ദുആയുടെ നിയമം
ദുആക്ക് വേണ്ടി നിയമമുണ്ട്. ഞാനിക്കാര്യം പലതവണ പറഞ്ഞുകഴിഞ്ഞതാണ്. അല്ലാഹു ചിലപ്പോൾ അവനുദ്ദേശിച്ച കാര്യം (സത്യവിശ്വാസിയെകൊണ്ട്) അംഗീകരിപ്പിക്കുന്നു. ചിലപ്പോൾ സത്യവിശ്വാസി പറയുന്ന കാര്യം അവനും അംഗീകരിക്കുന്നു. മാത്രമല്ല, നമുക്കാണെങ്കിൽ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും യഥാർഥ ജ്ഞാനമില്ല. നാം ആവശ്യപ്പെടുന്ന കാര്യങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ച് നമുക്കറിയുകയുമില്ല. അതിനാൽ ചില സന്ദർഭങ്ങളിൽ മനുഷ്യൻ ആവശ്യപ്പെടുന്ന കാര്യം അവനുതന്നെ ഹാനികരമായി ഭവിച്ചേക്കാം. എന്നിരുന്നാലും, അല്ലാഹു ദുആകൾ സ്വീകരിക്കുന്നു. അനന്തരം ദുആ ചെയ്യുന്നവന് ഏതൊന്നാണോ ഗുണകരമായത് അത് നൽകുന്നു. ഏതുപോലെയെന്നാൽ, ഒരു കൃഷിക്കാരൻ രാജാവിനോട് ഒരു മുന്തിയയിനം കുതിരയെ ആവശ്യപ്പെട്ടെന്നിരിക്കട്ടെ; രാജാവ് അവന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അവന് കുതിരയ്ക്ക് പകരം മുന്തിയ തരം കാളയെ നൽകുന്നു. അവനുവേണ്ടി ഉചിതമായിട്ടുള്ളത് അതുതന്നെയാണ്. നോക്കുക, മാതാവ് പോലും കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തിയാക്കിക്കൊടുക്കുന്നില്ല. ശിശു സർപ്പത്തേയോ തീക്കനലിനെയോ പിടിക്കാനാഗ്രഹിച്ചാൽ മാതാവ് എപ്പോഴാണ് അവ നൽകുക? അതുകൊണ്ട് അല്ലാഹുവിൽ ഒരിക്കലും നിരാശ പ്രകടിപ്പിക്കരുത്. തഖ്വയിലും വിശ്വാസത്തിലും പുരോഗതി കൈവരിക്കുക.
റിയാ ( ریاء) (തങ്ങളുടെ സുകൃതങ്ങൾ അന്യർക്ക് പ്രദർശിപ്പിക്കാനുള്ള ആഗ്രഹം)
റിയായുടെ ചലനം വളരെ പതുക്കെയാണ്. അത് ഒരു ഉറുമ്പിനേക്കാൾ മന്ദം ചലിക്കുന്നു. എല്ലാ അനുമോദനത്തിലും അധിക്ഷേപത്തിലും ‘റിയാ’ (അഥവാ പ്രദർശനപരത) യുടെ ഒരംശം അടങ്ങിയിരിക്കുന്നു. സത്യവിശ്വാസി ചെയ്യേണ്ട കാര്യം, അവന് ആരിൽനിന്നെങ്കിലും എന്തെങ്കിലും നന്മയോ ഉപകാരമോ വന്നുചേർന്നാൽ അയാളെ അനുമോദിക്കുന്നതിന് മുമ്പായി അല്ലാഹുവിനെ സ്തുതിക്കുക എന്നതാണ്. അല്ലാത്തപക്ഷം അതു റിയായിൽ പെട്ടതാകുന്നു. അതുപോലെ ഏതെങ്കിലും വിഷമഘട്ടത്തിലോ ദോഷസമയത്തോ അല്ലാഹുവിന്റെ ഹിഖ്മത്തിനെ മുന്നിൽ കാണേണ്ടതാണ്. അല്ലാഹുവിനോടുള്ള തന്റെ സ്വകാര്യബന്ധം അന്യർ അറിയുന്നത് ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യവിശ്വാസിയുടെ സവിശേഷത. മാത്രവുമല്ല ചില സൂഫിവര്യർ ഇങ്ങനെയും എഴുതിയിട്ടുണ്ട്, സത്യവിശ്വാസി അല്ലാഹുവിനോടുള്ള അടുപ്പവും സ്നേഹബന്ധവും കാരണം ഏകാന്തതയിലിരുന്ന് തന്റെ അർത്ഥനകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും അവനെ കണ്ടുപോയാൽ അവനുണ്ടാകുന്ന ലജ്ജ, ഏതെങ്കിലുമൊരു വ്യഭിചാരിക്ക് അവൻ വ്യഭിചരിച്ചുകൊണ്ടിരിക്കെ പിടിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ലജ്ജയെക്കാൾ അധികരച്ചതാകുന്നു.
റിയായിൽ നിന്ന് രക്ഷപ്പെടേണ്ടതാണ്. തന്റെ എല്ലാ വാക്കുകളും പ്രവൃത്തികളും അതിൽനിന്ന് വിമുക്തമാക്കി വെച്ചുകൊൾവിൻ.
(മൽഫൂദാത്ത് 03/11/1901)
ത്വാലിബെ ദുആ: അബൂ അയ്മൻ