“അൽ യൗമ അക്മൽതു ലകും ദീനുകും’ (അൽമായിദ 4) എന്ന ആയത്തിനു രണ്ട് വശങ്ങളാണുള്ളത്. അതായത്, ഒന്ന് നിന്റെ പവിത്രീകരണം നടത്തിക്കഴിഞ്ഞിരിക്കുന്നു. രണ്ട് ഗ്രന്ഥം പരിപൂർത്തിയാക്കിയിരിക്കുന്നു. പറയുന്നു, ഈ ആയത്ത് ഇറങ്ങിയപ്പോൾ അത് ഒരു ജുമുആ ദിവസമായിരുന്നു. ഹദ്റത്ത് ഉമർ(റ) വിനോട് ഏതോ ഒരു യഹൂദി ചോദിച്ചു, ഈ ആയത്ത് ഇറങ്ങിയ ദിവസം ഈദ് ആക്കരുതോ? ഹദ്റത്ത് ഉമർ(റ) പറഞ്ഞു, ജുമുആ ഈദ് തന്നെയാണ്. എന്നാൽ നിരവധി ജനങ്ങൾ ഈ ഇദിനെ സംബന്ധിച്ച് അജ്ഞരാണ്. മറ്റ് ഈദുകളിൽ വസ്ത്രങ്ങൾ മാറ്റുന്നു. എന്നാൽ ഈ ഈദിനു വില നൽകുന്നില്ല. അഴുക്കുപിടിച്ചതും പഴകിയതുമായ വസ്ത്രങ്ങളണിഞ്ഞ് വരുന്നു. എന്റെ അഭിപ്രായത്തിൽ ഈ ഈദാണ് മറ്റു ഈദുകളേക്കാൾ ശ്രേഷ്ഠം. ഈ ഈദുനുവേണ്ടിയാണ് സൂറ ജുമായുള്ളത്, ഇതേ ഈദിനു വേണ്ടിയത്രെ നമസ്കാരം ചുരുക്കപ്പെട്ടത്. അസർ സമയത്ത് ആദമിനെ സൃഷ്ടിച്ച ദിനമാണ് ജുമുആ. ഇതേ ഒരു ഈദിൽ ആദ്യത്തെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ട ആ കാലഘട്ടത്തിലേക്കും ഈ സുദിനം സൂചന നൽകുന്നു. വിശുദ്ധ ഖുർആന്റെ പൂർത്തീകരണവും ഇതിൽ തന്നെയുണ്ടായി.”
(മൽഫൂദാത്ത്, വാ.8, പേ.399)
“ജുമുആ നാൾ ശ്രേയസ്കര സുദിനമാകുന്നു. എന്നാൽ അതിലെ സായാഹ്ന (അസർ) സമയം ശുഭകരത്വത്തിലും അനുഗ്രഹത്തിലും അതിന്റെ മറ്റെല്ലാ സമയങ്ങളേക്കാളും ശ്രേഷ്ഠമാണ്. അതിനാലത്രെ ആദം ജുമായുടെ അവസാന നേരത്ത്, അതായത്, അസർ സമയത്ത് സൃഷ്ടിക്കപ്പെട്ടത്. ഇതേ കാരണത്താൽ തന്നെയാണ് ജുമുആ ദിവസം അസർ മുതൽ മഗ്‌രിബ് വരെയുള്ള വേളയിൽ ധാരാളമായി ദുആകൾ ചെയ്യാൻ ഹദീസുകളിൽ ഉണർത്തപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ ആ വേളയിൽ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്ന ഒരു സന്ദർഭമടങ്ങിയിരിക്കുന്നു.”
(തുഹഫയെ ഗോൾഡവിയ)
ത്വാലിബെ ദുആ: അബു-അയ്മൻ