ആര്യസമാജികൾ തങ്ങളുടെ അധിക്ഷേപ പ്രസംഗത്തിൽ ഇസ്ലാമിനെയും വിശുദ്ധഖുർആനെയും നീചമായ ഭാഷയിൽ അവഹേളിച്ചതിനോടൊപ്പം ഒരു ദൈവീക വെളിപാട് ഗ്രന്ഥത്തിന് ഉണ്ടായിരിക്കേണ്ട ലക്ഷണങ്ങളെന്തൊക്കെയെന്ന് പ്രസ്താവിച്ചുകൊണ്ട് ചില ലക്ഷണങ്ങൾ അക്കമിട്ട് വിവരിക്കുകയുണ്ടായി. അവയിൽ പലതും അടിസ്ഥാനരഹിതമായിരുന്നുവെങ്കിലും, ‘വെളിപാട് ഗ്രന്ഥത്തിൽ പരമേശ്വരന്റെ ഉൽകൃഷ്ട ഗുണങ്ങൾ പ്രസ്താവിച്ചിട്ടുണ്ടായിരിക്കണം’ എന്ന ലക്ഷണത്തെ സംബന്ധിച്ച് ഹദ്റത്ത് വാഗ്ദത്ത മസീഹ് (അ) അരുൾ ചെയ്തു: ‘നാം ഈ ലക്ഷണത്തെ അംഗീകരിക്കുന്നു. എന്നാൽ വേദം അവതരിപ്പിക്കുന്ന പരമേശ്വരനിൽ പ്രസ്തുത അടയാളങ്ങൾ കാണപ്പെടുന്നില്ല.’ തുടർന്ന് അവിടുന്ന് ദൈവത്തിന്റെ രണ്ടുതരം സിഫത്തുകളെ കുറിച്ച് വിശദീകരിക്കുകയും അവയൊന്നും തന്നെ വേദ സിദ്ധാന്തപ്രകാരം പരമേശ്വരനിലില്ലെന്ന് സമർത്ഥിക്കുകയും ചെയ്തു. ഒന്ന്, അല്ലാഹുവിന്റെ ‘വൈയക്തിക സിഫത്തുകൾ’ അഥവാ ഏകത്വം, ജ്ഞാനം, പരിശുദ്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ട അവന്റേതായ ഗുണങ്ങളാണ്. രണ്ട്, സൃഷ്ടിവൈഭവം, കാരുണ്യം, കൃപ, പാപപ്പൊറുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട അവന്റെ അനൈകാന്തിക സിഫത്തുകളാണ്. പരമേശ്വരന് സമാനമായി അനാദിയും അനന്തവുമായ അസ്തിത്വം സൃഷ്ടികൾക്കുമുണ്ടെന്നും അവരുടെ സ്വന്തം കർമഫലമായി മാത്രമത്രെ എല്ലാം സംഭവിക്കുമാറാകുന്നതെന്നുമുള്ള സിദ്ധാന്തം മുന്നോട്ട് വെക്കുന്ന വേദം ദൈവത്തിന്റെ എല്ലാ ഉൽകൃഷ്ട ഗുണങ്ങളെയും കാറ്റിൽ പരത്തിയിരിക്കുകയാണ്. അപ്പോൾ അവർ എന്തടിസ്ഥാനത്തിലാണ് വിശുദ്ധ ഖുർആനെ വിമർശിച്ചുകൊണ്ട് ദൈവിക വെളിപാട് ഗ്രന്ഥത്തിൽ ഉൽകൃഷ്ട ദൈവീക സിഫത്തുകൾ പ്രതിപാദിച്ചിരിക്കണമെന്ന ലക്ഷണം മുന്നോട്ട് വെക്കുന്നതെന്ന് വാഗ്ദത്ത മസീഹ്(അ) ചോദിച്ചു.
അധിക്ഷേപ പ്രസംഗം നടത്തിയ വ്യക്തി മുന്നോട്ട് വെച്ച ദൈവികഗ്രന്ഥത്തിന്റെ മറ്റൊരു ലക്ഷണം, അതിലൂടെ ഉൽകൃഷ്ട ധാർമ്മിക ഗുണങ്ങൾ മനുഷ്യരെ പഠിപ്പിച്ചിരിക്കണം എന്നതാണ്. ഇതിനെ സംബന്ധിച്ച് വാഗ്ദത്ത മസീഹ്(അ) എഴുതുന്നു: “ഞാൻ ആശ്ചര്യപ്പെടുകയാണ്, വേദത്തിന്റെ അദ്ധ്യാപനങ്ങൾ ഇവർ ഇത്രയും പെട്ടെന്ന് വിസ്മരിച്ചുപോകുന്നതെന്തുകൊണ്ടാണ്? അനന്തമായ പുനർജന്മങ്ങളോളം ഒരാളുടെയും പാപങ്ങൾ പൊറുത്തുകൊടുക്കാൻ അശക്തനായവനും, കനിവും ഉദാരതയോടും കൂടി ആർക്കുമൊന്നും നൽകാൻ കഴിവില്ലാത്തവനുമായ പരമേശ്വരൻ തന്നിലീ വൈയക്തികമായ വൈകല്യങ്ങളുണ്ടായിരിക്കേ ഉൽകൃഷ്ട ധാർമ്മിക ഗുണങ്ങൾ അന്യരെ എപ്പോഴാണ് പഠിപ്പിക്കുക?”
അനന്തരം ഖുർആൻ വിവരിക്കുന്ന വ്യത്യസ്ഥ ദൈവിക സിഫത്തുകൾ വിശദീകരിച്ച് വ്യാഖ്യാനിച്ച കൂട്ടത്തിൽ അല്ലാഹുവിന്റെ ‘തവ്വാബ്’ , ‘ഗഫൂർ’ എന്നീ സിഫത്തുകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഹദ്റത്ത് മസീഹ് മൗഊദ് (അ) എഴുതുന്നു:
“വേദം ഉള്ളിന്റെയുള്ളിൽ തന്നെ മുക്കിക്കളഞ്ഞ ദൈവത്തിൽ അനുപേക്ഷണീയമായ മറ്റൊരു സിഫത്ത് അവൻ ‘തവ്വാബും’ ‘ഗഫൂറും ആയിരിക്കുന്നവനാകുന്നു എന്നതാണ്. തവ്വാബും ഗഫൂറുമെന്നാൽ അവൻ ‘പശ്ചാത്താപം സ്വീകരിക്കുന്നവനും’ ‘പാപങ്ങൾ പൊറുത്തുകൊടുക്കുന്നവനു’മാകുന്നു എന്നാണർത്ഥം മനുഷ്യന് പ്രകൃത്യാ അങ്ങേയറ്റം ദുര്‍ബലനായിട്ടാണ് (സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യം) സ്പഷ്ടമാണല്ലോ. ദൈവത്തിന്റെ നൂറുകണക്കിനുള്ള കല്പനകളുടെ ഭാരം അവന്റെ ചുമലിലിടപ്പെടുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ തന്റെ ബലഹീനത നിമിത്തം ചില കല്പനകള് അനുവര്‍ത്തിക്കുന്നതില്‍ അവന് വീഴ്ച്ച വരികയോ ചിലപ്പോള്‍ ദോഷപ്രവണമായ ആത്മാവിന്റെ ഇച്ഛകള്‍ അവനുമേല്‍ വിജയം വരിക്കുകയോ ചെയ്തേക്കാമെന്നത് അവന്റെ പ്രകൃതത്തില്‍ അന്തര്‍ലീനമായ വസ്തുതയാണ്. അങ്ങനെവരുമ്പോള്‍, അവന്റെ പ്രസ്തുത ദുര്‍ബല പ്രകൃതം കണക്കിലെടുത്ത്, ചുവട് പിഴച്ചുപോകുന്ന ഏതെങ്കിലും സന്ദര്‍ഭത്തില്‍ അവന് പശ്ചാത്താപിക്കുകയും പാപപ്പൊറുതി തേടുകയും ചെയ്യുമ്പോള്‍ നാശമടയുന്നതില്‍ നിന്നും അവനെ കാത്തുരക്ഷിക്കുന്ന ദൈവകാരുണ്യോപലബ്ധിക്ക് അവന് അർഹനായിത്തീരുന്നു. അല്ലാഹു പശ്ചാത്താപം സ്വീകരിക്കാത്തവനായിരുന്നെങ്കില് തീര്‍ച്ചയായും മനുഷ്യനുമേല്‍ ഇവ്വിധം നൂറുകണക്കിനു കല്പനകളുടെ ഭാരം അവന് ഒരിക്കലും ചുമത്തില്ലായിരുന്നു. ഇതില്‍നിന്നും ദൈവം ‘തവ്വാബും’ ‘ഗഫൂറും’ ആണെന്ന സത്യം സന്ദേഹമന്യേ സ്ഥാപിതമാകുന്നു.
അഗ്നിയിലേക്കെറിയപ്പെട്ടാല് പോലും ഇനി ഇന്ന തിന്മ ഒരിക്കലും ഞാന്‍ ചെയ്യില്ലെന്ന ദൃഢപ്രതിജ്ഞയോടെ മനുഷ്യന് ഒരു തിന്മ വർജ്ജിക്കുകയാണെങ്കില്‍ അതിനെയാണ് തൗബ എന്നര്‍ത്ഥമാക്കുന്നത്. അപ്പോള്‍ മനുഷ്യന് ഈവിധം സത്യസന്ധതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി അല്ലാഹുവിലേക്ക് മടങ്ങുമ്പോള്‍ തന്റെ പ്രകൃതം കൊണ്ട് അങ്ങേയറ്റത്തെ കാരുണ്യത്തിന്റെയും കനിവിന്റെയും കേദാരമായ അല്ലാഹു ആ പാപത്തിന്റെ ശിക്ഷ മാപ്പാക്കിക്കൊടുക്കുന്നു. പശ്ചാത്താപം സ്വീകരിച്ച് നാശത്തില്‍നിന്ന് സംരക്ഷിക്കുക എന്നത് ദൈവത്തിന്റെ അത്യുന്നതമായ സവിശേഷഗുണങ്ങളില്‍ ഒന്നാകുന്നു. മനുഷ്യന് പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതാണെന്ന പ്രതീക്ഷയില്ലെങ്കില്‍ പിന്നെ അവന് പാപപങ്കിലമായ അവസ്ഥയില്‍ നിന്ന് ഒരിക്കലും കരകയറുകയില്ല. ക്രിസ്തീയ്യരും പശ്ചാത്താപം സ്വീകരിക്കപ്പെടുന്നുവെന്ന് അംഗീകരിക്കുന്നവരാണ്. പക്ഷെ, പശ്ചാത്താപം സ്വികരിക്കപ്പെടണമെങ്കില് ക്രിസ്ത്യാനി ആയിരിക്കണ മെന്നത് (അവർ പറയുന്ന) നിബന്ധനയാണ്. എന്നാല്‍ ഇസ്ലാം (പറയുന്നത്) പശ്ചാത്താപത്തിനു ഒരു മതത്തിന്റേയും നിബന്ധനയില്ല എന്നാണ്. ഏതു മതാനുശാസനകള്‍ പ്രകാരവും പശ്ചാത്താപങ്ങള്‍ സ്വീകരിക്കപ്പെടുന്നതാണ്. ദൈവത്തിന്റെ ഗ്രന്ഥത്തേയും ദൈവദൂതനെയും ആരെങ്കിലും നിഷേധിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത പാപം മാത്രം അവശേഷിക്കുന്നു.
മനുഷ്യന് കേവലം സ്വന്തം കർമങ്ങളാൽ മോക്ഷം നേടിയെടുക്കുക എന്നത് തീര്‍ത്തും അസംഭവ്യമാണ്. പ്രത്യുത ദൈവം ഏതെങ്കിലുമൊരുവന്റെ പശ്ചാത്താപം സ്വീകരിക്കുന്നു എന്നതും അവന് തന്റെ അനുഗ്രഹത്താല്‍ പാപങ്ങളില്‍ നിന്ന് സുരക്ഷിതനാകാനുള്ള ശക്തി പകര്‍ന്നുനല്‍കുന്നു എന്നതും അവന്റെ ഔദാര്യമാകുന്നു….
ഓര്‍മ്മിച്ചുകൊള്‍വിന്‍! പശ്ചാത്താപത്തേയും പാപപ്പൊറുതിയേയും നിഷേധിക്കല്‍ സത്യത്തില്‍ മനുഷ്യന്റെ ഉയര്‍ച്ചകള്‍ക്കുള്ള കവാടം അടച്ചുകളയലാകുന്നു. മനുഷ്യന് തന്റെ അസ്തിത്വത്തില്‍ സമ്പൂര്ണ്ണനല്ലെന്നും പ്രത്യുത അവന് (ഘട്ടങ്ങളായുള്ള) പരിപൂര്‍ത്തി ആവശ്യപ്പെടുന്നുവെന്നും ഏവര്‍ക്കും മുന്നിൽ സ്പഷ്ടമാണ്. മനുഷ്യന് തന്റെ ബാഹ്യമായ പരിതഃസ്ഥിതികളില്‍ ജനിച്ച ശേഷം പതിയെ പതിയെ അവന്റെ വിജ്ഞാനലോകം വ്യാപിപ്പിക്കുന്നു. ആരും പണ്ഡിതനായി ജനിക്കുന്നില്ല. അപ്രകാരം ജനനാനന്തരം അവബോധം വളർന്നുവരുന്ന ഘട്ടത്തിൽ അവന്റെ സ്വഭാവഗുണങ്ങള്‍ അങ്ങേയറ്റം അധഃപതിച്ചതായിരിക്കും. ആരെങ്കിലും കുട്ടികളുടെ അവസ്ഥകളില്‍ ചിന്തിച്ചുനോക്കിയാല്‍ തന്നെ മനസ്സിലാകും, ഭൂരിപക്ഷം കുട്ടികളും വളരെ നിസ്സാര വഴക്കുകളില്‍ മറ്റു കുട്ടികളെ പ്രഹരിക്കാന്‍ അമിതാവേശമുള്ളവരാണ്. അവരില്‍ പലരും വാതുറന്നാല്‍ കള്ളം പറയുന്നവരും മറ്റുകുട്ടികളെ ചീത്തവിളിക്കുന്ന ശീലമുള്ളവരുമാകുന്നു. ചിലര്‍ക്ക് മോഷണം, പരദൂഷണം, അസൂയ, പിശുക്ക് തുടങ്ങിയ ദുശ്ശീലങ്ങളുമുള്ളതായി കാണാം. ആ ഘട്ടം പിന്നിട്ട് യുവത്വത്തിന്റെ ഉന്മാദം അലതല്ലാന്‍ തുടങ്ങിയാല്‍ ദോഷപ്രവണമായ ആത്മാവ് അവരെ ഭരിക്കാന്‍ തുടങ്ങുന്നു. പലപ്പോഴും വ്യക്തമായ പാപകൃത്യങ്ങളിലും അപരാധങ്ങളിലും ഗണിക്കപ്പെട്ട അരുതായ്മകള്‍ അവരിലൂടെ പ്രത്യക്ഷീഭവിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ഭൂരിപക്ഷം മനുഷ്യരുടേയും ജീവിതത്തിന്റെ പ്രാഥമിക ഘട്ടം അവിശുദ്ധമായതാകുന്നു. അനന്തരം ഒരു സൗഭാഗ്യവാനായ മനുഷ്യന് തന്റെ യൗവ്വനദശയുടെ ഉന്മാദപ്രളയത്തില്നിന്ന് പുറത്തുകടക്കുന്നതോടെ തന്റെ ദൈവത്തിലേക്ക് ശ്രദ്ധപതിപ്പിക്കുന്നു. തുടർന്ന് സത്യസന്ധമായ പശ്ചാത്താപത്തിലൂടെ അരുതായ്മകളില്‍ നിന്നെല്ലാം കരകയറുകയും തന്റെ പ്രകൃതമാകുന്ന വസ്ത്രം ശുദ്ധീകരിക്കാനുള്ള ചിന്തകളില്‍ നിമഗ്നനാവുകയും ചെയ്യുന്നു. ഇതാണ് മനുഷ്യൻ കടന്നുപോകുന്ന അവന്റെ പൊതുവിൽ കാണുന്ന ജീവിതചക്രം. പശ്ചാത്താപം സ്വികരിക്കപ്പെടാറില്ല എന്നതു തന്നെയാണ് വാസ്തവമെങ്കില്‍ പിന്നെ ദൈവത്തിനു ഒരാള്‍ക്കും മോക്ഷം നല്‍കാനുള്ള ഉദ്ദേശ്യം തന്നെയില്ലെന്നത്രെ അതില്‍നിന്ന് സ്ഥാപിതമാകുന്ന വസ്തുത. അപ്പോൾ ദൈവം തന്റെ കഴിവില്ലായ്മ അറിയിച്ചുകഴിഞ്ഞിരിക്കുകയും വൃത്തികെട്ട പുനർജന്മത്തിന് അവൻ ദൃഢനിശ്ചയമെടുക്കുകയും ചെയ്തിരിക്കുന്ന സ്ഥിതിയിൽ ഒരുവൻ അധമവും അവിശുദ്ധവുമായ ജീവിതത്തിൽനിന്ന് മോചിതനായി ഇതേ ജീവിതത്തിൽ തന്നെ ദൈവസായൂജ്യം കരഗതമാക്കാൻ അഭിലഷിച്ചെന്നുവന്നാൽ, ദൈവതീരുമാനത്തിനെതിരിൽ എങ്ങനെയാണവന്റെ പ്രസ്തുത അഭിലാഷം പൂവണിയാൻ പോകുന്നത്? തന്റെ മുന്നിൽ ദൈവത്തിന്റെ കവാടം കൊട്ടിയടക്കപ്പെട്ടിരിക്കുന്നുവെന്നും തനിക്കെനി അനിവാര്യമായും പട്ടിയോ പൂച്ചയോ പന്നിയോ ആകാതെ യാതൊരു നിവൃത്തിയുമില്ലെന്നും അറിയുന്ന അവന് ദൈവപന്ഥാവിൽ എന്തെങ്കിലും നിശ്ചയമെടുക്കാനോ കരാറിലേർപ്പെടാനോ എങ്ങനെ സാധിക്കും?”
(ചശ്മയെ മഅ്രിഫത് പേ.180 & 184)