രണ്ടുതരം ദൈവിക കല്പനകൾ
ഇബാദത്തിനുള്ള അല്ലാഹുവിന്റെ കല്പനകൾ രണ്ടായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തേത് ധനപരമായ ഇബാദത്തുകളും രണ്ടാമത്തേത് ശാരീരികമായ ഇബാദത്തുകളുമാകുന്നു. കയ്യിൽ ധനമുള്ളവർക്കുവേണ്ടിയാണ് ധനപരമായ ഇബാദത്ത്. നിർദ്ധനർ അതിൽനിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ശാരീരിക ഇബാദത്തുകളും മനുഷ്യന് യുവത്വത്തിൽ തന്നെയാണ് അനുഷ്ഠിക്കാൻ സാധിക്കുന്നത്. വയസ്സ് അറുപത് കടക്കുന്നതോടെ പലതരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നു. കണ്ണിൽ തിമിരം മൂലം കാഴ്ച്ചക്കുറവുണ്ടാകുന്നു. എന്നാൽ കൗമാരത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെയെല്ലാം ബർക്കത്തുകൾ വാർദ്ധക്യകാലത്തും നിലനിൽക്കുമാറാകുന്നു. അന്നേരമൊന്നും ചെയ്യാതിരുന്നവന് വാർദ്ധക്യത്തിൽ അങ്ങേയറ്റം വ്യസനവും ദുഃഖവും സഹിക്കേണ്ടിവരുന്നു. കഴിവിന്റെ പരമാവധി അല്ലാഹുവിനോടുള്ള കടമകൾ നിറവേറ്റാൻ മനുഷ്യൻ നിശ്ചയമെടുക്കണം.
സൽക്കർമ്മങ്ങളുടെ നിർവ്വചനം.
വിശുദ്ധ ഖുർആനിൽ അല്ലാഹുതആല ഈമാനോടൊപ്പം സൽക്കർമ്മങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നു. ഏതൊരു കർമ്മത്തിലാണോ ഒരു അണുമാത്ര പോലും കുഴപ്പം കലർന്നിട്ടില്ലാത്തത് അതിനേയാണ് സൽക്കർമ്മം എന്നുപറയുന്നത്. ഓർമ്മിച്ചുകൊൾവിൻ! മനുഷ്യന്റെ കർമ്മങ്ങളിൽ എപ്പോഴും കള്ളന്മാർ പതിയിരിപ്പുണ്ട്. എന്താണത്? ‘റിയാ’ (പ്രദർശനപരത), ‘ഉജുബ്’ (പൊങ്ങച്ചം അഥവാ സ്വന്തം പ്രവൃത്തിയിൽ വമ്പ് നടിക്കൽ) ഇവയൊക്കെയാണത്. കൂടാതെ പലതരത്തിലുള്ള ദുഷ്ചെയ്തികളും പാപങ്ങളും അവനിലൂടെ സംഭവിക്കുന്നു. ഇവയെല്ലാം നിമിത്തം കർമ്മങ്ങൾ പാഴായിപ്പോകുന്നു.
അക്രമം, പൊങ്ങച്ചം, പ്രദർശനപരത, അഹങ്കാരം ഇവയിൽനിന്നെല്ലാം പരിശുദ്ധവും മനുഷ്യരുടെ അവകാശങ്ങൾ ധ്വംസിക്കുന്ന ഭാഗത്തേക്ക് ചിന്തപോലും തീണ്ടാത്തതുമായ കർമ്മങ്ങളെയാണ് സൽക്കർമം അഥവാ സ്വാലിഹായ അമൽ എന്നുപറയുന്നത്. പരലോകത്ത് സൽക്കർമങ്ങൾ കാരണം മോക്ഷാർഹരാകുന്നത് പോലെ ഇഹലോകത്തും സൽക്കർമങ്ങളാൽ മോക്ഷം പ്രാപിക്കുന്നു. ഒരു വീട്ടിൽ ഒരാളെങ്കിലും സൽക്കർമിയായിട്ടുണ്ടെങ്കിൽ ആ വീട് മൊത്തമായി സംരക്ഷിക്കപ്പെടുന്നു. മനസ്സിലാക്കിക്കൊള്ളുക! നിങ്ങളിൽ സൽക്കർമ്മങ്ങളില്ലാത്തിടത്തോളം കേവലം വിശ്വാസിയായതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഒരു വൈദ്യൻ ഔഷധക്കുറിപ്പ് എഴുതിയാൽ ആ ഔഷധം വാങ്ങി സേവിക്കണമെന്നാണ് അതിനർത്ഥം. അവൻ ആ മരുന്ന് സേവിക്കാതെ കുറിപ്പ് സൂക്ഷിച്ചുവെച്ചതുകൊണ്ട് എന്ത് പ്രയോജനം?
(മൽഫൂദാത്ത്, 1-15/12/1902)