لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّـهِ ۚ
(അൽ-ഹശർ 22) ഈ ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഹദ്റത്ത് അഖ്ദസ്(അ) അരുളുന്നു;
ഇതിന്റെ ഒരു വ്യാഖ്യാനം വിശുദ്ധഖുർആന്റെ (ബാഹ്യ) സ്വാധീന ശക്തിയാണ്. അത് പർവ്വതത്തിൽ ഇറങ്ങുകയാണെങ്കിൽ ദൈവഭയം കാരണത്താൽ തുണ്ടം തുണ്ടമായി ഭൂമിയോട് ചേർന്നുപൊകും. അതിനു നിർജീവമായ പദാർത്ഥങ്ങളിൽ ഇത്രയും സ്വാധീനശക്തിയുണ്ടെങ്കിൽ അതിൽനിന്ന് പ്രയോജനമുൾക്കൊള്ളാത്തവർ എത്ര വിഡ്ഢികളാണ്. ഇതിന്റെ രണ്ടാമത്തെ വ്യാഖ്യാനം ഇതാണ്; രണ്ട് ഗുണങ്ങൾ തന്റെ അകതാരിൽ സൃഷ്ടിക്കാത്തിടത്തോളം ഒരാൾക്കും ദൈവസ്നേഹവും ദൈവപ്രീതിയും കരസ്ഥമാക്കാൻ സാദ്ധ്യമല്ല. ഒന്നാമത്തേത് അഹങ്കാരത്തെ തകർത്തുകളയലാകുന്നു. ഏതുപോലെയെന്നാൽ, തലയുയർത്തി നിൽക്കുന്ന പർവ്വതം നിലംപതിച്ച് സമതലമായിത്തീരും പോലെ മനുഷ്യൻ എല്ലാ അഹങ്കാരത്തിന്റേയും അഹന്തയുടേയും ചിന്തകൾ കൈവെടിഞ്ഞ് വിനയവും താഴ്മയും സ്വീകരിക്കേണ്ടതാണ്.
രണ്ടാമത്തേത് ഇതാണ്; പർവ്വതം തകർന്നുവീണുകൊണ്ട് ഛിന്നഭിന്നമാകുന്നത് പോലെ ആദ്യത്തെ എല്ലാ ബന്ധങ്ങളും ഛിന്നഭിന്നമാകണം. തകർന്ന ശിലകൾ പരസ്പരം വേറിടുന്നതിന് സാദൃശ്യമായി മലിനപ്പെടുത്തുന്നതും ദൈവത്തിന്റെ അതൃപ്തിക്കിടയാക്കുന്നതുമായ എല്ലാ പൂർവ്വബന്ധങ്ങളും തകരേണ്ടതാണ്. അനന്തരം അവന്റെ എല്ലാ കൂട്ടുകെട്ടും സൗഹൃദങ്ങളും സ്നേഹങ്ങളും വിദ്വേഷങ്ങളും കേവലം അല്ലാഹുവിനു വേണ്ടിയുള്ളതായിത്തീരണം
(മൽഫൂദാത്ത്, വാ.2, പേ. 299-300)
അധികാരികളെ ചീത്ത പറയരുത്.
മേലധികാരി അതിക്രമകാരിയാണെങ്കിൽ അയാൾക്കെതിരിൽ ദൂഷ്യം പറഞ്ഞുനടക്കരുത്. പ്രത്യുത തങ്ങളുടെ സ്വന്തം അവസ്ഥകൾ സംസ്കരിക്കുക. അല്ലാഹു അയാളിൽ പരിവർത്തനമുണ്ടാക്കുന്നതാണ്. അല്ലെങ്കിൽ അയാളെത്തന്നെ സുകൃതവാനാക്കിത്തീർക്കും. വന്നുഭവിക്കുന്ന ഏതൊരു പ്രയാസവും തങ്ങളുടെ തന്നെ ദുഷ്കർമ്മങ്ങൾ നിമിത്തം വരുന്നതാണ്. മറിച്ചാണെങ്കിൽ സത്യവിശ്വാസിയുടെ കൂടെ അല്ലാഹുവിന്റെ ഒരു തണൽ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. സത്യവിശ്വാസിക്കു വേണ്ടി അവൻ സ്വയം ഏർപ്പാടുകൾ ഒരുക്കുന്നു. നിങ്ങൾ എല്ലാവിധത്തിലും സുകൃതങ്ങളിൽ മാതൃകയായിത്തീരുക എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. അല്ലാഹുവിനോടും അവന്റെ അടിമകളോടുമുള്ള കടമകൾ ഹനിച്ചുകളയാതിരിക്കുക.
(മൽഫൂദാത്ത്, വാ.1, പേ.509)
ത്വാലിബെ ദുആ : അബു-അയ്മൻ