വ്യക്തമാക്കിക്കൊള്ളട്ടെ! എന്റെ ജമാഅത്തിൽ ഉൾപ്പെട്ടവരാണെന്ന് സ്വയം അവകാശപ്പെടുന്ന വിവേകശൂന്യരായ ചിലർ ഹദ്റത്ത് ഇമാം ഹുസൈൻ (റ) വിനെ സംബന്ധിച്ച് (നൗഊദുബില്ലാഹ്) ‘അദ്ദേഹം കാലത്തിന്റെ ഖലീഫയായ യസീദിന്റെ കരങ്ങളിൽ ബൈഅത്ത് ചെയ്യാതിരുന്ന കാരണത്താൽ പ്രക്ഷോഭകരിൽ ഉൾപ്പെട്ട വ്യക്തിയായിരുന്നുവെന്നും; യസീദ് സത്യത്തിലായിരുന്നുവെന്നും’ ഒക്കെയുള്ള ഭാഷണങ്ങൾ തങ്ങളുടെ നാവിൽനിന്ന് പുറപ്പെടുവിച്ചിരിക്കുന്നതായി എനിക്ക് ഒരു വ്യക്തിയിൽനിന്ന് ലഭിച്ച പോസ്റ്റ് കാർഡ് മുഖേന അറിയാൻ സാധിച്ചിരിക്കുന്നു. ‘ലഅനത്തുല്ലാഹി അലൽ കാദിബീൻ’ എന്റെ ജമാഅത്തിലെ സൽപന്ഥാവിൽ സഞ്ചരിക്കുന്ന ഏതെങ്കിലുമൊരു അംഗത്തിന്റെ അധരങ്ങളിൽനിന്ന് ഇത്തരം അധമമായ വാക്കുകളുതിർന്നിട്ടുണ്ടാകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, അതോടൊപ്പം ഞാൻ ഇങ്ങനെയും ചിന്തിക്കാതിരുന്നില്ല, നിരവധി ശിയാക്കൾ അവരുടെ ശകാരവാക്കുകളിലും അധിക്ഷേപങ്ങളിലും ഈയുള്ളവനേയും ഉൾപ്പെടുത്തിയിരുന്നു; അപ്പോൾ വിവരവും വിവേചനബോധവുമില്ലാത്ത ഏതെങ്കിലുമൊരുവൻ വിഡ്ഡിത്തത്തിനു പകരമായി വിഡ്ഢിത്തം പുലമ്പിയിട്ടുണ്ടെങ്കിൽ അതിൽ അത്ഭുപ്പെടാനില്ല. ധർമ്മബോധമില്ലാത്ത ചില ക്രൈസ്തവർ ഹദ്റത്ത് നബികരിം(സ) തിരുമേനിയുടെ പവിത്രതയ്ക്ക് നിരക്കാത്ത അസഭ്യങ്ങൾ പറയുമ്പോൾ ചില വിവരംകെട്ട മുസ്ലിംകൾ ഹദ്റത്ത് ഈസാ(അ) നെ സംബന്ധിച്ച് അതേ കണക്കിൽ ദൂഷ്യവാക്കുകൾ പ്രയോഗിക്കാറുള്ളത് പോലെയാണത്.
എന്തായാൽതന്നെയും, ഞാൻ ഈ വിജ്ഞാപനത്തിലൂടെ എന്റെ ജമാഅത്തിനെ ഉണർത്തുകയാണ്, ‘യസീദ്’ ഒരു അവിശുദ്ധനും ഐഹികലോകത്തിന്റെ കീടവും, അക്രമിയുമായിരുന്നു. ഏതൊരു അർത്ഥത്തിന്റെ അടിസ്ഥാനത്തിലാണോ ഒരുവൻ ‘സത്യവിശ്വാസി’ എന്ന് വിളിക്കപ്പെടുന്നത്, അത്തരം യാതൊരു അർത്ഥവും അയാളിൽ കാണപ്പെട്ടിരുന്നില്ല. സത്യവിശ്വാസി ആയിത്തീരുകയെന്നത് ഒരു അനായാസകാര്യമല്ല. അല്ലാഹു അങ്ങനെയുള്ള വ്യക്തികളെ സംബന്ധിച്ച് അരുൾ ചെയ്യുന്നു, ‘ഖാലത്തിൽ അഅ്റാബു ആമന്നാ ഖുൽ ലം തുഅ്മിനൂ വലാകിൻ ഖൂലൂ അസ്ലംനാ’ അതായത്, തന്റെ കർമ്മങ്ങളിലൂടെ വിശ്വാസത്തിന്റെ തെളിവു സമർപ്പിക്കുന്നവനത്രെ മുഅ്മിൻ. അവരുടെ ഹൃദയത്തിൽ സത്യവിശ്വാസം ഉല്ലേഖനം ചെയ്യപ്പെടുന്നു. അവർ അല്ലാഹുവിന്റെ പ്രീതിയെ മറ്റെല്ലാ കാര്യങ്ങൾക്കും മീതെ മുന്തിക്കുന്നു. അല്ലാഹുവിന്നായിക്കൊണ്ട് അവർ തഖ്വയുടെ അതിസൂക്ഷ്മവും ഞെരുക്കം നിറഞ്ഞതുമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. അവന്റെ അനുരാഗത്തിൽ അവർ ലയിക്കുകയും ബിംബങ്ങളെ പോലെ ദൈവമാർഗ്ഗത്തിൽ വിഘ്നമായി ഭവിക്കുന്ന സകലകാര്യങ്ങളിൽനിന്നും – അവ സ്വഭാവസ്ഥിതിയോ, കപടചേഷ്ടകളോ, അശ്രദ്ധയോ, അലസതയോ ആവട്ടെ – അവർ സ്വയം ദൂരത്തേക്ക് പിന്മാറിക്കളയുന്നു. എന്നാൽ ആ ഹതഭാഗ്യനായ യസീദിനു ഇക്കാര്യങ്ങളൊക്കെ എവിടെനിന്നാണ് കരഗതമായത്? ലൗകീകാനുരാഗം അയാളെ കുരുടനാക്കിയിരുന്നു. എന്നാൽ ഹദ്റത്ത് ഹുസൈൻ (റ) പരിശുദ്ധനും പവിത്രഹൃദയനുമായിരുന്നു. നിസ്സന്ദേഹം ആ മഹാത്മാവ് അല്ലാഹു സ്വയം തിരുകരങ്ങളാൽ ശുദ്ധീകരിക്കുകയും തന്റെ സ്നേഹാതിരേകത്താൽ വരിഷ്ഠരാക്കുകയും ചെയ്ത മഹാരഥരിൽ ഉൾപ്പെട്ടയാളായിരുന്നു. സ്വർഗ്ഗത്തിലെ നേതാക്കന്മാരിൽ ഒരാളാണദ്ദേഹം എന്നതിലും സന്ദേഹമില്ല. ഒരു അണുഅളവ് പോലും അദ്ദേഹത്തോട് വിദ്വേഷം പ്രകടിപ്പിച്ചാൽ അത് തങ്ങളുടെ ഈമാനെ ഹനിച്ചുകളയലായിത്തീരും.
ആ ഇമാമിന്റെ സാത്വികതയും, ദൈവാനുരാഗവും, ക്ഷമയും, സ്ഥിരചിത്തതയും, തീവ്രയത്നങ്ങളും, ഇബാദത്തുകളും നമുക്ക് ഉൽകൃഷ്ട മാതൃകയാകുന്നു. നാം ആ നിഷ്കളങ്കനായ ഇമാമിന് കരഗതമായ സന്മാർഗ്ഗത്തെ പിൻപറ്റുന്ന മുഖ്തദിയാകുന്നു. അദ്ദേഹത്തോട് ശത്രുത പുലർത്തുന്ന ഹൃദയം നാശമടഞ്ഞിരിക്കുന്നു! കർമ്മരൂപേണ അദ്ദേഹത്തോട് അനുരക്തനാവുകയും അവിടത്തെ ഈമാൻ, സൽസ്വഭാവം, ധീരത, തഖ്വ, സ്ഥൈര്യം, ദൈവപ്രേമം തുടങ്ങിയവയുടെ തനിരേഖാചിത്രം തെളിഞ്ഞ ദർപ്പണത്തിൽ ഒരു സുന്ദരന്റെ രുപം തെളിയുന്നത് കണക്കെ പൂർണ്ണാനുധാവനത്തോടെ തന്റെ അന്തരംഗത്ത് പതിപ്പിക്കുന്നവനാരോ അവൻ വിജയം പ്രാപിച്ചിരിക്കുന്നു. അവരെ പോലുള്ള മഹാത്മാക്കൾ ലൗകിക നയനങ്ങളിൽനിന്ന് ഗോപ്യമായവരാകുന്നു. അവരിൽനിന്ന് തന്നെയുള്ളവരല്ലാതെ മറ്റാരാണ് അവരുടെ വില തിരിച്ചറിയുന്നത്? അവരെ ഭൗതിക നേത്രങ്ങളാൽ തിരിച്ചറിയാനാകില്ല. എന്തെന്നാൽ അവർ ഭൗതീകലോകത്തുനിന്ന് വിദൂരസ്ഥരാകുന്നു. ഇതുതന്നെയായിരുന്നു മഹാനായ ഹുസൈൻ (റ) ന്റെ ശഹാദത്തിന് നിദാനം. എന്തെന്നാൽ അദ്ദേഹം തിരിച്ചറിയപ്പെട്ടില്ല. മുമ്പ് ലോകം ഏത് പവിത്രനും വരിഷ്ഠനുമായ ആളെയാണ് സ്നേഹിച്ചിട്ടുള്ളത്? എന്നിട്ടല്ലേ അദ്ദേഹം. ചുരുക്കത്തിൽ, ഹദ്റത്ത് ഹുസൈൻ (റ) നെ നിന്ദിക്കുകയെന്നത് അങ്ങേയറ്റത്തെ കഠിനഹൃദയത്വവും വിശ്വാസരാഹിത്യവുമാകുന്നു. ഏതൊരുവനാണോ ഹദ്റത്ത് ഹുസൈൻ (റ) വിനെയോ പരിശുദ്ധ വൃന്ദത്തിൽപ്പെട്ട മറ്റേതെങ്കിലും മഹദ്വ്യക്തികളെയോ നിന്ദിക്കുന്നത് അവൻ തന്റെ ഈമാനെ വ്യർത്ഥമാക്കിക്കളയുകയാണ് ചെയ്യുന്നത്. എന്തെന്നാൽ അല്ലാഹു തന്റെ തിരഞ്ഞെടുക്കപ്പെട്ട വരിഷ്ഠജനത്തോട് വൈരം പുലർത്തുന്നവരുടെ വൈരിയിത്തീരുന്നതാണ്.
ആരെങ്കിലും എന്നെ ചീത്തപറയുകയും അവഹേളിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനെതിരിൽ അവരുടെ ആദരണീയരും ദൈവാനുരാഗികളുമായ വ്യക്തികളെ സംബന്ധിച്ച് അസംഭ്യം നിറഞ്ഞ വാക്കുകൾ നാവിൽ കൊണ്ടുവരുന്നത് കൊടും പാപമാകുന്നു. അത്തരം സന്ദർഭങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും അജ്ഞരായ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യലാണ് ഏറ്റവും ഉത്തമമായ നടപടി. എന്തെന്നാൽ ഞാൻ ഏതൊരുവനിൽനിന്നാണ് വന്നിട്ടുള്ളതെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അധമമായ വാക്കുകൾ നാവിൽ ഉച്ചരിക്കില്ലായിരുന്നു…
(ഇശ്തിഹാറാത്ത് വാ.3, നമ്പർ. 263)