അവലമ്പം: http://www.muhammadfactcheck.org/?muhammad=prophet-muhammad-sa-murdered-700-innocent-jews
ഇസ്ലാമിന്റെ അഭിവന്ദ്യ പ്രവാചകൻ ഹദ്റത്ത് മുഹമ്മദി(സ)നെതിരെ എറ്റവും കൂടുതൽ തവണ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലൊന്നാണ് അദ്ദേഹം ജൂത ഗോത്രമായ ബനൂ ഖുറൈസ ഗോത്രത്തിന്റെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയെന്നുള്ളത്, എന്നാൽ ഇത് തികച്ചും വ്യാജമായ ഒരാരോപണമാണ്.
പ്രവാചകൻ മുഹമ്മദിന്റെ ജീവിതകാലത്ത് മദീനയിൽ അറേബ്യൻ മണ്ണിൽ നടന്ന ഏറ്റവും വലിയ യുദ്ധത്തിന് ശേഷമാണ് ഈ സംഭവം നടന്നത് എന്നാണ് പറയപ്പെടുന്നത്. മദീനയെ ആക്രമിക്കാൻ പുറപ്പെട്ട എതിരാളികളുടെ സഖ്യകഷി സേനയിൽ 12,000ൽ കുറയാത്ത സൈനികർ ഉണ്ടായിരുന്നു. അതേസമയം അവരുടെ പത്തിലൊന്ന് മാത്രം ആൾബലമുള്ള മുസ്ലിങ്ങളും സഖ്യകക്ഷികകളും മദീനയിൽ പ്രതിരോധനിരയെ നിർത്തുകയും ചെയ്തു. മദീനചാർട്ടർ പ്രകാരം മദീനയിലെ ഗോത്രങ്ങൾ മുസ്ലിംങ്ങളുടെ പ്രതിജ്ഞാബദ്ധരായ സഖ്യകക്ഷികളായിരുന്നു. ബനൂ ഖുറൈസ ഗോത്രമാകട്ടെ മുസ്ലിം സഖ്യകസക്ഷികളോട് വിശ്വാസവഞ്ചന കാണിക്കുകയും ശത്രുനിരയോടൊപ്പം ചേരുകയും ചെയ്തുകൊണ്ട് കൊടിയ രാജ്യദ്രോഹം ചെയ്യുകയായിരുന്നു. യുദ്ധാനന്തരം മുസ്ലിംങ്ങൾ വിജയശ്രീലാളിതരാവുകയും ബനൂ ഖുറൈസ അവരുടെ കുറ്റങ്ങൾക്കുള്ള ശിക്ഷ എറ്റുവാങ്ങുകയും ചെയ്തുവെന്നതാണ് ചരിത്രം.
ഇസ്ലാമിന്റെ വിമർശകർ യാതൊരൊടിസ്ഥാനവുമില്ലാതെ പ്രവാചകൻ ഹദ്റത്ത് മുഹമ്മദ് (സ) ഒരു മുഴുവൻ ഗോത്രത്തെ അന്ധമായ പ്രതികാരത്താൽ വധിച്ചുവെന്ന് അവകാശപ്പെടുന്നു. ചരിത്ര വസ്തുതൾക്ക് വിരുദ്ധമാണ് ഇത്തരം ആരോപണങ്ങൾ. പ്രവാചകൻ മുഹമ്മദും യഹൂദരും സഖ്യകക്ഷികളായിരുന്നു, മദീന ചാർട്ടറിൽ 49ആം വകുപ്പിൽ പ്രതിപാദിക്കപ്പെടുന്നത് പ്രകാരം, “യഥ്രിബിനെതിരായി (മദീനയ്ക്ക് എതിരിൽ) ആക്രമണമുണ്ടായാൽ ഈ ഉടമ്പടിയിലെ കക്ഷികൾ പരസ്പരം സഹായിക്കാൻ ബാധ്യസ്ഥരാണ്.” ബനു ഖുറൈസ ഗോത്രം ഈ ഉടമ്പടിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിജ്ഞ നിറവേറ്റാൻ സന്നദ്ധവുമായ ഒരു കക്ഷിയായിരുന്നു. അവർ സ്വയം ഒപ്പുവെച്ച ഒരു ഉടമ്പടി ഉണ്ടായിരുന്നിട്ടുകൂടിയും യുദ്ധാവസരത്തിൽ ബനു ഖുറൈസ മദീന ഭരണകൂടത്തിനെതിരെ ശത്രുവിന്റെ പക്ഷത്തായി നിലകൊണ്ടു. ഭാഗ്യവശാൽ, മദീനയിലെ അവശേഷിക്കുന്ന സഖ്യസൈന്യത്തിന് ഈ രാജ്യദ്രോഹ പ്രവൃത്തിയെ നേരിടുന്നതിനും, തികച്ചും അവിശ്വസനീയമായ ഒട്ടേറെ പ്രതിബന്ധങ്ങൾക്കെതിരായ പ്രസ്തുത യുദ്ധത്തിൽ വിജയിക്കാനും സാധിച്ചു. എന്നിരുന്നാലും, ബനു ഖുറൈസയുടെ രാജ്യദ്രോഹത്തെ എങ്ങനെ അഭിസംബോധന ചെയ്യണം എന്ന ചോദ്യം അവശേഷിച്ചു. മുമ്പൊരിക്കൽ തന്നെയും ബനൂ ഖുറൈസ ഇപ്പ്രകാരം വഞ്ചന പ്രവർത്തിച്ചിരുന്നു. അതിനു ശിക്ഷയെന്നോണം ഹദ്റത്ത് മുഹമ്മദ്(സ) അവരെ നാടുകടത്തുക മാത്രമാണ് ചെയ്തത്. പിന്നീട് അവർ മാപ്പ് ചോദിച്ചുകൊണ്ട് മദീനയിൽ തിരികെ പ്രവേശിക്കുകയാണുണ്ടായത്. ഈ വസ്തുത നിലനില്‍ക്കേയാണ് അവർ വീണ്ടും രാജ്യദ്രോഹം ചെയ്തത് എന്നുള്ളതാണ് അതീവ ഗുരുതരം.
പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രകാരൻ സ്റ്റാൻലി ലെയ്ൻ പൂൾ കിടങ്ങ് യുദ്ധത്തെ തുടർന്നുണ്ടായ ഈ സംഭവങ്ങൾ കൃത്യമായി വിവരിക്കുന്നു:
“മൂന്ന് ഗോത്രങ്ങളിൽ രണ്ടുപേർക്ക് വിധിക്കപ്പെട്ട നാടുകടത്തൽ ശിക്ഷ വളരെ കരുണാർദ്രമായ ഒന്നായി തന്നെ ഗണിക്കാം. മദീനയിലെ ജനങ്ങളെ ഒരുപാട് കഷടപ്പെടുത്തുകയും ജീവിതം ദുസ്സഃഹമാക്കുകയും ചെയ്ത ഒരു പ്രക്ഷുബ്ധമായ ഒരു കൂട്ടമായിരുന്നു അവർ. ഒടുവിൽ ഒരു വലിയ കലഹവും തുടർന്നുണ്ടായ കലാപവും ഒരു ഗോത്രത്തെ പുറത്താക്കുന്നതിലേക്ക് കലാശിച്ചു. ആജ്ഞാലംഘനം, ശത്രുക്കളുമായുള്ള സഖ്യം, പ്രവാചകന്റെ ജീവിതത്തിനെതിരായ ഗൂഡാലോചന എന്നീ കുറ്റങ്ങൾ നിമിത്തം രണ്ടാമത്തേതിനും സമാനമായ വിധിതന്നെ ലഭിച്ചു. രണ്ടു ഗോത്രങ്ങളും ഉടമ്പടി ലംഘിക്കുകയും മുഹമ്മദി(സ)നെയും അദ്ദേഹത്തിന്റെ മതത്തെയും പരിഹസിക്കാനും നശിപ്പിക്കാനും എല്ലാ വിധത്തിലും ശ്രമിക്കുകയും ചെയ്തിരുന്നു. അവരുടെ ശിക്ഷ വളരെ ലഘുവായിരുന്നോ എന്നതാണ് ഏക ചോദ്യം. മൂന്നാമത്തെ ഗോത്രത്തെ സംബന്ധിച്ച് മുഹമ്മദ് നബി(സ)യല്ല, മറിച്ച് അവരവരാൽതന്നെ നിയമിക്കപ്പെട്ട ഒരു മദ്ധ്യസ്ഥൻ തന്നെയാണ് അത്യന്തം ദാരുണമായ ശിക്ഷ അവർക്കായി നിശ്ചയിച്ചത്. ഖുറൈശികളും അവരുടെ കൂട്ടാളികളും മദീന സംരക്ഷിക്കുകയും ശക്തമായ പ്രതിരോധം തീർത്തുകൊണ്ട് എതിരാളികളെ നേരിടുകയും ചെയ്തപ്പോൾ, ഈ യഹൂദ ഗോത്രം (ബനു ഖുറൈസ) ശത്രുവുമായി ചർച്ചകൾ നടത്തി, ഇക്കാര്യങ്ങൾ ഒക്കെയും പ്രവാചകന്റെ ബുദ്ധിപരമായ നയതന്ത്ര വൈദഗ്ധ്യം കൊണ്ടു മാത്രമാത്രമാണ് മറിക്കടക്കാനായത്. ഉപരോധക്കാർ വിരമിച്ചപ്പോൾ മുഹമ്മദ്(സ) സ്വാഭാവികമായും യഹൂദരുടെ വിശദീകരണം ആവശ്യപ്പെട്ടു. അവർ വാശിയേറിയ രീതിയിൽ ചെറുത്തുനിൽക്കുകയും സ്വയം പ്രതിരോധത്തിലാവുകയും പിന്നീട് വിവേചനാധികാരത്തിൽ കീഴടങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു. എന്നാൽ അവർതന്നെ തീരുമാനിച്ച യഹൂദരുമായി സഖ്യത്തിലുള്ള ഒരു ഗോത്രത്തിലെ ഒരു തലവനെ അവർക്ക് ശിക്ഷ വിധിക്കേണ്ട ന്യായാധിപനായി നിയമിക്കാൻ മുഹമ്മദ്(സ) സമ്മതിച്ചു. 600 പുരുഷന്മാരെ കൊല്ലണമെന്നും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കണമെന്നും ഈ ഗോത്രമേധാവി വിധിച്ചു. ഇങ്ങനെ ഈ ശിക്ഷ നടപ്പാക്കപ്പെട്ടു. അതികഠിനവും രക്തരൂക്ഷിതവുമായ ഒരു വിധിന്യായമായിരുന്നു അത്; എന്നാൽ ആ മനുഷ്യരുടെ കുറ്റം ഭരണകൂടത്തിനെതിരെ രാജ്യദ്രോഹം ചെയ്തു എന്നുള്ളതായിരുന്നു, അതും ഒരു യുദ്ധാവസരത്തിൽ ആണെന്നുള്ളതും ഒർക്കണം; രാജ്യദ്രോഹികളായ വംശത്തിന്റെ ഇപ്രകാരമുള്ള സംഗ്രഹത്തിൽ ഒരാൾ ആശ്ചര്യപ്പെടേണ്ട യാതൊരു കാര്യവുമില്ല.“ സ്റ്റാൻലീ ലെയ്ൻ പൂൾ, സ്റ്റഡീസ് ഇൻ എ മോസ്ക് പേ:68 [1883] Stanley Lane-Poole, Studies in a Mosque, 68 (1883)
ചുരുക്കത്തിൽ പ്രവാചകൻ മുഹമ്മദ് നബി(സ) ഒരു വധശിക്ഷയും കല്പിക്കുകയോ വധശിക്ഷ നടപ്പാക്കുന്നതിൽ പങ്കെടുക്കുകയോ ചെയ്തില്ല. മറിച്ച്, പ്രവാചകൻ മുഹമ്മദ് അനുകമ്പാപൂർവ്വം ബനു ഖുറൈസയുടെ തന്നെ അഭിപ്രായം മാനിച്ചുകൊണ്ട് അവരുടെ സഖ്യകക്ഷിയായ ഔസ് ഗോത്രത്തിൽപ്പെട്ട സാദ് ബിൻ മുആദിനെ വിധി പ്രസ്താവിക്കാൻ അനുവദിക്കുകയാണുണ്ടായത്.
പ്രവാചകൻ മുഹമ്മദ്(സ) പ്രഖ്യാപനം നടത്തിയിട്ടില്ലത്ത ഒരു വിധിയുടെ മേൽ, അദ്ദേഹം ചെയ്യത്ത ഒരു കൃത്യത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ എന്തിന് കുറ്റപ്പെടുത്തുന്നു? എറ്റവും കൊടിയ അനീതി ഈ ശിക്ഷാവിധി സാദ് ബിൻ മുആദ് ഖുർആൻ അടിസ്ഥാനമാക്കിയല്ല പ്രഖ്യാപിച്ചത് എന്നുള്ള വാസ്തവം നിലനില്‍ക്കേ ഇക്കാര്യത്തിൽ മുഹമ്മദ് നബി(സ) കുറ്റപ്പെടുത്തുന്നു എന്നുള്ളതാണ്. പകരം, അവരുടെ പുസ്തകമായ ‘തോറ’ (തൌറാത്ത് – പഴയ നിയമം) നിർദ്ദേശിക്കുന്ന രാജ്യദ്രോഹത്തിനുള്ള ശിക്ഷയെ അടിസ്ഥാനമാക്കിയാണ് സാദ് ബിൻ മുആദ് ബനു ഖുറൈസയ്ക്ക് വിധി പ്രസ്താവിച്ചത്.
അതിൽ ഇപ്രകാരം പറയുന്നു:
“നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്വാന് അടുത്തു ചെല്ലുമ്പോള്‍ സമാധാനം വിളിച്ചു പറയേണം. സമാധാനം എന്നു മറുപടി പറഞ്ഞു വാതില്‍ തുറന്നു തന്നാല്‍ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയ വേലക്കാരായി സേവ ചെയ്യേണം. എന്നാല്‍ അതു നിന്നോടു സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കില്‍ അതിനെ നിരോധിക്കേണം. നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യില്‍ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാല്‍ കൊല്ലേണം. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും നാല്ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം. ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ലാ പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യര്‍, അമോര്യ്യര്, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം. അവര്‍ തങ്ങളുടെ ദേവ പൂജയില്‍ ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്വാന് നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.“ (ആവർത്തനം 20 : 10-18)
അങ്ങനെ, ബനു ഖുറൈസ അവരുടെ സ്വന്തം വിധി മുദ്രവെക്കുകയാണുണ്ടായത് അവരുടെ സ്വന്തം പ്രവൃത്തികൾ കാരണം, അവരുടെ സ്വന്തം പുസ്തകം പ്രകാരം. ബനു ഖുറൈസയുടെ ഒരു സഖ്യകക്ഷിയെ അവർക്കിടയിൽ മധ്യസ്ഥനാക്കാനും ആ മദ്ധ്യസ്ഥന്റെ തീരുമാനം തനിക്കും സ്വീകാര്യമായിരിക്കും എന്നു സമ്മതിക്കുകയും ചെയ്തു എന്നതല്ലാതെ പ്രവാചകൻ മുഹമ്മദി(സ)ന് ഇതുമായി യാതൊരു ബന്ധവുമില്ല.
മാത്രമല്ല, യഹൂദ ഗോത്രങ്ങളോ യഹൂദ ചരിത്രകാരന്മാരോ ജൂത പണ്ഡിതരോ ഈ സംഭവം രേഖപ്പെടുത്തുന്നില്ല. ഇത് അവിശ്വസിനീയമായൊരു കാര്യമാണ്, കാരണം ജൂത ജനത അവരുടെ ചരിത്രം ചരിത്രത്തിലെ ഏതൊരു ആളുകളേക്കാളും നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കെയും, ഇത്രയും വലിയ കൂട്ടകുരുതിയെക്കുറിച്ച് എല്ലാ ജൂത ചരിത്രകാരന്മാരും പണ്ഡിതരും ഗോത്രങ്ങളും തികഞ്ഞ നിശബ്ദത പാലിക്കുകയാണ്.
“മുഹമ്മദും യഹൂദന്മാരും” എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. ബറക്കാത്ത് അഹ്മദ് പറയുന്നു, “ഇബ്നു ഇസ്ഹാഖിന് മുമ്പുള്ള കാലഘട്ടത്തിലെ ആധികാരിക സ്രോതസ്സുകളെ അടിസ്ഥാനമാക്കി, ഇത്തരത്തിലുള്ള ഒരു വധശിക്ഷയും നടന്നതായി എവിടെയും രേഖപ്പെട്ടുകാണുന്നില്ല“.
പ്രവാചകൻ മുഹമ്മദ്(സ) ബനു ഖുറൈസയ്ക്കെതിരെ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇങ്ങനെ വ്യക്തമാകുന്നു. ബനു ഖുറൈസ ഒരു ഭരണഘടന അതായത് മദീനയുടെ ചാർട്ടർ അംഗീകരിച്ചതായും ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത് പ്രകാരം, പ്രത്യേകിച്ചും ഒരു ബാഹ്യസൈന്യത്തിന്റെ ആക്രമണമുണ്ടായാൽ മദീന എന്ന രാജ്യത്തോട് വിശ്വസ്തതയും കൂറും പുലർത്താൻ ബാധ്യസ്ഥരായിരുന്നു എന്നുള്ളതും ചരിത്രം രേഖപ്പെടുത്തുന്നു. മദീനയോടുള്ള തങ്ങളുടെ ബാധ്യതനിറവേറ്റുന്നതിനു പകരം , ബനു ഖുറൈസ യുദ്ധത്തിന്റെ ചൂടിൽ രാജ്യദ്രോഹപരമായ പ്രവൃത്തിയോടെ ആ ഉടമ്പടിയുടെ വിശ്വസ്തത ലംഘിച്ചു. അവരുടെ പുസ്തകത്തിൽ വ്യക്തമാക്കിയ നിയമമനുസരിച്ച്, അവർ ആവശ്യപ്പെട്ട ഒരു ജഡ്ജിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ അവർ രാജ്യദ്രോഹം പ്രവർത്തിച്ച കാര്യം വ്യക്തമായും തെളിയിക്കപ്പെടുകയും ചെയ്തതിനാൽ അവർക്ക് വധശിക്ഷ വിധിക്കപ്പെട്ടു.
പ്രവാചകൻ മുഹമ്മദ് നബി (സ) ഇതേ കുറ്റം പ്രവർത്തിച്ച മറ്റ് രണ്ടു ഗോത്രങ്ങൾക്ക് ചെറിയ ശിക്ഷ വിധിക്കുകയും പിന്നീട് അവർ മാപ്പ് ചോദിക്കുകയും അവർക്ക് തിരുദൂതർ(സ) പൊറുത്തുകൊടുക്കുകയും ചെയ്യുകയുണ്ടായി. ബനൂ ഖുറൈസയ്ക്ക് ഇതിനുമുമ്പ് ഇത്തരത്തിൽ മാപ്പ് നല്കപ്പെട്ടിരുന്നു എന്നുള്ളകാര്യവും ഓർക്കേണ്ടതാണ്. ഇക്കാര്യങ്ങൾ ഒക്കെ പരിശോധിക്കുമ്പോൾ ഈ സംഭവത്തിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ബനൂ ഖുറൈസ ഗോത്രത്തിനല്ലാതെ വെറാർക്കുമല്ല എന്ന് മനസ്സിലാകുന്നു.