അല്ലാഹു ആഗ്രഹിച്ചിരുന്നെങ്കിൽ മനുഷ്യരെ സ്ഥിരമായ ഒരേ അവസ്ഥയിൽ നിലനിർത്താമായിരുന്നു. എന്നാൽ ചില ദൈവികയുക്തികളും സത്യവസ്തുതകളും കാരണം അവരിൽ ചില വിസ്മയകരമായ സന്ദർഭങ്ങളും സ്ഥിതികളും വന്നുഭവിച്ചുകൊണ്ടിരിക്കുന്നു. അവയിലൊന്ന് സന്താപകരമായ അവസ്ഥയാണ്. ഇത്തരം അവസ്ഥാന്തരങ്ങളും പരിതസ്ഥിതികളുടെ പരിണാമങ്ങളും മുഖേന അല്ലാഹുവിന്‍റെ അത്യന്തം ആശ്ചര്യകരമായ പ്രതാപവിലാസങ്ങളും നിഗൂഢരഹസ്യങ്ങളും പ്രത്യക്ഷമാകുന്നു.
ഈ ലോകത്ത് യാതൊരു വിഷമവും വിഷാദവും ഉണ്ടാകാത്തവർ തങ്ങളെ വലിയ സൗഭാഗ്യവാന്മാരും ശുഭാവസ്ഥയിൽ കഴിയുന്നവരുമായി മനസ്സിലാക്കുന്നു. അവർ അല്ലാഹുവിന്‍റെ ഒട്ടനവധി രഹസ്യങ്ങളും യാഥാർഥ്യങ്ങളും അറിയാത്തവരും പരിചയമില്ലാത്തവരുമാണ്. അതിനെ ഇങ്ങനെ ഉദാഹരിക്കാം: സ്കൂളുകളിൽ വിദ്യാഭ്യാസത്തോടൊപ്പം നിർബന്ധമായും ഒരു പിരിയഡ് വ്യായാമത്തിനായി വെക്കാറുണ്ട്. അതിൽ പഠിപ്പിക്കുന്ന വ്യായാമങ്ങളും ചിട്ടകളും കൊണ്ട് ഓഫീസർമാർ ഉദ്ദേശിക്കുന്നത് അവരെ ഏതെങ്കിലും അടിപിടിക്കായി തയ്യാറാക്കുക എന്നതല്ല. കളിവിനോദങ്ങളിൽ കുട്ടികളുടെ സമയം പാഴാക്കിക്കളയലുമാവില്ല. മറിച്ച് ശാരീരികാവയവങ്ങൾക്ക് ചലനങ്ങൾ ആവശ്യമുണ്ട്. അവയവങ്ങൾ ഉപയോഗിക്കാതിരുന്നാൽ അവയുടെ ശക്തി ക്ഷയിച്ചുപോകുകയും നഷ്ടം സംഭവിക്കുകയും ചെയ്യുന്നതുകൊണ്ട് ഈ വ്യായാമത്തിലൂടെ അത് പൂർത്തിയാക്കാൻ സാധിക്കുന്നു എന്നതാണ് അതിന്‍റെ യാഥാർഥ്യം. പ്രത്യക്ഷത്തിൽ വ്യായാമം അവയവങ്ങളിൽ പ്രയാസവും ക്ഷീണവുമുണ്ടാക്കുന്നതാണെങ്കിലും അവയുടെ പരിപാലനത്തിനും ആരോഗ്യത്തിനും അത് കാരണമായി തെളിയുന്നു. ഇതേവിധത്തിലുള്ള പൂർത്തീകരണത്തിനെന്നോണം പ്രയാസങ്ങളുടെ അനിവാര്യതയുള്ള പ്രകാരത്തിലാണ് നമ്മുടെ പ്രകൃതി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത് ലക്ഷ്യസാഫല്യത്തിനുവേണ്ടിയുള്ളതാകുന്നു.
അതിനാൽ, അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും തന്നെയാണ് മനുഷ്യനെ പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്. ഇതുമുഖേന അവന്‍റെ വിധിയോടുകൂടി, സ്നേഹത്തിന്റെയും സഹനത്തിന്‍റേയും ശക്തികൾ വർദ്ധിക്കുമാറാകുന്നു. ദൈവത്തിൽ വിശ്വാസമില്ലാത്തവന്‍റെ അവസ്ഥ അവൻ അല്പം ബുദ്ധിമുട്ടുണ്ടാകുമ്പോൾ തന്നെ പരിഭ്രമിക്കുന്നുവെന്നതാണ്. അവൻ ആത്മഹത്യയിൽ സൗഖ്യം കണ്ടെത്തുന്നു. എന്നാൽ, മനുഷ്യന്‍റെ പൂർത്തീകരണവും ശിക്ഷണവും അവശ്യപ്പെടുന്നത് അല്ലാഹുവിലുള്ള അവന്‍റെ വിശ്വാസം വർദ്ധിക്കുന്നതിന് അവന്‍റെമേൽ ഇത്തരത്തിലുള്ള പരീക്ഷണം വരണമെന്നത്രെ.
അല്ലാഹു സർവ്വശക്തനാണ്. എന്നാൽ അവസ്ഥന്തരങ്ങളും പരീക്ഷണങ്ങളും വരാത്തവരുടെ അവസ്ഥ എങ്ങനെയാണെന്ന് നോക്കുക, അവർ തികച്ചും ലൗകികതയിലും അതിനോടുള്ള ആഗ്രഹങ്ങളിലും ലയിച്ചു ചേരുന്നു. മുകളിലേക്ക് അവരുടെ തല ഉയരുന്നേയില്ല! അബദ്ധത്തിൽപോലും അല്ലാഹുവിനെ അവർക്ക് ഓർമ്മവരുന്നില്ല! ഇക്കൂട്ടർ നിസ്സാര പദവിയിലുള്ള കാര്യങ്ങൾ കരസ്ഥമാക്കുന്നതിനു വേണ്ടി ഉന്നതനിലവാരമുള്ള ഗുണവിശേഷങ്ങളെ പാഴാക്കിക്കളഞ്ഞവരാണ്. എന്തെന്നാൽ, ഏതെങ്കിലും സ്വത്തിലോ മുതലിലോ ദുനിയാവിലെ മറ്റേതെങ്കിലും കാര്യങ്ങളിലോ അവർക്ക് കിട്ടാതെപോയ സന്തോഷവും സമധാനവും വിശ്വാസത്തിന്‍റേയും ദൈവജ്ഞാനത്തിന്‍റേയും അഭിവൃദ്ധി മുഖാന്തരം അവർക്ക് കരഗതമാകുമായിരുന്നു. പക്ഷേ, അങ്ങേയറ്റം ഖേദകരം തന്നെ! അവർ ഒരു കുട്ടിയെപോലെ തീക്കനൽ ദർശിച്ചുകൊണ്ട് അതിന്‍റെ പൊള്ളലേൽക്കുന്നതിനെ കുറിച്ചോ നഷ്ടത്തെക്കുറിച്ചോ അറിയാതെ സന്തോഷിക്കുകയാണ്. എന്നാൽ അല്ലാഹുവിന്‍റെ അനുഗ്രഹം സിദ്ധിക്കുന്നവരിലും ഈമാന്‍റേയും യഖീന്‍റേയും സമ്പത്തിനാൽ ധന്യരാക്കപ്പെട്ടവരിലും പരീക്ഷണങ്ങൾ വരുന്നതാണ്.
തങ്ങൾക്ക് ഒരു പരീക്ഷണവും ഉണ്ടായിട്ടില്ലെന്ന് പറയുന്നവർ ദൗർഭാഗ്യവാന്മാരത്രെ. അവർ അഹന്തയിലും ഭൗതികാനുഗ്രഹങ്ങളിലും ഇരുന്ന് കന്നുകാലികളെപ്പോലെ ജീവിക്കുന്നവരാണ്. അവർക്ക് നാവുണ്ട്; പക്ഷേ സത്യം പറയാൻ അവർക്ക് സാധിക്കില്ല. അത് അല്ലാഹുവിനെ സ്തുതിക്കുന്നതിനോ വാഴ്ത്തുന്നതിനോ വേണ്ടി ചലിക്കുന്നുമില്ല. മറിച്ച് അനാവശ്യകാര്യങ്ങൾ സംസാരിക്കാനും ഭൗതിക രുചികൾ ആസ്വദിക്കാനും മാത്രമുള്ളതാണ്. അവർക്ക് കണ്ണുകളുണ്ട്, പക്ഷേ അവയാൽ അല്ലാഹുവിന്‍റെ ഖുദ്‌റത്തുകളുടെ കാഴ്ചകൾ അവർക്ക് കാണാൻ സാധ്യമല്ല. മറിച്ച് അവ ദുർനോട്ടങ്ങൾക്കുള്ളവയാണ്. അപ്പോൾ അവർക്ക് സന്തോഷവും സൗഖ്യവും എവിടെനിന്ന് വന്നുകിട്ടാൻ? വിഷമങ്ങളും ദുഃഖങ്ങളും ഉണ്ടാകുന്നവർ ദൗർഭാഗ്യവാരാണെന്ന് കരുതരുത്. ഒരിക്കലുമല്ല. അല്ലാഹു അവരെ സ്നേഹിക്കുന്നു. മരുന്നുവെച്ച് കെട്ടുന്നതിനു ആദ്യം മുറിവ് കീറുകയും വൃത്തിയാക്കുകയും ചെയ്യൽ അനിവാര്യമാണ്. ചുരുക്കത്തിൽ, മനുഷ്യപ്രകൃതിയിൽ നടന്നുവരുന്ന ഒരു പ്രക്രിയയാണിത്. ഇതുമുഖേന ദുനിയാവിന്‍റെ യാഥാർഥ്യം എന്താണെന്നും അവയിൽ എന്തെന്തെല്ലാം വിപത്തുകളും വിനാശങ്ങളും മറഞ്ഞിരിപ്പുണ്ടെന്നും അല്ലാഹു സ്ഥാപിച്ചുകാണിക്കുന്നു.
പരീക്ഷണങ്ങളിലൂടെ മാത്രമാണ് പ്രാർഥനകളുടെ അത്യാശ്ചര്യകരമായ സവിശേഷതകളും ഫലങ്ങളും ദൃശ്യമാകുന്നത്.
യാഥാർഥ്യമിതുതന്നെയാണ് അതായത്: ‘നമ്മുടെ ദൈവം പ്രാർത്ഥനകളിലൂടെ തന്നെയാണ് തിരിച്ചറിയപ്പെടുന്നത്’
(മൽഫൂദാത്ത് വാള്യം.2. പേ. 146, 147)