കേവലം ദാഹവും വിശപ്പും പോലെ പ്രകൃത്യാ അനുഭവപ്പെടുന്ന ഒരു തൃഷ്ണയായി കണക്കാക്കാതെ, സന്താനലബ്ധിക്കുള്ള ആഗ്രഹം ജനിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് മനുഷ്യൻ ചിന്തിക്കേണ്ടതാണ്. കാരണം, ഒരു പരിധിയും വിട്ട് ഈ ആഗ്രഹം ഉണ്ടാവുകയാണെങ്കിൽ അതിന്റെ സംസ്കരണത്തെ കുറിച്ച് ആലോചിക്കണം.
‘മാ ഖലക്ക്തുൽ ജിന്ന വൽ ഇൻസ ഇല്ലാ ലിയഅ്ബുദൂന്’ (അദ്ദാരിയാത് 57) എന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തിൽ, അല്ലാഹു അവനെ ഇബാദത് ചെയ്യാൻ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. (എന്നാൽ) മനുഷ്യൻ സ്വയം സത്യവിശ്വാസിയും ദൈവാരാധകനും ആകാതെ; തന്റെ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം പൂർത്തിയാക്കുകയോ, ആരാധനയുടെ പൂർണ്ണ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയോ ചെയ്യാതെ ദുഷ്കർമങ്ങളിലും നീചകൃത്യങ്ങളിലും ജീവിതം കഴിച്ചുകൂട്ടുകയും പാപങ്ങളിൽ മുഴുകുകയുമാണ് ചെയ്യുന്നതെങ്കിൽ അത്തരം ഒരുവന്റെ സന്താനങ്ങൾക്കു വേണ്ടിയുള്ള ആഗ്രഹത്തിന്റെ ഫലമെന്തായിരിക്കും? പാപങ്ങൾ (തുടർന്നും) ചെയ്തുകൂട്ടാൻ അവൻ തന്റെയൊരു പ്രതിനിധിയെ വിട്ടുപോകാൻ ആഗ്രഹിക്കുന്നു. അത്രമാത്രം. അതിനുവേണ്ടി സന്താനങ്ങൾ ആഗ്രഹിക്കാൻ അവൻ സ്വയം (ദുഷ്കർമ്മങ്ങളുടെ കാര്യത്തിൽ) എന്ത് കുറവാണ് വരുത്തിയത്. സന്താനങ്ങളാഗ്രഹിക്കുമ്പോൾ അവർ ദീനുള്ളവരും സാത്വികരും അല്ലാഹുവിനെ അനുസരിക്കുന്നവരും അവന്റെ ദീനിന്റെ സേവകരും ആയിത്തീരണമെന്ന ലക്ഷ്യത്തോടെ ആകുന്നില്ലെങ്കിൽ അത് വ്യർഥമാണ്. മാത്രമല്ല, ഒരുതരത്തിലുള്ള അകൃത്യവും അപരാധവുമാണ്. അതിന്റെ നാമം ‘ബാക്കിയാത്തുസ്സാലിഹാത്’ (സ്ഥായിയായി നിലകൊള്ളുന്ന സുകൃതങ്ങൾ) എന്നതിനു പകരം ‘ബാക്കിയാത്തുസ്സയ്യിആത്’ (എന്നെന്നും നിലനിൽക്കുന്ന തിന്മകൾ) എന്നു വെക്കലായിരിക്കും ശരി. പക്ഷേ, ഏതൊരുവൻ ഞാൻ സാത്വികരും ദൈവഭക്തരും ദീനിന്റെ സേവകരുമായ സന്താനങ്ങൾ ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്നുവെന്ന് നാവുകൊണ്ട് ഏറ്റുപറയുകയും എന്നാലവൻ സ്വന്തം അവസ്ഥളിൽ യാതൊരു സംസ്കരണവും വരുത്താതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതവന്റെ പൊള്ളയായ വാദം മാത്രമാണ്. സ്വയം അകൃത്യങ്ങളിലും അധർമങ്ങളിലും മുഴുകി ജീവിക്കുകയും നാവുകൊണ്ട് സ്വാലിഹും മുത്തഖിയുമായ സന്താനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്യുകയാണെങ്കിൽ അവൻ വ്യാജവാദിയാണ്. മുത്തഖിയും സ്വാലിഹുമായ സന്താനമാഗ്രഹിക്കുന്നതിന് മുമ്പ് സ്വന്തം സംസ്കരണം അനിവാര്യമാകുന്നു. സ്വയം സാത്വികതയോടെ ജീവിതം നയിക്കുമ്പോൾ അവന്റെ പ്രസ്തുത ആഗ്രഹത്തിന്റെ ഫലം സുകൃതം ആഗ്രഹിക്കലായിത്തീരും. അത്തരം സന്താനങ്ങൾ യഥാർത്ഥത്തിൽ ‘ബാക്കിയാത്തുസ്സാലിഹാത്’ എന്നതിന്റെ സാക്ഷാൽക്കാരമാകുന്നു. പക്ഷേ, ഈ സന്താനലബ്ധിക്കുള്ള ആഗ്രഹം കേവലം തങ്ങളുടെ പേര് നിലനിൽക്കുമാറാകണം; തങ്ങളുടെ സ്വത്തിന്റെയും വസ്തുവകകളുടെയും അനന്തരാവകാശിയുണ്ടാകണം; അല്ലെങ്കിൽ അവർ വലിയ പേരും പ്രശസ്തിയുമുള്ളവരായിത്തീരണം തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ ആ രീതിയിലുള്ള ആഗ്രഹം ശിർക്ക് ആകുന്നു.
(മൽഫൂദാത്ത് വാ.2, പേ. 370-371)