ദീനീ ജോലികളിൽ വിഘ്നമാകുന്ന മാമൂലുകൾ
മാമൂലുകളിൽ (അനാവശ്യമായി നേരം കളയുന്ന നടപടിക്രമങ്ങളിൽ) സമയം പാഴാക്കുന്നത് ഹുസൂർ(അ) ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതിനെ കുറിച്ച് ഒരിക്കൽ പറഞ്ഞു;
എന്നെ സംബന്ധിച്ചിടത്തോളം, ശൗചാലയത്തിൽ പോയാൽ പോലും അത്രയും സമയം പാഴായല്ലോ; അതും ഏതെങ്കിലും ദീനീ ജോലികളിൽ ഉപയോഗിക്കാമായിരുന്നു എന്നാലോചിച്ച് ഞാൻ ഖേദിക്കാറുണ്ട്. ദീനീ പ്രവൃത്തികൾക്ക് വിഘ്നമാകുന്ന
ഏതെങ്കിലും ജോലിയോ തിരക്കോ, ദീനിന്റെ സമയം കവർന്നുകളയുന്ന മറ്റെന്തെങ്കിലും (കാര്യമോ) വരുമ്പോൾ അതെനിക്ക് അങ്ങേയറ്റം അസഹനീയമാണ്. ദീനിന്റെ ഏതെങ്കിലും അനിവാര്യ ജോലി വന്നുകിടക്കുമ്പോൾ ആ ജോലി തീരുന്നതുവരെ അന്നപാനീയങ്ങളും നിദ്രയും ഞാൻ നിഷിദ്ധമായി ഗണിക്കുന്നു. നാം ദീനിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ദീനിനുവേണ്ടി നാം ജീവിക്കുന്നു. ദീനിന്റെ മാർഗ്ഗത്തിൽ മാത്രം നമുക്ക് ഒരു തടസ്സവുമുണ്ടാകാൻ പാടില്ല.
കാവൽ നിൽക്കൽ
ഒരിക്കൽ പുതിയ വീട്ടിലെ ഒരു കട്ടിലിൽ ഹദ്റത്ത് അബ്ദുൽ കരീം സാഹിബ്(റ) കിടന്നുറങ്ങുകയായിരുന്നു. അരികിലായി ഹദ്റത്ത് അഖ്ദസ് മസീഹ് മൗഊദ്(അ) ഉലാത്തുന്നുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞ് മൗലവി സാഹിബ് ഉണർന്ന് നോക്കിയപ്പോൾ ഹുസൂർ (അ) താഴെ നിലത്ത് കിടക്കുന്നു. അദ്ദേഹം ബഹുമാനാദരവുകളോടെ ഉടനെ ചാടിയെണീറ്റുനിന്നു. ഹുസൂർ(അ) സ്നേഹത്തോടെ ചോദിച്ചു, എന്താണ് എഴുന്നേറ്റുകളഞ്ഞത്? അപ്പോൾ മൗലവി സാഹിബ് മര്യാദയുടെയും മറ്റും കാരണം ബോധിപ്പിക്കാൻ ശ്രമിച്ചു, അപ്പോൾ ഹുസൂർ (അ) അരുൾ ചെയ്തു,
‘ഞാൻ താങ്കൾക്ക് കാവൽ നിൽക്കുകയായിരുന്നു. കുട്ടികൾ ബഹളമുണ്ടാക്കിയപ്പോൾ താങ്കളുടെ ഉറക്കത്തിനു തടസ്സം നേരിടാതിരിക്കാൻ ഞാൻ അവരെ തടഞ്ഞുകൊണ്ടിരുന്നു.’
ഞാൻ സ്വയം ബിംബമാകാനല്ല ബിംബത്തെ ഉടക്കാൻ വന്നവനാണ്
ജനങ്ങൾക്ക് ഹുസൂർ(അ) മുമായി സംസാരിക്കാൻ പൂർണ്ണ സ്വാതന്ത്രമുണ്ടായിരുന്നു. ആർക്കും വന്ന് തടസ്സം കൂടാതെ അങ്ങയോട് സംഭാഷണം നടത്താമായിരുന്നു. ഒരിക്കൽ ഹുസൂർ(അ) അരുളി,
ജനങ്ങൾ ഹിംസ്രജന്തുവിനെയെന്ന പോലെ എന്നെ ഭയപ്പെടാൻ വേണ്ടി ഒരു ഭയങ്കരനും നിഷ്ടൂരനുമായി ഇരിക്കുക എന്നത് എന്റെ സിദ്ധാന്തത്തിൽ പെട്ടതല്ല. ഞാനൊരു ബിംബമായിത്തീരുന്നതിനെ അങ്ങേയറ്റം വെറുക്കുന്നു. ഞാൻ ബിംബാരാധന നിർമാർജ്ജനം ചെയ്യാൻ അല്ലാതെ സ്വയം ബിംബമാകാനും ജനങ്ങളാൽ പൂജിക്കപ്പെടാനും വേണ്ടിയല്ല. ഞാനെന്റെ സ്വന്തം നഫ്സിനു മറ്റുള്ളവരുടെ മേൽ തെല്ലുപോലും മുൻഗണന നൽകുന്നില്ലെന്ന് അല്ലാഹുവിനു നല്ലപോലെയറിയാം. അഹങ്കാരിയേക്കാൾ വലിയ ബിംബാരാധകനും നികൃഷ്ടനും വേറെയില്ലന്നാണ് എന്റെ മതം. അഹങ്കാരി ഏതെങ്കിലും ദൈവത്തെയല്ല മറിച്ച് അവൻ സ്വയം (തന്റെ നഫ്സിനെ) ആരാധിക്കുകയാണ് ചെയ്യുന്നത്.’
(മൽഫൂദാത് വാള്യം.2 പേ.5&6)