അറബികളുടെ ദുരവസ്ഥ പ്രവചനങ്ങളുടെ സാക്ഷാല്‍കാരം

മുഹമ്മദ് അബുല്‍വഫാ സാഹിബ്

സത്യദൂതൻ 2002 ഒക്ടോബർ

ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം പറയുന്നു: ”ജഹ്ശിന്റെ മകള്‍ സൈനബ് (റ) എന്നിവരില്‍ നിന്നു നിവേദനം. ഒരു ദിവസം നബിതിരുമേനി (സ) സംഭീതനായി അവരുടെ അടുക്കല്‍ പ്രവേശിച്ചു. തിരുമേനി ഇങ്ങനെ അരുളിച്ചെയ്തു: ‘അല്ലാഹുവല്ലാതെ വേറെ ആരാധ്യനാരുമില്ല, ആസന്നമായിരിക്കുന്ന വിപത്തുകാരണം അറബികള്‍ക്ക് മഹാനാശം! ഇന്നേദിവസം യഅ്ജൂജ് മഅ്ജൂജിന്റെ മതില്‍ക്കെട്ടില്‍ ഇത്രയളവില്‍ വിടവുണ്ടാക്കപ്പെട്ടിരിക്കുന്നു.” (ഇത്രയെന്നു പറഞ്ഞു കൊണ്ട്) നബിതിരുമേനി തന്റെ പെരുവിരലും തൊട്ടടുത്തവിരലും കൊണ്ട് ഒരു വൃത്തം രൂപപ്പെടുത്തി കാണിച്ചു. സൈനബ (റ) പറയുന്നു: അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ സജ്ജനങ്ങളുണ്ടായിരിക്കെ ഞങ്ങള്‍ നശിപ്പിക്കപ്പെടുമോ? നബിതിരുമേനി പ്രതിവചിച്ചു: അതെ, (നശിപ്പിക്കപ്പെടും) തിന്‍മകള്‍ അധികമായാല്‍”.

ഈ കാലഘട്ടത്തിന്റെ ഇമാമിന്റെ ശ്രദ്ധേയമായ ശബ്ദം ശ്രവിക്കാനുള്ള സന്‍മനസ്സ് ആധുനിക വൈജ്ഞാനികലോകത്തിനുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസന്‍മാര്‍ ഇവിടെ ധാര്‍മ്മികതയുടെ പുനഃപ്രതിഷ്ഠക്ക് വേണ്ടി ആ ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ വിപ്ലവകരമായൊരു പരിവര്‍ത്തനത്തിന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ധാര്‍മ്മികോന്നമനത്തിന്റെയും മൂല്യബോധത്തിന്റെ ആധ്യാത്മിക വികാസത്തിന്റെയും വിജയ വൈജയന്തി പറപ്പിക്കാന്‍ യത്‌നിക്കുന്ന അഹ്മദി മുസ്‌ലിംകളെ ഭാവിലോകം ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുമെന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായിത്തീരുന്ന കാഴ്ച കണ്‍കുളിര്‍ക്കെ ലോകത്തിന് കാണാം. ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ലാത്തവിധം ഈ പ്രവചനം ഇന്നു പുലര്‍ന്നിരിക്കുകയാണ്. പരിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ബൈബിളിലും ‘യഅ്ജൂജ് മഅ്ജൂജ്’ (ഗോഗ് മഗോഗ്)കളെ സംബന്ധിച്ച പ്രവചനങ്ങള്‍ ഉണ്ട്. നൂഹ്‌നബി (അ) യുടെ മകന്‍ യാഫിസ് എന്ന ആളുടെ രണ്ട് പുത്രന്‍മാരായിരുന്ന യഅ്ജൂജ് (ഗോഗ്) മഅ്ജൂജ് (മാഗോഗ്) എന്ന രണ്ടുപേരുടെ സന്തതി പരമ്പരയില്‍പ്പെട്ട രണ്ടു ഗോത്രങ്ങളാണവരെന്നു ബൈബിളും ചില ഖുര്‍ആന്‍ ഭാഷ്യഗ്രന്ഥങ്ങളും മനസ്സിലാക്കിത്തരുന്നു. ഈ രണ്ടു സമുദായങ്ങളുടെയും കടന്നാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെടാനായി പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ദുല്‍ഖര്‍നൈന്‍ (മഹാനായ സൈറസ്) ശക്തമായ ഒരു മതില്‍ക്കെട്ടുണ്ടാക്കിയ സംഭവം ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്. മാത്രമല്ല, അവര്‍ അവസാന നാളില്‍ ഭയങ്കര പരാക്രമികളായി പ്രളയരൂപത്തില്‍ പുറപ്പെടുമെന്നും അപ്പോള്‍ അവര്‍ അജയ്യശക്തികളായി ലോകമാസകലം കീഴടക്കിക്കൊണ്ട് ആകാശത്തെയും കീഴടക്കാനായി അസ്ത്രപ്രക്ഷേപണം (റോക്കറ്റ് വിക്ഷേപം) ചെയ്യുമെന്നും അതിഭയങ്കരമായ അഗ്നിപ്രയോഗങ്ങള്‍ നടത്തിക്കൊണ്ട് പരസ്പരം തിരമാലകള്‍ കണക്കെ അടിച്ചുകയറി യുദ്ധങ്ങള്‍ ചെയ്യുമെന്നും മറ്റും പ്രസ്തുത പ്രവചനങ്ങളില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. അതെല്ലാം അവസാനനാളിന്റെ അടയാളങ്ങളായിട്ടാണ് വിവരിക്കപ്പെട്ടിട്ടുള്ളത്.

യഅ്ജൂജ് മഅ്ജൂജ് പ്രവചനങ്ങളുടെ വിവക്ഷ റഷ്യക്കാരും ഇംഗ്ലീഷുകാരും (അമേരിക്കക്കാരും അതില്‍ ഉള്‍പ്പെടുന്നു) ആണെന്ന സത്യം അഹ്മദിയ്യാ പ്രസ്ഥാനത്തിന്റെ സ്ഥാപകരായ ഹസ്‌റത്ത് അഹ്മദുല്‍ ഖാദിയാനി (അ)യാണ് ലോകത്ത് ആദ്യമായി പ്രഖ്യാപിച്ചത്. മാത്രമല്ല, ഹദീസുകളിലെ പ്രവചനപ്രകാരം വാഗ്ദത്തമസീഹിന്റെ ആഗമനത്തിനുശേഷമാണ് യഅ്ജൂജും മഅ്ജൂജും പുറപ്പെടേണ്ടത്. അതങ്ങനെ സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്. യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാട് അറബികള്‍ക്ക് മഹാനാശത്തിനു കാരണമായിരിക്കുമെന്ന നബി (സ) തിരുമേനിയുടെ പ്രസ്തുത പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പൂര്‍ത്തിയായിരിക്കുകയാണെന്നു വസ്തുതകള്‍ വിളിച്ചോതുന്നു. മദ്ധ്യപൗരസ്ത്യ ദേശത്തെ സ്ഥിതിഗതികളറിയുന്നവര്‍ക്ക് ഇക്കാര്യം എളുപ്പം ഗ്രഹിക്കാവുന്നതാണല്ലോ.

ദജ്ജാല്‍

ഇവിടെ ഒരു സംശയമുള്ളത് ‘ദജ്ജാലി’നെ സംബന്ധിച്ചാണ്. ‘.യഅ് ജൂജ് മഅ്ജൂജ്’ പുറപ്പെടുന്നതിന് മുമ്പ് ദജ്ജാല്‍ പുറപ്പെടണമല്ലോ. എന്നാല്‍ ദജ്ജാല്‍ പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവസാനകാലത്തിന്റെ പ്രധാന അടയാളങ്ങളില്‍ ഒന്നാണത്. അതു തക്കസമയം തന്നെ പുലര്‍ന്നുകഴിഞ്ഞിട്ടുണ്ട്. നബിതിരുമേനി (സ) ദജ്ജാലിനെ ഒരു ഭയങ്കര സത്വരൂപത്തില്‍ ദിവ്യദര്‍ശനത്തില്‍ കണ്ടതായി ഹദീസുകള്‍ വ്യക്തമാക്കിത്തരുന്നു. പില്‍ക്കാലത്ത് ഇസ്‌ലാമിന്നെതിരില്‍ എഴുന്നേല്‍ക്കാനുണ്ടായിരുന്ന ഒരു ദുശ്ശക്തിയെ പ്രതീകാത്മക രൂപത്തില്‍ അല്ലാഹു നബി (സ) തിരുമേനിക്ക് കാണിച്ചുകൊടുത്തതായിരുന്നു. പാശ്ചാത്യജനതകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിന്നുമെതിരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന കുല്‍സിത ചെയ്തികളും ലോകമാസകലം സ്വാധീനിച്ചുകൊണ്ടുള്ള അവരുടെ കുഴപ്പങ്ങളുമായിരുന്നു ആ ദൈവിക മുന്നറിയിപ്പിന്റെ വിവക്ഷ. ഈ പ്രവചനം തക്കസമയം തന്നെ പ്രകടമായി പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യവും അഹ്മദിയ്യാ പ്രസ്ഥാനസ്ഥാപകര്‍തന്നെയാണ് നമുക്ക് മനസ്സിലാക്കിതന്നിട്ടുള്ളത്. ദജ്ജാലിന്റെ വഴിപിഴച്ച വിശ്വാസങ്ങളെയും ഇസ്‌ലാമിന്നെതിരില്‍ അവര്‍ പ്രചരിപ്പിക്കുന്ന ആക്ഷേപ ദുര്‍ബോധനങ്ങളെയും ഖണ്ഡിക്കാനും ഇസ്‌ലാമിനെ മുഴുവന്‍ ലോകത്തും വിജയിപ്പിക്കാനുമാണ് വാഗ്ദത്തമസീഹ് വരേണ്ടിയിരുന്നത്. ആ മഹാത്മാവ് തക്ക സമയംതന്നെ (പതിന്നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍) ആഗതരായി കഴിഞ്ഞിരിക്കുന്നു. ദജ്ജാലിന്റെ കുല്‍സിത ചെയ്തികളെയും പിഴച്ച വിശ്വാസങ്ങളെയും നശിപ്പിക്കുന്ന സംരംഭങ്ങള്‍ അതിന്റെ പരിപൂര്‍ണ വിജയദശയിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

ദജ്ജാല്‍ ചേരിപിരിഞ്ഞു

ദജ്ജാലിന്റെ മറ്റൊരു രൂപഭേദമാണ് മേല്‍പ്രസ്താവിച്ച യഅ്ജൂജ് മഅ്ജൂജ്. അതായത് പാശ്ചാത്യന്‍ ജനതകള്‍ ആദ്യം ഐക്യരൂപത്തിലായിരുന്നുവെങ്കിലും പിന്നീടവര്‍ രണ്ടു ആദര്‍ശചേരികളായി വേര്‍പ്പെട്ടിരിക്കുകയാണ്. പ്രത്യയശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ വീക്ഷണത്തിലാണ് അവര്‍ രണ്ടു ശാക്തികചേരികളായി രൂപാന്തരപ്പെട്ടിട്ടുള്ളത്. ഇതും പ്രവചനങ്ങളില്‍ പറയപ്പെട്ട സംഗതിതന്നെയാണ്. നബിതിരുമേനി (സ) ദിവ്യദര്‍ശനങ്ങളില്‍ കണ്ടതായ ദജ്ജാലിനെ പറ്റി പറഞ്ഞ പ്രവചനങ്ങളില്‍ അധികഭാഗവും അലങ്കാരോക്തികള്‍ ഉള്‍ക്കൊള്ളുന്നവയാണെന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. അവയെല്ലാം അര്‍ത്ഥത്തില്‍ പൂര്‍ത്തിയാകേണ്ടവയത്രെ. അവയില്‍ വലിയ ഭാഗം പൂര്‍ത്തിയായികഴിഞ്ഞിരിക്കുന്നു. ബാക്കിഭാഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ജൂതന്‍മാരുടെ ആധിപത്യം പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രവചനം കൂടി പുലര്‍ന്നിട്ടുണ്ട്. അതു ജൂതരാഷ്ട്രസ്ഥാപനമാണ്. ഇതര ജനതകളുടെ സഹായത്തോടെ ജൂതന്മാര്‍ പ്രതാപം പ്രാപിക്കുമെന്നു ഖുര്‍ആനില്‍ സൂചനയുണ്ട്. (3:113) മാത്രമല്ല, ചിന്നിച്ചിതറി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപിച്ച ആ സമുദായത്തെ അവസാനനാളില്‍ അല്ലാഹു വീണ്ടും ഒരുമിച്ചു കൂട്ടിക്കൊണ്ടുവരുമെന്നും (15:105) ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു. കൂടാതെ, ദജ്ജാലിന്റെ സഹായത്തോടെ ജൂതന്മാര്‍ ഭൗതികശക്തി സംഭരിച്ചു രംഗപ്രവേശനം ചെയ്യുമെന്ന് നബിവചനങ്ങളിലും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി നബിതിരുമേനിയുടെ ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നു. ”ദജ്ജാലിന്റെ കൂടെ എഴുപതിനായിരം യഹൂദന്മാര്‍ ഉണ്ടാകും; അവരെല്ലാവരും ഉറയില്‍നിന്നു ഊരിയെടുത്ത ഖഡ്ഗധാരികളായിരിക്കും.” (ഇബ്‌നുമാജാ) അതായത് ദജ്ജാല്‍ യഹൂദന്‍മാരെ സഹായിക്കും. യുദ്ധസന്നദ്ധരായ വമ്പിച്ച ഒരു സൈന്യമായിരിക്കും അന്ന് യഹൂദര്‍ എന്നു സാരം. ഇതോടു യോജിക്കുന്ന ഹദീസുകള്‍ വേറെയുമുണ്ട്. അതിലും എഴുപതിനായിരം യഹൂദന്മാര്‍ എന്നു എണ്ണം പറഞ്ഞിരിക്കുന്നു. പുരാതന അറബി ശൈലിയില്‍ വളരെയധികം എന്ന വിവക്ഷയില്‍ ”എഴുപതിനായിരം” എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. അത്രയുമല്ല, 1948 മെയ് മാസം 14നു ഇസ്രായേല്‍ രാഷ്ട്രം നിലവില്‍വന്നപ്പോള്‍ പരിശീലനം സിദ്ധിച്ച ഏകദേശം 70000 സന്നദ്ധഭടന്മാര്‍ അടങ്ങിയ ഒരു സൈന്യം അവര്‍ക്കുണ്ടായിരുന്നുവെന്നു ചില ചരിത്രങ്ങളില്‍ കാണുന്നു. പിന്നീട് ഇസ്രാഈല്‍ രാഷ്ട്രത്തിന്റെ സൈനികശക്തി കൂടുതല്‍ വര്‍ദ്ധിക്കുകയുണ്ടായി. അങ്ങനെ ആ പ്രവചനങ്ങള്‍ വ്യക്തമായി പുലര്‍ന്നിരിക്കുകയാണ്.

Courtesy: Israeli-Palestinian crisis: why this latest conflict cannot be considered a sideshow, The Guardian.

ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നാണ് ഇസ്രാഈല്‍ രാഷ്ട്ര സ്ഥാപനത്തിനു കളമൊരുക്കപ്പെട്ടതെന്ന വസ്തുത ഓര്‍ക്കേണ്ടതാണ്. അതായതു, മേല്‍പറഞ്ഞ പാശ്ചാത്യ ശക്തികളായ ദജ്ജാല്‍, അഥവാ യഅ്ജൂജ് മഅ്ജൂജാണ് മുസ്‌ലിംകളുടെ ഖിലാഫത്ത് തകര്‍ത്തതും അവരുടെ സാമുദായികശക്തി ശിഥിലമാക്കിയതും. മാത്രമല്ല, ശപിക്കപ്പെട്ട യഹൂദന്മാരെ കൊണ്ടുവന്നു ഫലസ്തീനില്‍ കുടിയിരുത്തി ഇസ്രാഈല്‍ രാഷ്ട്രം സ്ഥാപിച്ചതും അവര്‍തന്നെയാണല്ലോ.

ബൈത്തുല്‍ മുഖദ്ദസ്

ദജ്ജാല്‍ പുറപ്പെട്ടാല്‍ അവര്‍ മക്കാ മദീനാ എന്നീ പരിശുദ്ധ കേന്ദ്രങ്ങളൊഴിച്ചു ലോകമാസകലം അധീനപ്പെടുത്തുമെന്നു ഹദീസുപ്രവചനങ്ങളില്‍ പറയുന്നു. അതിന്റെ വിവക്ഷ, പരിശുദ്ധ ബൈത്തുല്‍ മുഖദ്ദസും (ജറുസലം) അവര്‍ പിടിച്ചടക്കുമെന്നാണല്ലോ. എന്നാല്‍ അതും സംഭവിച്ചു കഴിഞ്ഞുവെന്നു മാത്രമല്ല, ‘മസ്ജിദുല്‍ അഖ്‌സാ’ എന്ന പവിത്രപള്ളിയും അവര്‍ അധീനപ്പെടുത്തിയിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സായില്‍ പ്രാര്‍ത്ഥന നടത്താന്‍ ജൂതര്‍ക്കും അവകാശമുണ്ടെന്നു ഇസ്രാഈലിലെ ഒരു കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 1974 മുതല്‍ യഹൂദന്മാരും നിര്‍ബാധം മസ്ജിദുല്‍ അഖ്‌സായില്‍ പ്രാര്‍ത്ഥനയ്ക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അവര്‍ അവിടെ ആരാധന നടത്തുവാനെന്ന ഭാവേന വരുകയും ചിലപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. മുസ്‌ലിംകളാകട്ടെ നിസ്സഹായരായി എല്ലാം കണ്ടു സഹിക്കുകയാണത്രെ. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിവസം അമേരിക്കക്കാരനായ ഒരു ജൂതന്‍ പ്രാര്‍ത്ഥന നടത്താനെന്ന വ്യാജേന തോക്കുമായി മസ്ജിദുല്‍ അഖ്‌സായില്‍ കേറിച്ചെന്നു അറബികളുടെ നേരെ നിഷ്‌ക്കരുണം നിറയൊഴിക്കുകയും നിലവിളികേട്ടു പാഞ്ഞെത്തിയ ഇസ്രാഈലി പോലീസുകാര്‍ അക്രമിയെ നിലക്കുനിറുത്തുന്നതിനുപകരം നിരപരാധികളായ അറബികളില്‍ പലരെയും വെടിവെച്ചുവീഴ്ത്തുകയും ചെയ്ത സംഭവം മുസ്‌ലിം ലോകത്തെ ആകമാനം നടുക്കുകയുണ്ടായല്ലോ. ഈ മൃഗീയ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പരേതനായ ഖാലിദ് രാജാവിന്റെ ആഹ്വാനപ്രകാരം ചില മുസ്‌ലിംരാഷ്ട്രങ്ങളില്‍ പൊതുപണിമുടക്ക് നടത്തിയെന്നല്ലാതെ യാതൊരു പ്രതികാര നടപടിയുമെടുക്കാന്‍ അറബികള്‍ക്കോ മുസ്‌ലിംലോകത്തിനോ സാദ്ധ്യമായില്ല.

പ്രസ്തുത വചനങ്ങളില്‍ പറയപ്പെട്ട അറബികളുടെ ദുരവസ്ഥ ഇന്നു എത്രമാത്രം ദയനീയമായിട്ടുണ്ടെന്നു ഈ സംഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നു: യഹൂദര്‍ക്ക് രാഷ്ട്രം ഒന്നുമാത്രമെയുള്ളൂ ഇസ്രാഈല്‍. അതിലെ ജൂതജ നസംഖ്യ സുമാര്‍ 35 ലക്ഷമാണ്. ലോകത്താകെ ജൂതന്മാര്‍ ഒന്നേകാല്‍ കോടി മാത്രമേയുള്ളൂ. മറുവശത്ത് മുസ്‌ലിംകള്‍ ലോകത്ത് 80 കോടിയിലധികമുണ്ട്. അവരില്‍ ഏറെക്കുറെ 13 കോടി അറബികളാണ്. നിരവധി രാഷ്ട്രങ്ങളും അവര്‍ക്കുണ്ട്. ‘ഒഴുകുന്ന തങ്കം’ വിളയുന്ന ഭൂമിയും അവരുടെ അധീനത്തില്‍ ധാരാളമുണ്ട്. എന്നിട്ടെന്തുഫലം! യുദ്ധങ്ങളില്‍ വിജയം യഹൂദര്‍ക്കുതന്നെ. പരാജയം അറബികള്‍ക്കും. മേലുദ്ധരിച്ച പ്രവചനത്തില്‍ പറഞ്ഞ അറബികളുടെ ദുരവസ്ഥയും ദജ്ജാല്‍-യഅ്ജൂജ്-മഅ്ജൂജിന്റെ പുറപ്പാടും എത്രമാത്രം വ്യക്തമായി പുലര്‍ന്നിരിക്കുന്നുവെന്നു ചിന്തിക്കുക! ഇതെല്ലാം വാഗ്ദത്ത മഹ്ദിമസീഹിന്റെ സത്യസാക്ഷ്യങ്ങളില്‍ പെട്ടതാണെന്ന വസ്തുതയും ഓര്‍ക്കണം.