ഒരു മുഅ്മിന് അഥവാ സത്യവിശ്വാസി സകലകാര്യങ്ങളിലും അല്ലാഹുവിനെ മുന്തിക്കുമ്പോഴാണ് അല്ലാഹുവിലേക്കുള്ള അവന്റെ ‘റഫഅ’ (ഉയർച്ച) സംഭവ്യമാകുന്നത്. അവന് ഈ ജീവിതത്തില്‍ത്തന്നെ അല്ലാഹുവിലേക്ക് എടുക്കപ്പെടുകയും പ്രത്യേകമായൊരു പ്രകാശത്താൽ പ്രഭാപൂരിതനാക്കപ്പെടുകയും ചെയ്യുന്നു. ഈ ഉയര്‍ച്ച ശയ്ത്വാന്റെ കൈയെത്താത്തതും അവന്റെ പ്രഹരം ഏല്ക്കാത്തതുമായ ഉന്നത സ്ഥാനത്തേക്കാണ്. അല്ലാഹു എല്ലാ (ആത്മീയ) കാര്യത്തിനും ഈ ഭൗതികതലത്തിലും ഓരോ മാതൃക വെച്ചിട്ടുണ്ട്. ശയ്ത്വാന് ആകാശേത്തക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ഒരു ‘ശിഹാബുഥ്ഥാഖിബ്’ അവന്റെ പിന്നാലെകൂടി അവനെ താഴെ വീഴ്ത്തുന്നു എന്ന് പറഞ്ഞത് അതിലേക്കുള്ള സൂചനയാണ്. ജ്വലിക്കുന്ന നക്ഷത്രത്തിനാണ് ‘ഥാഖിബ്’ എന്നു പറയുന്നത്. തുളച്ചുകയറി ദ്വാരമുണ്ടാക്കുന്ന വസ്തുവിനും വളരെ ഉയരത്തില്‍ ചെന്നെത്താന്‍ കഴിയുന്ന വസ്തുവിനും ഥാഖിബെന്ന് പറയുന്നു. ഇതില്‍ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞുതരാന്‍ ഒരുദാഹരണം വിവരിച്ചിരിക്കുകയാണ്. അതിൽ കേവലം പ്രത്യക്ഷമായതല്ല പ്രത്യുത, പരോക്ഷമായ ഒരു യാഥാര്‍ത്ഥ്യവും അന്തര്‍ഭവിച്ചിട്ടുണ്ട്. ഒരു മനുഷ്യന് അല്ലാഹുവില്‍ ദൃഢതരമായ വിശ്വാസം കരസ്ഥമാകുമ്പോൾ അല്ലാഹുവിലേക്ക് അവന്റെ ഉയര്‍ച്ചയുണ്ടാകുന്നു. അവന് സവിശേഷമായ ശക്തിയും കഴിവും വെളിച്ചവും നല്കപ്പെടുന്നു. ഇതുമുഖേനയാണ് അവന് ശയ്ത്വാനെ താഴെ വീഴ്ത്തുന്നത്. അടിക്കുന്നവനും ‘ഥാഖിബ്’ എന്നു പറയും. തന്റെ ശയ്ത്വാനെ അടിച്ചൊതുക്കാന്‍ ശ്രമിക്കേണ്ടതും അവനെ ഉന്മൂലനം ചെയ്യേണ്ടതും ഓരോ സത്യവിശ്വാസിയുടേയും നിര്‍ബ്ബന്ധകടമയാണ്. ആത്മീയതയുടെ സയൻസിനെ സംബന്ധിച്ച് വിവരമില്ലാത്തവന് ഇത്തരം കാര്യങ്ങളെ പരിഹസിക്കുന്നു. എന്നാല്‍, അവന് സ്വയം പരിഹാസത്തിന്നര്ഹനാണ്. ഭൗതികമായി ഒരു പ്രകൃതിനിയമം ഉള്ളതുപോലെതന്നെ ആത്മീയമായും ഒരു പ്രകൃതിനിയമുണ്ട്. ഭൗതിക നിയമം ആത്മീയനിയമത്തിന് ഒരടയാളമെന്ന നിലയിലുള്ളതാകുന്നു. അല്ലാഹു എന്നോടും പറഞ്ഞു: “അന്ത മിന്നീ ബി മന്സിലത്തിന്നജ്മിഥ്ഥാഖിബി”. അതായത് നീ എന്നില്‍നിന്ന് തുളച്ചുചെല്ലുന്ന നക്ഷത്രത്തിന്റെ സ്ഥാനത്താണുള്ളത്. ഇതിന്റെ അര്‍ത്ഥം ശയ്ത്വാനെ എറിഞ്ഞോടിക്കുന്നതിനുവേണ്ടി ഞാന്‍ നിന്നെ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ്; നിന്റെ കരങ്ങളാല്‍ ശയ്ത്വാന് നശിച്ചൊടുങ്ങും. ശയ്ത്വാന് ഉയരാന്‍ കഴിയില്ല.
സത്യവിശ്വാസി ഉയരങ്ങളിലേക്ക് കയറുകയാണെങ്കിൽ അവന്റെമേല്‍ ശയ്ത്വാന് ജയമുണ്ടാവുകയില്ല. ശയ്ത്വാനെ നശിപ്പിക്കാനുതകുന്ന ശക്തി ലഭിക്കുന്നതിനായി സത്യവിശ്വാസി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടതാണ്. സർവത്ര ദുർവിചാരങ്ങളുടെയും ദൂരീകരണം ശയ്ത്വാനെ നാമാവശേഷമാക്കുന്നതിലാണ് അധിഷ്ഠിതം. സത്യവിശ്വാസിക്ക് ധൈര്യം ചോരാതെ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ശയ്ത്വാനെ വകവരുത്താന്‍ അവന്റെ പിന്നാലെ കൂടുക. അങ്ങനെയുള്ള സത്യവിശ്വാസി ഒരുനാള്‍ വിജയം വരിക്കും. കരുണാമയനും ഔദാര്യവാനുമായ അല്ലാഹു അവന്റെ വഴിയില്‍ അധ്വാനിക്കുന്നവര്‍ക്ക് അവസാനം വിജയത്തിന്റെ മുഖം കാണിച്ചുകൊടുക്കുന്നു. ശയ്ത്വാനെ നശിപ്പിക്കുന്നതിലാണ് മനുഷ്യന് മഹത്തായ സ്ഥാനമുള്ളത്.
(മല്‍ഫൂസാത്ത്, വാള്യം-5, പേ-420)