ദർസ് 9 : “ധൈര്യം ഒരിക്കലും കൈവിടരുത്“

  • അറബ് സുഹൃത്ത് താടിവെക്കുന്നത് സംബന്ധമായി ചോദിച്ചപ്പോൾ ഹുസൂർ (അ) അരുൾ ചെയ്തു:

    ചില ഇംഗ്ലീഷുകാർ താടിയും മീശയും അപ്പടി വടിച്ചുകളയുന്നു. അത് അവരുടെ മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുവെന്നത്രെ അവർ കരുതുന്നത്. എന്നാൽ നമുക്ക് അത്തരക്കാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനോട് തന്നെ വിരക്തിയാണ്. താടിവെക്കുന്നത് പ്രവാചകന്മാരുടെയും സദ്‌വൃത്തരുടെയും ചര്യയാണ്. അത് അങ്ങേയറ്റം പ്രിയപ്പെട്ടതാണ്. ഏറെ നീണ്ട് പോകുന്നെങ്കിൽ കത്രിച്ച് ശരിപ്പെടുത്താം…. അല്ലാഹു ആണിനും പെണ്ണിനും ഇടയിലുള്ള ഒരു പ്രധാന വ്യത്യാസമായി വെച്ച ഒന്നാകുന്നു ഇത്.
  • ഒരു സുബഹി നമസ്കാര സമയത്ത് അവിടുന്ന് അരുൾ ചെയ്തു: മൂന്ന് മണിവരെ ഉണർന്നിരുന്നുകൊണ്ടാണ് (മവാഹിബുറഹ്മാൻ പുസ്തകത്തിന്റെ) കോപിയും പ്രൂഫും ശരിയായത്.  മൗലവി അബ്ദുൽ കരീം സാഹിബിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. അദ്ദേഹവും ഉറക്കമുണർന്ന് ജോലികളിൽ നിരതനായി. അദ്ദേഹത്തിനു ഇപ്പോൾ വരാൻ സാധിക്കില്ല. ഇതും ഒരുതരത്തിലുള്ള ജിഹാദ് തന്നെയാകുന്നു. രാത്രികളിൽ ഉറക്കമുണർന്നിരിക്കേണ്ട അനിവാര്യത മനുഷ്യർക്ക് നേരിടാറുണ്ട്. പക്ഷേ, അല്ലാഹുവിന്റെ ജോലികളിൽ കഴിച്ചുകൂട്ടുന്നവർ എത്ര സൗഭാഗ്യവാന്മാരാണ്.
  • ധൈര്യം ഒരിക്കലും കൈവിടരുത്. അത് ഉൽകൃഷ്ട ഗുണങ്ങളിൽ പെട്ടതാകുന്നു. സത്യവിശ്വാസി വളരെ ഉന്നത നിലവാരമുള്ള ധൈര്യശാലിയായിരിക്കും.

    അല്ലാഹുവിന്റെ ദീനിന്റെ സഹായത്തിനും സേവനത്തിനും വേണ്ടി സദാ സന്നദ്ധനായിരിക്കേണ്ടതാണ്. ഭീരുത്വം ഒരിക്കലും പ്രകടിപ്പിക്കരുത്. അത് കപടവിശ്വാസികളുടെ ലക്ഷണമാകുന്നു. മൂഅ്മിൻ ധീരനും നിർഭയനുമായിരിക്കും. എന്നാൽ, അവന്റെ ധീരത കൊണ്ട് അർത്ഥമാക്കുന്നത് അനവസരത്തിലുള്ള ധൈര്യമല്ല. സന്ദർഭൗചിത്യം കൂടാതെ കാണിക്കുന്ന ധൈര്യം കേവലം അവിവേക സാഹസമാണ്. സത്യവിശ്വാസി തിടുക്കം കൂട്ടുന്നില്ല. പ്രത്യുത അങ്ങേയറ്റത്തെ ജാഗ്രതയോടും സഹിഷ്ണുതയോടും കൂടി ദീനിന്റെ സേവനത്തിനു വേണ്ടി ഭീരുത്വമന്യേ അവൻ സർവ്വദാ തയ്യാറായി നിൽക്കുന്നു.  
  • മനുഷ്യൻ ചിലപ്പോൾ അല്ലാഹുവിനെ ദേഷ്യം പിടിപ്പിക്കുന്ന പവൃത്തി ചെയ്തുകളയുന്നു. ഉദാഹരണത്തിനു ഏതെങ്കിലും യാചകനെ തള്ളിമാറ്റിയാൽ നിശിതമായ അവസ്ഥക്ക് കാരണമാകുന്നു. അല്ലാഹുവിനെ അരിശം കൊള്ളിക്കുന്ന പ്രവൃത്തിയായിരിക്കും അത്. യാചകനെന്തെങ്കിലും നൽകാൻ അവന് സൗഭാഗ്യമുണ്ടാകുന്നില്ല. എന്നാൽ സൗമ്യതയോടും സൽസ്വഭാവത്തോടും കൂടി പെരുമാറിയാൽ – ഒരു കപ്പ് വെള്ളം കൊടുത്താൽ പോലും – അത് ഖബ്സ് (ഹൃദയത്തിന്റെ ആലസ്യം മൂലമുണ്ടാകുന്ന അഭിരുചിയില്ലായ്മ) മാറ്റാനുള്ള മാർഗ്ഗമായിത്തീരുന്നു.
  • അധമ ചിന്തകൾ മനസ്സിൽ വരുന്നതുമായി ബന്ധപ്പെട്ടുള്ള സംശയത്തിനു നൽകിയ മറുപടിയിൽ ഹുസൂർ (അ) അരുൾ ചെയ്യുന്നു:

    പതിയെ പതിയെ ദൈവഭയം ഉണ്ടായിത്തീരൽ തന്നെയാണ് ഇത്തരം അവസ്ഥകൾക്കുള്ള പ്രതിവിധി… ഭയപ്പെടേണ്ടതില്ല. മെല്ലെമെല്ലെ അകന്നുകൊള്ളും. അനിയന്ത്രിതമായി ഹൃദയത്തിലുണ്ടാകുന്ന അത്തരം അധമ ചിന്തകൾക്ക്  മനുഷ്യൻ അല്ലാഹുവിന്റെ സന്നിധിയിൽ ഉത്തരവാദികളല്ല. പ്രത്യുത അത്തരം പൈശാചിക ചിന്തകളെ അനുവർത്തിക്കുകയാണെങ്കിൽ മാത്രമേ പിടിക്കപ്പെടുകയുള്ളൂ. ആ വിധത്തിൽ അകതാരിലുടലെടുക്കുന്ന ചിന്തകൾ മനുഷ്യന്റെ നിയന്ത്രണത്തിനതീതവും ചോദ്യം ചെയ്യപ്പെടാത്തവയുമത്രെ. ക്ഷമ കൈവെടിയാൻ പാടില്ല. ധൃതിയിൽ ഇത്തരം കാര്യങ്ങൾ അവസാനിക്കില്ല. സമയം വന്നാൽ ദൂരപ്പെടുന്നതാണ്. പശ്ചാത്താപത്തിലും പൊറുക്കൽ തേടലിലും മുഴുകി കർമ്മങ്ങൾ സംസ്കരിക്കുക. ജീവിതത്തിന്റെ പിന്നിട്ട ഏതോ ഘട്ടത്തിൽ അത്തരം ചിന്തകളുടെ ബീജം ഇടപ്പെടുന്നതുകൊണ്ടാണ് വീണ്ടും ജനിക്കുന്നത്. അവ അകലാൻ തുടങ്ങുമ്പോൾ നാം അറിയുകപോലും ചെയ്യാതെ ഒരടിക്ക് നിർമാർജ്ജനം ചെയ്യപ്പെടും…
  • ഒരു അറബിയിൽ നിന്ന് ഹുസൂർ(അ) ന് വന്ന കത്തിൽ എഴുതപ്പെട്ടിരിന്നു: ‘താങ്കൾ ആയിരം രൂപ എനിക്ക് അയക്കുകയും താങ്കളുടെ ഒരു വക്കീലിനെ ഇവിടെ നിശ്ചയിക്കുകയുമാണെങ്കിൽ ഞാൻ താങ്കളുടെ മിഷന്റെ പ്രചാരണം നടത്താം.’

    ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുൾ ചെയ്തു:

    അദ്ദേഹത്തിനു മറുപടി എഴുതിയാലും, ‘ഞങ്ങൾക്ക് ഒരു വക്കീലിന്റേയും ആവശ്യമില്ല. ഇരുപത്തിരണ്ട് വർഷങ്ങളായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന ഒരേയൊരു വക്കീലാണ് ഞങ്ങൾക്കുള്ളത്. അവനുണ്ടായിരിക്കേ നമുക്ക് മറ്റൊരാളുടെ ആവശ്യമെന്ത്? മാത്രമല്ല അവൻ ഇങ്ങനെയും പറഞ്ഞുവെച്ചിട്ടുണ്ട്:

    “അലൈസല്ലാഹു ബികാഫിൻ അബ്ദഹു”‘

(മൽഫൂദാത്)

ത്വാലിബെ ദുആ: അബു-അയ്മൻ