അവലംബം: The Truth About Ghazwa-e-Hind
https://lightofislam.in/the-truth-about-ghazwa-e-hind/
“ജിഹാദി” നെപ്പോലെ ഇത്രയേറേ തെരിദ്ധരിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്ത ഒരു വാക്ക് ഇസ്‌ലാമിക സാങ്കേതിക പദപ്രയോഗത്തിൽ ഉണ്ടോ എന്ന് സംശയാമാണ്. ജിഹാദിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ധാരണയുടെ ചുവടുപിടിച്ച് ഇസ്‌ലാമിലെ നിരവധി പ്രത്യയശാസ്ത്രങ്ങളും ആശയങ്ങളും വലിയ തോതിൽ വികലമാക്കപ്പെട്ടിട്ടുണ്ട്; അതിൽപെട്ടയൊന്നാണ് ‘ഗസ്‌വയെ ഹിന്ദ്’ എന്നുള്ളത്.
ആക്രമണങ്ങൾ നടത്താനും ഭൗതിക നേട്ടങ്ങളിൽ മാത്രം കണ്ണുവെച്ച് സ്വാർത്ഥലക്ഷ്യങ്ങൾ നേടാനും നിരവധി ഭരണാധികാരികളും പുരോഹിത സഭകളും തീവ്രവാദ സംഘടനകളും ‘ഗസ്‌വയെ ഹിന്ദ്’ നെ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതുപോലെത്തന്നെ, മുസ്‌ലിംകളുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനുള്ള ആയുധമായി ഇസ്‌ലാമിന്‍റെ ശത്രുക്കളും ഇത് നിരന്തരം ഉദ്ധരിക്കാറുണ്ട്.
സായുധ സമരത്തിലൂടെ മുസ്‌ലിംകൾ ഇന്ത്യ പിടിച്ചടക്കും എന്നാണ് നാമമാത്ര മുസ്‌ലിം പണ്ഡിതന്മാരും ഇസ്‌ലാമോഫോബിയയുടെ വക്താക്കളും ‘ഗസ്‌വയെ ഹിന്ദ്’ എന്ന ആശയത്തെ പൊതുവെ വ്യാഖ്യാനിക്കുന്നത്. അതിനവർ ആധാരാമാക്കുന്നത് നബി തിരുമേനി(സ) യുടെ ഒരു ഹദീസിനെയാണ്. പക്ഷേ, വസ്തുതകളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരാൾക്കും ഇസ്‌ലാമിനെതിരെയുള്ള അത്തരമൊരു ആരോപണം തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് ബോധ്യപ്പെടുന്നതാണ്.
നിവേദനങ്ങളുടെ ആധികാരികത
ഹദീസ് ഗ്രന്ഥ ശേഖരത്തിൽ അഗ്രഗണ്യമായി കരുതപ്പെടുന്ന ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ശേഖരമായ ‘സിഹാഉസ്സിത്ത’യിലെ സുനൻ അൽ നസായിയിൽ മാത്രമാണ് ‘ഗസ്‌വയെ ഹിന്ദ്’ നിവേദനങ്ങൾ കാണുന്നത്. നസായി ഇതുമായി ബന്ധപ്പെട്ട് മൂന്ന് രിവായത്തുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യ രണ്ട് രിവായത്തുകളും സമാനമാണ്, അതിൽ ഹദ്‌റത്ത് അബൂ ഹുറയ്റ (റ) പറഞ്ഞതായി ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു:
‘അല്ലാഹുവിന്റെ റസൂൽ ഞങ്ങളോട് ഇന്ത്യയിലേക്കുള്ള ഒരു പര്യടനത്തെക്കുറിച്ച് വാഗ്ദനാനം നല്‍കി. അത് കാണാൻ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ എന്നെത്തന്നെയും എന്റെ സമ്പത്തിനെയും അതിലേക്ക് ദാനം ചെയ്യും. ഞാൻ കൊല്ലപ്പെട്ടാൽ ഞാൻ രക്തസാക്ഷികളിൽ ഏറ്റവും ഉന്നതാനായിത്തീരും. ഞാൻ തിരിച്ചു വന്നാൽ ഞാൽ (നരകത്തിൽ നിന്ന്) സ്വതന്ത്രനാക്കപ്പെട്ട അബൂ ഹുറയ്റയായിരിക്കും.’
ഹദീസ് പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ ഹദീസ് വിശ്വാസയോഗ്യമല്ല. ഉദാഹരണത്തിന്, പ്രശശസ്ത ഹദീസ് പണ്ഡിതനായ അൽധഹബി എഴുതുന്നു:
‘അബൂ ഹുറയ്റ നിവേദനം ചെയ്ത സ്വീകാര്യയോഗ്യമല്ലാത്ത ഒരു നിവേദനത്തെക്കുറിച്ച് ജബ്ർബിൻ അബീദ വിവരിക്കുന്നുണ്ട്; ഇന്ത്യയിലേക്കുള്ള പടയോട്ടം ഞങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന നിവേദനമാണ് അത്.’
അതുപോലെത്തന്നെ, ഷെയ്ഖ് അൽ അർനഊത്ത് പറയുന്നു:
‘ഈ വിഷയത്തിലുള്ള അബൂ ഹുറയ്റയുടെ നിവേദന ശൃംഖലയിൽ രണ്ട് ദുർബല കണ്ണികൾ ഉണ്ട്.’
അതിനാൽ, ഈ രണ്ട് രിവായത്തുകളും ദുർബ്ബലവും അവിശ്വസനീയവുമാണെന്ന് ഹദീസ് പണ്ഡിതന്മാർ കരുതുന്നു. സുനൻ അൽ നസായിയിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നാമത്തെ രിവായത്ത് ഇപ്രകാരമാണ്.
‘അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: “എന്‍റെ സമുദായത്തിൽ രണ്ട് വിഭാഗം ആളുകളെ അല്ലാഹു നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കും: ഇന്ത്യയിൽ പര്യടനം നടത്തുന്ന സംഘവും ഈസബ്‌നു മർയമിനോടൊപ്പമുള്ള സംഘവും.”
മറ്റ് രണ്ടു നിവേദനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിവേദനം അല്പം ആധികാരികത പുലർത്തുന്നു. മാത്രമല്ല, പല പണ്ഡിതന്മാരും ഇത് വിശ്വസനീയമായി കണക്കാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഇതും വിമർശനങ്ങളിൽ നിന്ന് മുക്തമല്ല. ഇബ്‌നു അദീ ഇതിനെ ദുർബലമായാണ് ഗണിച്ചിരിക്കുന്നത്. അതുപോലെ, ഷെയ്ഖ് അൽ അർനൗത്ത് അഭിപ്രായപ്പെടുന്നു:
‘ഇത് തൃപ്തികരമായ ഒരു നിവേദനമാണ്. പക്ഷേ, ഇബ്‌നുൽ വലീദ് ആയ ബഖിയ കാരണം ഈ ശൃംഖല ദുർബലമാണ്. എങ്കിലും ചിലർ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ട്. അബുബക്കർ ഇബ്‌നുൽ വലീദ് അൽ സുബൈദി ഒഴികെ ബാക്കിയുള്ള നിവേദകന്മാരെല്ലാം വിശ്വസ്ഥരാണ്; അദ്ദേഹം അറിയപ്പെടാത്ത ഒരു വ്യക്തിയാണ്.’
ചുരുക്കത്തിൽ, ഈ നിവേദനം പലരും ‘ഹസൻ‘ അല്ലെങ്കിൽ തൃപ്തികരം ആയി കണക്കാക്കുന്നു. പക്ഷേ, സഹീഹ് എന്ന് വിളിക്കാൻമാത്രം ആധികാരികമല്ല. കാരണം, കുറഞ്ഞത് രണ്ട് നിവേദകന്മാരുടെയെങ്കിലും നില സംശയാസ്പദമാണ്.
ഈ നിവേദനം വിശ്വാസയോഗ്യമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ആദ്യ രണ്ട് രിവായാത്തുകളിലുള്ളതു പോലെ പോരാട്ടത്തെക്കുറിച്ചോ കൊല്ലപ്പെടുന്നതിനെക്കുറിച്ചോ അതിൽ പരാമർശമില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൽ ദൗത്യം ഏറ്റെടുക്കുന്ന ഒരു സംഘത്തെക്കുറിച്ച് മാത്രമാണ് ഇതിൽ പറയുന്നത്. അതിനാൽ, വിവിധ തീവ്രവാദ ഗ്രൂപ്പുകൾ സാധാരണയായി മനസിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ‘ഗസ്‌വയെ ഹിന്ദ്’ സങ്കൽപ്പത്തിലെ അക്രമാസക്തമായ പതിപ്പിനെ ഈ രിവായത്ത് ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല.
‘ഗസ്‌വ’ എന്നത് യുദ്ധത്തെ സൂചിപ്പിക്കുന്നില്ല
എന്തെങ്കിലും നേടുന്നതിനോ ഒരു ദൗത്യം ഏറ്റെടുക്കുന്നതിനോ ഉദ്ദേശിക്കുന്ന ‘അസാ’ എന്ന മൂലപദത്തിൽ നിന്നാണ് ‘ഗസ്‌വ’ എന്ന വാക്ക് നിഷ്പ്പന്നമായത്. ഇസ്‌ലാമിക സങ്കേതിക പ്രയോഗത്തില്‍, നബി(സ) തിരുമേനിയുടെ കാലത്ത് നടന്ന യുദ്ധങ്ങൾ (അവയെല്ലാം പ്രതിരോധാത്മക സ്വഭാവമുള്ളവയായിരുന്നു) സാധാരണയായി ഗസ്‌വ അല്ലെങ്കില്‍ സരിയ എന്നാണ് അറിയപ്പെടുന്നത്. തിരു നബി(സ) നേരിട്ട് പങ്കെടുത്ത യുദ്ധങ്ങളെ ഗസ്‌വ എന്നും നബി(സ)തിരുമേനി അയച്ചതും എന്നാൽ നേരിട്ട് അതിൽ പങ്കെടുക്കാത്തതുമായ യുദ്ധങ്ങളെ സരിയ എന്നും പറയുന്നു.
അങ്ങനെയാണെങ്കിൽ തന്നെയും, ഈ വാക്കുകൾ എല്ലായ്പ്പോഴും സൈനിക നീക്കത്തെ സൂചിപ്പിക്കാന്‍ വേണ്ടി ആയിക്കൊള്ളണം എന്നില്ല. മറിച്ച്, സമാധാനപരമായ പ്രചാരണ ദൗത്യങ്ങള്‍ക്കും ഇതേ വാക്കുകൾ ഉപയോഗിക്കാറുണ്ട്. അതിനാൽ, ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കാൻ നബി(സ) തിരുമേനി പ്രതിനിധികളെ അയച്ച സന്ദർഭങ്ങളെക്കുറിച്ചും ഇസ്‌ലാമിക ചരിത്രത്തിൽ ‘സറായ’ (സരിയയുടെ ബഹുവചനം) എന്ന് പ്രയോഗിച്ചതായി കാണാം.
ചില സന്ദര്‍ഭങ്ങളിൽ അത്തരം സന്ദേശ വാഹകരായ സംഘങ്ങളെ അവിശ്വാസികളായ ചില തീവ്രവാദി ഗോത്രവർഗക്കാർ ആക്രമിക്കുകയും സമാധാന കാംക്ഷികളായ മുസ്‌ലിംകളെ കൊല്ലുകയും ചെയ്തിരുന്നു സരിയ അൽ റജീ, സരിയ ബിഅ്‌റെ മഊന എന്നിവ ഇത്തരം സംഭവങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ചുരുക്കത്തിൽ, ‘ഗസ്‌വ’ എന്ന വാക്കിന് ഈ രണ്ട് സാധ്യതകളുമുണ്ട്; ഒന്നുകിൽ ആക്രമണോത്സുകത തടയുന്നതിനും നീതിമാന്മാരെ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടം. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ അക്രമമോ ഇല്ലാതെ സമാധാനപരമായ മാർഗങ്ങളിലൂടെ ആളുകളെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നതിനുള്ള പ്രചാരണം.
ആക്രമണം എന്ന ആശയത്തെ വിശുദ്ധ ഖുർആൻ നിരാകരിക്കുന്നു
മതത്തിന്റെ പേരിലുള്ള ആക്രമണത്തെ വിശുദ്ധ ഖുർആൻ അസന്നിഗ്ദ്ധമായി നിരോധിച്ചിട്ടുണ്ട്. ഇസ്‌ലാം പ്രചരിപ്പിക്കുന്നതിനുവേണ്ടിയോ ഇസ്‌ലാം പിന്തുടരാത്തതിനെതിരായോ ബലം പ്രയോഗിക്കാൻ ഇസ്‌ലാം ഒരിക്കലും അനുമതി നല്‍കുന്നില്ല.
അതിനാൽ, ചില മുസ്‌ലിം സംഘടനകൾ ‘ഗസ്‌വയെ ഹിന്ദ്’ സൈനിക നീക്കമെന്ന് വ്യാഖ്യാനിക്കുന്നത് ഭൂരാഷ്ട്ര പ്രേരണയോടെ മാത്രമാണ്. അതിനെ മതപരമായ കോണിലൂടെ വ്യാഖ്യാനിച്ച് മത വികാരം ഇളക്കിവിട്ട് പിന്തുണ നേടാൻ ശ്രമിക്കുന്ന ഇവർ, ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും വേണ്ടി എന്ന വ്യാജേനെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിരന്തരം ജിഹാദിനെക്കുറിച്ച് സംസാരിക്കുകയും തങ്ങളെ സ്വയം ദൈവത്തിന്‍റെ യോധാക്കളായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഭീകര പ്രവർത്തകരായ കപടവിശ്വാസികളിൽ നിന്ന് വ്യത്യസ്തരല്ല.
നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിനു തുല്യമായ കുറ്റമാണ് എന്നാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിരിക്കുന്നത്. ആരാധനാലയങ്ങള്‍ നശിപ്പിക്കുകയോ അമുസ്‌ലിംകളെ കൊല്ലുകയോ ഏതെങ്കിലും മനുഷ്യന്റെ താൽപ്പര്യത്തിന് ഹാനികരമായ എന്തെങ്കിലും ചെയ്യുകയോ ചെയ്യുന്നത് ഒരിക്കലും ഇസ്‌ലാമിൽ ന്യായീകരിക്കപ്പെടുന്നില്ല.
മറിച്ച്, നിസ്വാർത്ഥത, ത്യാഗം, സഹിഷ്ണുത, സമാധാനം, സാഹോദര്യം എന്നീ അദ്ധ്യാപനങ്ങൾ പഠിപ്പിക്കുന്ന ഇസ്‌ലാമിന്‍റെ ആത്മാവിനെതിരെയാണ് ഇത്തരം ആക്രമണങ്ങളും അടിച്ചമർത്തലുകളും. ഒരു സാഹചര്യത്തിലും ഏതെങ്കിലും തരത്തിലുള്ള അധിനിവേശത്തിനും യുദ്ധത്തിനും (ആത്മരക്ഷാർത്ഥം ചെയ്യപ്പെടുന്നതൊഴികെ) ഇസ്‌ലാം അനുമതി നല്കുന്നില്ല.
സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആത്മീയ ദൗത്യം
‘ഗസ്‌വയെ ഹിന്ദ്’ന്റെ യാഥാർത്ഥ്യം എന്താണ് എന്ന് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്ന ഏക സാധ്യത, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാമിന്റെ സമാധാനപരമായ അദ്ധ്യാപനങ്ങൾ പ്രചരിപ്പിക്കാനുള്ള ആത്മീയ ദൗത്യമാണ് അത് എന്നാണ്.
മുഈനുദ്ദീൻ ചിശ്ത്തി (റഹ്) , ഫരീദുദ്ദീൻ ഗംജ്‌ശകർ (റഹ്), നിസാമുദ്ദീൻ ഔലിയ (റഹ്) തുടങ്ങിയ വിശുദ്ധ വ്യക്തികൾ ഇന്ത്യയിൽ ജിഹാദ് നടത്തിയവരാണ്. എന്നാല്‍ ഇപ്പോൾ പൊതുവെ മനസ്സിലാക്കപ്പെടുന്നപോലെ അവർ നടത്തിയ ജിഹാദ് ആക്രമണത്തിന്റെയും സായുധ വിപ്ലവത്തിന്റെയും ജിഹാദ് ആയിരുന്നില്ല. അവരുടെ ജിഹാദ് നബി(സ)തിരുമേനി കാണിച്ചു തന്ന ജിഹാദായിരുന്നു. അത് ഇസ്‌ലാമിന്‍റെ അദ്ധ്യാപനങ്ങൾ പ്രചരിപ്പിക്കുന്നതിനും ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു. ഈ കക്ഷിയെക്കുറിച്ചാണ് ഇന്ത്യയിൽ ഒരു ദൗത്യം ഏറ്റെടുക്കുന്നതായി നിവേദനങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.
നിവേദനത്തിന്‍റെ തുടർന്നുള്ള ഭാഗം ഈ കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നു. നരകാഗ്നിയിൽ നിന്ന് അഭയം ലഭിക്കുമെന്ന് നിബി(സ)തിരുമേനിപറഞ്ഞ രണ്ടാമത്തെ സംഘം അവസാന കാലത്ത് അവതീർണ്ണരാകുന്ന ഈസബ്‌നു മർയം അല്ലെങ്കിൽ വാഗ്‌ദത്ത മസീഹിനോടോപ്പമുള്ള സംഘമാണ്.
വാഗ്ദത്ത മസീഹിനേയും ഇമാം മഹ്ദിയെയും കുറിച്ചുള്ള നിബി (സ) തിരുമേനിയുടെ പല പ്രവചനങ്ങളും അദ്ദേഹത്തിന്റെ ജനനം ഇന്ത്യയിൽ ആയിരിക്കും എന്ന് സൂചന നല്‍കുന്നുണ്ട്. അതിനാൽ, അദ്ദേഹവും അദ്ദേഹത്തിന്റെ അനുചരന്മാരും മുഖേന സംഭവിക്കാനിരിക്കുന്ന ആത്മീയ വിജയത്തെയാണ് ആ രിവായത്ത് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം.
വാഗ്ദത്ത മസീഹിന്റെ ദൗത്യം യുദ്ധം അവസാനിപ്പിച്ച്, വെളിപാട്, യുക്തി, ജ്ഞാനം, സത്യം എന്നീ മാർഗ്ഗങ്ങളിലൂടെ ഒരു നവലോക ക്രമം കെട്ടിപ്പടുക്കുക എന്നതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സായുധ നീക്കം പ്രതീക്ഷിക്കുന്നത് അസംബന്ധവും യുക്തിരഹിതവുമാണ്.
അദ്ദേഹത്തിലൂടെയും അനുയായികളിലൂടെയും നടക്കാനിരിക്കുന്ന പോരാട്ടവുമായി ബന്ധപ്പെട്ട എല്ലാ പ്രവചനങ്ങളും മാനവ സമൂഹത്തെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിനായുള്ള ബൗദ്ധിക പോരാട്ടത്തെയും സാഹിത്യ പ്രചാരണ മാർഗ്ഗത്തെയും സൂചിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
ഈ കാലഘട്ടത്തിൽ വാഗ്ദത്ത മസീഹായി അല്ലഹുവിനാൽ നിയോഗിതനായ മഹാത്മാവാണ് അഹ്‌മദിയ്യാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകർ ഹദ്ത്ത് മിർസാ ഗുലാം അഹ്‌മദ് (അ). 1908-ൽ ഇഹലോക വാസം വെടിയുന്നത് വരെ അദ്ദേഹം സമാധാനപരമായ ദൗത്യത്തിലൂടെ ഇസ്‌ലാമിന്റെ പ്രചാരണം ലോകത്തിന്റെ കോണുകളോളം എത്തിച്ച് അനേകം മനുഷ്യ ഹൃദയങ്ങൾ കീഴടക്കി. ഇപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ പിന്തുടർച്ചക്കാരായ ഖലീഫമാരിലൂടെ ആ ദൗത്യം തുടർന്നു കൊണ്ടിരിക്കുന്നു.
ഉപസംഹാരം
ഇസ്‌ലാമിക അദ്ധ്യാപനങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഈ കാഴ്ചപ്പാട് നിലനിൽക്കുമ്പോൾ, സർവ്വ വിശ്വാസ ധാരകളെയും സംസ്‌ക്കാരത്തെയും മാറോടണച്ച പാരമ്പര്യമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിനേതിരെ സായുധാക്രമണം നടത്തുക എന്ന ധാരണ വെച്ചു പുലർത്തുന്നത് തന്നെ പരമാബദ്ധമായിരിക്കും.
ഇസ്‌ലാമിക വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും നടത്തപ്പെട്ടിരുന്ന ആദ്യകാല ഇസ്‌ലാമിന്റെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു. സമാധാനത്തിനുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, പുതിയ മതത്തിന്‍റെ അനുയായികളെ ഉന്മൂല നാശാം വരുത്തുക എന്ന ലക്ഷ്യവുമായി മുന്നേറിയ ശത്രുക്കളുടെ വിദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ പോരാടാനുള്ള അനുമതിയായിരുന്നു അന്ന് ലഭിച്ചത്.
അതിനാൽ, ബലപ്രയോഗത്തിലൂടെയുള്ള ‘ഗസ്‌വയെ ഹിന്ദ്’ എന്ന ആശയം ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കും വിശുദ്ധ ഖുർആനിന്റെ ആത്മാവിനും വിരുദ്ധമാണ്. ഗവേഷണങ്ങളിലൂടെ എത്തിച്ചേരാൻ പറ്റുന്ന സ്വീകാര്യയോഗ്യമായ ഏക നിഗമനം, വിശുദ്ധന്മാരായ സൂഫി വര്യന്മാർ ഇന്ത്യയിൽ നടത്തിയ ആത്മീയ പോരാട്ടമാണ് അത് എന്നതാണ്; തുടർന്ന് വാഗ്ദത്ത മസീഹിലൂടെ വെളിപ്പെട്ട ബൗദ്ധികവും അത്മീയവുമായ വിപ്ലവവും.
ഇസ്‌ലാമിനെ അതിന്റെ തനതായ വിശുദ്ധിയിലേക്ക് പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം വാഗ്ദത്ത മസീഹിൽ നിക്ഷിപ്തമായിരിക്കേ, അദ്ദേഹം നിർവചിച്ച മൂല്യങ്ങൾക്ക് വിരുദ്ധമായി, അതായത് സഹിഷ്ണുത, അനുകമ്പ, യുക്തി, നീതി, സമാധാനം എന്നീ മൂല്യങ്ങൾക്ക് വിരുദ്ധമായി വരുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതെങ്കിലും പ്രവൃത്തികൾ ഇസ്‌ലാമിന്റെ പരിധിക്ക് പുറത്താണ് എന്ന കാര്യം ഓർക്കുക.
‘ദൈവിക’ രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്താൽ പ്രേരിതമായി പ്രവർത്തിച്ച പല വർഗ്ഗീയ-തീവ്രവാദി ഗ്രൂപ്പുകളും പരിഹാസ്യരാക്കപ്പെട്ടിട്ടുണ്ട്. അത്തരം ബാലിശമായ ശ്രമങ്ങളെല്ലാം വ്യർത്ഥമാകുന്നു. മാത്രമല്ല, ദൈവഹിതത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന അത്തരം സംഘടനകളുടെയെല്ലാം പര്യവസാനം നാശവുമത്രെ.