27-08-2021 ഖുത്ബ സംഗ്രഹം

സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ്  യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,

ഹദ്റത്ത് ഉമർ(റ)ന്റെ കാലത്തെ സംഭവങ്ങളാണ് വിവരിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കാലത്ത് നടന്ന മറ്റൊരു യുദ്ധമാണ് റയ്യ് യുദ്ധം. നേശാപൂരിൽ നിന്നും 480 മൈൽ അകലെയുള്ള ഒരു പ്രദേശമാണ് റയ്യ്. റയ്യ് നിവാസികളെ റാസി എന്നാണ് പറയുക. പ്രസിദ്ധനായ ഖുർആൻ വ്യാഖ്യാതാവായ ഹദ്റത്ത് ഇമാം ഫഖറുദ്ദീൻ റാസി റയ്യ് നിവാസിയായിരുന്നു.അവിടത്തെ ഭരണാധികാരിയായിരുന്ന സിയാഹോ ഖഷ്ബിൻ മെഹറാൻ ബിൻ ബഹ്റാം, ദമാവന്ദ്, ത്വബരിസ്ഥാൻ, ഖുമിസ്, ജർജാൻ നിവാസികളെ തന്റെ സഹായത്തിനായി സജ്ജമാക്കി.

മുസ്ലിംകൾ റയ്യിലേക്കുള്ള വഴിമധ്യേയായിരുന്നു. അപ്പോൾ ഇറാനിലെ നേതാവായ അബൂഫർഖാൻ സേമ്പി രഞ്ജിപ്പുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മുസ്ലിംകളെ വന്നു കാണുകയുണ്ടായി. സേമ്പി, നുഐമിനോട് പറഞ്ഞു; താങ്കൾ എന്റെ പിറകെ കുറച്ചു കുതിരപ്പടയാളികളെ അയക്കുക. ഞാൻ രഹസ്യമാർഗേണ പട്ടണത്തിൽ പ്രവേശിക്കാം. തുടർന്ന് സേമ്പിയുടെ സഹായത്താൽ മുസ്ലിംകൾ പട്ടണത്തിൽ രഹസ്യമായി പ്രവേശിച്ചുകൊണ്ട് ആ പട്ടണം കീഴടക്കി. പട്ടണനിവാസികൾക്ക് സംരക്ഷണ വാഗ്ദാനം എഴുതി നല്കി.

ഹിജ്റ വർഷം 22 ന് ഖുമിസ്, ജർജാൻ വിജയങ്ങളുണ്ടായി. 22 ഹിജ്രിയിൽ തന്നെയാണ് ആദർബായിജാൻ വിജയവും ഉണ്ടായത്. ആദർബായിജാൻ ദൗത്യനിർവഹണത്തിനായുള്ള പതാക ഹദ്റത്ത് ഉമർ(റ) ഉത്ബാ ബിൻ ഫർഖദിനും ബുകേറിബ്നു അബ്ദുല്ലായ്ക്കും നല്കി. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം തന്നെ ഇരുവരും വ്യത്യസ്തഭാഗങ്ങളിൽ നിന്നും ആക്രമണം നടത്തി.

ബുകേറിന് റുസ്തമിന്റെ സഹോദരൻ ഇസ്ഫന്ദ് യാസ് ബിൻ ഫറുഖ് സാദുമായാണ് ഏറ്റുമുട്ടേി വന്നത്. ഇസ്ഫന്ദ്യാസ് പരാജയപ്പെട്ട് ബന്ദിയാക്കപ്പെട്ടപ്പോൾ ബുകേറുമായി അയാൾ സന്ധി ചെയ്തു. അങ്ങനെ ബുകേറിന്റെ പ്രതിനിധിയായിക്കൊണ്ട് എതിരാളികളെ നേരിടുന്നതിൽ മുസ്ലിംകളെ സഹായിച്ചു.

അങ്ങനെ പതുക്കെപ്പതുക്കെ എല്ലാ പ്രദേശവും ബുകേറിന്റെ അധീനതയിലായി. മറുവശത്ത് ഉത്ബ ബിൻ ഫർഖദും വിജയിച്ചു. ഈ വിജയ പരമ്പരകൾക്കു ശേഷം അമീറുൽ മുഅ്മിനീൻ ഉമറുബ്നു ഖത്വാബ്(റ)ന്റെ ഗവർണറായിരുന്ന ഉത്ബ ബിൻ ഫർഖദ് ആദർബായിജാനിലെ നിവാസികൾക്ക് സന്ധിപത്രം എഴുതി നല്കി. ആദർബായിജാൻ വിജയത്തിനുശേഷം ബുകേറിബ്നു അബ്ദുല്ലാഹ് അർമേനിയയിലേക്ക് തിരിഞ്ഞു.

ഹദ്റത്ത് ഉമർ(റ) ബുകേറിന്റെ സഹായത്തിനായി സുറാഖബ്നു മാലികിന്റെ നേതൃത്വത്തിൽ ഒരു പോഷകസൈന്യത്തെ അയച്ചു. സുറാഖബ്നു മാലികിനെ മുഴു സൈന്യത്തിന്റെയും സർവ്വസൈന്യാധിപനാക്കുകയും ചെയ്തു. മുസ്ലിംകളുടെ നീക്കവും ഉദ്ദേശ്യവും മനസ്സിലാക്കിക്കൊണ്ട് ബോറാസ് നഗരത്തിലെ ഇറാൻ ഭരണാധികാരി ജിസ്യക്കു പകരം സൈനികസേവനമെന്ന നിബന്ധനയിൽ സന്ധി ചെയ്തു. അങ്ങനെ മുസ്ലിംകൾ യുദ്ധം കൂടാതെ അർമേനിയ കീഴടക്കി.

ഹദ്റത്ത് ഉമർ(റ) ഈ സന്ധിയിൽ വളരെ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിച്ചു. അതിനുശേഷം സുറാഖബ്നു മാലിക് അർമേനിയയുടെ ചുറ്റുമുള്ള മലമ്പ്രദേശങ്ങളിലേക്ക് സൈന്യത്തെ അയക്കുകയും അതിൽ മികച്ച വിജയം ലഭിക്കുകയും ചെയ്തു.

പിന്നീട് ഹിജ്രി 22-ന് ഖുറാസാൻ വിജയമുണ്ടായി. ജലൂലാഅ് യുദ്ധത്തിനുശേഷം ഇറാൻ ചക്രവർത്തിയായിരുന്ന യസ്ദഗർദ് റയ്യ്, അതിനുശേഷം ഖുറാസാൻ പിന്നെ മറൂ എന്നിവിടങ്ങളിൽ താമസമാക്കി. അവിടെ അയാൾ ചുറ്റുമുള്ള അജ്മികളുമായും ഫാരിസികളുമായും ഹർമസാനുമായും ബന്ധം സ്ഥാപിക്കുകയും മുസ്ലിംകൾക്ക് എതിരെ അവരെ പ്രകോപിപ്പിക്കുകയും ചെയ്തു.

ഒടുവിൽ മുസ്ലിംകളുടെ അധീനതിയിലുള്ള പ്രദേശങ്ങളിൽ പ്രക്ഷോഭം സൃഷ്ടിച്ചു. ഈ പ്രശ്നസങ്കീർണ്ണമായ അവസ്ഥ കാരണം ഇറാനിലേക്ക് മുന്നേറ്റം നടത്താൻ മുസ്ലിംകൾക്ക് ഹദ്റത്ത് ഉമർ(റ) അനുവാദം നല്കി. അദ്ദേഹത്തിന്റെ കല്പനപ്രകാരം ബസ്രക്കാരും കൂഫക്കാരും ശക്തമായി പോരാടിക്കൊണ്ട് യസ്ദഗർദിനെ നിരന്തരം ഒരിടത്തുനിന്നും മറ്റൊരിടത്ത് മാറിമാറി താമസമാക്കാൻ നിർബന്ധിതനാക്കി.

യസ്ദഗർദ് മറൂ റോസ്, ബൽഖ് മുതലായ പ്രദേശങ്ങൾ താണ്ടി നദികടന്ന് രക്ഷപ്പെടുവാൻ നിർബന്ധിതനായി. ഈ സാഹചര്യത്തിൽ നേശാപൂർ മുതൽ ത്വഖാരിസ്ഥാൻ വരെയുള്ള നിവാസികൾ മുസ്ലിംകളോട് സന്ധി ചെയ്തു.

ഖുറാസാൻ വിജയത്തെക്കുറിച്ച് അറിഞ്ഞ ഹദ്റത്ത് ഉമർ(റ) പറഞ്ഞു; ഇറാനികൾക്കെതിരിൽ യാതൊരു തരത്തിലുള്ള സൈനിക നീക്കവും നടത്താൻ ഇടയാകരുതേ എന്നും അവർക്കും നമുക്കുമിടയിൽ തീക്കടൽ തടസ്സം നില്ക്കണമെന്നുമായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം അഹ്നഫ് ബിൻ ഖൈസിന് നദികടന്നുള്ള മുന്നേറ്റം വിലക്കിയിരുന്നു.

യസ്ദഗർദ് വിവിധ നഗരങ്ങളിലായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ഹദ്റത്ത് ഉസ്മാൻ(റ)ന്റെ ഖിലാഫത്ത് കാലത്ത് വധിക്കപ്പെട്ടു. അഹ്നഫ് ബിൻ ഖൈസിൽ നിന്നും ലഭിച്ച ഗനീമത്തു മുതലിനെക്കുറിച്ച് ഹദ്റത്ത് ഉമർ(റ) മുസ്ലിംകളെ അഭിസംബോധന ചെയ്ത് വേദനാനിർഭരമായ പ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു; ശത്രുക്കൾ മുസ്ലിം സമുദായത്തെ നശിപ്പിക്കുമെന്ന ഭയം എനിക്കില്ല. മറിച്ച് ഈ ഉമ്മത്തിന്റെ നാശം നിങ്ങൾ മുസ്ലിംകളുടെ കൈകളാൽ സംഭവിക്കുമോ എന്ന ഭയമാണുള്ളത്.

ഹുസൂർ തിരുമനസ്സ്(അയ്യദഹുല്ലാഹു) പറഞ്ഞു; ഇക്കാര്യം ഇന്ന് സത്യമായി പുലരുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. മുസ്ലിംകൾ മുസ്ലിംകളുടെ കഴുത്തറുക്കുന്നു. ജിഹാദിന്റെ പേരുപറഞ്ഞ് ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ കടന്നാക്രമണം നടത്തുന്നു.

ഇസ്തഖർ പേർഷ്യയുടെ മുഖ്യനഗരവും സാസാനിയൻ രാജാക്കാരുടെ പുണ്യസ്ഥലവുമായിരുന്നു. ഹദ്റത്ത് ഉസ്മാനുബ്നു അബുൽആസ്(റ) ആ പ്രദേശത്തേക്ക് മുന്നേറ്റം നടത്തി. പൂർണമായ ഒരു യുദ്ധത്തിനൊടുവിൽ അല്ലാഹു മുസ്ലിംൾക്ക് വിജയം നല്കി. ഹദ്റത്ത് ഉസ്മാനുബ്നു അബുൽ ആസ് ഗനീമത്തു മുതൽ ശേഖരിച്ചു. അതിന്റെ അഞ്ചിലൊന്ന് അമീറുൽ മുഅ്മിനീൻ ഹദ്റത്ത് ഉമർ(റ)ന് കൊടുത്തയച്ചു.

പതിനേഴ് ഹിജ്രിയിൽ ഹദ്റത്ത് അലാഅ് ബിൻ ഹദ്റമി ആദ്യമായി ഇസ്തഖർ കീഴടക്കിയിരുന്നതായും നിവേദനമുണ്ട്. ഹദ്റത്ത് സാരിയ ബിൻ സുനൈമിനെ ഹദ്റത്ത് ഉമർ(റ) ഹിജ്രി 23-ന് ഫസാ, ദാർ അബ്ഗർദ് എന്നീ ഭാഗങ്ങളിലേക്കായി പറഞ്ഞു വിട്ടു. ഹദ്റത്ത് ഇബ്നു ഉമർ(റ) വിവരിക്കുന്നു; ഒരിക്കൽ ഹദ്റത്ത് ഉമർ(റ) ഖുത്ബ നല്കി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഉച്ചത്തിൽ യാ സാരിയ അൽജബൽ അല്ലയോ സാരിയ പർവ്വതത്തിലേക്ക് നീങ്ങുക- എന്നു പറഞ്ഞു.

ഹദ്റത്ത് മുസ്ലിഹ് മൗഊദ്(റ) ഈ സംഭവം വിവരിച്ചുകൊണ്ടു പറയുന്നു; സാരിയ അൽജബൽ എന്നത് വിഷയവുമായി ബന്ധവുമില്ലാത്ത വാക്കായിരുന്നു. അതുകൊണ്ടു തന്നെ ജനങ്ങൾ അതുസംബംന്ധമായി ഹദ്റത്ത് ഉമർ(റ) നോട് ആരാഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു; ഞാൻ ഇസ്ലാമിക സൈന്യത്തിന്റെ നേതാവായ സാരിയയെ കണ്ടു. ശത്രുക്കൾ അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കാനിരിക്കുകയായിരുന്നു. ഇസ്ലാമിക സൈന്യം പരാജയപ്പെടുമെന്ന ഘട്ടത്തിലായിരുന്നു. അതു കൊണ്ട് ഞാൻ അദ്ദേഹത്തിന് പർവ്വതത്തിലേക്ക് പോകുവാൻ നിർദേശം നല്കിയതാണ്. ഈ സംഭവം കഴിഞ്ഞ് അധികം നാളുകൾ കഴിയുന്നതിനു മുമ്പ് തന്നെ സാരിയയിൽ നിന്നും ഇതേ വിഷത്തെ കുറിച്ചുള്ള അറിയിപ്പ് വന്നു.

ഹദ്ത്ത് മുസ്ലിഹ് മൗഊദ്(റ) പറയുകയാണ്, ഹദ്റത്ത് ഉമർ(റ)ന്റെ നാവ് ആ സമയത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നില്ല. അത് സർവ ശക്തനായ അല്ലാഹുവിന്റ നിയന്ത്രണത്തിലായിരുന്നു. അവന് സ്ഥലകാലാന്തരങ്ങൾ ഒരു പ്രശ്നമല്ല. ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു; സ്വഹാബത്തിന് വെളിപാട് ഉണ്ടായതായ തെളിവൊന്നുമില്ല എന്ന ആക്ഷേപം നിരർഥകമാണ്. സാരിയയുടെ സൈന്യത്തിന്റെ അപായാവസ്ഥയെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്നത് വെളിപാട് അല്ലാതെ പിന്നെന്താണ്.

ഹിജ്രി 23-ന് സുഹൈലുബ്നു അദിയ്(റ)ന്റെ കരങ്ങളാൽ കിർമാൻ വിജയമുണ്ടായി. ഹിജ്രി 23-ന് തന്നെ ഖുറാസാനെക്കാളും വലിയ പ്രദേശമായ സജിസ്താനും മുസ്ലിംകൾ കീഴടക്കി. പ്രസിദ്ധ മല്ലയുദ്ധക്കാരനായ റുസ്തം ആ പ്രദേശവാസിയായിരുന്നു. മക്റാൻ വിജയവും ഹിജ്രി 23-നാണ് നടന്നത്.

മുസ്ലിം സൈന്യങ്ങൾ ഒരുമിച്ചു ചേർന്നു സിന്ധിലെ രാജാവിനെ  യുദ്ധം ചെയ്തു പരാജയപ്പെടുത്തി. ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹു) പറഞ്ഞു; ഫാറൂഖിന്റെ വിജയങ്ങളുടെ അവസാനപരിധി മക്റാൻ ആയിരുന്നു. ചരിത്രകാരനായ ബലാദുരിയുടെ അഭിപ്രായത്തിൽ ഫാറൂഖി യുഗത്തിൽ ദേബലിലെ താഴ്വരകളും ഥാന വരെയും മുസ്ലിം സൈന്യം എത്തിച്ചേർന്നിട്ടുണ്ട്.

ഇത് ശരിയാണെങ്കിൽ ഹദ്റത്ത് ഉമർ(റ)ന്റെ കാലത്ത് സിന്ധിലും ഇന്ത്യയിലും ഇസ്ലാമിക സൈന്യം പ്രവേശിച്ചിട്ടുണ്ടായിരുന്നു. ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ഉമർ(റ)ന്റെ ഖിലാഫത്ത് കാലഘട്ടത്തെക്കുറിച്ചുള്ള വിവരണം തുടരുന്നതാണെന്ന് പറഞ്ഞതിനു ശേഷം ഒരു തുർക്കിഷ് ഇന്റർനെറ്റ് റേഡിയോ ഉദ്ഘാടനം ചെയ്യുന്നതാണെന്ന് വിളംബരം ചെയ്തു.

ഇരുപതിലധികം രാജ്യങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താനാകും. ജർമ്മനിയിലെ തബ്ലീഗ് വിഭാഗത്തിനാണ് ഇത് തയ്യാറാക്കുവാനുള്ള സൗഭാഗ്യമുണ്ടായിരിക്കുന്നത്. അനന്തരം ഹുസൂർ തിരുമനസ്സ്(അയ്യദഹുല്ലാഹ്) ദുആ ചെയ്തു; അല്ലാഹു ജർമ്മനിയിലെ ശുഅ്ബ തർബിയ്യത്തിന്റെ പരിശ്രമങ്ങൾ സ്വീകരിച്ചുകൊണ്ട് ഈ പുതിയ ഇന്റർനെറ്റ് റേഡിയോ സർവ വിധേനയും അനുഗൃഹീതമാകട്ടെ.(ആമീൻ).

ഖുത്ബയുടെ അവസാനത്തിൽ ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ഏതാനും പരേതരെ അനുസ്മരിക്കുകയും അവരുടെ ജനാസ ഗാഇബ് നമസ്കരിപ്പിക്കുന്നതാണെന്ന് വിളംബരപ്പെടുത്തുകയും ചെയ്തു.

ബഹുമാനപ്പെട്ട സയ്യിദ് ത്വാലിഅ് അഹ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞു; നമ്മുടെ പ്രിയങ്കരനായ ത്വാലിഇന്റെ ജനാസ ഇപ്പോൾ കൊണ്ടുവന്നിട്ടില്ല. കൊണ്ടു വന്നുകഴിഞ്ഞാൽ ജനാസ നമസ്കരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നതാണ് ഇൻശാ അല്ലാഹ്.

തുടർന്ന് ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ബഹുമാനപ്പെട്ട മഹ്മൂദ് അഹ്മദ് സാഹിബിനെ അനുസ്മരിച്ചു. അദ്ദേഹം ഖാദിയാനിലെ മസ്ജിദ് അഖ്സയിലെയും മസ്ജിദ് മുബാറക്കിലെയും മസ്ജിദ് ഖാദിം ആയിരുന്നു. 74-ാം വയസ്സിൽ അദ്ദേഹം വഫാത്തായി. ഇന്നാലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ.

പരേതൻ മഖ്ദൂം ഹുസെൻ സാഹിബ് ഓഫ് ബൽഗാമിന്റെ മകനായിരുന്നു. കർണാടകയിൽ നിന്നും ഹിജ്റത്ത് ചെയ്ത് ഖാദിയാൻ വന്നതായിരുന്നു. 28 വർഷത്തോളം മസ്ജിദ് അഖ്സയിലും മസ്ജിദ് മുബാറക്കിലും മസ്ജിദ് ഖാദിമായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന് സൗഭാഗ്യം ലഭിച്ചു. മൂസിയായിരുന്നു അദ്ദേഹം. നമസ്കാര നോമ്പാദികളിൽ കൃത്യനിഷ്ഠനായിരുന്നു. തഹജ്ജുദ് നമസ്കരിക്കുന്നയാളും ദുആ ചെയ്യുന്നയാളുമായിരുന്നു. പള്ളിയുമായി അദ്ദേഹത്തിന് പ്രത്യേക  ബന്ധമുണ്ടായിരുന്നു.

സന്തപ്തകുടുംബാംഗങ്ങളിൽ ഭാര്യയെക്കൂടാതെ രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.

ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) ഇന്ത്യയിലെ കേരളത്തിലെ അബ്ദുറഹ്മാൻ സാഹിബിന്റെ ഭാര്യ സൗദ സാഹിബയെ അനുസ്മരിച്ചു. ജൂലെ 22ന് 76-ാമത്തെ വയസ്സിൽ അവർ വഫാത്തായി. ഇന്നാലില്ലാഹി വഇന്നാ ഇലെഹി റാജിഊൻ. പരേത കബാബീറിലെ മുബല്ലിഗായ ശംസുദ്ദീൻ മലബാരിയുടെ മാതാവാണ്. ശംസുദ്ദീൻ സാഹിബ് പറയുന്നു; മാതാവ് പാലക്കാട് ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ അഹ്മദിയായിരുന്ന വി.ടി മു ഹമ്മദ് സാഹിബ് മർഹൂമിന്റെ മകളായിരുന്നു.

1937 ൽ അദ്ദേഹത്തിന് ബെഅത്തു ചെയ്യുവാനുള്ള ഭാഗ്യമുണ്ടായി. തുടർന്ന് ദീർഘകാലം വിരോധികളിൽനിന്നും തീവ്രമായ എതിർപ്പ് നേരിടേിവന്നു. തുടർന്നു പറയുന്നു; പന്തിവിരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിനീതന്റെ മാതാമഹിയും അവരുടെ മൂത്തമകളും മരണപ്പെട്ടു. ആ സമയത്ത് അദ്ദേഹത്തിന്റെ മാതാവിന് ഒന്നര വയസ്സ് പ്രായമായിരുന്നു. ശത്രുക്കൾ മാതാമഹിയെ ഖബറടക്കാൻ പോലും അനുവദിച്ചില്ല. അങ്ങനെ അവിടെ നിന്നും നാല്പത് കിലോമീറ്റർ അകലെ പൊതുഖബർസ്ഥാനിൽ ഖബറടക്കേണ്ടി വന്നു.

പറയുന്നു; പിതാമഹൻ അദ്ദേഹത്തിന്റെ ഇളംപ്രായത്തിലുള്ള മകളെയും കൊണ്ട് ഹിജ്റത്ത് ചെയ്തു. അപ്രകാരം ചെറുപ്പത്തിൽത്തന്നെ മാതാവിന് പലവിധ പരീക്ഷണങ്ങളിലൂടെയും കടന്നു പോകേണ്ടിവന്നു. പരേത നമസ്കാര നോമ്പാദികളിൽ കൃത്യനിഷ്ഠയുള്ള ഒരു മൂസിയ ആയിരുന്നു. സൃഷ്ടികളോടുള്ള അനുകമ്പ അവരിൽ നിറഞ്ഞിരുന്നു. കഷ്ടപ്പെടുന്ന എല്ലാവർക്കുവേണ്ടിയും ദുആ ചെയ്യുക, അവരുടെ അിരകിലാണെങ്കിൽ സഹായിക്കുക എന്നത് അവരുടെ ശീലമായിരുന്നു.

സന്തപ്തകുടുംബാംഗങ്ങളിൽ ഭർത്താവിനെ കൂടാതെ നാല് ആൺ മക്കളും രണ്ട് പെൺമക്കളുമു‌ണ്ട്. അവരുടെ പേരക്കുട്ടികളും വഖ്ഫെ സിന്ദഗികളാണ്. ഒരു മകൻ വിദേശത്ത് മുബല്ലിഗാണ്. അതുകൊണ്ട് ജനാസയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.അല്ലാഹു പരേതയുടെ പദവികൾ ഉയർത്തുമാറാകട്ടെ. (ആമീൻ).

ഇതു കൂടാതെ ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്), ബഹുമാനപ്പെട്ട മുഹമ്മദ് അൽമുഖ്താർ കബ്കാ സാഹിബ് ഓഫ് മൊറോക്കോ, ശേഖ് അബ്ദുൽ മജീദ് സാഹിബ് ഓഫ് ഫെസലാബാദിന്റെ ഭാര്യ ബഹുമാന്യ സയ്യിദാ മജീദ് സാഹിബ എന്നിവരെ അനുസ്മരിച്ചു.

ഹുസൂർ അയ്യദഹുല്ലാഹ് വഫാത്തായ എല്ലാവരുടെയും മഗ്ഫിറത്തിനും പദവികളുടെ ഉയർച്ചക്കും വേണ്ടി ദുആ ചെയ്തു.