സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം
തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,
ഹദ്റത്ത് ഉമർ(റ)ന്റെ കാലത്തുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചായിരുന്നു വിവരിച്ചുകൊണ്ടിരുന്നത്. അതിൽ ഇന്ന് യർമൂക്ക് യുദ്ധത്തെക്കുറിച്ച് അല്പം വിവരിക്കുന്നതാണ്. യർമൂക്ക് യുദ്ധം 15 ഹിജ്രിയിലോ ചിലരുടെ അഭിപ്രായപ്രകാരം ഡമാസ്കസ് വിജയത്തിനു മുമ്പായി 13 ഹിജ്രിയിലോ ആണ് നടന്നത്. ഒരു നിവേദനമനുസരിച്ച് ഹദ്റത്ത് ഉമർ(റ)ന് ഏറ്റവവുമാദ്യം യർമൂക്ക് വിജയത്തെക്കുറിച്ചുള്ള സുവാർത്ത ലഭിച്ചു. അപ്പോൾ ഹദ്റത്ത് അബൂ ബക്കർ(റ) വഫാത്തായിട്ട് ഇരുപത് ദിവസം കഴിഞ്ഞിരുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഏറ്റവുമാദ്യം ഡമാസ്കസ് വിജയത്തെക്കുറിച്ചുള്ള സുവാർത്ത ലഭിച്ചിരുന്നു. സാക്ഷ്യങ്ങളിൽ നിന്നും ഇതു തന്നെയാണ് കൂടുതൽ ശരിയായി തോന്നുന്നത്.
റോമാക്കാർ ഡമാസ്കസിലും ഹോംസിലും പരാജിതരായി അതിർത്തി പട്ടണമായ അൻത്വാഖിയയിലെത്തിച്ചേർന്നു. അവിടെവച്ച് ഹിറാക്ലിയസ് ആദരണീയരും സമർത്ഥരുമായ രാജസദസ്സ്യരോട് ചോദിച്ചു, അറബികൾ ആയുധബലത്തിലും അംഗബലത്തിലും നിങ്ങളെക്കാൾ കുറവാണ്. പിന്നെ അവരെങ്ങനെ വിജയിക്കുന്നു? എല്ലാരും ലജ്ജിച്ചു തലതാഴ്ത്തി. അപ്പോൾ പരിചയസമ്പന്നനായ ഒരു വൃദ്ധൻ പറഞ്ഞു; അറബികൾ സൽസ്വഭാവത്തിൽ നമ്മെക്കാൾ നല്ലവരാണ്. അവർ രാത്രികളിൽ ആരാധന നടത്തുകയും പകൽ വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. ആരോടും അക്രമം പ്രവർത്തിക്കില്ല, അവർ പരസ്പരം തുല്യരായാണ് കണക്കാക്കുന്നത്. എന്നാൽ നമ്മുടെ അവസ്ഥ മറിച്ചാണ്. മദ്യപിക്കുകയും ദുഷ്പ്രവൃത്തികളിലേർപ്പെടുകയും ചെയ്യുന്നു. പ്രതിജ്ഞ നിറവേറ്റുകയില്ല. മറ്റുള്ളവരോട് അക്രമം പ്രവൃത്തിക്കുന്നു. തൽഫലമായി അവരുടെ പ്രവൃത്തികളിൽ ആവേശവും സ്ഥിരചിത്തതയും കാണപ്പെടുന്നു. എന്നാൽ നമ്മുടെ പ്രവൃത്തികളിൽ ധൈര്യവും സ്ഥിരചിത്തതയുമില്ല.
സീസർ സിറിയ വിട്ടുപോകാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ ക്രിസ്ത്യാനികളായ പ്രജകൾ കൂട്ടംകൂട്ടമായി വന്ന് പരാതിപ്പെടുകയും സീസറിന് ആത്മാഭിമാനമുണ്ടാകുകയും ചക്രവർത്തി പദവിയുടെ മുഴുവൻ ശേഷിയും അറബികൾക്കെതിരായി ഉപയോഗിക്കുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിൾ, അർമേനിയ എന്നിങ്ങനെ പലയിടങ്ങളിൽ നിന്നായി സൈന്യങ്ങൾ അൻത്വാക്കിയയിൽ ഒരുമിച്ചുകൂടി.
ഹദ്റത്ത് അബൂഉബെദ(റ)ന് ഈ ഒരുക്കത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോൾ വളരെ ആവേശോജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. അനന്തരം അഭിപ്രായങ്ങളാരാഞ്ഞു. യസീദുബ്നു അബീ സുഫ്യാൻ ഇപ്രകാരം അഭിപ്രായം നൽകി; സ്ത്രീകളെയും കുട്ടികളെയും നഗരത്തിൽ നിർത്തിക്കൊണ്ട് പട്ടണത്തിനു പുറത്ത് സെനിക സന്നാഹം നടത്തുക. അപ്പോൾ ശുറഹ്ബീലിബ്നു ഹസന പറഞ്ഞു; പട്ടണവാസികൾ ക്രിസ്ത്യാനികളാണ് അവർ അകത്തുനിന്നും പ്രക്ഷോഭം ഉണ്ടാക്കിയേക്കാം. ഹദ്റത്ത് അബൂഉബൈദ (റ) പറഞ്ഞു: ക്രിസ്ത്യാനികളെ നമുക്ക് പട്ടണത്തിനു പുറത്താക്കാം. അതിൽ ശറഹ്ബീൽ പറഞ്ഞു; അങ്ങനെയാകുമ്പോൾ നാം ചെയ്യുന്നത് വാഗ്ദത്ത ലംഘനമായിരിക്കും.
അപ്പോൾ അബൂഉബൈദ(റന് പെട്ടെന്നു തന്നെ തന്റെ പിഴവ് ബോധ്യമായി. ഒടുവിൽ ഒരു തീരുമാനത്തിലെത്തി; ഡമാസ്കസിൽ എത്തിച്ചേരുക അവിടെ ഖാലിദും(റ) ഉണ്ട് അറേബ്യയുടെ അതിർത്തിയും അടുത്താണ്. അതിനുശേഷം ഹദ്റത്ത് അബൂഉബൈദ(റ)ന്റെ കല്പനപ്രകാരം നഗരവാസികളുടെ സംരക്ഷണാർത്ഥം വാങ്ങിയിരുന്ന ജിസിയയും നികുതിയു മടങ്ങുന്ന ലക്ഷക്കണക്കിനുള്ള തുക അവർക്കുതന്നെ തിരികെ നൽകി. അത്ക്രിസ്ത്യാനികളെയും യഹൂദികളെയും വളരെയധികം സ്വാധീനിച്ചു.
ഹദ്റത്ത് അബൂഉബൈദ(റ) ഹോംസിൽ മാത്രമല്ല അധീനതയിലുള്ള മുഴുവൻ ജില്ലകളിലും പിരിച്ചെടുത്ത ജിസിയ മുഴുവനും തിരികെ നൽകുന്നതാണെന്ന് രേഖാമൂലും വിളംബരം ചെയ്തു. ഇതുസംബന്ധമായി ഇങ്ങനെയും തെളിവു ലഭിക്കുന്നുണ്ട് അതായത് ഹദ്റത്ത് ഉമർ(റ) തന്നെയാണ് ഇങ്ങനെ പറഞ്ഞത്; നിങ്ങൾക്ക് അവരെ സംരക്ഷിക്കാൻ സാധ്യമല്ലെങ്കിൽ അവരിൽ നിന്നും വാങ്ങിയതെല്ലാം തിരികെ നൽകുക.
ഹദ്റത്ത് അബൂഉബൈദ(റ) എല്ലാ അവസ്ഥയും ഹദ്റത്ത് ഉമർ(റ)നെ എഴുതി അറിയിച്ചു. അപ്പോൾ മുസ്ലിംകൾ റോമാക്കാരെ ഭയന്ന് ഹോംസിലെത്തിയിരിക്കുന്നുവെന്നു കേട്ട ഉമർ(റ) വളരെ ദു:ഖിതനായി. അദ്ദേഹം എഴുതി; ഞാൻ സഹായത്തിനായി സഈദുബ്നു ആമിറിനെ അയക്കാം.
ഹദ്റത്ത് അബൂഉബൈദ(റ) ഡമാസ്കസിൽ എത്തിയതെയുണ്ടായിരുന്നുള്ളൂ. ഹദ്റത്ത് അംറുബിനു ആസ് മുഖേന ജോർദാനിലെ ചില ജില്ലകളിൽ പ്രക്ഷോഭമാരംഭിച്ചതായി വാർത്ത ലഭിച്ചു. ആയതിനാൽ അടുത്ത ദിവസം തന്നെ ഹദ്റത്ത് അബൂഉബൈദ(റ) ജോർദാന്റെ പരിധിയിലുള്ള യർമൂക്കിലെത്തി. അതിന്റെ പുറം ഭാഗം അറേബ്യയുടെ അതിർത്തിക്കടുത്തായിരുന്നു.
തുറന്ന മെതാനമായിരുന്നതുകൊണ്ട് യുദ്ധാവശ്യങ്ങൾക്കായി പിറകോട്ട് മാറാൻ സൗകര്യമായിരുന്നു. റോമാക്കാരുടെ യുദ്ധസന്നാഹത്തെ കുറിച്ചറിഞ്ഞ മുസ്ലിംകൾ ഭയപ്പെട്ടു. ഹദ്റത്ത് അബൂഉബൈദ(റ) ഹദ്റത്ത് ഉമർ(റ)ന് വീണ്ടും കത്തെഴുതി. ഹദ്റത്ത് ഉമർ(റ) അൻസ്വാറുകളെയും മുഹാജിറുകളെയും വിളിച്ചുകൂട്ടി കത്ത് വായിച്ചുകേൾപ്പിച്ചു. സ്വാഹാബാക്കളെല്ലാം കരഞ്ഞു. എന്നിട്ടു പറഞ്ഞു; അല്ലയോ അമീറുൽമുഅ്മിനീൻ! ഞങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി ആത്മസമർപ്പണം ചെയ്യാൻ ഞങ്ങൾക്കനുവാദം തന്നാലും.
അബ്ദുറഹ് മാനുബ്നു ഔഫ്(റ), സെന്യാധിപനായിക്കൊണ്ട് സ്വഹാബാക്കളോടൊപ്പം ഹദ്റത്ത് ഉമർ(റ) പുറപ്പെടണമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. എന്നാൽ മറ്റു സ്വാഹാബാക്കൾ ഇതിൽ എതിരഭിപ്രായം പ്രകടിപ്പിച്ചു. ഒടുവിൽ, സഹായത്തിനായി കൂടുതൽ സൈന്യത്തെ അയക്കുക എന്ന തീരുമാനത്തിലെത്തി. ആ സമയത്ത് ശത്രുക്കൾ യർമൂക്കിന് മുന്ന് നാല് മൈൽ അകലെവരെ എത്തിക്കഴിഞ്ഞിരുന്നു സഹായമെത്തുക അസാധ്യമായിരുന്നു.
ഹദ്റത്ത് ഉമർ(റ) ആവേശോജ്ജ്വലമായ ഒരു കത്തെഴുതി. ദൂതനോട് പറഞ്ഞു; അത് ഓരോ അണിയിലും പോയി സ്വയം വായിച്ചുകേൾപ്പിക്കുക. ഉമർ നിങ്ങൾക്കെല്ലാവർക്കും സലാം പറയുന്നു. അദ്ദേഹം പറയുന്നു; അല്ലയോ മുസ്ലിംകളേ! അസാധാരണ ധീരതയോടെ പോരാടുക. ശത്രുക്കളുടെ മേൽ സിംഹത്തെപ്പോലെ ചാടിവീഴുക. വാളുകൾക്കൊണ്ട് അവരുടെ തലകൾ കൊയ്തെടുക്കുക. അവർ നിങ്ങൾക്കു മുൻപിൽ വെറും ഉറുമ്പുകളായിരിക്കണം. അവരുടെ അംഗബലം കണ്ട് നിങ്ങൾ ഭയക്കരുത്. നിങ്ങളുമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത നിങ്ങളുടെ കൂട്ടത്തിലുള്ളവരെ ഓർത്ത് വിഷമിക്കരുത്.
ദൂതൻ ആ കത്തുമായി അവിടെ എത്തുമ്പോൾ യാദൃശ്ചികമായി അന്നുതന്നെ സഈദുബ്നു ആമിറും ആയിരം സൈനികരുമായി അവിടെ എത്തിച്ചേർന്നു. അത് മുസ്ലിംകൾക്ക് കൂടുതൽ ശക്തി പകർന്നു. ഇരു സൈന്യങ്ങളും യുദ്ധത്തിനായി അണിനിരന്നു. റോമാക്കാരുടെ പക്ഷത്ത് രണ്ടുലക്ഷത്തിലധികം വരുന്ന അംഗ ബലവും, 24 നിരകളുമുണ്ടായിരുന്നു. അതിനു മുൻപിലായി മതനേതാക്കൾ കുരിശ് കെകളിലേന്തി അവർക്ക് ആവേശം പകരുന്നുണ്ടായിരുന്നു.
യുദ്ധാഹ്വാനത്തിന്റെ തുടക്കത്തിന്റെ ആദ്യദിവസം റോമാക്കാർ പരാജയപ്പെട്ടു. അടുത്ത ദിവസം റോമാക്കാർ മുസ്ലിംകളെ മുതലും ധനവും നൽകി പ്രലോഭിപ്പിക്കുന്നതിനായി സന്ദേശവാഹകനെ അയച്ചുകൊണ്ട് സന്ധി സംഭാഷണം നടത്താൻ ആഗ്രഹിച്ചു. സന്ദേശവാഹകൻ മുസ്ലിംകളുടെ അടുത്തെത്തുമ്പോൾ മുസ്ലിംകൾ മഗ്രിബ് നമസ്കരിക്കുകയായിരുന്നു. മുസ്ലിംകൾ നമസ്കാരത്തിൽ വ്യാപൃതരായിരിക്കുന്നതും മര്യാദയോടും മാന്യതയോടും ദെവഭക്തിയോടും കൂടിയുള്ള നമസ്കാരവും അതിശയത്തോടെ നോക്കി നിന്നു. നമസ്കാരം കഴിഞ്ഞപ്പോൾ അയാൾ ഹദ്റത്ത് അബൂഉബൈദ(റ)യോട് ഏതാനും ചോദ്യങ്ങൾ ചോദിച്ചു.
ഇസാ(അ)നെക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസമെന്താണ്? അദ്ദേഹം സൂറാ ആലു ഇംറാനിലെ ആയത്ത് 60, സൂറത്തുന്നിസാഇലെ 172,173 ആയത്തുകളും ഓതിക്കേൾപ്പിച്ചു. ഈ ആയത്തുകളിൽ അല്ലാഹു ഹദ്റത്ത് ഈസാ(അ)യുടെ ജനനം ആദം(അ)ന്റെ ജനനവുമായി സാദൃശ്യപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ ഗ്രന്ഥാനുസാരികളോട് മതകാര്യങ്ങളിൽ അഹങ്കാരം കെക്കൊള്ളരുതെന്നു ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. താൻ ഒരു ദെവദാസനായി അംഗീകരിക്കപ്പെടുന്നത് മസീഹ് ഒരിക്കലും അവജ്ഞയായി കരുതുകയില്ല. സന്ദേശവാഹകൻ ഈ ആയത്തുകൾ ഓതിക്കേട്ടപ്പോൾ പറഞ്ഞു; ഈസാ(അ)യുടെ ഗുണഗണങ്ങൾ ഇതുതന്നെയാണ്. തീർച്ചയായും നിങ്ങളുടെ റസൂൽ സത്യവാനാണ്. ഇതുപറഞ്ഞുകൊണ്ട് അയാൾ മുസ്ലിമായി.
അടുത്ത ദിവസം മുസ്ലിംകളുടെ ഭാഗത്തുനിന്നും സ്ഥാനപതിയായി പോയത് ഹദ്റത്ത് ഖാലിദ്(റ) ആയിരുന്നു. റോമാക്കാർ അവരുടെ പ്രതാപവും പ്രൗഢിയും മുഖേന ഖാലിദ്(റ)നെ ഭയപ്പെടുത്തുവാൻ ശ്രമിച്ചു. പക്ഷെ ഹദ്റത്ത് ഖാലിദ് അതെല്ലാം അവജ്ഞയോടെ തള്ളി. റോമൻ കമാന്റർ ബാഹാൻ സമ്പത്തും സാധനങ്ങളും നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. അതും ഹദ്റത്ത് ഖാലിദ് അവജ്ഞയോടെ തള്ളിക്കളഞ്ഞു. സംഭാഷണങ്ങൾക്കൊടുവിൽ യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. റോമാക്കാർക്ക് ക്ഷമിച്ചു നിൽക്കാനായില്ല. അടുത്ത ദിവസം റോമാക്കാർ പൂർണ്ണ സായുധസജ്ജരായി ഏറ്റുമുട്ടാനിറങ്ങി.
ഹദ്റത്ത് ഖാലിദ്(റ) അറബികളുടെ പതിവുരീതിയിൽ നിന്നും വ്യത്യസ്തമായി പുതിയ മുറയിൽ സൈന്യത്തെ സജ്ജീകരിച്ചു. മുപ്പത്തയ്യായിരത്തോളം വരുന്ന സൈന്യത്തെ മുപ്പത്തി ആറ് ഭാഗങ്ങളായി തിരിച്ച് വളരെ വിദഗ്ദമായി അണി നിരത്തി. ഉപദേശപ്രസംഗകർ സെന്യത്തിന് ആവേശവും നവോന്മേഷവും നൽകിക്കൊണ്ടിരുന്നു. മുഴുവൻ അറേബ്യയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു മുസ്ലിം സൈന്യത്തിലുണ്ടായിരുന്നത്. അതിൽ നൂറ് ബദരി സ്വഹാബാക്കളും നബി(സ)തിരുമേനിയെ ദർശിച്ച ആയിരം മഹാത്മാക്കളും ഉണ്ടായിരുന്നു.
സ്ത്രീകളും ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അവർ വീറോടെ പോരാടി. റോമാക്കാരുടെ ആവേശത്തിന്റെ അവസ്ഥ എത്രമാത്രമായിരുന്നുവെന്നാൽ, മുപ്പതിനായിരം ആളുകൾ തങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്താൻ കാലുകളിൽ ചങ്ങലകളണിഞ്ഞിരിക്കുകയായിരുന്നു. ആയിരക്കണക്കിന് പാതിരിമാരും ബിഷപ്പുമാരും കുരിശു കെകളിലേന്തി ഹദ്റത്ത് ഈസക്ക് ജയ് വിളിക്കുന്നുണ്ടായിരുന്നു. രണ്ടുലക്ഷം വരുന്ന സൈന്യം വെട്ടുകിളികളെപ്പോലെ ഒന്നിച്ച് ശക്തമായ ആക്രമണം നടത്തി. മുസ്ലിംകൾ വളരെ നേരം ഉറച്ചുനിന്നെങ്കിലും പിന്നീട് സൈന്യത്തിന്റെ വലതുപക്ഷം തകർന്നുപോയി. മുസ്ലിം പോരാളികൾ പിന്തിരിഞ്ഞോടുന്നത് കണ്ട മുസ്ലിം വനിതകൾ അവർക്ക് ധെര്യം നൽകി. യുദ്ധത്തിന്റെ തീവ്രത എത്ര മാത്രമായിരുന്നെന്നാൽ നാലുപാടും കെകളറ്റു വീണു കൊണ്ടിരുന്നു എങ്കിലും പോരാളികൾക്ക് ഒരു സ്ഥൈര്യക്കുറവും ഉണ്ടായില്ല.
പെട്ടെന്ന് ഖാലിദ്(റ) സൈനിക നിരയെ ഭേദിച്ചുകൊണ്ട് മുന്നോട്ടു നീങ്ങി ശക്തമായ ആക്രമണത്തിലൂടെ റോമൻ നിരയെ തകിടം മറിച്ചു. അവരെ മറികടന്നുകൊ് സർവ്വസൈന്യാധിപനായ ദറഞ്ചാന്റെ അടുത്തെത്തി. ഇക്രിമ ബിൻ അബീജഹൽ കൃസ്ത്യാനികളെ വെല്ലുവിളിച്ചു. നാന്നൂറു പേർ മരിച്ചുവീഴാൻ തയ്യാറാണെന്ന പ്രതിജ്ഞയോടെ മുന്നേറി. ശത്രുക്കളുടെ ആയിരത്തോളം ആളുകളെ നശിപ്പിച്ചുകൊണ്ട് എല്ലാവരും അവിടെതന്നെ പൊരുതി മരിച്ചുവീണു.
അതേസമയം റോമൻ വലതുപക്ഷ സൈന്യത്തിന്റെ നേതാവ് ഇബ്നു ഖനാതീർ ഇടതുപക്ഷത്ത് ആക്രമണം നടത്തി. ഇടതുപക്ഷത്തുള്ള സെനികരിൽ അധികവും ലഹം, ഗസാൻ ഗോത്രക്കാരായിരുന്നു. അവർ റോമാക്കാർക്ക് കുറേ കാലം കപ്പം നല്കിയിരുന്നു. സ്വാഭാവികമായും അവർ റോമാക്കാരെ ഭയന്നിരുന്നു. അവർക്ക് ആ ആക്രമണത്തെ ചെറുക്കാൻ സാധിച്ചില്ല. അവർ പിൻമാറി. പുറകിലുണ്ടായിരുന്ന മുസ്ലിം വനിതകൾ മുന്നോട്ട് കുതിച്ചു. വളരെ ധീരതയോടെ ക്രിസ്ത്യാനികളുടെ മുന്നേറ്റത്തെ തടഞ്ഞു.
സൈന്യത്തിന്റെ അവസ്ഥ വളരെ പരിതാപകമായിക്കൊണ്ടിരുന്നു. എന്നാൽ സൈനിക ഉദ്യോഗസ്ഥരുടെ ധെര്യം കാണേതുതന്നെയായിരുന്നു. യുദ്ധത്തിൽ വിജയം ഇത്രയും നേരം റോമാക്കാരുടെ ഭാഗത്തായിരുന്നു. പൊടുന്നനെ ഇടതുപക്ഷ സൈന്യത്തിനു പിറകിലുണ്ടായിരുന്ന ഖൈസുബ്നു ഹുബൈറ പിന്നിൽ നിന്നും ആക്രമണം നടത്തി. തീവ്രമായ ഈ ആക്രമണം റോമാക്കാർക്ക് താങ്ങാനായില്ല. അവരുടെ മുഴുവൻ സൈനികനിരയും തകർന്നു. മറുവശത്തു നിന്നും സഈദുബ്നു സൈദ് ആക്രമണം നടത്തി. റോമൻസെന്യം അകന്നു മാറിക്കൊണ്ടിരുന്നു. ഏതു വരെയെന്നാൽ യുദ്ധമെതാനത്തിന്റെ അഗ്രഭാഗത്തുള്ള കിടങ്ങിനരികെവരെ എത്തി. അല്പ സമയത്തിനകം ആ കിടങ്ങ് അവരുടെ ശവശരീരങ്ങളാൽ നിറഞ്ഞു. യുദ്ധക്കളം കാലിയായി.
ചുരുക്കത്തിൽ, ഈ സുപ്രധാന യുദ്ധത്തിൽ അല്ലാഹു മുസ്ലിംകൾക്ക് അതിമഹത്തായ വിജയം നൽകിയനുഗ്രഹിച്ചു. ഈ യുദ്ധത്തിനിടയിലുള്ള ഒരു സംഭവം ശ്രദ്ധേയമാണ്; ഘോരമായ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു മുസ്ലിം സൈനികനായ ഹബ്ബാബുബ്നു ഖൈസ് എത്രമാത്രം വീറോടെ പോരാടിയെന്നാൽ പോരാട്ടത്തിനിടയിൽ അദ്ദേഹത്തിന്റെ കാലറ്റുപോയത് അദ്ദേഹം അറിഞ്ഞതേയില്ല. ഈ യുദ്ധത്തിൽ റോമാക്കാരുടെ എഴുപതിനായിരമോ ഒരു ലക്ഷമോ സെനികർ കൊല്ലപ്പെട്ടു. മുസ്ലിംകളുടെ പക്ഷത്തുനിന്നും മുവ്വായിരം പേരുടെ ആൾ നഷ്ടമുണ്ടായി.
അൻത്വാഖിയയുടെ പരാജയത്തെക്കുറിച്ചറിഞ്ഞ സീസർ അപ്പോൾത്തന്നെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോയി. ഹദ്റത്ത് ഉമർ(റ)ന് വിജയത്തിന്റെ സുവാർത്ത ലഭിച്ചപ്പോൾ തൽക്ഷണം സുജൂദിൽ വീണു കൊണ്ട് അല്ലാഹുവിനോട് നന്ദി പറഞ്ഞു.
ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ)വും ഈ യുദ്ധത്തെക്കുറിച്ചുള്ള വിവരണം നൽകിയിട്ടുണ്ട്. ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ഹദ്റത്ത് ഇക്രിമയുടെയും അദ്ദേഹത്തിന്റെ പന്ത്രണ്ട് കൂട്ടാളികളുടെയും ത്യാഗത്തിന്റെ സംഭവം വിവരിച്ചുകൊണ്ട് പറയുന്നു; യുദ്ധാനന്തരം കുടിവെള്ളം നൽകുന്നയാൾ അവരുടെയടുത്തെത്തിയപ്പോൾ ഹദ്റത്ത് ഇക്രിമ മുറിവേറ്റുകിടക്കുന്ന മറ്റൊരാൾക്ക് നൽകാൻ ആംഗ്യം കാണിച്ചു. ആദ്യം അദ്ദേഹത്തിനു നൽകുക എന്നേക്കാൾ അതിന് അർഹൻ എനിക്ക് ശേഷമുള്ളയാണെന്നു പറഞ്ഞു. വെള്ളവുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം മറ്റൊരാൾക്ക് നൽകാൻ ആംഗ്യം കാണിച്ചുകൊണ്ടു പറഞ്ഞു, എന്നെക്കാൾ അതിന് അർഹത അദ്ദേഹത്തിനാണ്. ആദ്യം അദ്ദേഹത്തിനു നൽകുക. ഇത്തരത്തിൽ ആരുടെ അടുത്തു പോകുമ്പോഴും അടുത്തയാൾക്കു കൊടുക്കാൻ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ അവസാനത്തെ മുറിവേറ്റുകിടക്കുന്നയാളുടെ അടുത്തെത്തിയപ്പോഴേക്കും അയാൾ മരിച്ചുകഴിഞ്ഞിരുന്നു. ഇക്രിമയുടെ അടുക്കലെത്തിയപ്പോൾ അദ്ദേഹവും മരണപ്പെട്ടിരുന്നു. അതുപോലെതന്നെ മറ്റുള്ളവരും മരണപ്പെട്ടു കഴിഞ്ഞിരുന്നു.
ഖുത്ബയുടെ അവസാനത്തിൽ ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു; ഈ പരാമർശംതന്നെ ഇനിയും തുടരുന്നതാണ്. ഇൻശാ അല്ലാഹ്