28.05.2021 ഖുത്ബ സംഗ്രഹം

وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ

وَ اَقِیۡمُوا الصَّلٰوۃَ وَ اٰتُوا الزَّکٰوۃَ وَ اَطِیۡعُوا الرَّسُوۡلَ لَعَلَّکُمۡ تُرۡحَمُوۡنَ

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ, സൂറ അന്നൂര്‍ ആയത്ത് 56, 57 തര്‍ജമ സഹിതം എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ഇന്നലെ മെയ് 27 ആയിരുന്നു. ഖിലാഫത്ത് ദിനമായാണ് ആ ദിവസം നാം ആചരിക്കാറുള്ളത്. അന്നേ ദിവസം നമ്മള്‍ ജമാഅത്തുകളില്‍ സമ്മേളനങ്ങള്‍ നടത്തുകയും ജമാഅത്തിന്റെ ചരിത്രം അയവിറക്കുകയും ഖിലാഫത്തിനോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവല്ക്കരണം നേടുകയും ചെയ്യുന്നു. ഈ യുഗത്തിലെ പ്രവാചകനെ വിശ്വസിക്കാനും കാലത്തിന്റെ ഖലീഫയ്ക്കു അനുസരണ പ്രതിജ്ഞ ചെയ്യാനും സൗഭാഗ്യമേകി കൊണ്ട് അല്ലാഹു നമുക്കു മേല്‍ വലിയ ഔദാര്യമാണ് ചെയ്തിട്ടുള്ളത്.

ഞാന്‍ ഇവിടെ പാരായണം ചെയ്ത ഖുര്‍ആനിക വചനങ്ങളില്‍ അല്ലാഹു ദീനിനെ പ്രബലപ്പെടുത്തുമെന്നും ഭയാവസ്ഥയെ സമാധാനത്തിലേക്കു മാറ്റുമെന്നും വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ വാഗ്ദാന പൂര്‍ത്തീകരണത്തിനായി ചില നിബന്ധനകളും അവന്‍ വച്ചിട്ടുണ്ട്. സുദൃഢമായ ഈമാന്‍, സാലിഹായ(പുണ്യ) കര്‍മങ്ങള്‍, ആരാധനകളുടെ മുറപ്രകാരമുള്ള അനുഷ്ഠാനം, ശിര്‍ക്ക് അഥവാ അന്യാരാധന പൂര്‍ണമായും ഉപേക്ഷിക്കുക എന്നിവയാണ് നിബന്ധനകള്‍. അക്കാര്യങ്ങള്‍ നേടാനായി നമസ്‌ക്കാരം, ദൈവമാര്‍ഗത്തില്‍ ധനവ്യയം, പ്രവാചകനെ അനുസരിക്കല്‍ എന്നിവ വളരെ അനിവാര്യമാണ്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുമ്പോള്‍ മാത്രമേ നമുക്കു ഖിലാഫത്താകുന്ന അനുഗ്രഹത്തില്‍ നിന്നും യഥാവിധം ഫലമെടുക്കാനാകുകയുള്ളു.

ഈ ആയത്ത് വിശ്വാസികള്‍ക്ക് സുവാര്‍ത്ത നല്കുന്നതോടൊപ്പം തന്നെ ചിന്തോദ്ദീപികവുമാണ്. എന്തെന്നാല്‍ ഈ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നില്ലെങ്കില്‍ അതുമൂലമുള്ള അനുഗ്രഹത്തില്‍ നിന്നും യഥാവിധം ഫലമെടുക്കാനാകുകയില്ല. നമസ്‌ക്കാരം, സക്കാത്ത് അതുപോലെ ദൈവത്തോടും അവന്റെ ദാസരോടുമുള്ള കടമകള്‍ എന്നിവ നിര്‍വഹിക്കുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും കാരുണ്യവും തങ്ങളിലേക്ക് ആകര്‍ഷിക്കാനും ആര്‍ക്കും സാധിക്കുകയില്ല. അതു കൊണ്ടു തന്നെ തങ്ങളുടെ ചരിത്രം അയവിറക്കുകയും ഖിലാഫത്ത് ദിനം ആചരിക്കുകയും ചെയ്യുക മാത്രം മതിയായതല്ല. നമ്മുടെ ഈമാനിന്റെ അവസ്ഥ എന്താണെന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്. നമ്മുടെ എല്ലാ കര്‍മങ്ങളും ദൈവപ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാകുമ്പോഴാണ് നമുക്ക് മനഃസംതൃപ്തിയും സമാധാനവും ലഭിക്കുക.

ഹദ്‌റത്ത് മസീഹ് മൗഊദ്(അ) പറയുന്നു, നമ്മുടെ കര്‍മത്തില്‍ ഒരുതരി പോലും ഫസാദ് അഥവാ ദൂഷ്യമില്ലാതിരിക്കുമ്പോഴാണ് അതിനെ സ്വാലിഹായ കര്‍മം എന്നു പറയുന്നത്. ഓര്‍ത്തു കൊള്ളുക, മനുഷ്യന്റെ കര്‍മത്തിനു പിറകേ എപ്പോഴും കള്ളന്മാരുണ്ടാകുന്നതാണ്. അവ എന്തെല്ലാമാണ്? മറ്റുള്ളവരുടെ പ്രംശസ നേടാനുള്ള മനോഭാവവും അഹംഭാവവും അതുപോലെ പലപ്പോഴും ഒരാള്‍ക്ക് സ്വയം തിരിച്ചറിയാനാകാത്ത വിധത്തിലുള്ള തിന്മകളുമാണ് അവ. സ്വാലിഹായ കര്‍മം എന്നത് അതില്‍ അതിക്രമം, അഹംഭാവം, പ്രകടനാത്മകത, അഹങ്കാരം, അന്യരുടെ അവകാശധ്വംസനം എന്നിവയെ കുറിച്ചുള്ള ചിന്ത പോലും ഇല്ലാത്തതായിരിക്കണം. സ്വാലിഹായ കര്‍മം ചെയ്യുന്ന വ്യക്തിയായി ഒരാളെങ്കിലുമുള്ള ഒരു വീട്ടിലെ എല്ലാവരും രക്ഷപ്പെടുന്നതാണ്.

ഹുസൂര്‍ തിരുമനസ്സ് പറയുന്നു, സ്വാലിഹായ കര്‍മം ഇതാണെന്ന് ഒരാള്‍ സ്വയം തോന്നുന്ന പോലെ തീരുമാനിക്കുകയും നിര്‍ദേശിക്കുകയും അല്ല വേണ്ടത്. ഫസാദ് അഥവാ ദൂഷ്യം എന്നതിന്റെ എതിര്‍പദമാണ് സ്വാലിഹ്. അതുകൊണ്ട് സ്വാലിഹായ കര്‍മത്തില്‍ ഒരു തരത്തിലുമുള്ള ദൂഷ്യമില്ലാതിരിക്കുക നിര്‍ബന്ധമാണ്. സ്വാലിഹായ കര്‍മം എന്താണെന്ന് ഒരാള്‍ സ്വയം നിര്‍വചിക്കാന്‍ പാടില്ല. എന്താണ് മഅ്‌റൂഫായ തീരുമാനം എന്നും ഒരാള്‍ സ്വയം വ്യാഖ്യാനിക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നവര്‍ തങ്ങള്‍ ഖിലാഫത്തുമായി ബന്ധമുള്ളവരാണെന്ന് വാദിച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ല. ആത്മാര്‍ഥതയോടെ ഖിലാഫത്തിനെ അനുസരിക്കുകയും കീഴ്‌വഴങ്ങുകയും ചെയ്യുന്നവരാണ് ശരിക്കും ഖിലാഫത്തുമായി വിശ്വസ്തത വച്ചു പുലര്‍ത്തുന്നവര്‍. അത്തരക്കാര്‍ ഖിലാഫത്തിനെ സംരക്ഷിക്കുകയും ഖിലാഫത്ത് അവരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ്.

ദൈവപ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ട് ജമാഅത്തും കാലത്തിന്റെ ഖലീഫയും പരസ്പരം ബന്ധം വച്ചു പുലര്‍ത്തുന്ന യഥാര്‍ഥ ഖിലാഫത്ത് വ്യവസ്ഥിതിയാണിത്. പ്രബലതയും സമാധാനവും ഉറപ്പു തരുന്ന ഖിലാഫത്തും ഇതു തന്നെയാണ്. ഇതര മുസ്‌ലീങ്ങള്‍ തങ്ങളുടെ ഭൗതികമായ ആസൂത്രണങ്ങളും പദ്ധതികളും മുഖേന ഖിലാഫത്ത് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ ആസൂത്രണങ്ങളും പദ്ധതികളും ഒരിക്കലും ഫലം ചെയ്യുന്നതല്ല. ഇക്കൂട്ടര്‍ എത്ര വേണമെങ്കിലും പരിശ്രമിച്ചു കൊള്ളട്ടെ, അല്ലാഹു തീരുമാനിച്ചുറച്ച പ്രകാരം തന്നെ ഖിലാഫത്ത് തുടര്‍ന്നു പോകുന്നതാണ്.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) അല്‍ വസിയ്യത്ത് എന്ന ലഘുലേഖയില്‍ ഖിലാഫത്ത് വ്യവസ്ഥിതിയെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പറയുന്നു, പ്രവാചകന്മാരെയും ദൂതന്മാരെയും സഹായിക്കുക എന്നത് അല്ലാഹുവിന്റെ സനാതന നിയമാകുന്നു. അവന്‍ ലോകത്ത് പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സന്മാര്‍ഗത്തിന്റെ ബീജാവാപം അവന്‍ അവരുടെ കരങ്ങളാല്‍ ചെയ്യിപ്പിക്കുന്നു. എന്നാല്‍ അതിന്റെ പൂര്‍ത്തീകരണം അവരുടെ കരങ്ങളാല്‍ നിര്‍വഹിക്കപ്പെടുന്നില്ല. മറിച്ച് ബാഹ്യമായ പരാജയ ഭീതി നിലനില്‌ക്കെ തന്നെ അവന്‍ പ്രവാചകന്മാര്‍ക്ക് മരണം നല്കുന്നു. ഇതിലൂടെ എതിരാളികള്‍ക്ക് പരിഹാസ കുത്തുവാക്കുകളും, നിന്ദാ വചനങ്ങളും ചൊരിയാന്‍ അവന്‍ അവസരം നല്കുന്നു. അങ്ങനെ അവര്‍ പരിഹസിക്കുന്നത് പാരമ്യത്തിലെത്തിയതിനു ശേഷം അവന്‍ തന്റെ ശക്തിയുടെ മറ്റൊരു കരം പ്രത്യക്ഷപ്പെടുത്തുന്നു. അങ്ങനെ ഏറെക്കുറെ അപൂര്‍ണതയില്‍ കിടന്നിരുന്ന പ്രസ്തുത ഉദ്ദേശ്യങ്ങള്‍ പരിപൂര്‍ണത പ്രാപിക്കുന്നതിനു വേണ്ട സാമഗ്രികള്‍ അവന്‍ സൃഷ്ടിക്കുന്നു.

ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്റെ ദേഹവിയോഗം വിശ്വാസികള്‍ക്ക് കന്നത്ത ആഘാതം ഏല്പ്പിച്ചതും എതിരാളികള്‍ക്ക് അത് ആഘോഷ വേളയാക്കിയതുമായി നമുക്കു കാണാന്‍ സാധിക്കുന്നതാണ്. ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്റെ മരണത്തെ തുടര്‍ന്ന് എതിരാളികള്‍ നടത്തിയ പ്രസ്താവനകള്‍ മനുഷ്യത്വത്തിനു തന്നെ ലജ്ജയുളവാക്കുന്ന തരത്തിലുള്ളതായിരുന്നു. ആ ജുഗുപ്‌സാവഹങ്ങളായ കാര്യങ്ങള്‍ ഇവിടെ ഉദ്ദരിക്കേണ്ട കാര്യമില്ല. എന്നാല്‍ ജമാഅത്ത് ഛിന്നഭിന്നമായെന്നും അഹ്മദികള്‍ ജമാഅത്തില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങിയെന്നുമൊക്കെ അവര്‍ നടത്തിയ വ്യാജപ്രചരണങ്ങളെ കുറിച്ച് ഇവിടെ പറയുന്നതാണ്. അലി ശാഹ് എന്ന ആത്മീയ ഗുരുവിന്റെ ശിഷ്യവൃന്ദം പറഞ്ഞത് മിര്‍സായികള്‍ ജമാഅത്തില്‍ നിന്നും പശ്ചാത്തപിച്ച് അവര്‍ക്ക് ബയ്അത്ത് ചെയ്യുന്നെന്നായിരുന്നു. ഖ്വാജാ ഹസന്‍ നിസാമി സാഹിബ് അഭിപ്രായപ്പെട്ടത് മിര്‍സാ സാഹിബ് വഫാത്തായതിനാല്‍ ഇനി നിങ്ങളുടെ കാര്യം നോക്കാന്‍ ആരുമില്ല. അതുകൊണ്ട് ജമാഅത്ത് ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം ചേരുക എന്നായിരുന്നു. ഞാന്‍ നിന്നോടും നിന്റെ പ്രിയജനങ്ങളോടും ഒപ്പമുണ്ടെന്ന് അല്ലാഹു ഹദ്‌റത്ത് മസീഹ് മൗഊദ്(അ)നോട് വെളിപാടു മുഖേന പറഞ്ഞത് അവര്‍ക്ക് അറിയില്ലായിരുന്നു. മറ്റു പ്രവാചകന്മാരെ പോലെ അദ്ദേഹത്തിനു ശേഷവും ഖിലാഫത്ത് വ്യവസ്ഥിതി നിലവില്‍ വരുമെന്ന് അല്ലാഹു അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ചില ദുര്‍ബല പ്രകൃതരായ അഹ്മദികള്‍ക്ക് ഹദ്‌റത്ത് മസീഹ് മൗഊദ്(അ) പ്രവാചകനാണെന്ന് പറയുന്നതിന് വൈക്ലബ്യം ഉണ്ടാകാറുണ്ട്. അവര്‍ക്കുമുള്ള മറുപടിയാണിത്. അദ്ദേഹം തന്നെ അവകാശപ്പെട്ടത് എന്റെത് ഒരു നബിയുടെ ജമാഅത്താണ്, ഞാന്‍ ഒരു നബിയുമാണ് എന്നാണ്. രണ്ടാം ദിവ്യശക്തി പ്രഭാവം അഥവാ ഖിലാഫത്ത് വ്യവസ്ഥിതിയെ കുറിച്ച് ഹദ്‌റത്ത് മസീഹ് മൗഊദ്(അ) പറയുന്നു, ഞാന്‍ ഒരു ദൈവിക സമ്പൂര്‍ണ ശക്തിപ്രഭാവമാകുന്നു. എനിക്ക് ശേഷം ചില വ്യക്തികളുണ്ടാവും. അവര്‍ രണ്ടാം ദിവ്യശക്തിയുടെ പ്രതീകങ്ങളായിരിക്കും. ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്റെ പ്രവചനങ്ങള്‍ക്ക് അനുഗുണമായി 113 വര്‍ഷങ്ങളായി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അക്ഷരം പ്രതിപുലരുന്നതായി നാം കാണുന്നു.

ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് അവ്വല്‍(റ) ഖലീഫയായപ്പോള്‍ കര്‍സന്‍ ഗസറ്റ് എന്ന പത്രത്തില്‍ ഇപ്രകാരം വന്നു, മിര്‍സായികളുടെ പക്കല്‍ ഇനി എന്താണ് അവശേഷിക്കുന്നത്? അവരുടെ തല തന്നെ ഖണ്ഡിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അവര്‍ക്കുള്ള ഇമാമിന് ഒന്നും ചെയ്യാനും സാധിക്കില്ല. അദ്ദേഹത്തിന് അഹ്മദികള്‍ക്ക് മസ്ജിദില്‍ വച്ച് ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ സാധിക്കുമെന്ന് മാത്രം. അത് കേട്ടപ്പോള്‍ ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് അവ്വല്‍(റ) പറഞ്ഞു, അങ്ങനെ തന്നെ ആകുമാറാകട്ടെ. എനിക്ക് നിങ്ങളെ ഖുര്‍ആന്‍ കേള്‍പ്പിക്കാന്‍ സാധിക്കട്ടെ. അദ്ദേഹം അക്കാര്യം വളരെ ഭംഗിയായി നിറവേറ്റി. എന്നാല്‍ അതോടൊപ്പം അദ്ദേഹത്തിന് മുനാഫിഖീങ്ങളുടെയും ചില അഞ്ചുമന്റെ കാര്യകര്‍ത്താക്കളുടെയും ഫിത്‌നകളെ അടിച്ചമര്‍ത്താനും സാധിച്ചു. അദ്ദേഹം ഉള്ളപ്പോള്‍ അവര്‍ക്ക് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ധൈര്യവുമുണ്ടായില്ല. പിന്നീട് ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് സാനി(റ) ഖലീഫയായപ്പോള്‍ ചില അഞ്ചുമന്റെ കാര്യകര്‍ത്താക്കള്‍ ഖജനാവു മൊത്തം കാലിയാക്കി കടന്നു കളഞ്ഞു.

എന്നാല്‍ ഖിലാഫത്തു മുഖേന അല്ലാഹു ജമാഅത്തിനെ എപ്രകാരമാണ് പ്രബലപ്പെടുത്തിയത് എന്ന് ലോകം കണ്ടു. അല്ലാഹു ഖിലാഫത്തിന്റെ കടിഞ്ഞാണ്‍ ഏല്പിച്ച ആ യുവാവ് ജമാഅത്തിനെ എത്ര ശീഘ്രതയോടെയാണ് പുരോഗതികളുടെ ചവിട്ടുപടികള്‍ താണ്ടിക്കൊണ്ട് മുന്നോട്ടു നയിച്ചത് എന്നതിന് ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് സാനി(റ)ന്റെ 52 വര്‍ഷത്തെ സുദീര്‍ഘമായ ഖിലാഫത്ത് നേര്‍സാക്ഷിയാണ്. 1965ല്‍ അദ്ദേഹം വഫാത്തായപ്പോള്‍ അല്ലാഹു രണ്ടാം ദിവ്യശക്തി പ്രഭാവത്തിന്റെ മൂന്നാം പ്രതീകത്തെ എഴുന്നേല്പ്പിച്ചു. ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് സാലിസ്(റഹ്മഹു)ന്റെ ഖിലാഫത്തു കാലഘട്ടത്തില്‍ ജമാഅത്തിന് ആഗോള തലത്തില്‍ മേല്‍വിലാസം ലഭിച്ചു. 1974ല്‍ അഹ്മദികളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിച്ച് ജമാഅത്തിനെ കുത്തുപാള എടുപ്പിക്കാന്‍ ശത്രുക്കള്‍ കോപ്പു കൂട്ടിയപ്പോള്‍ അവരുടെ എല്ലാ പദ്ധതികളെയും കാറ്റില്‍ പറത്തിക്കൊണ്ട് അല്ലാഹു ജമാഅത്തിന് വലിയ നിലയില്‍ സാമ്പത്തിക ശേഷിക്കുള്ള വഴി തുറന്നു കൊടുത്തു. 1982 ല്‍ നാലാം ഖിലാഫത്തിന്റെ പ്രാരംഭദശയില്‍ തന്നെയുള്ള ജമാഅത്തിന്റെ അഭിവൃദ്ധി കണ്ട് ശത്രുക്കള്‍ അന്ധാളിച്ചു പോയി. ഖിലാഫത്തിനെ വെറും നിര്‍ജീവമായ അവയവമാക്കാനായി ശത്രുക്കള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അനിതര സാധാരണമായ സഹായസഹകരണങ്ങള്‍ ഏകി അല്ലാഹു ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് റാബിഅ്(റഹ്മഹു)നു ഹിജ്‌റത്ത് ചെയ്യാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.

ശേഷം സാറ്റലൈറ്റ് മുഖേന അഹ്മദിയ്യത്തിന്റെ സന്ദേശം വീടു വീടാന്തരം എത്താന്‍ തുടങ്ങി. 2003ലെ ഹദ്‌റത്ത് ഖലീഫത്തുല്‍ മസീഹ് റാബിഅ്(റഹ്മഹു)ന്റെ വേര്‍പാട് ജമാഅത്തിനെ ആകെ പിടിച്ചുലച്ചു. എന്നാല്‍ അല്ലാഹു വിശ്വാസികളുടെ പ്രാര്‍ഥന കേട്ടു. ഭയത്തിന്റെ അവസ്ഥയെ ഒരു വട്ടം കൂടി സമാധാനത്തിലേക്ക് മാറ്റി. ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന ഖിലാഫത്ത് റാശിദ നബി കരീം(സ)ന്റെ പ്രവചനാനുസരണം നാലു ഖലീഫമാരാല്‍ പരിമിതമായിരുന്നു. എന്നാല്‍ ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്റെ ആഗമന ശേഷം ഇസ്‌ലാമിക ചരിത്രത്തില്‍ ഒരു പാടു പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം കുറിച്ച പോലെ അഞ്ചാം ഖിലാഫത്തും സംഭവിച്ചു. അതുപോലെ ഇക്കാര്യവും നബി കരീം(സ)ന്റെ പ്രവചനാനുസരണം തന്നെയായിരുന്നു.

ഈ കാലഘട്ടത്തില്‍ അനിതരസാധാരണമായ വേഗതയില്‍ ജമാഅത്തിന് ആഗോള തലത്തില്‍ പേരും പെരുമയും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്റെ ഭാഷാന്തരങ്ങള്‍, ഹദ്‌റത്ത് മസീഹ് മൗഊദ്(അ)ന്റെ ഗ്രന്ഥങ്ങളടെ പ്രസാധനം, എം.ടി.എ യുടെ വിപുലീകരണം തുടങ്ങി എല്ലാ മേഖലകളിലും അസാധാരണമായ പുരോഗതികള്‍ ഉണ്ടാകുന്നുണ്ട്. കൊറോണ വൈറസിന്റെ അതിവ്യാപനം കാരണം ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ വഴി കാലത്തിന്റെ ഖലീഫയും ആഗോള ജമാഅത്തംഗങ്ങളും നേരിട്ടു ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ തുറന്നിരിക്കുന്നു. ഇതെല്ലാം തന്നെ ഹദ്‌റത്ത് മസീഹ് മൗഊദ്(അ)നോടുള്ള അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ പ്രകാരമാണ് നടക്കുന്നത്. ആയതിനാല്‍ അല്ലാഹുവിന്റെ നന്ദിയുള്ള ദാസന്മാരാകുകയും അവനു മുന്നില്‍ കുനിയുകയും ഖിലാഫത്തിനോട് അനുസരണവും കീഴ്‌വഴക്കവുമുള്ളവരാകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.

ഈ പ്രസ്ഥാനത്തിന്റെ പരിപൂര്‍ണ നിലയിലുള്ള അഭിവൃദ്ധികള്‍ നേരിട്ട് കാണാനുള്ള തൗഫീഖ് അല്ലാഹു നമുക്കു തരുമാറാകട്ടെ. നമ്മുടെ ആരാധനകളും നമസ്‌ക്കാരങ്ങളും കര്‍മങ്ങളും അല്ലാഹുവിന്റെ പ്രീതി നേടിത്തരുന്ന നിലയിലാകട്ടെ. ഇന്ന് ഞാന്‍ വീണ്ടും ദുആയ്ക്ക് പറയാന്‍ ആഗ്രഹിക്കുകയാണ്. പാക്കിസ്ഥാനിലെയും അതുപോലെ പീഡനങ്ങള്‍ അനുഭവിക്കുന്ന ലോകത്ത് എവിടെയുമുള്ള അഹ്മദികള്‍ക്കും വേണ്ടി ദുആ ചെയ്യുക. അതു പോലെ ഫലസ്തീന്‍ അടക്കം പീഡനങ്ങള്‍ അനുഭവിക്കുന്ന ലോക മുസ്‌ലീങ്ങള്‍ക്കു വേണ്ടിയും ദുആ ചെയ്യുക. അല്ലാഹു എല്ലാവരുടെയും പ്രയാസങ്ങള്‍ ദൂരീകരിക്കുമാറാകട്ടെ. അതുപോലെ ലോകത്ത് എത്രയും പെട്ടന്ന് ഇസ്‌ലാമിന്റെയും റസൂലുല്ലാഹ്(സ) യുടെയും വെന്നിക്കൊടി പാറിപ്പറക്കുന്നതും അല്ലാഹുവിന്റെ തൗഹീദിന് സര്‍വലോകാധിപത്യം ലഭിക്കുന്നതും കാണാന്‍ നമുക്കു സാധിക്കുമാറാകട്ടെ.

ആമീൻ