2011ൽ ആഫ്രിക്കൻ വൻകരയിലെ ചില നാടുകളിൽ സ്വാതത്ര്യം ലഭിച്ചതിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന വേളയിൽ പാൻ ആഫ്രിക്കൻ അഹ്മദിയ്യാ മുസ്ലിം അസ്സോസിയേഷൻ ഹദ്റത്ത് ഖലീഫത്തുൽ മസീഹ് അഞ്ചാമൻ (അയ്യദഹു..) തിരുമനസ്സിനെ ചില പ്രോഗ്രാമുകളിലേക്ക് ക്ഷണിക്കുകയുണ്ടായി. ആ വർഷം നവംബർ 25ആം തിയതി ഹുസൂർ തിരുമനസ്സ് ചെയ്ത ഖുത്ബയിൽ “സ്വാതന്ത്ര്യം, വിദ്യാഭ്യാസം, അടിമത്വം“ എന്നിവയെക്കുറിച്ചുള്ള ഇസ്ലാമിക വീക്ഷണങ്ങൾ വിവരിക്കുകയുണ്ടായി.
ഹുസൂർ തിരുമനസ്സ് പറയുന്നു ….
വിശ്വസ്ഥതയോടും സദുദ്ദേശ്യത്തോടും നീതിബോധത്തോടും കൂടി ഈ സ്വാതന്ത്ര്യത്തിൽ നിന്നും ഇവർ ഫലമെടുക്കുകയാണെങ്കിൽ ആഫ്രിക്കൻ ഉപഭൂഖണ്ഢം വരും കാലത്ത് ലോകത്തിന് വഴികാട്ടുന്ന ആ ദിനം വിദൂരമല്ല.
തുടർന്നു പറയുന്നു,
സ്വാതന്ത്ര്യത്തെക്കുറിച്ച് അതിന്റെ യാഥാർത്ഥ്യത്തിന്റെ ഉളളറയിലേക്ക് നാം ചെല്ലുകയാണെങ്കിൽ പ്രവാചകന്മാർ മുഖേന ലഭിക്കുന്ന സ്വാതന്ത്ര്യമാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് മനസ്സിലാകുന്നതാണ്. ഈ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ സൂര്യനായി നമ്മുടെ മുമ്പിലുള്ളത് തിരുനബി(സ)യുടെ അസ്തിത്വമാകുന്നു.
ആ സൂര്യകിരണങ്ങൾ ദൂരെദൂരെ വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അത് നാനാതരം സ്വതന്ത്ര്യത്തെയും വലയം ചെയ്യുകയും ചെയ്തിരിക്കുന്നു. ആ മഹാത്മാവ് ഭൗതികമായ അടിമത്വത്തിൽ നിന്നും മോചനം നൽകുക മാത്രമല്ല ചെയ്തത്, മനുഷ്യൻ തന്റെ കഴുത്തിലണഞ്ഞിരുന്ന വിവിധങ്ങളായ വളയങ്ങളിൽ നിന്നും സ്വതന്ത്ര്യം നേടിക്കൊടുക്കുകയുണ്ടായി. ആ മഹാത്മാവുമായി യഥാർഥ രീതിയിൽ ബന്ധം സ്ഥാപിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ അസ്തിത്വം സ്വാതന്ത്ര്യം നേടിത്തരുവാനുള്ള ഒരു മാർഗമാണ്.
അല്ലാഹു ആ മഹാത്മാവിനെ ഖാത്തമുന്നബിയ്യീൻ എന്ന ബഹുമതി നൽകി അനുഗ്രഹിക്കുകയുണ്ടായി. തിരുനബി (സ)യുടെ ഖാത്തമിയ്യത്ത് എല്ലാ ഭൗതികവും ആത്മീയവുമായ കാര്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് അതിൽ സാക്ഷ്യമുദ്ര പതിപ്പിക്കുകയുണ്ടായി. അല്ലാഹുവിന്റെ ഈ പ്രഖ്യാപനത്തിനുശേഷം മുഹമ്മദീ മുദ്രമാത്രമാണ് സർവ്വവിധ ശ്രേഷ്ഠതകളിലും സാക്ഷ്യമുദ്ര പതിപ്പിക്കുകയെന്നതിൽ ഒരു സദ്പ്രകൃതക്കാരനും ഒട്ടും സംശയം ഉണ്ടായിരിക്കില്ല. ഈ ശ്രേഷ്ഠതകളുടെ ഔന്നത്യം തിരുദൂതരുടെ അസ്ഥിത്വത്തിലാണ് പൂർണ്ണമായിത്തീരുന്നത്.
ഓരോ പ്രവർത്തിയുടെയും ഓരോ കാര്യത്തിന്റെയും ഔന്നത്യവും തിരുനബി(സ) ആയിരിക്കയാൽ ഏതു രീതിയിലുള്ള സ്വതന്ത്ര്യം നേടിക്കൊടുക്കുന്നതിലും തിരുനബി(സ) തന്നെയാണ് പൂർണ്ണതയിൽ എത്തേണ്ടിയിരുന്നത്. അദ്ദേഹം എത്തുകയും ചെയ്തു. ഈ ശ്രേഷ്ഠതകളെല്ലാം അതിമഹത്തരമായ രീതിയിൽ നബി(സ) മുഖേന പൂർത്തിയായതായി ഒരു ലോകം കാണുകയും ചെയ്തു.
തിരുനബി (സ)യുമായി തങ്ങളെ യഥാർഥ അർത്ഥത്തിൽ ബന്ധപ്പെടുത്തുന്നവർ ഇത് പൂർത്തിയാകുന്നതായി കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
തിരുനബി (സ)യിൽ ഇറക്കപ്പെട്ട ഖാത്തമുൽ കുതുബായ ഗ്രന്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ വിഷയം വിവിധ രീതിയിൽ വിവിധ മാർഗത്തിൽ വിവരിക്കുന്നുണ്ട്. അതോടൊപ്പം നബി (സ)യുടെ ഉദാത്ത മാതൃക ഈ മനോഹരമായ അധ്യാപനത്തിന്റെ ശോഭ പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു.
അല്ലാഹു വിശുദ്ധ ഖുർആനിൽ ഒരു സ്ഥലത്ത് പറയുന്നു “ഫക്കു റകബത്തിൻ” “കഴുത്തിനെ മോചിപ്പിക്കുക”. അഥവാ അടിമയെ സ്വതന്ത്രനാക്കുക. സ്വാതന്ത്ര്യത്തിനായി സഹായിക്കുക. അല്ലാഹു പറയുന്നു. ആയത്തിന്റെ ചില ഭാഗം ഞാൻ കേൾപ്പിക്കാം.
അവർ ധനത്തോടുള്ള സ്നേഹം നിലനിൽക്കേ അടുത്ത ബന്ധു ക്കൾക്കും യത്തീമുകൾക്കും മിസ്ക്കീനുകൾക്കും യാത്രക്കാർക്കും യാചകർക്കും കഴുത്തുകൾ സ്വതന്ത്രമാക്കുന്നതിനും ധനം നൽകുന്നു. അഥവാ അടിമകളെ മോചിപ്പിക്കുന്നതിനായി. ഈ ആയത്തിന്റെ തുടക്കത്തിൽ ഉള്ള വിഷയം മുമ്പിൽ വെക്കുകയാണെങ്കിൽ ഇവിടെ പറയുന്നത് ഇതെല്ലാം അതിമഹത്തായ നന്മകളാണെന്നാണ്.
അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും ഗ്രന്ഥങ്ങളിലും പ്രവാചകരിലും വിശ്വസിച്ചതിനുശേഷം ഈ നന്മകളാണ് ദാസരെ ദെവവുമായി സമീപസ്തമാക്കുന്നത്. ഈ നന്മകളിൽ അടിമത്ത്വത്തിൽ നിന്നുള്ള മോചനവും ഉൾപ്പെടുന്നു. അതുകൊണ്ട് വിശ്വാസത്തിന്റെ അവസ്ഥ നിലനിറുത്തേണമെങ്കിൽ നന്മയിൽ മുന്നേറിക്കൊണ്ടിരിക്കണമെങ്കിൽ, നന്മയുടെ ഉന്നത നിലവാരം പ്രകടമാകണമെങ്കിൽ അടിമകളെ മോചിപ്പിക്കുക എന്ന നന്മയും ചെയ്യേണ്ടതാണ്.
ഹദീസുകളിൽ ഇതിനുള്ള പല ഉദാഹരണങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. ബുഖാരിയിൽ നിന്നുള്ള ഒരു നിവേദനത്തിൽ വരുന്നു. ഹദ്റത്ത് അബൂഹുറൈറ (റ) യിൽ നിന്നും നിവേദനം. നബി പറയാറുണ്ടായിരുന്നു. “അടിമയെ സ്വതന്ത്രനാക്കുന്ന ഏതൊരു മുസ്ലിമിനെയും അല്ലാഹു നരകത്തിൽ നിന്നും പൂർണ്ണമായും മോചിപ്പിക്കുന്നതാണ്.”
ഇസ്ലാമിൽ വിവിധ സന്ദർഭങ്ങളിൽ പ്രായശ്ചിത്തമെന്ന നിലക്ക് അടിമകളെ സ്വതന്ത്രമാക്കുക എന്ന അധ്യാപനം വിശുദ്ധ ഖുർആനിൽ വിവിധ സ്ഥലങ്ങളിൽ കാണാവുന്നതാണ്.
ഒരു വിശ്വാസി അബദ്ധത്തിൽ മറ്റൊരു വിശ്വാസിയെ വധിച്ചുപോയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രായശ്ചിത്തമായി പറഞ്ഞത് അടിമകളെ മോചിപ്പിക്കുക എന്നും മറ്റുമാണ്. ഒരു വിശ്വാസിയെ വധിച്ചാൽ മാത്രമാണ് ഈ പ്രായശ്ചിത്തമെന്നില്ല. മറിച്ച് ഏതെങ്കിലും സമൂഹവുമായി നിങ്ങൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ കാഫിറായ വ്യക്തി നിങ്ങളാൽ വധിക്കപ്പെട്ടു കഴിഞ്ഞാൽ പോലും പ്രായശ്ചിത്തമായി ഒരു അടിമയെ സ്വതന്ത്രമാക്കുക.
ദെവത്തിന്റെ പേരിൽ സത്യം ചെയ്തതിനുശേഷം അതിനെ ലംഘിക്കുകയാണെങ്കിൽ അതിനുള്ള പ്രായശ്ചിത്തമായി ഓരോരുത്തരുടെയും കഴിവനുസരിച്ച് വിവിധ പ്രായശ്ചിത്തം നിശ്ചയിച്ചപ്പോൾ അതിൽ ഒന്ന് അടിമകളെ സ്വതന്ത്രമാക്കുക എന്നതുമാണ്.
ചുരുക്കത്തിൽ വിവിധ സന്ദർഭങ്ങളിൽ അടിമകളെ സ്വതന്ത്രമാക്കാനുള്ള കൽപനയിൽ നിന്നും ഉരുത്തിരിയുന്ന ഒരു കാര്യം ഇസ്ലാം പതുക്കെപ്പതുക്കെ അടിമത്വത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നതാണ്.
തിരുനബി(സ)യുടെ കാലത്തും അതിനു മുമ്പും അടിമകളെ വെക്കുക എന്നത് പൊതുവായ ഒരു കാര്യമായിരുന്നു. ഇസ്ലാം വന്നുകൊണ്ട് ഈ അടിമത്വത്തെ ഇല്ലാതാക്കുന്നതിനായി വിവിധ സന്ദർഭങ്ങളിൽ ഊന്നൽ നൽകുകയുണ്ടായി.
ഹദീസിൽ ഇത്രവരെ വരുന്നുണ്ട്. അസ്മാ ബിൻത്ത് അബി ബക്കർ (റ) രിവായത്ത് ചെയ്യുന്നു. തിരുനബി(സ) മുസ്ലീംകളോട് പറയാറുള്ളത് “സൂര്യഗ്രഹണം സംഭവിക്കുമ്പോഴും നിങ്ങൾ അടിമകളെ മോചിപ്പിക്കുക” എന്നതാണ്. കഴിവുള്ളവർ ഇങ്ങനെ നിർബന്ധമായും ചെയ്യണം.
അടിമകളുടെ അന്തസ്സും അവരുടെ അവകാശവും നബി(സ) സംരക്ഷിക്കുകയുണ്ടായി.
നിവേദനത്തിൽ വരുന്നു. ഏഴു സഹോദരന്മാരുണ്ടായിരുന്നു അവർക്കെല്ലാവർക്കും കൂടി ഒരു അടിമയാണുണ്ടായിരുന്നത്. ഒരിക്കൽ ഒരു സഹോദരന് ദേഷ്യം വന്നു. ദേഷ്യത്തിൽ അടിമയുടെ മുഖത്ത് ഒരൊറ്റ അടിവെച്ചുകൊടുത്തു. തിരുനബി(സ)യുടെ അടുത്ത് ഈ വിവരം എത്തി. നബി(സ) പറഞ്ഞു. “ഈ അടിമയെ മോചിപ്പിക്കുക. ഈ അടിമയെ വെക്കാനുള്ള അവകാശം നിങ്ങൾക്കില്ല. കാരണം അടിമയോട് പെരുമാറേണ്ടത് എങ്ങിനെയാണെന്ന് പോലും നിങ്ങൾക്കറിയില്ല.”
അടിമകളെ വെക്കുക എന്നത് സാധാരണ സംഭവമായിരുന്നു അക്കാലത്ത്, അടിമകൾ ധനികരുടെ സമ്പത്ത് കൂടിയായിരുന്ന അക്കാലത്ത്, അടിമകൾ ആരുടെ പക്കലാണോ അധികമുള്ളത് അവരെ ഏറ്റവും വലിയ ധനികന്മാരായി കണക്കാക്കപ്പെട്ടിരുന്ന അക്കാലത്ത് മുസ്ലീംകൾക്ക് നൽകുന്ന കൽപന, നിങ്ങൾ വിശ്വാസമാകുന്ന യഥാർഥ സമ്പത്ത് ആഗ്രഹിക്കുന്നവരാണെങ്കിൽ അടിമകളെ സ്വതന്ത്രമാക്കുന്നതാണ് ഉത്തമം എന്നായിരുന്നു. അവരുടെ സ്വാതന്ത്ര്യത്തിനുള്ള വഴികൾ ഒരുക്കുക. ഈ കൽപ്പന പ്രകാരം സഹാബത്ത് അവരുടെ കഴിവനുസരിച്ച് ഡസൻ കണക്കു മുതൽ ആയിരക്കണക്കിന് അടിമകളെ വരെ സ്വതന്ത്രരാക്കുകയുണ്ടായി.
ഹദ്റത്ത് ഉസ്മാനിബ്നു അഫ്ഫാനെക്കുറിച്ച് പറയപ്പെടുന്നത് അദ്ദേഹം ഒരവസരത്തിൽ ഇരുപതിനായിരം അടിമകളെ സ്വതന്ത്രമാക്കിയിട്ടുണ്ട് എന്നാണ്. ഓരോരുത്തരും അവരവരുടെ കഴിവനുസരിച്ച് സ്വതന്ത്രമാക്കുകയുണ്ടായി. ആരുടെ പക്കൽ ജോലിക്കായി അടിമകൾ ഉണ്ടായിരുന്നുവോ ആ അടിമകളെക്കുറിച്ച് ഇസ്ലാം അവർക്ക് നൽകിയിരുന്ന പാഠം നിങ്ങൾ അവരോട് നിങ്ങളുടെ സഹോദരന്മാരെപ്പോലെ വർത്തിക്കണം എന്നായിരുന്നു. നിങ്ങൾ ധരിക്കുന്നതുപോലെ അവരെയും ധരിപ്പിക്കുക. നിങ്ങൾ ഭക്ഷിക്കുന്നതുപോലെ അവർക്കും നൽകുക.
തിരുനബി(സ)യുടെ സ്വന്തം മാതൃക നോക്കുക. ഹദ്റത്ത് ഖദീജ(റ) വിവാഹത്തിന് ശേഷം തന്റെ അടിമകളെയും സമ്പത്തും എല്ലാം തിരുനബി(സ)ക്ക് നൽകിയപ്പോൽ ആ അടിമകളെയെല്ലാം തിരുനബി(സ) സ്വതന്ത്രമാക്കുകയാണുണ്ടായത്.
ഹ: സൈദ്ബ്നു ഹാരിസ അതിൽപ്പെട്ട ഒരടിമയായിരുന്നു. അദ്ദേഹത്തെ തന്റെ വളർത്തുപുത്രനാക്കി. അദ്ദേഹത്തോട് കാണിച്ച വാത്സല്ല്യവും മമതയും കാരണം അദ്ദേഹത്തിന്റെ പിതാവും ബന്ധുവും അദ്ദേഹത്തെ കൊണ്ടുപോകാനായി വന്നപ്പോൾ സൈദ് അവരുടെ കൂടെ പോകാൻ കൂട്ടാക്കിയില്ല.
തിരുനബിയുടെ പെരുമാറ്റം യഥാർഥത്തിൽ സ്നേഹത്തിന്റെയും വാത്സല്ല്യത്തിന്റെയും അത്യുന്നതമായ നിലവാരം കരസ്ഥമാക്കിയതായിരുന്നു. അത് സ്വാതന്ത്ര്യത്തെക്കാളും അടിമത്ത്വത്തിന് മുൻഗണന നൽക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്നേഹത്തിന്നെതിരിൽ സ്വന്തം രക്തബന്ധത്തെപോലും പിമ്പുറം തള്ളുകയുണ്ടായി. ചുരുക്കത്തിൽ ഇസ്ലാമിനും നബി(സ)ക്കും എതിരിൽ ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഈ സ്വാതന്ത്ര്യത്തിന്റെ ആയിരത്തിലൊരംശമോ ലക്ഷത്തിലൊരംശമോ സമർപ്പിക്കാൻ സാധ്യമല്ല.
ആരാണ് അടിമകളെ സ്വതന്ത്രമാക്കാൻ ഇത്രമാത്രം പ്രവർത്തിച്ചതെന്നും മാനവരാശിയുടെ സ്വാതന്ത്രത്തിനായി ഇത്രമാത്രം പ്രവർത്തിച്ചതെന്നും തെളിയിക്കാൻ കഴിയുമോ. തിരുനബി(സ) തന്നെ അംഗീകരിക്കുന്നവരോട് പറഞ്ഞത് നിങ്ങളുടെ അടിമകൾ ജോലി ചെയ്യുമ്പോഴും നിങ്ങൾ അവരോട് നല്ല രീതിയിൽ പെരുമാറുക. വല്ല കഠിനമായ ജോലിയും അവർക്ക് നൽകിയിട്ടുണ്ടെങ്കിൽ തന്നെ നിങ്ങൾ അവരെ സഹായിക്കണം. ചുരുക്കത്തിൽ തിരുനബി(സ) അടിമത്വത്തിന്റെ നിർവചനം തന്നെ മാറ്റി എഴുതുകയുണ്ടായി.
ഇതിന്റെ കാരണമായാണ് ഒരു ഇറ്റാലിയൻ ഓറിയന്റലിസ്റ്റായ ഡോ: ലോറ വസ്സിയ വഗ്ല്യറി (Laura Veccia Vaglieri) ഇപ്രകാരം എഴുതിയത്. അടിമത്വത്തിന്റെ സമ്പ്രദായം മനുഷ്യ സമൂഹം ഉണ്ടായ നാൾ മുതൽ ഉള്ളതാണ്. അത് ഇന്നും നിലനിൽക്കുന്നു. മുസ്ലിംകൾ അപരിഷ്കൃതരായാലും പരിഷ്കൃതരായാലും ശരി അവരുടെ ഇടയിൽ അടിമകളുടെ സ്ഥിതി മറ്റു സമൂഹങ്ങളെ വെച്ചുനോക്കുമ്പോൾ എത്രയോ മെച്ചപ്പെട്ട അവസ്ഥയിലാണ് കാണുന്നത്.
പൗരസ്ഥ്യ നാടുകളിലെ അടിമത്വത്തിന്റെ അവസ്ഥ, അമേരിക്കിയിൽ നൂറുവർഷം മുമ്പുള്ള അടിമത്വവുമായി താരതമ്യം ചെയ്യുക എന്നത് അനീതിയായിരിക്കുമെന്ന് ഞാൻ കണക്ക് കൂട്ടുന്നു. പ്രവാചക വചനങ്ങളിൽ എന്തുമാത്രം മാനുഷിക സഹാനുഭൂതിയാണ് അടിമകളോട് പ്രകടിപ്പിച്ചുകാണുന്നത് എന്ന് നോക്കുക.
തിരുനബി(സ) പറയുന്നു. “അവൻ എന്റെ അടിമയാണെന്ന് പറയരുത്. അവൻ എന്റെ കുട്ടിയാണെന്ന് പറയുക. അവൾ എന്റെ അടിമ സ്ത്രീയാണെന്ന് പറയരുത്. അവൾ എന്റെ മകളാണെന്ന് പറയുക.“ ചരിത്രപരമായി നാം ഈ സംഭവങ്ങളെ ഒന്ന് വിശകലനം ചെയ്യുകയാണെങ്കിൽ തിരുനബി(സ) ഈ വിഷയത്തിൽ അതിമഹത്തായ പരിവർത്തനങ്ങൽ വരുത്തിയിട്ടുണ്ടെന്ന് മനസ്സിലാകുന്നതാണ്.
ഇസ്ലാമിന് മുമ്പുവരെ കടം വീട്ടാൻ കഴിയാത്ത ഒരു സ്വതന്ത്ര വ്യക്തിക്ക് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. കടം വാങ്ങിയ വ്യക്തി കടം വീട്ടുന്നതുവരെ കടം കൊടുത്ത വ്യക്തിയുടെ അടിമയായി കഴിയേണ്ടിയിരുന്നു. അതല്ലെങ്കിൽ അങ്ങനെയുള്ള സാഹചര്യങ്ങൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാം സ്വീകരിച്ചതിനുശേഷം ഒരു സ്വതന്ത്രനായ മുസ്ലിമിനെയും അടിമയാക്കിവെക്കാൻ ഒരു മുസ്ലിമിനും സാധിക്കുമായിരുന്നില്ല.
അല്ലാഹുവിന്റെ പ്രവാചകൻ അടിമത്വത്തെ പരിമിതപ്പെടുത്തുക മാത്രമല്ല ചെയ്തത്. മറിച്ച് അതുമായി ബന്ധപ്പെട്ടുകൊണ്ട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയുകയും മുസ്ലിംകളോട് ഇക്കാര്യത്തിൽ എപ്പോഴും ഒരു പടി മുമ്പോട്ട് വെച്ചുകൊണ്ട് എല്ലാ അടിമകളും സ്വതന്ത്രരാകുന്ന ആ സുദിനം വരുന്നതുവരെ മുന്നോട്ട് പോകാനും പറയുകയുണ്ടായി.
ഈ ഉദ്ധരണി പ്രാഫസർ വഗ്ല്യറി ഇറ്റലി ഭാഷയിൽ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്ന് എടുത്തതാണ്. അമേരിക്കയിലെ അഹ്മദിയ്യാ ജമാഅത്ത് ഒരു കാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഇസ്ലാമിന്റെ അധ്യാപനങ്ങൾ വളരെ മനോഹരമായ രീതിയിൽ വിവരിച്ചിട്ടുണ്ട്. ഇത് പ്രസിദ്ധീകരിക്കാൻ ഏതെങ്കിലും വ്യക്തിക്ക് അതിന്റെ പകർപ്പവകാശം നൽകിയിട്ടില്ലെങ്കിൽ, അമേരിക്കൻ ജമാഅത്തിന് ഇത് പ്രസിദ്ധീകരിക്കാനുള്ള അനുവാദമുണ്ടെങ്കിൽ ഇത് വീണ്ടും പ്രസിദ്ധീകരിക്കേണ്ടതാണ്.
ഇസ്ലാമിനെയും നബി(സ)യെയും ആക്ഷേപിക്കുന്ന ശത്രുക്കളുടെ വായ അടക്കാൻ ഇത് മതിയാകുന്നതാണ്. ചുരുക്കത്തിൽ ഈ അധ്യാപനവും ഈ മാതൃകകളും അന്യരാൽപോലും പുകഴ്ത്തപ്പെട്ടതാണ്. ഇത് യഥാർഥത്തിൽ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ യാഥാർഥ്യം വിളിച്ചോതുന്നതാണ്.
വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽനിന്നുമുള്ള ചില ഉദാഹരണങ്ങൾ ഞാൻ കേൾപ്പിക്കുകയുണ്ടായി. ഇതുസംബന്ധമായി എത്രയോ നിർദ്ദേശങ്ങളും ഉപദേശങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. ഈ അധ്യാപനങ്ങളനുസരിച്ച് പ്രവർത്തിച്ചാൽ മാത്രമേ ലോകത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭ്യമാകുകയുള്ളൂ. ശാന്തിയും നീതിയും സൗഹൃദവും നിലനിൽക്കുകയുള്ളൂ.
ആഫ്രിക്കയിൽ സ്വാതന്ത്ര്യം ലഭിച്ച സ്ഥലങ്ങളിലുള്ള അഹ്മദികൾ ഈ അധ്യാപനത്തെ അവിടെ വ്യാപിപ്പിക്കേണ്ടതാണ്. കൂടുതൽ പേരെ തിരുനബി(സ)യുടെ അടിമത്വത്തിൽ കൊണ്ടുവരിക. എന്നാൽ മാത്രമേ എന്താണ് സ്വാതന്ത്ര്യം എന്ന് അവർക്ക് തിരിച്ചറിയാൻ കഴിയുകയുള്ളൂ. ഒരു പ്രാവശ്യം ഗോൾഡൻ ജൂബിലി ആഘോഷിച്ചതുകൊണ്ട് മാത്രം യഥാർഥ സ്വാതന്ത്ര്യം ലഭിക്കില്ല. സ്വാതന്ത്ര്യം നിലനിൽക്കണമെങ്കിൽ ഭരണാധികാരികളും ജനങ്ങൾ ഈ സ്വാതന്ത്ര്യത്തെ നിലനിർത്തേണ്ടത് എങ്ങിനെയാണെന്ന് തിരിച്ചറിഞ്ഞിരിക്കണം. അതിന് എന്തെല്ലം മാർഗങ്ങളാണ് നാം സ്വീകരിക്കേണ്ടതെന്ന് അവർ അറിയണം. ആ മാർഗങ്ങൾ നമുക്ക് തിരുനബി(സ)യുടെ മാതൃകയിലും വിശുദ്ധ ഖുർആനിലും കാണാൻ സാധിക്കുന്നതാണ്.
പ്രൊഫസർ വഗ്ല്യറി എഴുതിയത് മുസ്ലിംകളെ അടിമകളാക്കി വെക്കാൻ കഴിയില്ല എന്നാണ്. എന്നാൽ യഥാർഥ ഇസ്ലാമിക സമൂഹത്തിൽ ഒരിക്കലും തന്നെ ആരെയും അടിമകളാക്കപ്പെടുകയില്ല. നബി(സ) തന്റെ വിയോഗത്തിനു മുമ്പ് നൽകിയ അവസാന ഉപദേശത്തിൽ പറഞ്ഞത് നമസ്ക്കാരത്തെക്കുറിച്ചും അടിമകളെക്കുറിച്ചുമുള്ള എന്റെ ഉപദേശം നിങ്ങൾ ഒരിക്കലും മറക്കരുത് എന്നാണ്.
(അവലമ്പം : ജുമുഅ ഖുത്ബ 25, നവംബർ 2011- ബൈത്തുൽ ഫുതൂഹ്, ലണ്ടൻ)