ഭൂമിയില്‍ ജന്മമെടുത്തവര് ഭൂമിയിൽത്തന്നെ ജീവിക്കണമെന്നും ഭൂമിയിൽത്തന്നെ മരിക്കണം എന്നുള്ളത് അല്ലാഹുവിന്റെ മാറ്റമില്ലാത്ത നിയമമാണ്. ഖുർആൻ പറയുന്നു:
قَالَ فِیۡہَا تَحۡیَوۡنَ وَ فِیۡہَا تَمُوۡتُوۡنَ وَ مِنۡہَا تُخۡرَجُوۡنَ
“നിങ്ങള്‍ അതില്‍ (ഭൂമിയില്‍) ത്തന്നെ ജീവിക്കും. അതില്‍ത്തന്നെ നിങ്ങള്‍ മരിക്കുകയും ചെയ്യും.” – (ഖുര്‍ആന്‍ 7:26)
അല്ലാഹുവിന്റെ ഈ ആയത്തനുസരിച്ചു ഈസാനബിയും ഭൂമിയിൽ ജനിച്ചു ഭൂമിയിൽ തന്നെ മരിക്കുകയും ചെയ്തു എന്നാല്ലാതെ മറിച്ചൊരു വിശ്വാസത്തിനും ഇവിടെ വകനൽകുന്നില്ല.
മാത്രമല്ല, നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ആകാശത്ത് ജീവനോപാധികള്‍, ജീവവായു (ഓക്സിജന്‍), ജലം, ഭക്ഷണം, കുളിമുറി, ശൗച്യാലങ്ങൾ, പലചിരക്കുകട, വസ്ത്രാലയം അല്ലെങ്കില്‍ ജീവനോപാധികള്‍ക്കായി ധാന്യങ്ങള്‍ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ കൃഷിചെയ്ത് എടുക്കുന്നതിനുള്ള വളക്കൂറുള്ള മണ്ണ് എന്നിവ അല്ലാഹു ഒരുക്കിയിട്ടില്ല. ഇസാ നബിയുടെ ശരീരത്തിന് ഇതിനു അതീതമായി ജീവിക്കാന്‍ കഴിയുമെന്നു ഖുര്‍ആൻ പറയുന്നുമില്ല. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം ഭക്ഷണം കഴിക്കാറുണ്ടായിരുന്നു എന്നു ഖുര്‍ആൻ വ്യക്തമാക്കുന്നുണ്ട്.
مَا الۡمَسِیۡحُ ابۡنُ مَرۡیَمَ اِلَّا رَسُوۡلٌ ۚ قَدۡ خَلَتۡ مِنۡ قَبۡلِہِ الرُّسُلُ ؕ وَ اُمُّہٗ صِدِّیۡقَۃٌ ؕ کَانَا یَاۡکُلٰنِ الطَّعَامَ ؕ اُنۡظُرۡ کَیۡفَ نُبَیِّنُ لَہُمُ الۡاٰیٰتِ ثُمَّ انۡظُرۡ اَنّٰی یُؤۡفَکُوۡنَ
“മര്‍യമിന്റെ മകന് മസീഹ് ഒരു ദൈവദൂതന് മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാര് കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് മഹാസത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവർ ആയിരുന്നു. നോക്കുക, അവരുടെ നന്മയ്ക്കുവേണ്ടി എങ്ങനെയാണ് നാം തെളിവുകൾ വിവരിച്ചുക്കൊടുക്കുന്നത്, എന്നിട്ടും അവരെങ്ങനെയാണ് പിന്തിരിഞ്ഞു പോകുന്നതെന്നും (നോക്കുക)” – (ഖുര്‍ആന്‍ 5:76)
കുരിശിനെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിനുപോലും ഭക്ഷണം ആവശ്യമായിരുന്നു. അദ്ദേഹം ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുന്നത് ബൈബിളിൽ പറയപ്പെടുന്നത് ഇപ്രകാരമാണ്.
“അവർ (ശിഷ്യന്മാർ) സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോൾ അവരോടു: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും തേൻ കട്ടയും അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു” – (ലൂക്കൊ. 24: 41-43)
وَ مَا جَعَلۡنٰہُمۡ جَسَدًا لَّا یَاۡکُلُوۡنَ الطَّعَامَ وَ مَا کَانُوۡا خٰلِدِیۡنَ
“അവരെ (പ്രവാചകന്മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.” – (ഖുർആൻ 21:9)
സ്ഥൂലദേഹത്തോടുകൂടെ ഈസാനബി എന്നല്ല ആരും ആകാശത്തേക്ക് ഉയര്‍ത്തപ്പെടുകയില്ല. എന്നാൽ ആത്മീയമായി ഓരോരുത്തരുടേയും ആത്മീയ പദവിയനുസ്സരിച്ച് തന്റെ രക്ഷിതാവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്നു. അല്ലാഹു ആരെയെങ്കിലും അവങ്കലേക്ക് ഉയര്‍ത്തി എന്നു പറഞ്ഞാല്‍ അവന് ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നല്ല അര്‍ത്ഥം. കാരണം അല്ലാഹു ശൂന്യകാശത്തു മാത്രമല്ല കുടികൊള്ളുന്നത്. ഖുര്‍ആന്‍ പറയുന്നത് നോക്കുക:
وَ لِلّٰہِ الۡمَشۡرِقُ وَ الۡمَغۡرِبُ ٭ فَاَیۡنَمَا تُوَلُّوۡا فَثَمَّ وَجۡہُ اللّٰہِ ؕ اِنَّ اللّٰہَ وَاسِعٌ عَلِیۡمٌ
“കിഴക്കും പടിഞ്ഞാറും അല്ലഹുവിൻ്റെതാകുന്നു, നിങ്ങള്‍ അവിടെയെല്ലാം തിരിയുന്നുവോ അവിടെയെല്ലാം അല്ലാഹുവിൻ്റെ മുഖമുണ്ട്, നിശ്ചയമായും അല്ലാഹു വിശാലതനൽകുന്നവനും സർവ്വജ്ഞനുമാകുന്നു.” – (ഖുർആൻ 2:116),
وَ ہُوَ اللّٰہُ فِی السَّمٰوٰتِ وَ فِی الۡاَرۡضِ
“അല്ലാഹു ആകാശങ്ങളിലും ഭൂമിയിലുമുള്ളവാനാണ്.” – (ഖുർആൻ 6:4)
وَ نَحۡنُ اَقۡرَبُ اِلَیۡہِ مِنۡ حَبۡلِ الۡوَرِیۡدِ
“അല്ലാഹു മനുഷ്യനുമായി അവന്റെ ജീവനാഡിയെക്കാള്‍ സമീപസ്ഥനാണ്.” – (ഖുർആൻ 50:17)
അതുകൊണ്ട് അല്ലാഹു അവനെ അവങ്കലേക്ക് ഉയര്‍ത്തി എന്നുപറഞ്ഞാല്‍ ആത്മീയമായ ഉയര്‍ച്ചയാണ് വിവക്ഷിക്കപ്പെടുന്നത്. നോക്കുക:
اِلَیۡہِ یَصۡعَدُ الۡکَلِمُ الطَّیِّبُ وَ الۡعَمَلُ الصَّالِحُ یَرۡفَعُہٗ
“മനുഷ്യനെ അവന്റെ സല്‍കര്‍മ്മങ്ങളാണ് ഉയര്‍ത്തുന്നത്.” – (ഖുര്‍ആന്‍ 35:11)