ഈസാ നബിയുടെ മരണം: സൂറത്തുൽ ഖമർ ആയത്ത് 55-56
اِنَّ الۡمُتَّقِیۡنَ فِیۡ جَنّٰتٍ وَّ نَہَرٍ
فِیۡ مَقۡعَدِ صِدۡقٍ عِنۡدَ مَلِیۡکٍ مُّقۡتَدِرٍ
പരിഭാഷ: നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവർ ആരാമങ്ങളിലും അരു വികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തിൽ, സർവശക്തനായ രാജാവിന്റെ സാമീപ്യത്തിൽ.
വാഗ്ദത്ത മസീഹ് ഹദ്റത് മീർസാ ഗുലാം അഹ്മദ് ഖാദിയാനി (അ) പറയുന്നു:
“അതായത് ദൈവഭയത്താൽ എല്ലാ തിന്മകളെയും ഉപേക്ഷിക്കുന്ന ദൈവഭക്തർ മരണാനന്തരം സ്വർഗത്തിലും അരുവികളിലും ആയിരിക്കും. സത്യതയുടെ ഇരിപ്പിടത്തിൽ സർവാധികാരിയായ ചക്രവർത്തിയുടെ സമീപത്ത്. ഈ വചനത്തിൽ നിന്നും സ്പഷ്ടമായി മനസ്സിലാകുന്ന വസ്തുത, സ്വർഗ്ഗപ്രവേശനത്തേയും സത്യത്തിന്റെ ഇരിപ്പടത്തെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ്. അതായത് ദൈവസവിധത്തിൽ എത്തുന്നതും സ്വർഗത്തിൽ പ്രവേശിക്കുന്നതും പരസ്പര പൂരകങ്ങളാകുന്നു. അതിനാൽ ‘റാഫിഉക്ക ഇലയ്യ’ എന്നതുകൊണ്ടുള്ള വിവക്ഷ, മസീഹ് ദൈവത്തിങ്കലേക്ക് ഉയർത്തപ്പെട്ടെങ്കിൽ നിശ്ചയമായും അദ്ദേഹം സ്വർഗത്തിലും പ്രവേശിച്ചിരിക്കുന്നു എന്നതാണ്. ‘റാഫിഉക്ക ഇലയ്യ’ എന്നതിന്റെതന്നെ മറ്റൊരു വിവക്ഷയായ ‘ഇർജിഈ ഇലാ റബ്ബിക്ക്‘(അൽഫജ്ർ: 29) ഇതിലേക്ക് വ്യക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്. ദൈവത്തിലേക്ക് ഉയർത്തുക എന്നതും മുൻകഴിഞ്ഞ സമീപസ്ഥരുടെ സഹവാസത്തിൽ ചേരുക എന്നതും സ്വർഗത്തിൽ പ്രവേശിക്കുക എന്നതും ഒരേസമയം പൂർത്തിയാകുന്ന കാര്യങ്ങളാകുന്നു എന്നതാണ് ഇതിൽ നിന്നും സ്ഥാപിതമാകുന്നത്. ചുരുക്കത്തിൽ ഈ വചനത്തിൽ നിന്നും ഈസബ്നു മർയമിന്റെ മരണം സ്ഥാപിതമാകുന്നു.
(ഇസാലയെ ഔഹാം, റൂഹാനി ഖസാഇൻ: വാള്യം 3, പേജ് 435)