ഒരു പ്രത്യേകവിഭാഗത്തിന് പ്രയോജനം സിദ്ധിക്കുമാറ് തന്‍റെ പ്രവചനങ്ങളും ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമാക്കുന്നു എന്നതും അല്ലാഹുവിന്‍റെ ഒരു നടപടിക്രമത്തില്‍ പെട്ടതാകുന്നു. അവന്‍റെ ജോലികളില്‍ പരിശ്രമിക്കുന്നവരും ചിന്തിക്കുന്നവരും അവന്‍റെ യുക്തികളിലും നയതത്ത്വങ്ങളിലും അവഗാഹം ലഭിച്ചവരും ധീഷണാശാലികളും ശുദ്ധമനസ്കരും ക്രാന്തദര്‍ശികളും സമര്‍ത്ഥരും ഭയഭക്തരും പ്രകൃത്യാ ധന്യരും മാന്യരും കുലീനരും ആയിട്ടുള്ളവരത്രെ അക്കൂട്ടര്‍. നീചപ്രകൃതക്കാരും, എടുത്തുചാട്ടക്കാരും, കേവലം ഉപരിപ്ലവ ബുദ്ധിയുള്ളവരും, സത്യം ഗ്രഹിക്കുന്നതില്‍ അശക്തരും, ദുര്‍ഭാവനയിലേക്ക് ചായുന്നതില്‍ ശീഘ്രകാരികളും, പ്രകൃത്യാ ദൗര്‍ഭാഗ്യത്തിന്‍റെ കറ പേറുന്നവരുമായ വിഭാഗത്തെ അവന്‍ (അത്തരം പ്രവചനങ്ങളും ദൃഷ്ടാന്തങ്ങളും ഗ്രഹിക്കുന്നതില്‍നിന്ന്) പുറത്ത് നിര്‍ത്തുന്നു. അവന്‍ വിവേകശൂന്യരായ (അത്തരക്കാരുടെ) ഹൃദയത്തില്‍ റിജ്സ് ഇടുന്നു. അഥവാ അല്പം മറ സൃഷ്ടിക്കുന്നു. അപ്പോള്‍ അവര്‍ക്ക് തേജസ്സ് ഒരു തമസ്സായി തോന്നുകയും അവര്‍ സ്വേച്ഛകളെ അനുധാവനം ചെയ്യുകയും അതിൽ ആസക്തരാവുകയും ചെയ്യുന്നു. ചിന്താശേഷി അവർക്കന്യമായിത്തീരുന്നു. മലിനമായവ പവിത്രമായവയ്ക്കൊപ്പം വന്നുചേരരുത് എന്നതാണ് ദൈവത്തിന്‍റെ ഈ പ്രവൃത്തികൊണ്ടുള്ള ഉദ്ദേശ്യം. അവിശുദ്ധര്‍ പരിശുദ്ധരോടൊപ്പം ചേരുന്നത് തടയാനും പവിത്രഹൃദയരുടെ ഈമാന്‍ ശക്തിപ്പെടുത്താനും അവരുടെ പാണ്ഡിത്യവും ദിവ്യജ്ഞാനവും വികസിപ്പിക്കാനും സത്യസന്ധതയിലും സ്ഥിരചിത്തതയിലും അവര്‍ പുരോഗതി പ്രാപിക്കാനും അവരുടെ വിവേകവും സത്യം തിരിച്ചറിയാനുള്ള പ്രാപ്തിയും ജനങ്ങള്‍ക്ക് വെളിപ്പെടുത്താനും വേണ്ടിയാകുന്നു അവന്‍ തന്‍റെ ദിവ്യാടയാളങ്ങളില്‍ അദൃശ്യത വെക്കുന്നത്. കപടവര്‍ഗ്ഗവും അധമചിന്തകരും ആത്മപ്രശംസകരും ബുദ്ധിശൂന്യരും അവരുടെ ജമാഅത്തില്‍ കടന്നുകൂടി അവരുടെ സഹസ്ഥാനീയ്യരായിത്തീരുന്നതുമൂലം ഉണ്ടായിത്തീരുന്ന അപകീര്‍ത്തിയില്‍നിന്നും അപമാനത്തിൽനിന്നും സംരക്ഷിക്കാനും (കൂടിയാണ് അവന്‍ അങ്ങനെ ചെയ്യുന്നത്). തന്‍റെ ജമാഅത്തിന്‍റെ സംശുദ്ധമായ ജലത്തില്‍ ഒരുതരത്തിലുള്ള മാലിന്യത്തിന്‍റെ അംശവും കലർന്നുപോകരുതെന്ന് മഹത്വവാനായ ദൈവത്തിന്‍റെ തീരുമാനമാണ്. അതുകൊണ്ട് അവന്‍ അത്തരത്തിലുള്ള പ്രത്യേക സവിശേഷതകളാല്‍ തന്‍റെ ദിവ്യാടയാളങ്ങള്‍ പ്രകടമാക്കുന്നു. അതായത് വിവേകശൂന്യര്‍ക്കും വൃത്തികെട്ടവര്‍ക്കും അത്തരം സവിശേഷതകളില്‍ പങ്കുകൊള്ളാന്‍ സാധ്യമല്ല. ഉല്‍ക്കൃഷ്ടമായ ദിവ്യാടയാളങ്ങളെ ഉന്നതസ്ഥാനിയ്യരായ ജനങ്ങള്‍ അന്വേഷിക്കുകയും തങ്ങളുടെ വിശ്വാസം അതുമുഖേന വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
നൂറുകണക്കിനു സ്വേച്ഛകളുടെ ചങ്ങലകളാല്‍ ബന്ധിതരായിട്ടുള്ള എല്ലാതരം വിവേകശൂന്യരും അധഃസ്ഥിത പ്രകൃതരും അവരവരുടെ ഇച്ഛകള്‍ക്കനുസരിച്ച് സാക്ഷ്യം വഹിക്കാന്‍ ഉതകുന്നരീതിയില്‍ സ്പഷ്ടമായ ദിവ്യദൃഷ്ടാന്തങ്ങൾ താൻ ആഗ്രഹിക്കുകിൽ പ്രദര്‍ശിപ്പിക്കാന്‍ ദൈവം ശക്തനായിരുന്നു. എന്നാല്‍ വാസ്തവത്തില്‍ ഒരുകാലത്തും അങ്ങനെ സംഭവിച്ചിട്ടില്ല. സംഭവിക്കാന്‍ പോകുന്നുമില്ല. എപ്പോഴെങ്കിലും അങ്ങനെയുണ്ടായാല്‍ അധമപ്രകൃതരായവര്‍ തങ്ങളുടെ ഇച്ഛാനുസൃതമുള്ള അടയാളങ്ങള്‍ ദര്‍ശിച്ചുകൊണ്ട് തൃപ്തിയടഞ്ഞേനേ. അല്ലാഹു തആല അത്തരത്തിലുള്ള ദൃഷ്ടാന്തം കാണിക്കാന്‍ പൂര്‍ണ്ണശക്തനായിരുന്നു. എല്ലാ കഴുത്തുകളും ആ ദൃഷ്ടാന്തത്തിനു നേരെ കുനിയുകയും സകലവിധത്തിലുള്ള പ്രകൃതക്കാരും അവനുനേരെ സുജൂദ് ചെയ്യുകയും ചെയ്യുമായിരുന്നു. എന്നാല്‍, ഇഹലോകത്തിന്‍റെ അടിസ്ഥാനസിദ്ധാന്തം അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് നിലകൊള്ളുന്നത്. എല്ലാ മോക്ഷപ്രാപ്തിയുടെയും അക്ഷധ്രുവം അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നതിലാകുന്നു. അത്തരം (അദൃശ്യതയില്ലാത്ത) അടയാളങ്ങള്‍ ഈമാനെ സംരക്ഷിക്കുന്നവയായിരിക്കില്ല, പ്രത്യുത ദൈവീക അസ്തിത്വത്തിന്‍റെ സകല മറകളും തുറന്നുകാട്ടിക്കൊണ്ട് വിശ്വാസ സംവിധാനത്തെതന്നെ ആകെ താറുമാറാക്കുന്നതാണ്. ദൈവത്തില്‍ വിശ്വാസം സ്വീകരിച്ചുകൊണ്ട് പുണ്യവും പ്രതിഫലവും കരസ്ഥമാക്കുന്നതിന് അത് ആരേയും യോഗ്യനാക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍, സുവ്യക്തമായി തുറന്നുകാട്ടപ്പെട്ട കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത് പ്രതിഫലാര്‍ഹവും പുണ്യത്തിന് നിദാനവുമാകാന്‍ ഒരിക്കലും നിർവാഹമില്ല.
അത്തരം പൊള്ളയായ അടയാളം കണ്ടുകൊണ്ട് സകലതരം അനര്‍ഹരും കീഴ്പ്രകൃതക്കാരും തരംതാണചിന്തകരും ദുര്‍നടപ്പുകാരുമായ മനുഷ്യര്‍ ഒന്നടങ്കം സത്യപ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ അവരുടെ ആ പ്രവേശം പരിശുദ്ധ ജമാഅത്തിനു അപമാനത്തിനും അപകീർത്തിക്കും ഇടവരുത്തുന്നതാണ്. എന്തിനേറെ, സൃഷ്ടികളുടെ കൂട്ടപ്രവാഹവും പലതരം ഫിത്നകളും മനുഷ്യഭരണകൂടങ്ങളില്‍ പോലും വന്‍ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്‍റെ തത്വജ്ഞാനവും യുക്തിവൈഭവവും ആദ്യംതൊട്ടേ അതാഗ്രഹിച്ചില്ല. അതായത് അവനിച്ഛിച്ചത് ദിവ്യാടയാളങ്ങള്‍ പ്രത്യക്ഷമാക്കുന്നതില്‍ പൊതുജനങ്ങളുടെ ഘോഷകോലാഹലങ്ങൾ ഉണ്ടാകാന്‍ അനുവദിക്കരുത് എന്നായിരുന്നു. അവന്‍റെ വാക്കുകള്‍ തിരോധാനം ചെയ്യപ്പെടാന്‍ സാധ്യമല്ല. അവയെല്ലാം പൂര്‍ത്തിയാകേണ്ടവയത്രെ. എന്നാല്‍, അവന്‍റെ പണ്ടുകാലംതൊട്ടേയുള്ള നടപടിക്രമമേതോ അപ്രകാരം.
(അന്‍വാറുല്‍ ഇസ്ലാം. റൂഹാനി ഖസായിന്‍ വാള്യം 9. പേ. 20, 21)