ഒരാൾ ചോദിച്ചു നമസ്ക്കാരത്തിൽ രസാനുഭവം ഉണ്ടാവുകയും ചിലപ്പോളത് നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനുള്ള പരിഹാരമെന്താണ്?
ഹദ്റത്ത് അഖ്ദസ് (അ) അരുൾ ചെയ്തു:
സ്ഥൈര്യം കൈവിടാൻ പാടില്ല. പ്രത്യുത, നമസ്ക്കാരത്തിലെ രസാനുഭവം കളഞ്ഞുപോയിട്ടുണ്ടെന്ന് തിരിച്ചറിയുകയും അതിനെ തിരികെ പിടിക്കാൻ പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. കള്ളൻ വന്ന് മുതലുകൾ കട്ടുകൊണ്ടുപോയാൽ അതിൽ സങ്കടപ്പെടുകയും ഭാവിയിൽ അതുപോലുള്ള അപകടങ്ങളിൽനിന്ന് രക്ഷപ്പെടാൻ മനുഷ്യൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനായി സാധാരണയിൽ കവിഞ്ഞ ജാഗ്രതയും ഉത്സാഹവും പ്രകടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. അപ്രകാരം നമസ്ക്കാരത്തിലെ ആനന്ദവും താല്പര്യവും എടുത്തുകൊണ്ടുപോയ ദുഷ്ടനെതിരിൽ എത്രമാത്രം ജാഗ്രതപാലിക്കേണ്ട ആവശ്യമുണ്ട്? അതിൽ വേദനിക്കാതിരിക്കുന്നതെങ്ങനെ? ഒരാൾ നമസ്ക്കാരത്തിലെ അഭിരുചിയും അഭിനിവേശവും നഷ്ടമാകുന്ന അവസ്ഥ കണ്ടാൽ അവൻ ചിന്താകുലനും ദുഃഖിതനും ആകാതിരിക്കരുത്. നമസ്ക്കാരത്തിലെ സ്വാദിയില്ലായ്മ ഒരു മോഷ്ടാവിന്റെ മോഷണവും ആത്മീയ രോഗവുമാകുന്നു. ഒരു രോഗിക്ക് നാവിൽ രുചിമാറ്റം തോന്നിയാൽ അവനുടനടി ചിക്തിസയെ കുറിച്ച് ചിന്തിക്കുന്നു. അപ്രകാരം ആരുടെയെങ്കിലും ആത്മീയമായ രുചിക്ക് വ്യതിയാനമുണ്ടായിട്ടുണ്ടെങ്കിൽ അതു ശരിയാക്കാൻ എത്രയും പെട്ടെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ്.
ഓർമ്മിച്ചുകൊൾവിൻ! മനുഷ്യന്റെ അകതാരിൽ ആസ്വാദനത്തിന്റെ ഒരുവലിയ നീരൊഴുക്കുതന്നെയുണ്ട്. അവനിൽനിന്ന് എന്തെങ്കിലും അധർമ്മമുണ്ടാകുമ്പോൾ ആ നീരൊഴുക്ക് ചെളിമയമാകുന്നു. അനന്തരം പ്രസ്തുത സ്വാദ് നിലനിൽക്കുന്നില്ല. ഉദാഹരണമായി, ഒരാൾ ചീത്തവിളിക്കുകയോ നിസ്സാരകാര്യങ്ങളിൽ സ്വഭാവദൂഷ്യത്തോടെ അസഭ്യവാക്കുകൾ പറയുകയോ ചെയ്യുമ്പോൾ നമസ്ക്കാരത്തിലെ ആനന്ദം അകന്നകന്ന് പോകുന്നു. ധാര്മ്മികശക്തികൾക്ക് ആനന്ദാസ്വാദനത്തിൽ വലിയ പങ്കുണ്ട്. മനുഷ്യന്റെ ഉശിരിൽ വ്യതിയാനം സംഭവിക്കുന്നതിനോടൊപ്പം ആസ്വാദനത്തിലും വ്യതിയാനം സംഭവിക്കുന്നു. അതുകൊണ്ട് എപ്പോഴെങ്കിലും അങ്ങനെയുള്ള അവസ്ഥയുണ്ടായാൽ, അതായത്, നമസ്ക്കാരത്തിൽ ലഭിച്ചിരുന്ന ആനന്ദാനുഭൂതിയും രസാനുഭവവും നഷ്ടമായാൽ, തളർന്നുപോകാനോ ഹതാശനായി ധൈര്യം കൈവിടാനോ പാടില്ല. മറിച്ച് കൂടുതൽ ജാഗ്രതയോടെ കളഞ്ഞുപോയ വസ്തുവിനെ തിരിച്ചുപിടിക്കാൻ ചിന്തിക്കുക. അതിനുള്ള ചികിത്സ പശ്ചാത്താപം, ഇസ്തിഗ്ഫാർ, വിലാപത്തോടെയുള്ള പ്രാർത്ഥന തുടങ്ങിയവയാണ്. സ്വാദില്ലെന്ന് കരുതി നമസ്ക്കാരം ഉപേക്ഷിക്കരുത്, മറിച്ച് നമസ്ക്കാരങ്ങൾ വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഒരു മദ്യപാനിക്ക് ലഹരി കിട്ടുന്നില്ലെങ്കിൽ അവൻ മദ്യം ഉപേക്ഷിക്കുന്നില്ല. മറിച്ച് ആനന്ദത്തിലും ലഹരിയിലും മദോന്മത്തത ലഭിക്കുവോളം ചഷകങ്ങൾ ഒന്നിനുപിറകേ മറ്റൊന്നായി കുടിച്ചുകൊണ്ടിരിക്കുന്നു. അപ്രകാരം ആർക്കാണോ നമസ്ക്കാരത്തിൽ സ്വാദില്ലായ്മ അനുഭവപ്പെടുന്നത് അവൻ ധാരാളമായി നമസ്കരിക്കേണ്ടതാണ്. തളർന്നുപോകുന്നത് ഉചിതമല്ല. ഒടുവിൽ സ്വാദില്ലായ്മയിൽ നിന്ന് ആസ്വാദനം ഉണ്ടാകുന്നതാണ്. നോക്കുക, വെള്ളം ലഭിക്കാൻ ഭൂമിയിൽ എത്രമാത്രം കുഴിക്കേണ്ടിവരുന്നു. ക്ഷീണിച്ചുപോകുന്നവന് വെള്ളം ലഭിക്കുകയുമില്ല. തളരാതെ അവസാനം വരെ കുഴിക്കുന്നവൻ വെള്ളം പുറത്തെടുക്കുകതന്നെ ചെയ്യും. അതുകൊണ്ട് ആ നിർവൃതി കരസ്ഥമാക്കാൻ ഇസ്തിഗ്ഫാർ, അധികമധികമായുള്ള നമസ്ക്കാരം, ദുആ, അത്യുത്സാഹം, സഹനം തുടങ്ങിയവയൊക്കെ അനിവാര്യമാണ്.’
(മൽഫൂസാത് വാ.3, പേ.309,310)