സയ്യിദുനാ ഹദ്റത് അമീറുൽ മുഅ്മിനീൻ ഖലീഫത്തുൽ മസീഹ് അൽഖാമിസ് അയ്യദഹുല്ലാഹ് യു.കെ ഇസ്ലാമാബാദിലെ മുബാറക്ക് മോസ്കിൽ നിർവഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം
തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ ഓതിയ ശേഷം ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പറഞ്ഞു,
കഴിഞ്ഞ ദിവസം നമ്മുടെ വളരെ പ്രിയങ്കരനായ കുട്ടിയായിരുന്ന, വഖ്ഫെ സിന്ദഗി ആയിരുന്ന സയ്യിദ് ത്വാലിഅ് അഹ്മദ് ബിൻ സയ്യിദ് ഹാഷിം അക്ബറിന്റെ ശഹാദത്ത് സംഭവിക്കുകയുണ്ടായി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലെഹി റാജിഊൻ. ആഗസ്റ്റ് 23 നും 24നും ഇടയിലുള്ള രാത്രിയിൽ എം. ടി. എ പ്രവർത്തകരുടെ മൂന്നംഗ സംഘം ഘാനയുടെ നോർത്ത് റിജീയണിൽ നിന്നും റിക്കാർഡിംങ് കഴിഞ്ഞു ഖുമാസിയിലേക്കു വന്നു കൊണ്ടിരിക്കെ ഏഴര മണിയോടടുത്ത സമയത്ത് കൊള്ളക്കാരുടെ വെടിയേറ്റ് പ്രിയങ്കരനായ സയ്യിദ് ത്വാലിഅ് അഹ്മദ് സാഹിബിനും ഉമർ ഫാറൂഖ് സാഹിബിനും പരിക്കേറ്റു.
സയ്യിദ് ത്വാലിഅ് അഹ്മദ്, ബഹുമാന്യ അമത്തുൽ ബേഗം സാഹിബയുടെയും സയ്യിദ് മീർ മുഹമ്മദ് അഹ്മദ് സാഹിബിന്റെയും മകളുടെ പുത്രനും ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ്(റ)ന്റെ മകളുടെ പേരക്കുട്ടിയും, ഡോക്ടർ മീർ മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ മകന്റെ പേരക്കുട്ടിയുമായിരുന്നു.
ഹദ്റത്ത് അമ്മാജാൻ(റ) ന്റെ ഇളയ സഹോദരനായിരുന്നു ഹദ്റത്ത് മീർ മുഹമ്മദ് ഇസ്മാഈൽ സാഹിബ്(റ). അതുപ്രകാരം അദ്ദേഹത്തിന്റെ ശൃംഖല ഹദ്റത്ത് അമ്മാജാൻ(റ)മായി ചേരുന്നു.അതുപോലെ ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ്(റ) മുഖേന ഹദ്റത്ത് മസീഹ് മൗഊദ്(അ)മായും ബന്ധമുണ്ട്.
മർഹൂം, മിർസാ ഗുലാം ഖാദിർ സാഹിബ് ശഹീദിന്റെ മരുമകനുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അദ്ദേഹം മൂസിയും വഖ്ഫെനൗ പദ്ധതിയിൽ അംഗവുമായിരുന്നു. അദ്ദേഹം ബയോമെട്രിക് സയൻസിൽ ബിരുദമെടുത്തതിനു ശേഷം ജേർണലിസത്തിൽ മാസ്റ്റേഴ്സ് ചെയ്തു. 2013 ൽ ജീവിതം വഖ്ഫ് ചെയ്തു. തുടർന്ന വിവിധ ഓഫീസുകളിൽ ജോലി ചെയ്തു. 2016 ൽ എം.ടി.എ ന്യൂസിൽ സ്ഥിര നിയമനമുണ്ടായി. അവിടെ അദ്ദേഹം ഡോക്യുമെന്ററി ഫിലിമുകൾ ഉണ്ടാക്കി.
പിന്നീട് “This Week With Huzoor” (ദിസ് വീക്ക് വിത്ത് ഹുസൂർ) എന്ന വാരാന്ത പരിപാടി ആരംഭിച്ചപ്പോൾ അദ്ദേഹം തന്നെയായിരുന്നു അതിനു മുൻകയ്യെടുത്തത്. പ്രാദേശിക ജമാഅത്തു തലത്തിലും ഖുദ്ദാമുൽ അഹ്മദിയ്യായുടെ കീഴിലും സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. തന്റെ ജോലികൾ നിലവാരമുള്ള വിധത്തിൽ പൂർത്തിയാക്കുന്നതിനുള്ള അസാധാരണ ആവേശം പ്രിയങ്കരനായ ത്വാലിഇന് ഉണ്ടായിരുന്നു. അതിനായി ഒരുതരത്തിലുള്ള ആപത്തിനെയും വക വച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ ശഹാദത്തു സംഭവത്തിൽ നിന്നും അത് വ്യക്തമാകുന്നുണ്ട്. ടമാലെയുടെ സോണൽ മിഷണറി രാത്രി യാത്രകളിൽ സൂക്ഷ്മത വേണം എന്ന അഭിപ്രായം അദ്ദേഹത്തിനു നല്കിയിരുന്നു. എന്നാൽ സമയക്കുറവും ജോലിയുടെ ആധിക്യവും കാരണം ഇതാണ് ഉചിതം എന്നു മനസ്സിലാക്കി. ജമാഅത്തിന്റെ സ്വത്തിനും സമയത്തിനും എത്രമാത്രം വിലകല്പിച്ചിരുന്നുവെന്നാൽ യാത്രാമധ്യേയും ലാപ്ടോപ്പിൽ തന്റെ ജോലികൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
പാഹാ(mpaha) ജംങ്ഷനടുത്തെത്തിയപ്പോൾ കൊള്ളക്കാർ വാഹനത്തിനു നേരെ വെടിയുതിർത്തു. അദ്ദേഹത്തിന്റെ അരക്കെട്ടിന് വെടിയേല്ക്കുകയും രക്തം വാർന്നൊഴുകുകയും ചെയ്തു. ആദ്യം പോളിക്ലിനിക്കിൽ അദ്ദേഹത്തിന് വെദ്യചികിത്സ നല്കി. അവിടെ നിന്നും ടമാലേ ടീച്ചിങ് ഹോസ്പിറ്റലിലേക്ക് പോകും വഴി സംഭവത്തിന് ഏകദേശം നാലര മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം വഫാത്തായി.
ഉമർ ഫറൂഖ് സാഹിബ് പറയുന്നു; ത്വാലിഅ് എന്റെ മടിയിലായിരുന്നു തല വച്ചിരുന്നത് . ഈ സംഭവത്തെക്കുറിച്ച് ഹുസൂർ തിരുമനസ്സിന് വിവരം നല്കിയില്ലേ എന്ന് അദ്ദേഹം എന്നോട് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു; രക്തം വാർന്നു പോകുകയും അസഹനീയമായ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോഴും ഹോസ്പിറ്റലിൽ പോകുന്ന സമയത്ത് അദ്ദേഹം കൂടെയുള്ളവരോട് പറഞ്ഞു; വെടി വയ്പ്പ് നടക്കുമ്പോൾ ലാപ്ടോപ്പും മറ്റു വിലപ്പെട്ട സാമഗ്രികളും പിറകിലെ സീറ്റിനടിയിലേക്ക് തള്ളി നീക്കിയിട്ടുണ്ട്, അതെല്ലാം അവിടെ സുരക്ഷിതമാണ്. അവ പുറത്തെടുക്കണം.
ഇത്രമാത്രം മുറിവേറ്റിട്ടും ജമാഅത്തിന്റെ സാധനസാമഗ്രികളെ കുറിച്ചും ചരിത്രം സംരക്ഷിക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്കയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഉമർ ഫാറൂഖ് സാഹിബ് പറയുന്നു; ആശുപത്രിയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ എന്നോട് വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു; Tell Huzur, that i love him. And tell my family that I love them. ഞാൻ ഹുസൂറിനെ സ്നേഹിക്കുന്നുവെന്ന് ഹുസൂറിനോട് പറയണം, ഞാനെന്റെ കുടുംബത്തെ സ്നേഹിക്കുന്നുവെന്ന് കുടുംബത്തോടും പറയണം.
ഹുസൂർ അയ്യദഹുല്ലാഹ് പറഞ്ഞു; ഒരമുല്യ രത്നമാണ് നമ്മെ വിട്ടുപോയിരിക്കുന്നത്. ഖിലാഫത്തിനോട് കൂറുപുലർത്തുകയും ദീനിന് മുൻഗണന നല്കുകയും ചെയ്യുന്നവരെ അല്ലാഹു ജമാഅത്തിന് ഇനിയും നല്കിക്കൊണ്ടിരിക്കട്ടെ. എങ്കിലും ഈ നഷ്ടം നമ്മെ പിടിച്ചു കുലുക്കിയിരിക്കുന്നു. വഖ്ഫിന്റെ ആത്മാവിനെ ശരിക്കും മനസ്സിലാക്കുകയും സ്വന്തം പ്രതിജ്ഞകളെ ശരിക്കും നിറവേറ്റുകയും ചെയ്ത പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.
അവനെ കാണുമ്പോൾ എനിക്ക് അതിശയം തോന്നാറുണ്ട്. ഇപ്പോഴും തോന്നുന്നു. ഈ ലൗകികമായ പരിതസ്ഥിതിയിൽ വളർന്ന കുട്ടി തന്റെ വഖ്ഫിനെ മനസ്സിലാക്കുകയും അത് പൂർത്തിയാക്കുകയും അതിന്റെ പാരമ്യതയിലെത്തിക്കുകയും ചെയ്തു. അദ്ദേഹം തന്റെ പൂർവ്വികരുടെ സംഭവങ്ങൾ വായിച്ചിരുന്നത് അത് തന്റെ ജീവിതത്തിൽ പകർത്തുന്നതിനായിട്ടായിരുന്നു. ഖിലാഫത്തിനോടുള്ള ആത്മാർഥതയെയും കൂറിനെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ഗ്രാഹ്യം, അഗാധമായ ദീനിജ്ഞാനമുള്ളവർക്കു പോലുമുണ്ടാകില്ല.
അദ്ദേഹം ഖിലാഫത്തിനോട് യഥാർഹം കൂറുപുലർത്തി. ആ കൂറ് എത്രത്തോളമായിരുന്നുവെന്നാൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസ്ഥയിലും അദ്ദേഹത്തിന്റെ അവസാനവാക്കുകൾ കാലത്തിന്റെ ഖലീഫയോടുള്ള സ്നേഹത്തിന്റെയും അനുസരണത്തിന്റെയും വാക്കുകളായിരുന്നു. ആ സന്ദർഭത്തിൽ സ്വന്തം കുടുംബത്തെയും മക്കളെയും കുറിച്ചുള്ള ചിന്ത എല്ലാവർക്കുമുണ്ടാകും. എന്നാൽ എല്ലായ്പ്പോഴും സ്വന്തം മക്കളെക്കാളും കുടുംബത്തെക്കാളും മുമ്പേയും അവരോടൊപ്പവും കാലത്തിന്റെ ഖലീഫയോടുള്ള സ്നേഹ പ്രകടനം നടത്തണമെന്നു ചിന്തിക്കുന്നവർ വളരെ വിരളമായിരിക്കും.
രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ഖിലാഫത്തുമായുള്ള തന്റെ ബന്ധവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ഒരു കവിത എഴുതിയിരുന്നു. എന്നിട്ട് അത് തന്റെ ഒരു സുഹൃത്തിനു നല്കി അത് കയ്യിൽ വയ്ക്കാനും മറ്റാരെയും കാണിക്കാതിരിക്കാനും പറയുകയും ചെയ്തിരുന്നു. ആ കവിതയുടെ തുടക്കമിങ്ങനെയാണ്; ”ഞാൻ കാലത്തിന്റെ ഖലീഫയെ ഏറ്റവുമധികം സ്നേഹിക്കുന്നു. കവിത അവസാനിപ്പിക്കുന്നതിങ്ങനെയാണ്; ”കാലത്തിന്റെ ഖലീഫയോട് എനിക്കുള്ള സ്നേഹവും പ്രമവും അദ്ദേഹത്തിന് ഒരിക്കലും അറിയുന്നതല്ല”.
ഹുസൂർ അയ്യദഹുല്ലാഹു പറഞ്ഞു; അല്ലയോ പ്രിയങ്കരനായ ത്വാലിഅ്, നിന്റെ ഈ അവസാന വരികൾക്കും മുമ്പെ അത് എനിക്കറിയാമായിരുന്നു. നിന്റെ ഓരോ പ്രവൃത്തിയിൽ നിന്നും അനക്കമടക്കങ്ങളിൽ നിന്നും നിന്റെ കണ്ണുകളിലെ തിളക്കത്തിൽ നിന്നും നിന്റെ മുഖത്തുള്ള അനിതരസാധാരണമായ ശോഭയിൽ നിന്നും ആ സ്നേഹം പ്രതിഫലിക്കുന്നുണ്ടായിരുന്നു. എനിക്ക് ആ നിലയിലുള്ള സ്നേഹപ്രകടനം അതിവിരളമായെ കാണാൻ സാധിച്ചിട്ടുള്ളൂ.
അദ്ദേഹത്തിന് തന്റെ ജോലിയോട് ആത്മാർഥതയുണ്ടായിരുന്നത് അതുമുഖേന നബി(സ)തിരുമേനിയുടെ ദീനിന്റെ, ഇസ്ലാം ദീനിനിനെതിരെയുള്ള പ്രവർത്തനങ്ങളെ പ്രതിരോധിക്കാമെന്ന നിലയ്ക്കായിരുന്നു. ഹദ്റത്ത് ഖലീഫത്തുൽ മസീഹ് റാബിഅ്(റഹിമഹുല്ലാഹു)നെ ഖബറടക്കുന്ന സമയത്ത് അദ്ദേഹം എന്റെ വലതു വശത്തു വന്ന് നിന്നിരുന്നു. അതാരാണെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ഒരു പക്ഷെ പതിമൂന്നുകാരനായ ആ കുട്ടി ഞാൻ കാലത്തിന്റെ ഖലീഫയുടെ സഹായിയായിരിക്കുന്നതാണ് എന്ന പ്രതിജ്ഞ ചെയ്തിരിക്കാം.
അവൻ വിദ്യാഭ്യാസം പൂർത്തിയാക്കി വർഷങ്ങൾക്കു ശേഷം ആ പ്രതിജ്ഞ നല്ലവണ്ണം പൂർത്തിയാക്കുകയും ശഹീദായിക്കൊണ്ട് ഞാൻ ഖിലാഫത്തിന്റെ യഥാർഥ സഹായിയാണെന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു.
അല്ലയോ പ്രിയങ്കരനായ ത്വാലിഅ്! ഞാൻ സാക്ഷി പറയുകയാണ്, നീ നിന്റെ വഖ്ഫിന്റെയും പ്രതിജ്ഞയുടെയും ഉന്നതമായ നിലവാരം കരസ്ഥമാക്കിയിരിക്കുന്നു. മുറബ്ബിമാരുമായുള്ള ചില മീറ്റിംഗുകളിൽ മുറബ്ബിമാർ ഒരു മണിക്കൂറോളം തഹജ്ജുദ് നമസ്കരിക്കാൻ ശ്രമിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. പ്രിയങ്കരനായ ത്വാലിഅ് അത് പ്രാവാർത്തികമാക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം കാലത്തിന്റെ ഖലീഫയുടെ വാക്കുകൾ പ്രാവർത്തികമാക്കുവാൻ ഏതെല്ലാം വിധത്തിൽ പരിശ്രമിച്ചിരുന്നുവെന്ന് ഇതിൽ നിന്നും അനുമാനിക്കാവുന്നതാണ്.
ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെ കുടുംബാംഗമെന്ന നിലയ്ക്ക് അദ്ദേഹം മസീഹ് മൗഊദ്(അ)ന്റെ കുടുംബക്കാർക്കും അനുസരണത്തിന്റെയും ആത്മാർഥതയുടെയും മാതൃക സ്ഥാപിച്ചിട്ടാണ് പോയത്. വഖ്ഫെ സിന്ദഗികൾ (ജീവിതം സമർപ്പിച്ചവർ)ക്കും അദ്ദേഹം വിസ്മയകരമായ മാതൃകയായിരുന്നു.
സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ അലവൻസ് കുറവാണെന്നോ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. അല്ലാഹുവേ നീയെന്നെ ഞെരുക്കത്തിലാക്കരുതേ എന്ന് അല്ലാഹുവിനോട് അദ്ദേഹം ദുആ ചെയ്യുമായിരുന്നു. ഹുസൂർ അയ്യദഹുല്ലാഹു പറഞ്ഞു; അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ കുറിച്ച് ഒരു പരിധി വരെ എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ നന്മയുടെയും തഖ്-വയുടെയും നിലവാരവും വളരെ അത്യുന്നതമായിരുന്നു.
ആമിർ സഫീർ സാഹിബ് പറയുന്നു; ത്വാലിഅ് നിരവധി കഴിവുകൾക്കുടമയാണെന്ന് ഞാനെന്റെ കണ്ണുകൾക്കൊണ്ട് കണ്ടിട്ടുണ്ട്. ഏതെങ്കിലും പ്രാജക്റ്റ് ആരംഭിക്കുമ്പോൾ അദ്ദേഹം പൂജ്യത്തിൽ നിന്നാരംഭിച്ച് അഭിമാനാർഹമായ നിലയിൽ അതിനെ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
സദ്ർ ഖുദ്ദാമുൽ അഹ്മദിയ്യ ഖുദ്ദൂസ് ആരിഫ് സാഹിബ് പറയുന്നു; അദ്ദേഹം കുട്ടിയായിരിക്കുമ്പോഴെ എനിക്ക് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹ മലിക് ഗുലാം ഫരീദ് സാഹിബിന്റെ ഷോർട്ട് കമന്ററിയും അതുപോലെ ഫൈവ് വോള്യംസ് കമന്ററിയും വിശദമായി വായിച്ചിരുന്നു.
ഭാര്യ സത്വത്ത് സാഹിബ പറയുന്നു അദ്ദേഹത്തിന് നബി(സ)തിരുമേനിയോട് എത്രമാത്രം സ്നേഹമുണ്ടായിരുന്നുവെന്നാൽ നബിതിരുമേനിയെക്കുറിച്ച് പരാമർശിക്കുമ്പോൾ അദ്ദേഹം കുട്ടികളെപ്പോലെ കരയുമായിരുന്നു. മകൻ ത്വലാലിന് നബിചരിത്രം പറഞ്ഞു കൊടുക്കുമ്പോൾ അദ്ദേഹം തേങ്ങിക്കരയുമായിരുന്നു. മകൻ ക്രിസ്ത്യൻ സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂളിൽ കൊണ്ടുപോകുമ്പോൾ സുറത്തുൽ ഇഖ്ലാസ് ചൊല്ലിക്കുമായിരുന്നു കാലത്തിന്റെ ഖലീഫയ്ക്ക് ഏതെങ്കിലും കാര്യം അനിഷ്ടമായി എന്ന് വല്ലപ്പോഴും തോന്നുമ്പോൾ തഹജ്ജുദ് നമസ്കാരത്തിൽ അല്ലാഹുവിന്റെ മുമ്പിൽ ഏങ്ങിക്കരഞ്ഞുകൊണ്ട് മാപ്പ് ചോദിക്കുമായിരുന്നു. അല്ലാഹുവിൽ അസാധാരണമായ തവക്കുൽ ആയിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ ആവശ്യങ്ങളെല്ലാം പൂർത്തീകരിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു.
ശഹീദിന്റെ പിതാവ് പറയുന്നു; അൽഹംദുലില്ലാഹ് അല്ലാഹു ഞങ്ങളുടെ മകനെ ശഹാദത്തിനു വേണ്ടി തിരഞ്ഞെടുത്തു. അവന്റെ മനസ്സ് നബി(സ) തിരുമേനിയോടുള്ള സ്നേഹത്താൽ 1400 വർഷങ്ങൾക്കു മുമ്പുള്ള മക്കയിലെയും മദീനയിലെയും തെരുവീഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. അദ്ദേഹം അനുരാഗത്തിന്റെ പ്രതിരൂപമായിരുന്നു.
ശഹീദ് മർഹൂമിന്റെ മാതാവ് പറയുന്നു; മകന്റെ മരണശേഷമാണ് അങ്ങയോട് എത്രമാത്രം സ്നേഹമുണ്ടായിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്.
ശഹീദിന്റെ സഹോദരി നുദ്റത്ത് സാഹിബ പറയുന്നു; ത്വാലിഇന്റെ ദീനിജ്ഞാനം വളരെ വിശാലമായിരുന്നു, ഹദീഥ് ധാരാളം പാരായണം ചെയ്യുമായിരുന്നു. അറബി ഭാഷയും ഗ്രാമറും മനസ്സിലാക്കാൻ ശ്രമിക്കുമായിരുന്നു. തന്റെ എല്ലാ ബൗദ്ധിക കഴിവുകളും ദെവസാമിപ്യത്തിനും ജമാഅത്തിന്റെ സേവനത്തിനുമായി വിനിയോഗിച്ചു. ത്വാലിഅ് ശഹാദത്തിനെ സംബന്ധിച്ച് സ്വപ് നം കണ്ടിരുന്നു; താൻ ഖുദ്ദാമുൽ അഹ്മദിയ്യായുടെ വസ്ത്രം ധരിച്ച് പതാകയുമേന്തി സ്വർഗത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരും തന്നെ എന്നെ കുറിച്ച്, മിർസാ ഗുലാം ഖാദിർ (ശഹീദായ അദ്ദേഹത്തിന്റെ ഭാര്യാപിതാവ്)വന്നിരിക്കുന്നു എന്നു പറയുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ഇളയ സഹോദരി പറയുന്നു; ഒരു ഉത്തമ റോൾ മോഡൽ ആയിരുന്നു അദ്ദേഹം. ഓഫിസിൽ പോകുമ്പോഴും വരുമ്പോഴും എപ്പോഴും ഹദ്റത്ത് ഖലീഫത്തുൽ മസീഹ് റാബിഅ്(റഹ്)ന്റെ ദർസുൽ ഖുർആൻ കേൾക്കുമായിരുന്നു.
ആബിദ് വഹീദ് സാഹിബ് പറയുന്നു; ഡോക്യുമെന്ററി നിർമ്മിക്കുമ്പോൾ അധികവും ഞാൻ അദ്ദേഹത്തെ പതിനെട്ട് പത്തൊൻപത് മണിക്കൂർ ജോലി ചെയ്യുന്നതായി കണ്ടിട്ടുണ്ട്. മിർസാ ത്വൽഹ അഹ്മദ് സാഹിബ് പറയുന്നു; ത്വാലിഇന് സ്ക്രിപ്റ്റ് എഴുത്തിലും സ്റ്റോറി ടെല്ലിംഗിലും പ്രാവീണ്യമുണ്ടായിരുന്നു.
നസീം ബാജ്വാ സാഹിബ് പറയുന്നു; ഞാൻ മുറബ്ബിയായി നിയമിതനായപ്പോൾ അദ്ദേഹം അത്ഫാലുൽ അഹ്മദിയ്യായിലെ അംഗമായിരുന്നു. അക്കാലത്തു തന്നെ അദ്ദേഹം വളരെ സമയനിഷ്ടയുള്ളയാളായിരുന്നു. ഗാംഭീര്യമുള്ളവനും ബുദ്ധിശാലിയും ദീനീജ്ഞാനങ്ങളിൽ തല്പരനും അനുസരണയുള്ളവനും അതിഥിസല്ക്കാര പ്രിയനും ദെവസ്മരണ ചെയ്യുന്നവനും മുതിർന്നവരെ ബഹുമാനിക്കുന്നവനും നല്ല ചിന്താശീലനുമായിരുന്നു.
മുറബ്ബിയായ നോശേർവാൻ റശീദ് സാഹിബ് പറയുന്നു; മൂന്നു വർഷത്തെ കാലയളവിൽ പ്രിയ സഹോദരൻ, ത്വാലിഅ് വ്യാഴാഴ്ചകളിൽ കൃത്യമായി നോമ്പ് പിടിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്.
ഹുസൂർ അയ്യദഹുല്ലാഹു പറഞ്ഞു; ത്വാലിഅ് ശഹീദ്, നബി(സ)തിരുമേനിയുടെയും ഹദ്റത്ത് മസീഹ് മൗഊദ്(അ)ന്റെയും ഭൗതികവും ആത്മീയവുമായി അദ്ദേഹത്തിനുണ്ടായ കുടുംബന്ധത്തിന്റെ കടമകൾ പൂർത്തിയാക്കി. അദ്ദേഹം നബി(സ)തിരുമേനിയുടെ കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു. അല്ലാഹു മുഹർറം മാസത്തിൽ തന്നെ അദ്ദേഹത്തെ ബലിയർപ്പണത്തിനായി തെരഞ്ഞെടുത്തു. അല്ലാഹു അദ്ദേഹത്തിന് നബി(സ) തിരുമേനിയുടെ തിരുചരണങ്ങളിൽ ഇടം നല്കിയിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു.
ഒരാൾ ഇപ്രകാരം സ്വപ്നം കാണുകയുണ്ടായി; നബി(സ)തിരുമേനി ഒരിടത്തു നില്ക്കുകയാണ് ത്വാലിഅ് ഓടിചെന്ന് നബി(സ)തിരുമേനിയെ ആലിംഗനം ചെയ്യുന്നു. നബിതിരുമേനിയും അദ്ദേഹത്തെ വാരിപ്പുണർന്നു കൊണ്ടു പറയുന്നു; എന്റെ മകനേ, നിനക്ക് സ്വാഗതം. ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്), അദ്ദേഹത്തിന്റെ ജനാസ നമസ്കരിപ്പിക്കുന്നതാണെന്നു പറഞ്ഞതിനു ശേഷം ഇപ്രകാരം ദുആ ചെയ്തു;
അല്ലാഹു അദ്ദേഹത്തിന്റെ ഭാര്യാമക്കളുടെ സംരക്ഷകനും സഹായിയുമാകട്ടെ. മാതാപിതാക്കൾക്കും സഹോദരീസഹോദരന്മാർക്കും ക്ഷമയും ധെര്യവും പ്രദാനം ചെയ്യട്ടെ. സഹോദരീസഹോദരന്മാർക്കും കുട്ടികൾക്കും അദ്ദേഹത്തിന്റെ നന്മകൾ തുടർന്നു കൊണ്ടു പോകാൻ സാധിക്കട്ടെ. (ആമീൻ)