തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂര്‍ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു, കഴിഞ്ഞ ഖുത്ബയില് ഹദ്റത്ത് ഉമര്‍(റ)നെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഹുദൈബിയ്യാ സമാധാന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു വിവരിച്ചിരുന്നത്.
ഹുദൈബിയ്യാ സന്ധിയെ ഉല്ലംഘിച്ചു കൊണ്ട് ഖുറൈശികളുടെ സഖ്യകക്ഷിയായ ബനൂബക്കര്‍ ഗോത്രം മുസ്ലീങ്ങളുടെ സഖ്യകക്ഷിയായ ഖസാഅ് ഗോത്രത്തെ ആക്രമിക്കുകയും ഖുറൈശികള്‍ അവരെ സഹായിക്കുകയും ചെയ്തു. അതെ തുടര്‍ന്ന് അബൂ സുഫിയാന് ഉടമ്പടിയില്‍ ഭേദഗതികള്‍ വരുത്തണമെന്ന ആവശ്യമുന്നയിക്കാനായി മദീനയിലേക്കു വന്നു. ഡോ. അലി ബിന്‍ സുലാബി എഴുതുന്നു, ആ സമയത്ത് റസൂലുല്ലാഹ്(സ) യുടെ പിതൃവ്യനായ അബ്ബാസ്, അബൂ സുഫിയാനെയും കൂട്ടി മദീനയിൽ തിരുനബി സമക്ഷം വന്നു.
ആ സമയത്ത് ഹദ്റത്ത് ഉമര്‍(റ) അവരെ കാണുകയും അവരുമായി തിരുനബി സമക്ഷം ഹാജരാകുകയും ചെയ്തു. എന്നിട്ട് അബൂസുഫിയാനെ തന്റെ വാളിന് ഇരയാക്കാന്‍ അദ്ദേഹം റസൂലുല്ലാഹ്(സ)യോട് അനുമതി തേടി. അപ്പോള്‍ ഹദ്റത്ത് അബ്ബാസ് താന്‍ അബൂ സുഫിയാന് അഭയം നല്കിയിരിക്കുന്നെന്ന് തിരുനബി(സ)യുടെ സമക്ഷത്തില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ഹദ്റത്ത് ഉമറുമായി അദ്ദേഹം സംവാദം നടത്തി. അപ്പോള്‍ റസൂലുല്ലാഹ്(സ) പറഞ്ഞു, അല്ലയോ അബ്ബാസ്, ഇപ്പോള്‍ താങ്കള്‍ അബൂ സുഫിയാനെ കൂടെ കൊണ്ടു പോകുക. എന്നിട്ട് നാളെ കാലത്ത് അദ്ദേഹത്തെ കൂട്ടി കൊണ്ടുവരിക.
ഹിജ്റ വര്‍ഷം 7, ശഅ്ബാന്‍ മാസത്തില്‍ ഹദ്റത്ത് ഉമര്‍(റ) ഒരു സൈനിക നീക്കത്തില്‍ മുപ്പത് പടയാളികളുമായി ഹവാസുന് ഗോത്രത്തിന്റെ ശാഖയായ തുറബിലേക്ക് പോകുകയുണ്ടായി. ചരിത്ര ഗ്രന്ഥങ്ങളിലും മറ്റും വന്നിട്ടുള്ളത്, ഖൈബര്‍ യുദ്ധത്തിലാണ് ആദ്യമായി റസൂലുല്ലാഹ്(സ)യുടെ കൊടിയെ കുറിച്ച് പരാമര്‍ശമുള്ളത് എന്നാണ്. അതിനു മുമ്പ് ചെറു പതാകകളായിരുന്നു ഉണ്ടായിരുന്നത്. റസൂലുല്ലാഹ്(സ)യുടെ കൊടിയുടെ പേര് ഉഖാബ് എന്നായിരുന്നു. അതിന് കറുപ്പ് നിറമായിരുന്നു. അത് വിശ്വാസികളുടെ മാതാവായ ഹദ്റത്ത് ആയിശ(റ)യുടെ പുതപ്പു കൊണ്ട് നിര്‍മിച്ചതായിരുന്നു. ഖൈബറില്‍ തങ്ങിയപ്പോള്‍ മൈഗ്രേന് കാരണമായി റസൂലുല്ലാഹ്(സ) പുറത്തേയ്ക്കു വന്നിരുന്നില്ല. അക്കാരണത്താല്‍ തിരുനബി(സ) ഹദ്റത്ത് അബൂബക്കര്‍(റ), ഹദ്റത്ത് ഉമര്‍(റ), ഹദ്റത്ത് അലി(റ) എന്നിവര്‍ക്ക് ക്രമാനുസരണം പതാക കൈമാറുകയും ഇസ്ലാമിന് അല്ലാഹു വിജയം പ്രദാനം ചെയ്യുകയുമുണ്ടായി.
ഖൈബര്‍ വിജയം കാരണം ഇസ്ലാമിന് കൈവന്ന യുദ്ധ മുതലില്‍ അഞ്ചിലൊരു ഭാഗം റസൂലുല്ലാഹ്(സ)ക്കു ലഭിക്കുകയും അത് തിരുനബി മുസ്ലീങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയുമുണ്ടായി. അവിടെയുള്ള ജൂതന്മാര് നാടുവിടാന്‍ തുനിഞ്ഞപ്പോള്‍ ഇസ്ലാമിക സ്വത്ത് റസൂലുല്ലാഹ്(സ) അവര്‍ക്കു പാട്ടത്തിനു നല്‍കുകയും അവര്‍ അതില്‍ പണിയെടുത്ത് വിളവ് ഇരുകൂട്ടരും പങ്കിടണമെന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. റസൂലുല്ലാഹ്(സ)യ്ക്കു ശേഷം ഹദ്റത്ത് അബൂബക്കറിന്റെ കാലത്തും ഇതു തുടര്‍ന്നു. ഹദ്റത്ത് ഉമറിന് തന്റെ ഖിലാഫത്തു കാലത്ത് റസൂലുല്ലാഹ്(സ) രോഗക്കിടക്കയില്‍ അവസാന സമയത്ത് അറബ് ഉപഭൂഖണ്ഡത്തില്‍ രണ്ടു മതങ്ങള്‍ ഒരിക്കലും ഒരുമിച്ചു പോകില്ല എന്നു പറഞ്ഞതായി അറിയാനിടയായി. അപ്പോള്‍ അദ്ദേഹം റസൂലുല്ലാഹ്(സ)യുമായി ഉടമ്പടിയില്ലാത്ത എല്ലാ ജൂതന്മാരെയും ഖൈബറില്‍ നിന്നും നാടുകടത്തുകയുണ്ടായി.
ഹുനൈന്‍ യുദ്ധം കഴിഞ്ഞു മടങ്ങവേ റസൂലുല്ലാഹ്(സ)നോട് ഹദ്റത്ത് ഉമര്‍(റ), താന്‍ ജാഹിലിയ്യത്തിൽ (ഇസ്ലാമിനു മുമ്പ്) ചെയ്ത ഇഅ്തിക്കാഫ് ഇരിക്കുമെന്ന നേര്‍ച്ച പൂര്‍ത്തിയാക്കാനുള്ള അനുവാദം ചോദിച്ചു. റസൂലുല്ലാഹ്(സ) അതിന് സമ്മതമേകി. റസൂലുല്ലാഹ്(സ) തബൂക്ക് യുദ്ധാവസരത്തില്‍ പ്രത്യേകം ചന്ദ നല്‍കാനായി ആഹ്വാനം ചെയ്തിരുന്നു. ഹദ്റത്ത് അബൂബക്കറിനെക്കാള്‍ ഇത്തവണ താന്‍ മുന്നേറുമെന്ന് കരുതി ഹദ്റത്ത് ഉമര്‍ തന്റെ പകുതി സമ്പാദ്യവും ത്യാഗമായി സമര്‍പ്പിച്ചു.
ഹദ്റത്ത് മുസ്ലിഹ് മൗഊദ് (റ) പറയുന്നു, അത് ഇസ്ലാമിന് കഷ്ടപ്പാടുകളുടെ കാലമായിരുന്നു. അപ്പോള്‍ ഹദ്റത്ത് അബൂബക്കര്‍ തന്റെ മുഴുവന്‍ സമ്പാദ്യവും തിരുനബി(സ)യുടെ സമക്ഷത്തിൽ സമര്‍പ്പിച്ചു. ഹദ്റത്ത് മസീഹ് മൗഊദ്(അ) ഈ സംഭവം വിവരിച്ചു കൊണ്ട് പറയുന്നു, ചിലര്‍ ബയ്അത്തും അതോടൊപ്പം ദീനിനെ ദുനിയാവിനേക്കാള്‍ മുന്തിക്കുമെന്ന് പ്രതിജ്ഞയും ചെയ്തിട്ടും കൂടി സഹായ സഹകരണങ്ങള്‍ ചെയ്യേണ്ട സമയമെത്തിയാല്‍ കീശ മുറുക്കി പിടിക്കുകയാണ് ചെയ്യുന്നത്. ഇത്രയും ലൗകികാസക്തി ഉള്ളവര്‍ക്ക് ധാര്‍മികമായ എന്തു ലക്ഷ്യമാണ് നേടാനാകുക.
നബികരീം(സ) അവസാനകാലത്ത് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിൽ അവിടെ ഉണ്ടായിരുന്ന മുസ്ലീങ്ങളോട്, നിങ്ങള്‍ വഴികേടിലാകാതിരിക്കാനായി ചില കാര്യങ്ങള്‍ എഴുതിക്കാനായി പേനയും കടലാസും കൊണു വരിക എന്ന് പറഞ്ഞു. ഹദ്റത്ത് സയ്യിദ് സൈനു ആബിദീന്‍ ശാഹ് സാഹിബ് ഈ സംഭവത്തെ കുറിച്ച് ഇപ്രകാരം വിശദീകരിക്കുന്നു, നബി കരീം(സ) മരണാസന്ന നിലയിലാണെന്ന് അപ്പോള്‍ ഹദ്റത്ത് ഉമര്‍(റ)ന് ഒട്ടും തോന്നിയതു പോലുമില്ല. അതു കൊണ്ടു തന്നെ അദ്ദേഹം ജനങ്ങളോടു പറഞ്ഞു, നമ്മുടെ പക്കല്‍ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ട്. അതു നമുക്ക് മതിയായതുമാണ്. എന്നിരിക്കെ തിരുനബി(സ)യെ ബുദ്ധിമുട്ടിക്കേതില്ല. അക്കാര്യത്തില്‍ അവിടെയുള്ളവര്‍ പരസ്പരം തര്‍ക്കിക്കുകയും ബഹളം വര്‍ദ്ധിച്ചതിനാല്‍ തിരുനബി(സ) അവരോട് അവിടെ നിന്നും പോകുവാന്‍ പറയുകയും ചെയ്തു. തിരുനബി(സ)യ്ക്ക് ആ അസ്വസ്ഥതയുടെ ഘട്ടത്തില്‍ കൂടി വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യത്തെ കുറിച്ച് എത്രത്തോളം ചിന്തയുണ്ടായിരുന്നെന്ന് മനസ്സിലാക്കാവുന്നതാണ്. കാരണം അതിനു ശേഷം പേനയും കടലാസും കൊണ്ടു വരേണ്ട കാര്യം തിരുനബി ആവര്‍ത്തിക്കുകയുണ്ടായില്ല.
നബികരീം(സ) വഫാത്തായ സമയത്ത് ഹദ്റത്ത് ഉമര്‍(റ) എല്ലാവരോടുമായി ഇപ്രകാരം പറയുകയുണ്ടായി, റസൂലുല്ലാഹ്(സ) വഫാത്തായിട്ടില്ല. അല്ലാഹുവാണെ! മുഹമ്മദ്(സ) വഫാത്തായെന്നു പറയുന്ന വ്യക്തിയെ ഞാന്‍ എന്റെ വാളുകൊണ്ട് വധിക്കുന്നതാണ്. ചിലരുടെ കൈകാലുകള്‍ വെട്ടാനായി അല്ലാഹു തിരുനബിയെ എഴുന്നേല്പിക്കുന്നതാണ്, തീര്‍ച്ച. നബികരീം(സ) വഫാത്തായ സമയത്ത് ഹദ്റത്ത് അബൂബക്കര്‍(റ) മദീനയില്‍ നിന്നും രണ്ടു മൈലുകള്‍ അപ്പുറത്തുള്ള സുനഅ് എന്ന സ്ഥലത്തായിരുന്നു. അദ്ദേഹം വരുമ്പോള്‍ സമയത്ത് ഹദ്റത്ത് ഉമര്‍(റ) പ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം നേരെ ചെന്ന് നബികരീം(സ) യുടെ മുഖത്തു നിന്നും തുണി മാറ്റി ആ മുഖകമലത്തില്‍ അന്ത്യചുംബനം അര്‍പ്പിച്ചു. എന്നിട്ട് പുറത്തേക്കു വന്ന് എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് ഒരു പ്രഭാഷണം നടത്തി.
ദൈവത്തെ സ്തുതിച്ച ശേഷം ഇപ്രകാരം പറഞ്ഞു, നോക്കൂ, മുഹമ്മദ്(സ) നെ പൂജിക്കുന്നവര് കേട്ടു കൊള്ളുക, നിശ്ചയമായും മുഹമ്മദ്(സ) വഫാത്തായിരിക്കുന്നു. എന്നാല്‍ അല്ലാഹുവിനെ പൂജിക്കുന്നവര് ഓര്‍ത്തു കൊള്ളുക, അവന് ജീവിച്ചിരിക്കുന്നു. അവന് ഒരിക്കലും മരിക്കുന്നതുമല്ല. അതിനു ശേഷം ഹദ്റത്ത് അബൂബക്കര്‍(റ) വമാ മുഹമ്മദുന്‍ ഇല്ലര്റസൂല് ഖദ് ഖലത്ത് മിന് ഖബ്ലിഹിര് റുസുല്‍ എന്ന ആയത്തു മുഴുവനായും ചൊല്ലി. അതായത്, മുഹമ്മദ് ഒരു ദൈവദൂതന് മാത്രമാകുന്നു. തീര്‍ച്ചയായും അദ്ദേഹത്തിനുമുമ്പേ ദൈവദൂതന്മാര് കഴിഞ്ഞു കടന്നുപോയിട്ടുണ്ട്. അതിനാൽ ഇദ്ദേഹവും മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ നിങ്ങളുടെ കുതികാലുകളില്‍ തിരിഞ്ഞുപോയ്ക്കളയുമോ? ആരെങ്കിലും കുതികാലുകളില്‍ തിരിഞ്ഞു പോയാല്‍ , അവരൊരിക്കലും അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുകയില്ല. അല്ലാഹു തീര്‍ച്ചയായും നന്ദി കാണിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. ഈ ആയത്തു കേട്ടതും ജനങ്ങള്‍ ഏങ്ങലടിച്ചു കരഞ്ഞു.
ഹദ്റത്ത് ഉമര്‍(റ) പറയുന്നു, ഹദ്റത്ത് അബൂബക്കര്‍ ഈ ആയത്തു ചൊല്ലിയതു കേട്ടപ്പോള്‍ അല്ലാഹുവാണെ! ഭയാധിക്യത്താല്‍ എന്റെ കാലുകള്‍ കുഴയുകയും ഞാന്‍ നിലത്തേക്കു വീഴുകയുമുണ്ടായി. ഹദ്റത്ത് മസീഹ് മൗഊദ്(അ ) ഈ സംഭവം വിവരിച്ചു കൊണ്ട് പറയുന്നു, നിവേദകന് പറയുന്നത്, അപ്പോള്‍ അല്ലാഹു അങ്ങനെ ഒരു ആയത്ത് ഇറക്കിയതായി കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മട്ടായിരുന്നു ജനങ്ങള്‍ക്ക്. ഹദ്റത്ത് ഉമര്‍(റ) പറയുന്നു, അല്ലാഹുവാണെ! ഹദ്റത്ത് അബൂബക്കറില്‍ നിന്നുമാണ് ഞാന്‍ ആദ്യമായി ആ ആയത്ത് കേട്ടത്. പറയുന്നു, ഹദ്റത്ത് അബൂബക്കര്‍(റ) സര്വപ്രവാചകരും മരണപ്പെട്ടെന്ന് ഖുര്‍ആനില്‍ നിന്നും പ്രമാണമുന്നയിച്ച് സമര്ഥിക്കുന്നതില് പോരായ്മ ഉണ്ടായിരുന്നെങ്കില്‍ അപ്പോള്‍ അവിടെ സന്നിഹിതരായിരുന്ന ഒരു ലക്ഷത്തില്‍ പരം സ്വഹാബാക്കള്‍ വെറും സംശയാസ്പദവും അനുമാനപരവുമായ ഒരു ന്യായവാദത്തെയാണോ അംഗീകരിച്ചത്? അല്ലയോ മഹാനവര്കളേ, താങ്കളുടെ വാദം അപൂര്‍ണമാണ് എന്ന് എന്തു കൊണ്ട് അവര്‍ ചൂണ്ടിക്കാണിച്ചില്ല? റാഫിഉക്ക ഇലയ്യ എന്ന ആയത്തില്‍ ഹദ്റത്ത് മിശിഹാ സ്ഥൂലദേഹത്തോടെ ആകാശത്തിലേക്കു പോയതായി ഖുര്‍ആനില്‍ വിവരിച്ചത് താങ്കള്‍ക്ക് അറിവില്ലേ? ബൽ റഫഅഉല്ലാഹി ഇലൈഹി എന്ന ആയത്ത് താങ്കള്‍ കേട്ടിട്ടില്ലേ? പിന്നെ എന്തു കൊണ്ടാണ് താങ്കള്‍ക്ക് റസൂലുല്ലാഹ്(സ) ആകാശത്തേക്കു കരേറിയെന്നു കരുതുന്നത് പ്രവാചക പൂജയായി തോന്നുന്നത്? ഇങ്ങനെയെല്ലൊം അവരെന്തു കൊണ്ട് ചോദിച്ചില്ല?
എന്നാൽ വിശുദ്ധ ഖുര്‍ആനില്‍ അവഗാഹമുള്ള അവര്‍ ഖലത്ത് എന്ന പദത്തിനുള്ള വ്യഖ്യാനം അഫഇന്‍ മാത്ത ഔ ഖുതില എന്നാണെന്ന് മനസ്സിലാക്കുകയും റസൂലുല്ലാഹ്(സ)യുടെ മരണം അവരെ ദുഃഖഭരിതരും ഹൃദയം പിളര്ന്നവരുമാക്കിയെങ്കിലും മുന്‍ പ്രവാചകന്മാരെല്ലാവരും വഫാത്തായിരിക്കുന്നെന്ന് അവര്‍ക്ക് പെട്ടെന്നു തന്നെ ബോധ്യപ്പെടുകയുമുണ്ടായി.
മറ്റൊരു സന്ദര്‍ഭത്തില്‍ ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു, അല്ലാഹു ഹദ്റത്ത് അബൂബക്കറിനു മേല്‍ ആയിരക്കണക്കിന് നന്മകള് ചൊരിയട്ടെ. അദ്ദേഹം അതിവേഗം ആ ഫിത്ന വിപാടനം ചെയ്തു. അടിസ്ഥാന പ്രമാണം ഉദ്ദരിച്ചു കൊണ്ടു തന്നെ മുന്‍ പ്രവാചകന്മാരെല്ലാവരും വഫാത്തായിരിക്കുന്നെന്നും അദ്ദേഹം സമര്‍ഥിച്ചു. ഇവിടെ ഖലത്ത് എന്ന പദത്തിന്റെ അര്‍ഥം ചില പ്രവാചകര്‍ ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്ന് വന്നാല്‍ ഹദ്റത്ത് ഉമറിന്റെ പക്ഷത്താണ് ന്യായമെന്നു വരും. ഈ ആയത്ത് അദ്ദേഹത്തിന്റെ വാദത്തിന് ഉപോല് ബലകവുമാകും. ആയതിനാല്‍ ഖലത്ത് എന്ന പദത്തിന് രണ്ട് അര്‍ഥ കല്പനകള് മാത്രമേ സാധ്യമായുള്ളു. ഒന്ന് സ്വാഭാവിക മരണം, രണ്ട് വധിക്കപ്പെടല്‍.
ഹദ്റത്ത് അബൂബക്കര്‍ ഖലീഫയാകും മുമ്പ് അന്‍സാറുകള്‍ ബനൂ സാഅദ ഗോത്രത്തിലെ സഅദ് ബിന്‍ ഉബാദയുടെ വീട്ടില്‍ ഒത്തുകൂടി. എന്നിട്ട് ഒരു അമീര്‍ ഞങ്ങളില്‍ നിന്നും ഒരു അമീര്‍ നിങ്ങളില്‍ നിന്നും വേണമെന്ന ആവശ്യമുന്നയിച്ചു. ഹദ്റത്ത് അബൂബക്കര്‍(റ), ഹദ്റത്ത് ഉമര്‍(റ), ഹദ്റത്ത് അബ്ദുല്ലാഹ് ബിന്‍ ജറാഹ്(റ) എന്നിവര്‍ എന്നിവര്‍ അവിടെ പോയി. ഹദ്റത്ത് അബൂബക്കര്‍(റ) ഒരു ഗംഭീര പ്രഭാഷണം നടത്തി. എന്നിട്ട് പറഞ്ഞു, ഞങ്ങള്‍ അമീറുമാരും നിങ്ങള്‍ മന്ത്രിമാരുമാണ്. കാരണം ഖുറൈശികള്‍ അറബികളില്‍ വച്ച് കുലമഹിമയില്‍ ഏറ്റവും ഉന്നതരും വംശപാരമ്പര്യത്തില്‍ ഏറ്റവും പഴക്കമുള്ളവരുമാണ്. അതുകൊണ്ട് ഹദ്റത്ത് ഉമര്‍ അല്ലെങ്കില്‍ ഹദ്റത്ത് അബ്ദുല്ലാഹ് ബിന്‍ ജറാഹിനെ എല്ലാവരും ബയ്അത്ത് ചെയ്യണം. അപ്പോള്‍ ഹദ്റത്ത് ഉമര്‍(റ) പറഞ്ഞു, ഇല്ല, താങ്കള്‍ അതായത് ഹദ്റത്ത് അബൂബക്കര്‍ ഞങ്ങളുടെ തലവനും ഞങ്ങളില്‍ ശ്രേഷ്ഠനും റസൂലുല്ലാഹ്(സ)യ്ക്ക് ഏറ്റവും പ്രിയങ്കരനുമാണ്. അതുകൊണ്ട് ഞങ്ങള്‍ താങ്കള്‍ക്കാണ് ബയ്അത്ത് ചെയ്യുക. അതും പറഞ്ഞ് ഹദ്റത്ത് ഉമര്‍(റ) വേഗം ഹദ്റത്ത് അബൂബക്കറിന്റെ കൈ പിടിച്ച് ബയ്അ ത്ത് ചെയ്തു.
ഹദ്റത്ത് അബൂബക്കറിന്റെ ഖിലാഫത്തില്‍ മുര്ത്തദീങ്ങള് തലപൊക്കി തുടങ്ങിയപ്പോള്‍ ഹദ്റത്ത് ഉമര്‍(റ) യുദ്ധം ചെയ്യുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഹദ്റത്ത് അബൂബക്കര്‍ അതിനുള്ള തീരുമാനം കൈകൊണ്ടപ്പോള്‍ അദ്ദേഹവും ആ കല്പന ശിരസ്സാ വഹിച്ചു. അദ്ദേഹം പറയുന്നു, അല്ലാഹു ഹദ്റത്ത് അബൂബക്കറിന് യുദ്ധം ചെയ്യാനുള്ള ഹൃദയ വിശാലത നല്കിയതു കണ്ടപ്പോള്‍ ഇത് (ഈ ഖിലാഫത്ത്) ദൈവികമാണെന്ന് എനിക്ക് ബോധ്യമായി. യാമാമ യുദ്ധത്തില്‍ എഴുപത് ഖുര്‍ആന്‍ ഹാഫിളുമാര്‍ ശഹീദായപ്പോള്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള അഭിപ്രായം ഹദ്റത്ത് അബൂബക്കറിന് നല്കിയതും ഹദ്റത്ത് ഉമറായിരുന്നു.
ഹുസൂര്‍ തിരുമനസ്സ് ഖുത്ബയുടെ അവസാനത്തില്‍ ഹദ്റത്ത് ഉമര്‍(റ)ന്റെ അനുസ്മരണം തുടരുന്നതാണ് എന്നു പറയുകയുണ്ടായി