത്യാദി വിശ്വാസങ്ങളാൽ പുണ്യം പ്രതീക്ഷിക്കാന്‍ സാധിക്കുമോ? അപ്പോള്‍, ഉദാഹരണത്തിന്, നാം മലക്കുകളില്‍ വിശ്വസിക്കുന്നതുകൊണ്ട് ദൈവത്തിന്‍റെ പക്കല്‍ സത്യവിശ്വാസിയായി ഗണിക്കപ്പെടുകയും പുണ്യത്തിന് യോഗ്യനായിത്തീരുകയും; എന്നാല്‍ ഭൂമിയില്‍ നമ്മുടെ ദൃഷ്ടിഗോചരമായിട്ടുള്ള സകല ജന്തുജാലങ്ങളിലും വിശ്വസിക്കുമ്പോള്‍ ഒരു തരിമ്പ് പോലും പുണ്യമില്ലാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? അതേസമയം മലക്കുകളും മറ്റെല്ലാ വസ്തുക്കളും അല്ലാഹുവിന്‍റെ തന്നെ സൃഷ്ടികളല്ലേ? എന്നാൽ അതിനുള്ള കാരണമിതുതന്നെ, അതായത്, മലക്കുകള്‍ മറക്കുപിന്നില്‍ അദൃശ്യമായവരാണ്. മറ്റുള്ള വസ്തുക്കളെ സംബന്ധിച്ച് നമുക്ക് സുനിശ്ചിതമായ ജ്ഞാനവുമുണ്ട്. ഖിയാമത്ത് ആഗതമാകുമ്പോഴുള്ള വിശ്വാസം അസ്വീകാര്യമാകുന്നതും അതുകൊണ്ടുതന്നെ. അതായത്, ആ സമയത്ത് ആരെങ്കിലും അല്ലാഹുവിന്‍റെ ദിവ്യതേജസ്സ് ദര്‍ശിക്കുകയും അവന്‍റെ മലക്കുകള്‍ക്കും സ്വര്‍ഗ്ഗനരകങ്ങള്‍ക്കും നേരിട്ട് സാക്ഷികളാവുകയും ചെയ്തുകൊണ്ട് ഞാനിതാ വിശ്വസിച്ചിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കപ്പെടുകയില്ല. എന്തുകൊണ്ട്? വിശ്വസിക്കുന്നവന്‍റെ സത്യസന്ധത വെളിവാകാന്‍ മാത്രമുള്ള ഒരു അദൃശ്യമറയും അന്നാളില്‍ ഉണ്ടായിരിക്കുകയില്ല എന്നതുകൊണ്ടുതന്നെ.
 
വിശ്വാസം എന്നു പറയുന്നത് എന്താണെന്നും വിശ്വസിക്കുന്നതിനാല്‍ എന്തുകൊണ്ട് പ്രതിഫലം ലഭിക്കുന്നുവെന്നും ഇപ്പോള്‍ അല്പം കൂടി അവധാനപൂര്‍വ്വം ചിന്തിച്ച് മനസ്സിലാക്കേണ്ടതാണ്. താങ്കള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇക്കാര്യം ഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, വിശ്വസിക്കുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന ആ സ്വീകാര്യരീതി ഏതുവിധമാണെന്നാല്‍, വിശ്വസിക്കുന്ന ഏതെങ്കിലും സത്യത്തിന്‍റെ ചില കോണുകൾ അഥവാ ചില വശങ്ങള്‍ ഗോപ്യമായിരിക്കുകയും, സൂക്ഷ്മബുദ്ധിയോടെ ചിന്തിച്ച് മനസ്സിലാക്കി നിലവിലുള്ള പ്രബല സാധ്യതകളെ പരിഗണിച്ച് പ്രസ്തുത സത്യത്തെ അത് പൂര്‍ണ്ണമായും തുറക്കപ്പെടുന്നതിനു മുമ്പേ സ്വീകരിക്കുക എന്നതാണ് വിശ്വാസം. അതുമായിട്ടാണ് പ്രതിഫലം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകര്‍, നബിമാര്‍, ഔലിയാക്കള്‍ (അലൈഹിമുസ്സലാം) തുടങ്ങിയവരില്‍നിന്നെല്ലാം ദിവ്യാടയാളങ്ങള്‍ നിസ്സംശയം പ്രകടമാകുന്നു. എന്നാല്‍ ആ അടയാളങ്ങള്‍ക്ക് മുമ്പേ തങ്ങളുടെ സംശുദ്ധമായ സൂക്ഷ്മബുദ്ധിയോടെ അവരെ സ്വീകരിക്കുന്നവരാരോ അവരത്രെ അല്ലാഹുവിങ്കൽ സംപ്രീതരായ സൗഭാഗ്യവാന്മാര്‍. അടയാളങ്ങള്‍ക്ക് ശേഷം വിശ്വസിക്കുന്നവര്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ നിന്ദ്യരും വിലകെട്ടവരുമത്രെ. പ്രത്യുത, വിശുദ്ധ ഖുർആൻ ഉച്ചൈസ്തരം വിളിച്ചോദുന്നത് അടയാളങ്ങൾ കൂടാതെ വിശ്വസിക്കാൻ സാധിക്കാത്തവർ അടയാളങ്ങൾ കണ്ടാലും വിശ്വസിക്കില്ല എന്നാണ്.

(ആയിനയെ കമാലാത്തെ ഇസ്‌ലാം. പേ.334, 335)
 
(ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും വായിക്കണം എന്ന് മുകളില്‍ കുറിപ്പെഴുതി ഹദ്റത്ത് മസീഹ് മൌഊദ്(അ) നിരവധി സംശയങ്ങളുടെ നിവാരണത്തിനായി ഹദ്റത്ത് നവാബ് മുഹമ്മദലി ഖാന്‍ സാഹിബ്(റ) നു അയച്ച സുദീര്‍ഘമായ കത്തിലെ ഹൃസ്വമായ ഒരു ഭാഗമാണ് മുകളില്‍ കൊടുത്തത്.  ബാഹ്യമായി താങ്കള്‍ക്കാണെഴുതുന്നതെങ്കിലും ഇതിലെ പലകാര്യങ്ങളും മറ്റുള്ളവരുടെ ഊഹാപോഹങ്ങള്‍ അകറ്റാനുള്ളതാണെന്നു കൂടി ഹുസൂര്‍(അ) പ്രസ്തുത കുറിപ്പില്‍ പ്രസ്താവിച്ചിട്ടുണ്ട്.)